സങ്കീർത്തനങ്ങൾ 119:81-120
സങ്കീർത്തനങ്ങൾ 119:81-120 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ നിന്റെ രക്ഷയെ കാത്തു മൂർച്ഛിക്കുന്നു; നിന്റെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്നുവച്ച് എന്റെ കണ്ണ് നിന്റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു. പുകയത്തു വച്ച തുരുത്തിപോലെ ഞാൻ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല. അടിയന്റെ ജീവകാലം എന്തുള്ളൂ? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോൾ ന്യായവിധി നടത്തും? നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു; നിന്റെ കല്പനകളെല്ലാം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു. എന്നെ സഹായിക്കേണമേ. അവർ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്റെ പ്രമാണങ്ങളെ ഞാൻ ഉപേക്ഷിച്ചില്ലതാനും. നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും. യഹോവേ, നിന്റെ വചനം സ്വർഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു. നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു. അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു; സർവസൃഷ്‍ടികളും നിന്റെ ദാസന്മാരല്ലോ. നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു. ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങളെ മറക്കയില്ല; അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നത്. ഞാൻ നിനക്കുള്ളവനത്രേ; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു. ദുഷ്ടന്മാർ എന്നെ നശിപ്പിപ്പാൻ പതിയിരിക്കുന്നു; ഞാനോ നിന്റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും. സകല സമ്പൂർത്തിക്കും ഞാൻ അവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിസ്തീർണമായിരിക്കുന്നു. നിന്റെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; ഇടവിടാതെ അത് എന്റെ ധ്യാനമാകുന്നു. നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ട്. നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ട് എന്റെ സകല ഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു. നിന്റെ പ്രമാണങ്ങളെ അനുസരിക്കയാൽ ഞാൻ വയോധികന്മാരിലും വിവേകമേറിയവനാകുന്നു. നിന്റെ വചനം പ്രമാണിക്കേണ്ടതിനു ഞാൻ സകല ദുർമാർഗത്തിൽനിന്നും കാൽ വിലക്കുന്നു. നീ എന്നെ ഉപദേശിച്ചിരിക്കയാൽ ഞാൻ നിന്റെ വിധികളെ വിട്ടുമാറീട്ടില്ല. തിരുവചനം എന്റെ അണ്ണാക്കിന് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിലും നല്ലത്. നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ട് ഞാൻ സകല വ്യാജമാർഗവും വെറുക്കുന്നു. നിന്റെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു. നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും. ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; നിന്റെ വിധികളെ എനിക്ക് ഉപദേശിച്ചു തരേണമേ. ഞാൻ പ്രാണത്യാഗം ചെയ്വാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല. ദുഷ്ടന്മാർ എനിക്കു കെണി വച്ചിരിക്കുന്നു; എന്നാലും ഞാൻ നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല. ഞാൻ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു. നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാൻ ഞാൻ എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു. ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു. നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു. എന്റെ ദൈവത്തിന്റെ കല്പനകളെ ഞാൻ പ്രമാണിക്കേണ്ടതിന് ദുഷ്കർമികളേ, എന്നെ വിട്ടകന്നു പോകുവിൻ. ഞാൻ ജീവിച്ചിരിക്കേണ്ടതിനു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ. ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങേണമേ; നിന്റെ ചട്ടങ്ങളിൽ ഞാൻ നിരന്തരം രസിക്കും. നിന്റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെയൊക്കെയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർഥമാകുന്നു. ഭൂമിയിലെ സകല ദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; അതുകൊണ്ട് നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു. നിങ്കലുള്ള ഭയംനിമിത്തം എന്റെ ദേഹം രോമാഞ്ചംകൊള്ളുന്നു; നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു.
സങ്കീർത്തനങ്ങൾ 119:81-120 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ രക്ഷയ്‍ക്കായി കാത്തിരുന്നു തളരുന്നു. ഞാൻ അങ്ങയുടെ വാഗ്ദാനത്തിൽ പ്രത്യാശ വയ്‍ക്കുന്നു. അവിടുന്നു വാഗ്ദാനം ചെയ്തതു ലഭിക്കാൻ കാത്തിരുന്ന് എന്റെ കണ്ണു കുഴയുന്നു. അങ്ങ് എപ്പോൾ എന്നെ ആശ്വസിപ്പിക്കും? പുകയേറ്റ തോൽക്കുടം പോലെയായി ഞാൻ. എങ്കിലും ഞാൻ അങ്ങയുടെ ചട്ടങ്ങൾ മറന്നിട്ടില്ല. എത്രനാൾ അവിടുത്തെ ദാസൻ സഹിച്ചു നില്‌ക്കണം? എന്നെ പീഡിപ്പിക്കുന്നവരെ എന്നാണ് അവിടുന്നു ശിക്ഷിക്കുക? അവിടുത്തെ ധർമശാസ്ത്രം അനുസരിക്കാത്ത അഹങ്കാരികൾ എന്നെ വീഴ്ത്താൻ കുഴി കുഴിച്ചിരിക്കുന്നു. അങ്ങയുടെ കല്പനകളെല്ലാം വിശ്വാസ്യമാകുന്നു. അവർ എന്നെ വ്യാജം പറഞ്ഞു ദ്രോഹിക്കുന്നു. എന്നെ സഹായിക്കണമേ. അവർ എന്റെ ഭൂലോകവാസം അവസാനിപ്പിക്കാറായി, എങ്കിലും അവിടുത്തെ പ്രമാണങ്ങൾ ഞാൻ പാലിക്കുന്നു. അങ്ങയുടെ സുസ്ഥിരസ്നേഹത്താൽ എന്റെ ജീവനെ രക്ഷിക്കണമേ. അങ്ങയുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന കല്പനകളെ ഞാൻ അനുസരിക്കട്ടെ. പരമനാഥാ, അങ്ങയുടെ വചനം സ്വർഗത്തിൽ എന്നേക്കും സുസ്ഥിരമാകുന്നു. അവിടുത്തെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനില്‌ക്കുന്നു. അവിടുന്നു ഭൂമിയെ യഥാസ്ഥാനത്തു സ്ഥാപിച്ചു; അതു നിലനില്‌ക്കുന്നു. സർവസൃഷ്‍ടികളും അവിടുത്തെ നിയോഗമനുസരിച്ച് ഇന്നുവരെ നിലനില്‌ക്കുന്നു. അവ അവിടുത്തെ ദാസരാണല്ലോ. അങ്ങയുടെ ധർമശാസ്ത്രം എന്റെ ആനന്ദമായിരുന്നില്ലെങ്കിൽ എന്റെ കഷ്ടതയിൽ ഞാൻ നശിച്ചുപോകുമായിരുന്നു. അവിടുത്തെ പ്രമാണങ്ങൾ ഞാൻ ഒരിക്കലും മറക്കുകയില്ല. അവയാൽ അവിടുന്നു എനിക്ക് നവജീവൻ നല്‌കിയിരിക്കുന്നു. ഞാൻ അങ്ങയുടേതാണ്, എന്നെ രക്ഷിക്കണമേ! ഞാൻ അങ്ങയുടെ പ്രമാണങ്ങളെ അനുസരിക്കുന്നുവല്ലോ. ദുഷ്ടന്മാർ എന്നെ നശിപ്പിക്കാൻ പതിയിരിക്കുന്നു. എന്നാൽ ഞാൻ അവിടുത്തെ കല്പനകൾ ധ്യാനിക്കുന്നു. എല്ലാം ഒരു പരിധിവരെയേ പൂർണമാകൂ എന്ന് എനിക്കറിയാം. എന്നാൽ അവിടുത്തെ കല്പനകൾ നിസ്സീമമാണ്. പരമനാഥാ, അവിടുത്തെ ധർമശാസ്ത്രത്തെ ഞാൻ എത്രയധികം സ്നേഹിക്കുന്നു; ഇടവിടാതെ ഞാൻ അതു ധ്യാനിക്കുന്നു. അവിടുത്തെ കല്പനകൾ എപ്പോഴും എന്നോടുകൂടെയുണ്ട്. അവ എന്നെ എന്റെ ശത്രുക്കളെക്കാൾ ജ്ഞാനിയാക്കുന്നു. അവിടുത്തെ കല്പനകൾ ധ്യാനിക്കുന്നതുകൊണ്ട്, എന്റെ ഗുരുക്കന്മാരെക്കാൾ ഞാൻ അറിവുള്ളവനായിരിക്കുന്നു. ഞാൻ അവിടുത്തെ പ്രമാണങ്ങൾ പാലിക്കുന്നതുകൊണ്ട്, വയോധികരിലും വിവേകമുള്ളവനായി തീർന്നിരിക്കുന്നു. അങ്ങയുടെ വചനം അനുസരിക്കാൻവേണ്ടി, എല്ലാ ദുർമാർഗങ്ങളിൽനിന്നും ഞാൻ പിന്തിരിയുന്നു. ഞാൻ അങ്ങയുടെ കല്പനകളിൽനിന്നു വ്യതിചലിച്ചിട്ടില്ല. അങ്ങാണല്ലോ അവ എന്നെ പഠിപ്പിച്ചത്. അങ്ങയുടെ വചനം എനിക്ക് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിനെക്കാൾ മധുരമുള്ളത്. അങ്ങയുടെ പ്രമാണങ്ങളിലൂടെയാണു ഞാൻ വിവേകം നേടുന്നത്. അതുകൊണ്ടു ദുഷ്ടമാർഗങ്ങളോട് എനിക്കു വെറുപ്പാണ്. അങ്ങയുടെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്‍ക്കു പ്രകാശവുമാകുന്നു. അങ്ങയുടെ നീതിയുക്തമായ കല്പനകൾ അനുസരിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്തു; ഞാനതു പാലിക്കും. ഞാൻ അത്യധികം കഷ്ടതയിലായിരിക്കുന്നു. സർവേശ്വരാ, അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു നവജീവൻ നല്‌കണമേ. പരമനാഥാ, ഞാനർപ്പിക്കുന്ന സ്തോത്രങ്ങൾ സ്വീകരിക്കണമേ. അവിടുത്തെ കല്പനകൾ എന്നെ പഠിപ്പിക്കണമേ. എന്റെ പ്രാണൻ എപ്പോഴും അപകടത്തിലാണ്. എങ്കിലും ഞാൻ അവിടുത്തെ ധർമശാസ്ത്രം മറക്കുന്നില്ല. ദുഷ്ടന്മാർ എനിക്കു കെണി ഒരുക്കിയിരിക്കുന്നു; എങ്കിലും ഞാൻ അങ്ങയുടെ പ്രമാണങ്ങളിൽ നിന്നു വ്യതിചലിക്കുന്നില്ല. അങ്ങയുടെ കല്പനകളാണ് എന്റെ ശാശ്വതാവകാശം; അവ എന്റെ ആനന്ദമാകുന്നു. അങ്ങയുടെ ചട്ടങ്ങൾ എന്നേക്കും പാലിക്കുമെന്നു ഞാൻ തീരുമാനിച്ചിരിക്കുന്നു. കപടഹൃദയമുള്ളവരെ ഞാൻ വെറുക്കുന്നു. എന്നാൽ ഞാൻ അങ്ങയുടെ ധർമശാസ്ത്രത്തെ സ്നേഹിക്കുന്നു. എന്റെ സങ്കേതവും പരിചയും അവിടുന്നാകുന്നു. ഞാൻ അങ്ങയുടെ വാഗ്ദാനത്തിൽ പ്രത്യാശ വയ്‍ക്കുന്നു. ദുഷ്കർമികളേ, എന്നെ വിട്ടുപോകുവിൻ, ഞാൻ എന്റെ ദൈവത്തിന്റെ കല്പനകൾ അനുസരിക്കട്ടെ. എന്നെ താങ്ങണമേ, അങ്ങയുടെ വാഗ്ദാന പ്രകാരം, ഞാൻ ജീവിച്ചിരിക്കട്ടെ; എന്റെ പ്രത്യാശ അപമാനകാരണമാകരുതേ. എന്നെ താങ്ങണമേ. ഞാൻ സുരക്ഷിതനായിരിക്കട്ടെ. അങ്ങനെ അവിടുത്തെ കല്പനകളെ ഞാൻ എപ്പോഴും ആദരിക്കട്ടെ. അങ്ങയുടെ ചട്ടങ്ങളിൽനിന്നു വ്യതിചലിക്കുന്നവരെ അവിടുന്നു പരിത്യജിക്കുന്നു. അവരുടെ കൗശലം വ്യർഥമാണ്. ഭൂമിയിലെ സകല ദുഷ്ടന്മാരെയും വിലകെട്ടവരായി അവിടുന്ന് എറിഞ്ഞു കളയുന്നു. ഞാൻ അവിടുത്തെ കല്പനകളെ സ്നേഹിക്കുന്നു. അങ്ങയോടുള്ള ഭയത്താൽ എന്റെ ശരീരം വിറകൊള്ളുന്നു. അങ്ങയുടെ വിധികളെ ഞാൻ ഭയപ്പെടുന്നു.
