സങ്കീർത്തനങ്ങൾ 119:41-80
സങ്കീർത്തനങ്ങൾ 119:41-80 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ. ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറവാൻ ഞാൻ പ്രാപ്തനാകും. ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കയാൽ സത്യത്തിന്റെ വചനം എന്റെ വായിൽനിന്നു നീക്കിക്കളയരുതേ. അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും. നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ട് ഞാൻ വിശാലതയിൽ നടക്കും. ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും. ഞാൻ നിന്റെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്കു പ്രിയമായിരിക്കുന്നു. എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്കു ഞാൻ കൈകളെ ഉയർത്തുന്നു; നിന്റെ ചട്ടങ്ങളെ ഞാൻ ധ്യാനിക്കുന്നു. നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ട് അടിയനോടുള്ള വചനത്തെ ഓർക്കേണമേ. നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത് എന്റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു. അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല. യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഓർത്തു ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു. നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർ നിമിത്തം എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു. ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു. യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു. ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നത് എനിക്കു വിഹിതമായിരിക്കുന്നു. യഹോവേ, നീ എന്റെ ഓഹരിയാകുന്നു; ഞാൻ നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു. പൂർണഹൃദയത്തോടെ ഞാൻ നിന്റെ കൃപയ്ക്കായി യാചിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ. ഞാൻ എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു. നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിനു ഞാൻ താമസിയാതെ ബദ്ധപ്പെടുന്നു; ദുഷ്ടന്മാരുടെ പാശങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും. നിന്റെ നീതിയുള്ള ന്യായവിധികൾ ഹേതുവായി നിനക്കു സ്തോത്രം ചെയ്വാൻ ഞാൻ അർധരാത്രിയിൽ എഴുന്നേല്ക്കും. നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവർക്കും ഞാൻ കൂട്ടാളിയാകുന്നു. യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചുതരേണമേ. യഹോവേ, തിരുവചനപ്രകാരം നീ അടിയനു നന്മ ചെയ്തിരിക്കുന്നു. നിന്റെ കല്പനകളെ ഞാൻ വിശ്വസിച്ചിരിക്കയാൽ എനിക്ക് നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ. കഷ്ടതയിൽ ആകുന്നതിനു മുമ്പേ ഞാൻ തെറ്റിപ്പോയി; ഇപ്പോഴോ, ഞാൻ നിന്റെ വചനത്തെ പ്രമാണിക്കുന്നു. നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ. അഹങ്കാരികൾ എന്നെക്കൊണ്ടു നുണ പറഞ്ഞുണ്ടാക്കി; ഞാനോ പൂർണഹൃദയത്തോടെ നിന്റെ പ്രമാണങ്ങളെ അനുസരിക്കും. അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു. ഞാനോ നിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്കു ഗുണമായി. ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം. തൃക്കൈകൾ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്റെ കല്പനകളെ പഠിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ. തിരുവചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കയാൽ നിന്റെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കുന്നു. യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു. അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്റെ ആശ്വാസത്തിനായി ഭവിക്കുമാറാകട്ടെ. ഞാൻ ജീവിച്ചിരിക്കേണ്ടതിനു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്റെ ന്യായപ്രമാണത്തിൽ ഞാൻ രസിക്കുന്നു. അഹങ്കാരികൾ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാൽ ലജ്ജിച്ചു പോകട്ടെ; ഞാനോ നിന്റെ കല്പനകളെ ധ്യാനിക്കുന്നു. നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങളെ അറിയുന്നവരും എന്റെ അടുക്കൽ വരട്ടെ. ഞാൻ ലജ്ജിച്ചുപോകാതിരിക്കേണ്ടതിന് എന്റെ ഹൃദയം നിന്റെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 119:41-80 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമേ, അവിടുത്തെ സുസ്ഥിരസ്നേഹം എന്റെമേൽ ചൊരിയണമേ. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ രക്ഷിക്കണമേ. അപ്പോൾ എന്നെ നിന്ദിക്കുന്നവരോടു മറുപടി പറയാൻ ഞാൻ പ്രാപ്തനാകും. അങ്ങയുടെ വചനത്തിലാണല്ലോ ഞാൻ ശരണപ്പെടുന്നത്. എല്ലായ്പോഴും സത്യം സംസാരിക്കാൻ എന്നെ സഹായിക്കണമേ. അവിടുത്തെ കല്പനകളിലാണല്ലോ ഞാൻ പ്രത്യാശ അർപ്പിച്ചിരിക്കുന്നത്. അവിടുത്തെ ധർമശാസ്ത്രം ഞാൻ ഇടവിടാതെ എന്നേക്കും പാലിക്കും. അവിടുത്തെ പ്രമാണങ്ങൾ അനുസരിക്കുന്നതുകൊണ്ടു ഞാൻ സ്വതന്ത്രനായി വ്യാപരിക്കും. ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും, അവിടുത്തെ കല്പനകൾ പ്രസ്താവിക്കും. ഞാൻ അവിടുത്തെ കല്പനകളിൽ ആനന്ദിക്കുന്നു. ഞാൻ അവയെ സ്നേഹിക്കുന്നു. ഞാൻ അവിടുത്തെ കല്പനകളെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. അങ്ങയുടെ ചട്ടങ്ങളെ ഞാൻ ധ്യാനിക്കും. സർവേശ്വരാ, അവിടുത്തെ ദാസനോടുള്ള വാഗ്ദാനം ഓർക്കണമേ, അവയാണല്ലോ എനിക്കു പ്രത്യാശ നല്‌കുന്നത്. അവിടുത്തെ വാഗ്ദാനം എനിക്കു നവജീവൻ നല്‌കുന്നു. അതാണ് എനിക്കു കഷ്ടതയിൽ ആശ്വാസം നല്‌കുന്നത്. അഹങ്കാരികൾ എന്നെ കഠിനമായി പരിഹസിക്കുന്നു. എങ്കിലും അവിടുത്തെ ധർമശാസ്ത്രത്തിൽ നിന്നു ഞാൻ വ്യതിചലിക്കുന്നില്ല. പണ്ടേയുള്ള അവിടുത്തെ കല്പനകൾ ഞാൻ ഓർക്കുന്നു. പരമനാഥാ, ഞാൻ അവയിൽ ആശ്വാസം കണ്ടെത്തുന്നു. ദുഷ്ടന്മാർ അവിടുത്തെ ധർമശാസ്ത്രം ഉപേക്ഷിക്കുന്നതു കാണുമ്പോൾ എന്നിൽ കോപം ജ്വലിക്കുന്നു. പരദേശിയായി ഞാൻ പാർക്കുന്നിടത്ത് അവിടുത്തെ ചട്ടങ്ങൾ എന്റെ കീർത്തനങ്ങളായിരിക്കുന്നു. സർവേശ്വരാ, രാത്രിയിൽ ഞാൻ അങ്ങയെ ധ്യാനിക്കുന്നു. അവിടുത്തെ ധർമശാസ്ത്രം ഞാൻ പാലിക്കുന്നു. അങ്ങയുടെ കല്പനകൾ അനുസരിക്കുക എന്ന അനുഗ്രഹം എനിക്ക് ലഭിച്ചു. സർവേശ്വരനാണ് എന്റെ ഓഹരി; അവിടുത്തെ കല്പനകൾ പാലിക്കുമെന്നു ഞാൻ പ്രതിജ്ഞ ചെയ്തു. പൂർണഹൃദയത്തോടെ ഞാൻ അവിടുത്തെ കൃപയ്‍ക്കായി യാചിക്കുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എന്നോടു കരുണയുണ്ടാകണമേ. ഞാൻ എന്റെ ജീവിതവഴികളെക്കുറിച്ചു ചിന്തിച്ചു, അങ്ങയുടെ കല്പനകളിലേക്കു ഞാൻ തിരിഞ്ഞു. അങ്ങയുടെ ആജ്ഞകൾ ഞാൻ അനുസരിക്കുന്നു. അവ പാലിക്കാൻ ഞാൻ അത്യന്തം ഉത്സാഹിക്കുന്നു. ദുഷ്ടരുടെ കെണിയിൽ ഞാൻ അകപ്പെട്ടുവെങ്കിലും, അങ്ങയുടെ ധർമശാസ്ത്രം ഞാൻ മറക്കുന്നില്ല. അങ്ങയുടെ നീതിപൂർവകമായ കല്പനകൾക്കുവേണ്ടി അങ്ങയെ സ്തുതിക്കാൻ അർധരാത്രിയിൽ ഞാൻ എഴുന്നേല്‌ക്കുന്നു. ഞാൻ അവിടുത്തെ സകല ഭക്തന്മാരുടെയും സ്നേഹിതനാകുന്നു. അവിടുത്തെ പ്രമാണങ്ങൾ അനുസരിക്കുന്നവരുടെ തന്നെ. പരമനാഥാ, ഭൂമി അവിടുത്തെ അചഞ്ചല സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു. അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. സർവേശ്വരാ, അവിടുത്തെ വാഗ്ദാനപ്രകാരം അങ്ങ് ഈ ദാസനു നന്മ ചെയ്തിരിക്കുന്നു. എനിക്കുവേണ്ട വിവേകവും ജ്ഞാനവും നല്‌കണമേ. അവിടുത്തെ കല്പനകളിൽ ഞാൻ വിശ്വസിക്കുന്നുവല്ലോ. കഷ്ടതയിൽ അകപ്പെടുന്നതിനുമുമ്പ് ഞാൻ വഴിതെറ്റിപ്പോയിരുന്നു. ഇപ്പോൾ ഞാൻ അങ്ങയുടെ വചനം അനുസരിക്കുന്നു. അവിടുന്നു നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു. അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. അഹങ്കാരികൾ നുണ പറഞ്ഞു എന്നെ ദുഷിക്കുന്നു. ഞാൻ പൂർണഹൃദയത്തോടെ അവിടുത്തെ പ്രമാണങ്ങൾ പാലിക്കുന്നു. അവരുടെ ഹൃദയം മരവിച്ചിരിക്കുന്നു. എന്നാൽ ഞാൻ അവിടുത്തെ ധർമശാസ്ത്രത്തിൽ ആനന്ദിക്കുന്നു. കഷ്ടതകൾ വന്നത് എനിക്കു നന്മയായിത്തീർന്നു. അവിടുത്തെ ചട്ടങ്ങൾ പഠിക്കാൻ അതു കാരണമായിത്തീർന്നു. ആയിരമായിരം പൊൻവെള്ളി നാണയങ്ങളെക്കാൾ, അവിടുത്തെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന ധർമശാസ്ത്രം എനിക്കു വിലപ്പെട്ടത്. പരമനാഥാ, തൃക്കരങ്ങൾ എന്നെ സൃഷ്‍ടിച്ച്, രൂപപ്പെടുത്തി; അവിടുത്തെ കല്പനകൾ പഠിക്കാൻ എനിക്കു വിവേകം നല്‌കണമേ. അങ്ങയുടെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നതുകൊണ്ട്, അങ്ങയുടെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കും. പരമനാഥാ, അവിടുത്തെ വിധികൾ നീതിയുക്തമെന്നും, അങ്ങയുടെ വിശ്വസ്തതകൊണ്ടാണ് അവിടുന്നെന്നെ കഷ്ടപ്പെടുത്തിയതെന്നും ഞാനറിയുന്നു. അങ്ങയുടെ ദാസനോടുള്ള വാഗ്ദാനപ്രകാരം അവിടുത്തെ സുസ്ഥിരസ്നേഹത്താൽ എന്നെ ആശ്വസിപ്പിക്കണമേ. അവിടുത്തെ സുസ്ഥിരസ്നേഹം എന്റെമേൽ ചൊരിയണമേ. അങ്ങനെ ഞാൻ ജീവിക്കട്ടെ. അങ്ങയുടെ ധർമശാസ്ത്രത്തിൽ ഞാൻ ആനന്ദംകൊള്ളുന്നു. അഹങ്കാരികൾ ലജ്ജിതരാകട്ടെ. അവർ വഞ്ചനകൊണ്ട് എന്നെ തകിടം മറിച്ചു. എന്നാൽ ഞാൻ അവിടുത്തെ പ്രമാണങ്ങൾ ധ്യാനിക്കും. അങ്ങയുടെ ഭക്തന്മാരും അങ്ങയുടെ കല്പനകൾ അറിയുന്നവരും എന്നോടൊത്തുചേരട്ടെ. ഞാൻ പൂർണഹൃദയത്തോടെ അവിടുത്തെ ചട്ടങ്ങൾ അനുസരിക്കും. ഞാൻ ലജ്ജിതനാകാതിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 119:41-80 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, അങ്ങേയുടെ വചനപ്രകാരം അങ്ങേയുടെ ദയയും അങ്ങേയുടെ രക്ഷയും എന്നിലേക്ക് വരുമാറാകട്ടെ. ഞാൻ അങ്ങേയുടെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാൻ ഞാൻ പ്രാപ്തനാകും. ഞാൻ അങ്ങേയുടെ വിധികൾക്കായി കാത്തിരിക്കുകയാൽ സത്യത്തിന്‍റെ വചനം എന്‍റെ വായിൽനിന്ന് നീക്കിക്കളയരുതേ. അങ്ങനെ ഞാൻ അങ്ങേയുടെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും. അങ്ങേയുടെ പ്രമാണങ്ങൾ ആരായുന്നതുകൊണ്ട് ഞാൻ വിശാലതയിൽ നടക്കും. ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും അങ്ങേയുടെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും. ഞാൻ അങ്ങേയുടെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്ക് പ്രിയമായിരിക്കുന്നു. എനിക്ക് പ്രിയമായിരിക്കുന്ന അങ്ങേയുടെ കല്പനകളിലേക്ക് ഞാൻ കൈകൾ ഉയർത്തുന്നു; അങ്ങേയുടെ ചട്ടങ്ങൾ ഞാൻ ധ്യാനിക്കുന്നു. എനിക്ക് പ്രത്യാശ നൽകുവാൻ കാരണമായ അടിയനോടുള്ള അങ്ങേയുടെ വചനത്തെ ഓർക്കേണമേ. അങ്ങേയുടെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത് എന്റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു. അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; എന്നാൽ ഞാൻ അങ്ങേയുടെ ന്യായപ്രമാണം വിട്ടുമാറിയിട്ടില്ല. യഹോവേ, പുരാതനമായ അങ്ങേയുടെ വിധികൾ ഓർത്തു ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു. അങ്ങേയുടെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു. ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ അങ്ങേയുടെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു. യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; അങ്ങേയുടെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു. അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുന്നത് എനിക്ക് അനുഗ്രഹമായിരിക്കുന്നു. യഹോവേ, അങ്ങ് എന്‍റെ ഓഹരിയാകുന്നു; ഞാൻ അങ്ങേയുടെ വചനങ്ങൾ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു. പൂർണ്ണഹൃദയത്തോടെ ഞാൻ അങ്ങേയുടെ കൃപയ്ക്കായി അപേക്ഷിക്കുന്നു; അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നോട് കൃപയുണ്ടാകേണമേ. ഞാൻ എന്‍റെ വഴികളെക്കുറിച്ച് ചിന്തിച്ച്, എന്‍റെ കാലുകൾ അങ്ങേയുടെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു. അങ്ങേയുടെ കല്പനകൾ പ്രമാണിക്കുവാൻ ഞാൻ ഒട്ടും വൈകാതെ ബദ്ധപ്പെടുന്നു; ദുഷ്ടന്മാരുടെ കയറുകൾ എന്നെ ചുറ്റിയിരിക്കുന്നു; എങ്കിലും ഞാൻ അങ്ങേയുടെ ന്യായപ്രമാണം മറക്കുന്നില്ല. അങ്ങേയുടെ നീതിയുള്ള ന്യായവിധികൾനിമിത്തം അങ്ങേക്കു സ്തോത്രം ചെയ്യുവാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്‍ക്കും. അങ്ങയെ ഭയപ്പെടുകയും അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഞാൻ സ്നേഹിതനാകുന്നു. യഹോവേ, ഭൂമി അങ്ങേയുടെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു; അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. യഹോവേ, തിരുവചനപ്രകാരം അങ്ങ് അടിയന് നന്മ ചെയ്തിരിക്കുന്നു. അങ്ങേയുടെ കല്പനകൾ ഞാൻ വിശ്വസിച്ചിരിക്കുകയാൽ എനിക്ക് നല്ലബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചു തരേണമേ. കഷ്ടതയിൽ ആകുന്നതിനു മുമ്പ് ഞാൻ തെറ്റിപ്പോയി; ഇപ്പോൾ ഞാൻ അങ്ങേയുടെ വചനം പ്രമാണിക്കുന്നു. അങ്ങ് നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. അഹങ്കാരികൾ എന്നെക്കുറിച്ച് നുണ പറഞ്ഞുണ്ടാക്കി; ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കും. അവരുടെ ഹൃദയത്തില്‍ സത്യം ഇല്ല; ഞാൻ അങ്ങേയുടെ ന്യായപ്രമാണത്തിൽ രസിക്കുന്നു. അങ്ങേയുടെ ചട്ടങ്ങൾ പഠിക്കുവാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്ക് ഗുണമായി. ആയിരം ആയിരം പൊൻവെള്ളി നാണ്യങ്ങളെക്കാൾ അങ്ങേയുടെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം. തൃക്കൈകൾ എന്നെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു; അങ്ങേയുടെ കല്പനകൾ പഠിക്കുവാൻ എനിക്ക് ബുദ്ധി നല്കേണമേ. തിരുവചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുകയാൽ അങ്ങേയുടെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കുന്നു. യഹോവേ, അങ്ങേയുടെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ അങ്ങ് എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു. അടിയനോടുള്ള അങ്ങേയുടെ വാഗ്ദാനപ്രകാരം അങ്ങേയുടെ ദയ എന്നെ ആശ്വസിപ്പിക്കട്ടെ. ഞാൻ ജീവിച്ചിരിക്കേണ്ടതിന് എന്നോട് കരുണ തോന്നേണമേ; അങ്ങേയുടെ ന്യായപ്രമാണത്തിൽ ഞാൻ പ്രമോദിക്കുന്നു. കാരണംകൂടാതെ എന്നെ വെറുതെ ഉപദ്രവിക്കുന്ന അഹങ്കാരികൾ ലജ്ജിച്ചുപോകട്ടെ; ഞാൻ അങ്ങേയുടെ കല്പനകൾ ധ്യാനിക്കുന്നു. അങ്ങേയുടെ ഭക്തന്മാരും അങ്ങേയുടെ സാക്ഷ്യങ്ങൾ അറിയുന്നവരും എന്റെ അടുക്കൽ വരട്ടെ. ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന് എന്‍റെ ഹൃദയം അങ്ങേയുടെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 119:41-80 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ. ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ടു എന്നെ നിന്ദിക്കുന്നവനോടു ഉത്തരം പറവാൻ ഞാൻ പ്രാപ്തനാകും. ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കയാൽ സത്യത്തിന്റെ വചനം എന്റെ വായിൽ നിന്നു നീക്കിക്കളയരുതേ. അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും. നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു ഞാൻ വിശാലതയിൽ നടക്കും. ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും. ഞാൻ നിന്റെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്കു പ്രിയമായിരിക്കുന്നു. എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്കു ഞാൻ കൈകളെ ഉയർത്തുന്നു; നിന്റെ ചട്ടങ്ങളെ ഞാൻ ധ്യാനിക്കുന്നു. നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു അടിയനോടുള്ള വചനത്തെ ഓർക്കേണമേ. നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്റെ കഷ്ടതയിൽ എനിക്കു ആശ്വാസമാകുന്നു. അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല. യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഓർത്തു ഞാൻ എന്നെതന്നേ ആശ്വസിപ്പിക്കുന്നു. നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം എനിക്കു ഉഗ്രകോപം പിടിച്ചിരിക്കുന്നു. ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു. യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു. ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതു എനിക്കു വിഹിതമായിരിക്കുന്നു. യഹോവേ, നീ എന്റെ ഓഹരിയാകുന്നു; ഞാൻ നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു. പൂർണ്ണഹൃദയത്തോടേ ഞാൻ നിന്റെ കൃപെക്കായി യാചിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ. ഞാൻ എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു. നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാൻ താമസിയാതെ ബദ്ധപ്പെടുന്നു; ദുഷ്ടന്മാരുടെ പാശങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും. നിന്റെ നീതിയുള്ള ന്യായവിധികൾ ഹേതുവായി നിനക്കു സ്തോത്രം ചെയ്വാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്ക്കും. നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവർക്കും ഞാൻ കൂട്ടാളിയാകുന്നു. യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറെഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങളെ എനിക്കുഉപദേശിച്ചു തരേണമേ. യഹോവേ, തിരുവചനപ്രകാരം നീ അടിയന്നു നന്മ ചെയ്തിരിക്കുന്നു. നിന്റെ കല്പനകളെ ഞാൻ വിശ്വസിച്ചിരിക്കയാൽ എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ. കഷ്ടതയിൽ ആകുന്നതിന്നു മുമ്പെ ഞാൻ തെറ്റിപ്പോയി; ഇപ്പോഴോ ഞാൻ നിന്റെ വചനത്തെ പ്രമാണിക്കുന്നു. നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ. അഹങ്കാരികൾ എന്നെക്കൊണ്ടു നുണപറഞ്ഞുണ്ടാക്കി; ഞാനോ പൂർണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങളെ അനുസരിക്കും. അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു; ഞാനോ നിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നതു എനിക്കു ഗുണമായി. ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം. തൃക്കൈകൾ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്റെ കല്പനകളെ പഠിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ. തിരുവചനത്തിൽ ഞാൻ പ്രത്യാശ വെച്ചിരിക്കയാൽ നിന്റെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കുന്നു. യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു. അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്റെ ആശ്വാസത്തിന്നായി ഭവിക്കുമാറാകട്ടെ. ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്റെ ന്യായപ്രമാണത്തിൽ ഞാൻ രസിക്കുന്നു. അഹങ്കാരികൾ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാൽ ലജ്ജിച്ചുപോകട്ടെ; ഞാനോ നിന്റെ കല്പനകളെ ധ്യാനിക്കുന്നു. നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങളെ അറിയുന്നവരും എന്റെ അടുക്കൽ വരട്ടെ. ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്നു എന്റെ ഹൃദയം നിന്റെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 119:41-80 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം എന്നിലേക്കു നൽകണമേ, അവിടത്തെ വാഗ്ദാനപ്രകാരമുള്ള രക്ഷയും; അപ്പോൾ എന്നെ അപഹസിക്കുന്നവർക്ക് ഉത്തരംനൽകാനെനിക്കു കഴിയും, കാരണം അവിടത്തെ വചനത്തിൽ ഞാൻ ആശ്രയിക്കുന്നു. സത്യവചനം എന്റെ അധരങ്ങളിൽനിന്ന് എടുത്തുകളയരുതേ, കാരണം അവിടത്തെ നിയമങ്ങളിൽ ഞാൻ എന്റെ വിശ്വാസം അർപ്പിച്ചിരിക്കുന്നു. അവിടത്തെ ന്യായപ്രമാണം ഞാൻ എപ്പോഴും അനുസരിക്കും, എന്നുമെന്നേക്കുംതന്നെ. അവിടത്തെ പ്രമാണങ്ങൾ ഞാൻ അന്വേഷിക്കുന്നതിനാൽ, ഞാൻ സ്വാതന്ത്ര്യത്തോടെ ജീവിക്കും. അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ രാജാക്കന്മാരുടെമുമ്പാകെ പ്രസ്താവിക്കും ഞാൻ ലജ്ജിതനാകുകയില്ല, അവിടത്തെ കൽപ്പനകൾ ഞാൻ ഇഷ്ടപ്പെടുന്നു അതുകൊണ്ട് ഞാൻ അതിൽ ആനന്ദിക്കും. എനിക്കു പ്രിയമായ കൽപ്പനകൾക്കായി ഞാൻ എന്റെ കൈകൾ ഉയർത്തുന്നു, അങ്ങനെ ഞാൻ അവിടത്തെ ഉത്തരവുകൾ ധ്യാനിക്കും. അടിയനോടുള്ള അവിടത്തെ വചനം ഓർക്കണമേ, കാരണം അവിടന്നെനിക്കു പ്രത്യാശ നൽകിയിരിക്കുന്നല്ലോ. അവിടത്തെ വാഗ്ദാനങ്ങൾ എന്റെ ജീവനു സംരക്ഷണം നൽകുന്നു; എന്റെ കഷ്ടതയിൽ അതാണ് എന്റെ ആശ്വാസം. അഹങ്കാരികൾ യാതൊരു വാഗ്സംയമനവുമില്ലാതെ എന്നെ പരിഹസിക്കുന്നു, എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തിൽനിന്ന് വ്യതിചലിക്കുന്നില്ല. യഹോവേ, അവിടത്തെ പുരാതന നിയമങ്ങൾ ഞാൻ ഓർക്കുന്നു, ഞാൻ അതിൽ ആശ്വാസം കണ്ടെത്തുന്നു. ദുഷ്ടർ അങ്ങയുടെ ന്യായപ്രമാണം ഉപേക്ഷിക്കുന്നതുനിമിത്തം, എനിക്ക് അവരോടുള്ള രോഷം ജ്വലിക്കുന്നു. ഞാൻ പ്രവാസിയായി താമസിക്കുന്ന എന്റെ ഭവനത്തിൽ അവിടത്തെ ഉത്തരവുകൾ എന്റെ സംഗീതത്തിന്റെ പ്രമേയമാക്കുന്നു. യഹോവേ, രാത്രികാലങ്ങളിൽ ഞാൻ തിരുനാമം സ്മരിക്കുന്നു അവിടത്തെ ന്യായപ്രമാണം ഞാൻ കാത്തുപാലിക്കുന്നു, ഞാൻ അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്നു; അതെന്റെ ജീവിതചര്യതന്നെ ആയിരിക്കുന്നു. യഹോവേ, അവിടന്നാണ് എന്റെ ഓഹരി; അങ്ങയുടെ വചനങ്ങൾ അനുസരിക്കാമെന്നു ഞാൻ പ്രതിജ്ഞചെയ്തിരിക്കുന്നു. പൂർണഹൃദയത്തോടെ ഞാൻ തിരുമുഖം അന്വേഷിക്കുന്നു; അവിടത്തെ വാഗ്ദാനപ്രകാരം എന്നോടു