ഞാൻ രക്ഷയ്‍ക്കായി കാത്തിരുന്നു തളരുന്നു. ഞാൻ അങ്ങയുടെ വാഗ്ദാനത്തിൽ പ്രത്യാശ വയ്‍ക്കുന്നു. അവിടുന്നു വാഗ്ദാനം ചെയ്തതു ലഭിക്കാൻ കാത്തിരുന്ന് എന്റെ കണ്ണു കുഴയുന്നു. അങ്ങ് എപ്പോൾ എന്നെ ആശ്വസിപ്പിക്കും? പുകയേറ്റ തോൽക്കുടം പോലെയായി ഞാൻ. എങ്കിലും ഞാൻ അങ്ങയുടെ ചട്ടങ്ങൾ മറന്നിട്ടില്ല. എത്രനാൾ അവിടുത്തെ ദാസൻ സഹിച്ചു നില്‌ക്കണം? എന്നെ പീഡിപ്പിക്കുന്നവരെ എന്നാണ് അവിടുന്നു ശിക്ഷിക്കുക? അവിടുത്തെ ധർമശാസ്ത്രം അനുസരിക്കാത്ത അഹങ്കാരികൾ എന്നെ വീഴ്ത്താൻ കുഴി കുഴിച്ചിരിക്കുന്നു. അങ്ങയുടെ കല്പനകളെല്ലാം വിശ്വാസ്യമാകുന്നു. അവർ എന്നെ വ്യാജം പറഞ്ഞു ദ്രോഹിക്കുന്നു. എന്നെ സഹായിക്കണമേ. അവർ എന്റെ ഭൂലോകവാസം അവസാനിപ്പിക്കാറായി, എങ്കിലും അവിടുത്തെ പ്രമാണങ്ങൾ ഞാൻ പാലിക്കുന്നു. അങ്ങയുടെ സുസ്ഥിരസ്നേഹത്താൽ എന്റെ ജീവനെ രക്ഷിക്കണമേ. അങ്ങയുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന കല്പനകളെ ഞാൻ അനുസരിക്കട്ടെ. പരമനാഥാ, അങ്ങയുടെ വചനം സ്വർഗത്തിൽ എന്നേക്കും സുസ്ഥിരമാകുന്നു. അവിടുത്തെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനില്‌ക്കുന്നു. അവിടുന്നു ഭൂമിയെ യഥാസ്ഥാനത്തു സ്ഥാപിച്ചു; അതു നിലനില്‌ക്കുന്നു. സർവസൃഷ്‍ടികളും അവിടുത്തെ നിയോഗമനുസരിച്ച് ഇന്നുവരെ നിലനില്‌ക്കുന്നു. അവ അവിടുത്തെ ദാസരാണല്ലോ. അങ്ങയുടെ ധർമശാസ്ത്രം എന്റെ ആനന്ദമായിരുന്നില്ലെങ്കിൽ എന്റെ കഷ്ടതയിൽ ഞാൻ നശിച്ചുപോകുമായിരുന്നു. അവിടുത്തെ പ്രമാണങ്ങൾ ഞാൻ ഒരിക്കലും മറക്കുകയില്ല. അവയാൽ അവിടുന്നു എനിക്ക് നവജീവൻ നല്‌കിയിരിക്കുന്നു. ഞാൻ അങ്ങയുടേതാണ്, എന്നെ രക്ഷിക്കണമേ! ഞാൻ അങ്ങയുടെ പ്രമാണങ്ങളെ അനുസരിക്കുന്നുവല്ലോ. ദുഷ്ടന്മാർ എന്നെ നശിപ്പിക്കാൻ പതിയിരിക്കുന്നു. എന്നാൽ ഞാൻ അവിടുത്തെ കല്പനകൾ ധ്യാനിക്കുന്നു. എല്ലാം ഒരു പരിധിവരെയേ പൂർണമാകൂ എന്ന് എനിക്കറിയാം. എന്നാൽ അവിടുത്തെ കല്പനകൾ നിസ്സീമമാണ്. പരമനാഥാ, അവിടുത്തെ ധർമശാസ്ത്രത്തെ ഞാൻ എത്രയധികം സ്നേഹിക്കുന്നു; ഇടവിടാതെ ഞാൻ അതു ധ്യാനിക്കുന്നു. അവിടുത്തെ കല്പനകൾ എപ്പോഴും എന്നോടുകൂടെയുണ്ട്. അവ എന്നെ എന്റെ ശത്രുക്കളെക്കാൾ ജ്ഞാനിയാക്കുന്നു. അവിടുത്തെ കല്പനകൾ ധ്യാനിക്കുന്നതുകൊണ്ട്, എന്റെ ഗുരുക്കന്മാരെക്കാൾ ഞാൻ അറിവുള്ളവനായിരിക്കുന്നു. ഞാൻ അവിടുത്തെ പ്രമാണങ്ങൾ പാലിക്കുന്നതുകൊണ്ട്, വയോധികരിലും വിവേകമുള്ളവനായി തീർന്നിരിക്കുന്നു. അങ്ങയുടെ വചനം അനുസരിക്കാൻവേണ്ടി, എല്ലാ ദുർമാർഗങ്ങളിൽനിന്നും ഞാൻ പിന്തിരിയുന്നു. ഞാൻ അങ്ങയുടെ കല്പനകളിൽനിന്നു വ്യതിചലിച്ചിട്ടില്ല. അങ്ങാണല്ലോ അവ എന്നെ പഠിപ്പിച്ചത്. അങ്ങയുടെ വചനം എനിക്ക് എത്ര മധുരം! അവ എന്റെ വായ്‍ക്ക് തേനിനെക്കാൾ മധുരമുള്ളത്. അങ്ങയുടെ പ്രമാണങ്ങളിലൂടെയാണു ഞാൻ വിവേകം നേടുന്നത്. അതുകൊണ്ടു ദുഷ്ടമാർഗങ്ങളോട് എനിക്കു വെറുപ്പാണ്. അങ്ങയുടെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്‍ക്കു പ്രകാശവുമാകുന്നു. അങ്ങയുടെ നീതിയുക്തമായ കല്പനകൾ അനുസരിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്തു; ഞാനതു പാലിക്കും. ഞാൻ അത്യധികം കഷ്ടതയിലായിരിക്കുന്നു. സർവേശ്വരാ, അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു നവജീവൻ നല്‌കണമേ. പരമനാഥാ, ഞാനർപ്പിക്കുന്ന സ്തോത്രങ്ങൾ സ്വീകരിക്കണമേ. അവിടുത്തെ കല്പനകൾ എന്നെ പഠിപ്പിക്കണമേ. എന്റെ പ്രാണൻ എപ്പോഴും അപകടത്തിലാണ്. എങ്കിലും ഞാൻ അവിടുത്തെ ധർമശാസ്ത്രം മറക്കുന്നില്ല. ദുഷ്ടന്മാർ എനിക്കു കെണി ഒരുക്കിയിരിക്കുന്നു; എങ്കിലും ഞാൻ അങ്ങയുടെ പ്രമാണങ്ങളിൽ നിന്നു വ്യതിചലിക്കുന്നില്ല. അങ്ങയുടെ കല്പനകളാണ് എന്റെ ശാശ്വതാവകാശം; അവ എന്റെ ആനന്ദമാകുന്നു. അങ്ങയുടെ ചട്ടങ്ങൾ എന്നേക്കും പാലിക്കുമെന്നു ഞാൻ തീരുമാനിച്ചിരിക്കുന്നു. കപടഹൃദയമുള്ളവരെ ഞാൻ വെറുക്കുന്നു. എന്നാൽ ഞാൻ അങ്ങയുടെ ധർമശാസ്ത്രത്തെ സ്നേഹിക്കുന്നു. എന്റെ സങ്കേതവും പരിചയും അവിടുന്നാകുന്നു. ഞാൻ അങ്ങയുടെ വാഗ്ദാനത്തിൽ പ്രത്യാശ വയ്‍ക്കുന്നു. ദുഷ്കർമികളേ, എന്നെ വിട്ടുപോകുവിൻ, ഞാൻ എന്റെ ദൈവത്തിന്റെ കല്പനകൾ അനുസരിക്കട്ടെ. എന്നെ താങ്ങണമേ, അങ്ങയുടെ വാഗ്ദാന പ്രകാരം, ഞാൻ ജീവിച്ചിരിക്കട്ടെ; എന്റെ പ്രത്യാശ അപമാനകാരണമാകരുതേ. എന്നെ താങ്ങണമേ. ഞാൻ സുരക്ഷിതനായിരിക്കട്ടെ. അങ്ങനെ അവിടുത്തെ കല്പനകളെ ഞാൻ എപ്പോഴും ആദരിക്കട്ടെ. അങ്ങയുടെ ചട്ടങ്ങളിൽനിന്നു വ്യതിചലിക്കുന്നവരെ അവിടുന്നു പരിത്യജിക്കുന്നു. അവരുടെ കൗശലം വ്യർഥമാണ്. ഭൂമിയിലെ സകല ദുഷ്ടന്മാരെയും വിലകെട്ടവരായി അവിടുന്ന് എറിഞ്ഞു കളയുന്നു. ഞാൻ അവിടുത്തെ കല്പനകളെ സ്നേഹിക്കുന്നു. അങ്ങയോടുള്ള ഭയത്താൽ എന്റെ ശരീരം വിറകൊള്ളുന്നു. അങ്ങയുടെ വിധികളെ ഞാൻ ഭയപ്പെടുന്നു.
SAM 119 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 119:81-120
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