സങ്കീർത്തനങ്ങൾ 119:81-120 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ അങ്ങേയുടെ രക്ഷക്കായി കാത്തിരുന്ന് തളർന്നുപോകുന്നു; അങ്ങേയുടെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. എപ്പോൾ അങ്ങ് എന്നെ ആശ്വസിപ്പിക്കും എന്നു ചിന്തിച്ച് എന്‍റെ കണ്ണ് അങ്ങേയുടെ വാഗ്ദാനം കാത്തിരുന്ന് ക്ഷീണിക്കുന്നു. ഞാൻ പുകയത്തു വച്ച തോൽതുരുത്തിപോലെ ആകുന്നു. എങ്കിലും അങ്ങേയുടെ ചട്ടങ്ങൾ മറക്കുന്നില്ല. അടിയന്റെ ജീവകാലം എത്ര നാൾ? എന്നെ ഉപദ്രവിക്കുന്നവരുടെമേൽ അങ്ങ് എപ്പോൾ ന്യായവിധി നടത്തും? അങ്ങേയുടെ ന്യായപ്രമാണം അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു. അങ്ങേയുടെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു; എന്നെ സഹായിക്കേണമേ. അവർ ഭൂമിയിൽ എന്നെ മിക്കവാറും ഇല്ലാതെയാക്കിയിരിക്കുന്നു; അങ്ങേയുടെ പ്രമാണങ്ങൾ ഞാൻ ഉപേക്ഷിച്ചില്ലതാനും. അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നെ സംരക്ഷിക്കേണമേ; ഞാൻ അങ്ങേയുടെ വായിൽനിന്നുള്ള സാക്ഷ്യങ്ങൾ പ്രമാണിക്കും. യഹോവേ, അങ്ങേയുടെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു. അങ്ങേയുടെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; അങ്ങ് ഭൂമിയെ സ്ഥാപിച്ചു, അത് നിലനില്ക്കുന്നു. അവ ഇന്നുവരെ അങ്ങേയുടെ നിയമപ്രകാരം നിലനില്ക്കുന്നു; സർവ്വസൃഷ്ടികളും അങ്ങേയുടെ ദാസന്മാരല്ലോ. അങ്ങേയുടെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു. ഞാൻ ഒരുനാളും അങ്ങേയുടെ പ്രമാണങ്ങൾ മറക്കുകയില്ല; അവയാൽ അങ്ങ് എന്നെ ജീവിപ്പിച്ചിരിക്കുന്നു. ഞാൻ അങ്ങേക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ അന്വേഷിക്കുന്നു. ദുഷ്ടന്മാർ എന്നെ നശിപ്പിക്കുവാൻ കാത്തിരുന്നു; എന്നാൽ ഞാൻ നിന്‍റെ സാക്ഷ്യങ്ങൾ ചിന്തിച്ചുകൊള്ളും. സകല പൂർണ്ണതയ്ക്കും ഞാൻ ഒരു പര്യവസാനം കണ്ടിരിക്കുന്നു; അങ്ങേയുടെ കല്പനയോ അതിരുകള്‍ ഇല്ലാത്തതായിരിക്കുന്നു. അങ്ങേയുടെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; ദിവസം മുഴുവനും അത് എന്റെ ധ്യാനമാകുന്നു. അങ്ങേയുടെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ട്. അങ്ങേയുടെ സാക്ഷ്യങ്ങൾ എന്‍റെ ധ്യാനമായിരിക്കുകകൊണ്ട് എന്‍റെ സകല ഗുരുക്കന്മാരെക്കാളും ഞാൻ വിവേകമുള്ളവനാകുന്നു. അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുകയാൽ ഞാൻ വൃദ്ധന്മാരിലും വിവേകമുള്ളവനാകുന്നു. അങ്ങേയുടെ വചനം പ്രമാണിക്കേണ്ടതിന് ഞാൻ സകല ദുർമാർഗ്ഗത്തിൽനിന്നും കാലുകളെ വിലക്കുന്നു. അങ്ങ് എന്നെ ഉപദേശിച്ചിരിക്കുകയാൽ ഞാൻ അങ്ങേയുടെ വിധികൾ വിട്ടുമാറിയിട്ടില്ല. തിരുവചനം എന്റെ നാവിന് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിലും നല്ലത്. അങ്ങേയുടെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ട് ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു. അങ്ങേയുടെ വചനം എന്‍റെ കാലിന് ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു. അങ്ങേയുടെ നീതിയുള്ള വിധികൾ പ്രമാണിക്കുമെന്ന് ഞാൻ സത്യംചെയ്തു; അത് ഞാൻ നിവർത്തിക്കും. ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; അങ്ങേയുടെ വിധികൾ എനിക്ക് ഉപദേശിച്ചു തരേണമേ. എന്‍റെ ജീവന്‍ എപ്പോഴും അപകടത്തില്‍ ആയിരിക്കുന്നു; എങ്കിലും അങ്ങേയുടെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല. ദുഷ്ടന്മാർ എനിക്ക് കെണി വച്ചിരിക്കുന്നു; എങ്കിലും ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ ഉപേക്ഷിക്കുന്നില്ല. ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളെ എന്‍റെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു. അങ്ങേയുടെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിക്കുവാൻ ഞാൻ എന്റെ ഹൃദയം ചായിച്ചിരിക്കുന്നു. ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ അങ്ങേയുടെ ന്യായപ്രമാണം എനിക്ക് പ്രിയമാകുന്നു. അങ്ങ് എന്‍റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു. എന്റെ ദൈവത്തിന്റെ കല്പനകൾ ഞാൻ പ്രമാണിക്കേണ്ടതിന് ദുഷ്കർമ്മികളേ, എന്നെവിട്ടു പോകുവിൻ. ഞാൻ ജീവിച്ചിരിക്കേണ്ടതിന് അങ്ങേയുടെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ. ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങേണമേ; അങ്ങേയുടെ ചട്ടങ്ങൾ ഞാൻ നിരന്തരം അനുസരിക്കും. അങ്ങേയുടെ ചട്ടങ്ങൾ ഉപേക്ഷിക്കുന്ന സകലരേയും അങ്ങ് നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർത്ഥമാകുന്നു. ഭൂമിയിലെ സകലദുഷ്ടന്മാരെയും അങ്ങ് മാലിന്യംപോലെ നീക്കിക്കളയുന്നു; അതുകൊണ്ട് അങ്ങേയുടെ സാക്ഷ്യങ്ങൾ എനിക്ക് പ്രിയമാകുന്നു. അങ്ങയെക്കുറിച്ചുള്ള ഭയം നിമിത്തം എന്‍റെ ദേഹം വിറയ്ക്കുന്നു; അങ്ങേയുടെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു.
സങ്കീർത്തനങ്ങൾ 119:81-120 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ നിന്റെ രക്ഷയെ കാത്തു മൂർച്ഛിക്കുന്നു; നിന്റെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്നുവെച്ചു എന്റെ കണ്ണു നിന്റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു. പുകയത്തു വെച്ച തുരുത്തിപോലെ ഞാൻ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല. അടിയന്റെ ജീവകാലം എന്തുള്ളു? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോൾ ന്യായവിധി നടത്തും? നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു. നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു; എന്നെ സഹായിക്കേണമേ. അവർ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്റെ പ്രമാണങ്ങളെ ഞാൻ ഉപേക്ഷിച്ചില്ലതാനും. നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും. യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു. നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു. അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു; സർവ്വസൃഷ്ടികളും നിന്റെ ദാസന്മാരല്ലോ. നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു. ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങളെ മറക്കയില്ല; അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നതു. ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു. ദുഷ്ടന്മാർ എന്നെ നശിപ്പിപ്പാൻ പതിയിരിക്കുന്നു; ഞാനോ നിന്റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും. സകലസമ്പൂർത്തിക്കും ഞാൻ അവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിസ്തീർണ്ണമായിരിക്കുന്നു. നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു. നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ടു. നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകല ഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു. നിന്റെ പ്രമാണങ്ങളെ അനുസരിക്കയാൽ ഞാൻ വയോധികന്മാരിലും വിവേകമേറിയവനാകുന്നു. നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാൻ സകല ദുർമ്മാർഗ്ഗത്തിൽനിന്നും കാൽ വിലക്കുന്നു. നീ എന്നെ ഉപദേശിച്ചിരിക്കയാൽ ഞാൻ നിന്റെ വിധികളെ വിട്ടുമാറീട്ടില്ല. തിരുവചനം എന്റെ അണ്ണാക്കിന്നു എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു. നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ടു ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു. നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു. നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും. ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; നിന്റെ വിധികളെ എനിക്കു ഉപദേശിച്ചു തരേണമേ. ഞാൻ പ്രാണത്യാഗം ചെയ്വാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല. ദുഷ്ടന്മാർ എനിക്കു കണി വെച്ചിരിക്കുന്നു; എന്നാലും ഞാൻ നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല. ഞാൻ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു. നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാൻ ഞാൻ എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു. ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു. നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു. എന്റെ ദൈവത്തിന്റെ കല്പനകളെ ഞാൻ പ്രമാണിക്കേണ്ടതിന്നു ദുഷ്കർമ്മികളേ, എന്നെ വിട്ടകന്നു പോകുവിൻ. ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ. ഞാൻ രക്ഷപ്പെടേണ്ടതിന്നു എന്നെ താങ്ങേണമേ; നിന്റെ ചട്ടങ്ങളിൽ ഞാൻ നിരന്തരം രസിക്കും. നിന്റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെ ഒക്കെയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർത്ഥമാകുന്നു. ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; അതുകൊണ്ടു നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു. നിങ്കലുള്ള ഭയംനിമിത്തം എന്റെ ദേഹം രോമാഞ്ചം കൊള്ളുന്നു; നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു.
സങ്കീർത്തനങ്ങൾ 119:81-120 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ പ്രാണൻ അവിടത്തെ രക്ഷയ്ക്കായുള്ള വാഞ്ഛയാൽ ക്ഷീണിച്ചിരിക്കുന്നു, എങ്കിലും ഞാൻ അവിടത്തെ വചനത്തിൽ പ്രത്യാശയർപ്പിക്കുന്നു. എന്റെ കണ്ണുകൾ അവിടത്തെ വാഗ്ദത്തങ്ങളെ കാത്തു തളരുന്നു; “അവിടന്ന് എപ്പോഴാണ് എന്നെയൊന്ന് ആശ്വസിപ്പിക്കുന്നത്,” എന്നു ഞാൻ ചോദിക്കുന്നു. പുകയത്തുവെച്ചിരിക്കുന്ന വീഞ്ഞുതുരുത്തിപോലെ ആയിരിക്കുന്നെങ്കിലും, അവിടത്തെ ഉത്തരവുകൾ ഞാൻ വിസ്മരിക്കുന്നില്ല. എത്രകാലം അടിയൻ കാത്തിരിക്കണം? എന്റെ പീഡകരെ എന്നാണ് അങ്ങ് ശിക്ഷിക്കുന്നത്? അവിടത്തെ ന്യായപ്രമാണം പാലിക്കാത്ത അഹങ്കാരികൾ എനിക്കുവേണ്ടി ചതിക്കുഴികളൊരുക്കിയിരിക്കുന്നു. അവിടത്തെ കൽപ്പനകളെല്ലാം വിശ്വാസയോഗ്യമാകുന്നു; കാരണംകൂടാതെ മനുഷ്യർ എന്നെ പീഡിപ്പിക്കുന്നതിനാൽ എന്നെ സഹായിക്കണമേ. അവർ എന്നെ ഭൂമുഖത്തുനിന്ന് ഏതാണ്ട് തുടച്ചുനീക്കിയിരിക്കുന്നു, എന്നിട്ടും അടിയൻ അവിടത്തെ പ്രമാണങ്ങൾ ഉപേക്ഷിച്ചിട്ടില്ല. അവിടത്തെ അചഞ്ചലസ്നേഹത്തിൽ എന്നെ പരിരക്ഷിക്കണമേ, ഞാൻ അങ്ങയുടെ തിരുമൊഴികളാകുന്ന നിയമവ്യവസ്ഥകൾ പാലിക്കും. യഹോവേ, അവിടത്തെ വചനം ശാശ്വതമാകുന്നു; അതു സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നു. അങ്ങയുടെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനിൽക്കുന്നു; അവിടന്ന് ഭൂമി സ്ഥാപിച്ചു, അത് ഉറച്ചുനിൽക്കുന്നു. അവിടത്തെ നിയമങ്ങൾ ഇന്നുവരെ സ്ഥിരമായി നിലനിൽക്കുന്നു, കാരണം സകലസൃഷ്ടികളും അവിടത്തെ സേവകരല്ലോ. അവിടത്തെ ന്യായപ്രമാണം എന്റെ പ്രമോദമായിരുന്നില്ലെങ്കിൽ, എന്റെ കഷ്ടതയിൽ ഞാൻ നശിച്ചുപോകുമായിരുന്നു. അവിടത്തെ പ്രമാണങ്ങൾ ഞാൻ ഒരിക്കലും മറക്കുകയില്ല, കാരണം അവയാലാണ് അവിടന്ന് എന്റെ ജീവൻ സംരക്ഷിച്ചിരിക്കുന്നത്. എന്നെ രക്ഷിക്കണമേ, കാരണം ഞാൻ അങ്ങയുടേതാണല്ലോ; അവിടത്തെ പ്രമാണങ്ങളാണല്ലോ ഞാൻ അന്വേഷിച്ചിട്ടുള്ളത്. എന്നെ ഇല്ലായ്മചെയ്യാൻ ദുഷ്ടർ പതിയിരിക്കുന്നു, എന്നാൽ അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ ആലോചിച്ചുകൊണ്ടിരിക്കും. സകലപൂർണതയ്ക്കും ഒരു പരിമിതിയുണ്ടെന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു, എന്നാൽ അവിടത്തെ കൽപ്പനകൾ അതിവിശാലമാണ്. ഹാ, അവിടത്തെ ന്യായപ്രമാണം ഞാൻ എത്രത്തോളം സ്നേഹിക്കുന്നു! ദിവസംമുഴുവനും ഞാൻ അത് ധ്യാനിക്കുന്നു. അവിടത്തെ കൽപ്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാളധികം ജ്ഞാനിയാക്കിത്തീർക്കുന്നു; അവ എപ്പോഴും എനിക്ക് വഴികാട്ടിയായിരിക്കുന്നു. അവിടത്തെ നിയമവ്യവസ്ഥകൾ ധ്യാനിക്കുന്നതുകൊണ്ട്, എന്റെ എല്ലാ ഗുരുക്കന്മാരെക്കാളും അധികം ഉൾക്കാഴ്ച എനിക്കുണ്ട്. അവിടത്തെ പ്രമാണങ്ങൾ ഞാൻ പാലിക്കുന്നതിനാൽ, വയോധികരെക്കാളും വിവേകം എനിക്കുണ്ട്. തിരുവചനം പാലിക്കേണ്ടതിനുവേണ്ടി, ഞാൻ എന്റെ പാതകളെ സകലദുർമാർഗങ്ങളിൽനിന്നും അകറ്റിയിരിക്കുന്നു. അവിടത്തെ നിയമങ്ങളിൽനിന്ന് ഞാൻ വ്യതിചലിച്ചിട്ടില്ല, അങ്ങുതന്നെയാണല്ലോ എന്നെ അഭ്യസിപ്പിച്ചത്. തിരുവചനം എന്റെ നാവിന് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിനെക്കാൾ മാധുര്യമേറിയത്. അവിടത്തെ പ്രമാണങ്ങളിൽനിന്ന് ഞാൻ അറിവ് ആർജിക്കുന്നു; അതിനാൽ സകലവ്യാജവഴികളും ഞാൻ വെറുക്കുന്നു. അങ്ങയുടെ വചനം എന്റെ പാദങ്ങൾക്കു ദീപവും, എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു. അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾ പിൻതുടരുമെന്ന്, ഞാൻ ഒരു ശപഥംചെയ്തിരിക്കുന്നു; അതു ഞാൻ ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു. ഞാൻ വളരെയധികം സഹനമനുഭവിച്ചിരിക്കുന്നു; യഹോവേ, അവിടത്തെ വചനപ്രകാരം എന്റെ ജീവൻ സംരക്ഷിക്കണമേ. യഹോവേ, എന്റെ അധരങ്ങളിൽനിന്നുള്ള സ്വമേധാസ്തോത്രങ്ങൾ സ്വീകരിച്ച്, അവിടത്തെ നിയമങ്ങൾ എന്നെ അഭ്യസിപ്പിക്കണമേ. എന്റെ ജീവൻ മിക്കപ്പോഴും അപകടത്തിലാണ്, എന്നാലും ഞാൻ അങ്ങയുടെ ന്യായപ്രമാണം മറക്കുകയില്ല. ദുഷ്ടർ എനിക്കൊരു കെണി ഒരുക്കിയിരിക്കുന്നു, എങ്കിലും ഞാൻ അവിടത്തെ പ്രമാണങ്ങളിൽനിന്നും അകന്നുമാറിയിട്ടില്ല. അവിടത്തെ നിയമവ്യവസ്ഥകൾ എന്നെന്നേക്കുമുള്ള എന്റെ പൈതൃകാവകാശമാണ്; അവതന്നെയാണ് എന്റെ ഹൃദയത്തിന്റെ ആനന്ദം. അവിടത്തെ ഉത്തരവുകൾ അന്ത്യംവരെ ആചരിക്കാൻ ഞാൻ എന്റെ ഹൃദയം സജ്ജമാക്കിയിരിക്കുന്നു. ഇരുമനസ്സുള്ള മനുഷ്യരെ ഞാൻ വെറുക്കുന്നു, എന്നാൽ, അവിടത്തെ ന്യായപ്രമാണത്തെ ഞാൻ സ്നേഹിക്കുന്നു. അവിടന്ന് എന്റെ സങ്കേതവും പരിചയും ആകുന്നു; ഞാൻ എന്റെ പ്രത്യാശ അങ്ങയുടെ തിരുവചനത്തിൽ അർപ്പിച്ചിരിക്കുന്നു. അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടകന്നുപോകൂ, ഞാൻ എന്റെ ദൈവത്തിന്റെ കൽപ്പനകൾ പാലിക്കട്ടെ! അവിടത്തെ വാഗ്ദാനപ്രകാരം എന്നെ നിലനിർത്തണമേ, അപ്പോൾ ഞാൻ ജീവിക്കും; എന്റെ പ്രതീക്ഷകൾ തകർത്തുകളയരുതേ. എന്നെ താങ്ങിനിർത്തണമേ, അങ്ങനെ ഞാൻ വിടുവിക്കപ്പെടും; അവിടത്തെ ഉത്തരവുകൾക്ക് ഞാൻ അതീവപരിഗണനനൽകും. അവിടത്തെ ഉത്തരവുകൾ നിരാകരിച്ച്, അതിൽനിന്നും വ്യതിചലിക്കുന്നവരെ അങ്ങ് നിരസിക്കുന്നു, കാരണം അവരുടെ ദിവാസ്വപ്നങ്ങൾ വ്യർഥമത്രേ. ഭൂമിയിലെ സകലദുഷ്ടതയും അങ്ങ് ലോഹക്കിട്ടംപോലെ ഉപേക്ഷിക്കുന്നു; അതിനാൽ ഞാൻ അവിടത്തെ നിയമവ്യവസ്ഥകളെ പ്രണയിക്കുന്നു. അങ്ങയോടുള്ള ഭയംനിമിത്തം എന്റെ ശരീരം വിറകൊള്ളുന്നു; അവിടത്തെ നിയമങ്ങൾക്കുമുന്നിൽ ഞാൻ ഭയാദരവോടെ നിൽക്കുന്നു.