കൃപാലുവായിരിക്കണമേ. ഞാൻ എന്റെ ജീവിതരീതികൾ വിചിന്തനംചെയ്യുന്നു എന്റെ കാലടികൾ അവിടത്തെ നിയമവ്യവസ്ഥകളിലേക്കു തിരിച്ചിരിക്കുന്നു. അവിടത്തെ കൽപ്പനകൾ കാലവിളംബംവരുത്താതെ അനുസരിക്കാൻ ഞാൻ തിടുക്കംകൂട്ടുന്നു. ദുഷ്ടർ കയറുകൊണ്ട് എന്നെ ബന്ധിച്ചാലും, അവിടത്തെ ന്യായപ്രമാണം ഞാൻ മറക്കുകയില്ല. അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾനിമിത്തം അവിടത്തേക്ക് നന്ദികരേറ്റാൻ അർധരാത്രിയിൽ ഞാൻ എഴുന്നേൽക്കുന്നു. അവിടത്തെ ഭയപ്പെടുന്ന എല്ലാവർക്കും, അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്ന എല്ലാവർക്കും ഞാൻ ഒരു സുഹൃത്താണ്. യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ ഈ ഭൂമി നിറഞ്ഞിരിക്കുന്നു; അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. യഹോവേ, അവിടത്തെ വാഗ്ദാനപ്രകാരം അടിയനു നന്മചെയ്യണമേ. ഞാൻ അവിടത്തെ കൽപ്പനകൾ വിശ്വസിക്കുന്നതുകൊണ്ട്, നല്ല പരിജ്ഞാനവും വിവേകവും എനിക്ക് ഉപദേശിച്ചുതരണമേ. കഷ്ടതയിൽ അകപ്പെടുന്നതിനുമുമ്പ് ഞാൻ വഴിതെറ്റിപ്പോയിരുന്നു, എന്നാൽ ഇപ്പോൾ ഞാൻ അവിടത്തെ വചനം അനുസരിക്കുന്നു. അവിടന്നു നല്ലവനും അവിടത്തെ പ്രവൃത്തികൾ നല്ലതും ആകുന്നു; അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. നിഗളികൾ എന്നെപ്പറ്റി വ്യാജം പറഞ്ഞുണ്ടാക്കി, എന്നാൽ ഞാൻ പൂർണഹൃദയത്തോടെ അവിടത്തെ പ്രമാണങ്ങൾ അനുഷ്ഠിക്കുന്നു. അവരുടെ ഹൃദയം വികാരരഹിതവും കഠിനവും ആയിരിക്കുന്നു, എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു. ഞാൻ കഷ്ടതയിൽ ആയതു നന്നായി അതിനാൽ എനിക്ക് അവിടത്തെ ഉത്തരവുകൾ പഠിക്കാൻ കഴിയുന്നല്ലോ. ആയിരമായിരം വെള്ളി, സ്വർണം എന്നീ നാണയങ്ങളെക്കാൾ തിരുവായിൽനിന്നുള്ള ന്യായപ്രമാണം എനിക്ക് അധികം വിലയേറിയത്. തിരുക്കരങ്ങൾ എന്നെ നിർമിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു; അവിടത്തെ കൽപ്പനകൾ അഭ്യസിക്കാൻ എനിക്കു വിവേകം നൽകണമേ. അങ്ങയെ ഭയപ്പെടുന്നവർ എന്നെ കാണുമ്പോൾ ആനന്ദിക്കട്ടെ, കാരണം ഞാൻ അവിടത്തെ വചനത്തിൽ പ്രത്യാശവെച്ചിരിക്കുന്നു. യഹോവേ, അവിടത്തെ നിയമങ്ങൾ നീതിനിഷ്ഠമായവയാണെന്ന് എനിക്കറിയാം, അവിടത്തെ വിശ്വസ്തതനിമിത്തമാണ് അങ്ങ് എന്നെ കഷ്ടപ്പെടുത്തിയതെന്നും എനിക്കറിയാം. അടിയനോടുള്ള അവിടത്തെ വാഗ്ദാനപ്രകാരം, അവിടത്തെ അചഞ്ചലസ്നേഹം എനിക്ക് ആശ്വാസമായിരിക്കട്ടെ. ഞാൻ ജീവിച്ചിരിക്കേണ്ടതിന് അവിടത്തെ മനസ്സലിവ് എന്റെമേൽ പകരണമേ, കാരണം അവിടത്തെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു. അഹങ്കാരികൾ കാരണംകൂടാതെ എന്റെമേൽ വ്യാജാരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാൽ ലജ്ജിതരായിത്തീരട്ടെ; എന്നാൽ ഞാൻ അവിടത്തെ പ്രമാണങ്ങൾ ധ്യാനിക്കും. അങ്ങയെ ഭയപ്പെടുന്നവർ എന്റെ അടുക്കലേക്കു വരട്ടെ, അവിടത്തെ നിയമവ്യവസ്ഥകൾ മനസ്സിലാക്കുന്നവരും എന്റെ അടുക്കൽ വരട്ടെ. നിഷ്കളങ്കഹൃദയത്തോടെ ഞാൻ അവിടത്തെ ഉത്തരവുകൾ പാലിക്കട്ടെ, അതുമൂലം ഞാൻ ലജ്ജിതനാകാതിരിക്കട്ടെ.