ദൈവമേ, അവിടുത്തെ സുസ്ഥിരസ്നേഹം എന്റെമേൽ ചൊരിയണമേ. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ രക്ഷിക്കണമേ. അപ്പോൾ എന്നെ നിന്ദിക്കുന്നവരോടു മറുപടി പറയാൻ ഞാൻ പ്രാപ്തനാകും. അങ്ങയുടെ വചനത്തിലാണല്ലോ ഞാൻ ശരണപ്പെടുന്നത്. എല്ലായ്പോഴും സത്യം സംസാരിക്കാൻ എന്നെ സഹായിക്കണമേ. അവിടുത്തെ കല്പനകളിലാണല്ലോ ഞാൻ പ്രത്യാശ അർപ്പിച്ചിരിക്കുന്നത്. അവിടുത്തെ ധർമശാസ്ത്രം ഞാൻ ഇടവിടാതെ എന്നേക്കും പാലിക്കും. അവിടുത്തെ പ്രമാണങ്ങൾ അനുസരിക്കുന്നതുകൊണ്ടു ഞാൻ സ്വതന്ത്രനായി വ്യാപരിക്കും. ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും, അവിടുത്തെ കല്പനകൾ പ്രസ്താവിക്കും. ഞാൻ അവിടുത്തെ കല്പനകളിൽ ആനന്ദിക്കുന്നു. ഞാൻ അവയെ സ്നേഹിക്കുന്നു. ഞാൻ അവിടുത്തെ കല്പനകളെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. അങ്ങയുടെ ചട്ടങ്ങളെ ഞാൻ ധ്യാനിക്കും. സർവേശ്വരാ, അവിടുത്തെ ദാസനോടുള്ള വാഗ്ദാനം ഓർക്കണമേ, അവയാണല്ലോ എനിക്കു പ്രത്യാശ നല്‌കുന്നത്. അവിടുത്തെ വാഗ്ദാനം എനിക്കു നവജീവൻ നല്‌കുന്നു. അതാണ് എനിക്കു കഷ്ടതയിൽ ആശ്വാസം നല്‌കുന്നത്. അഹങ്കാരികൾ എന്നെ കഠിനമായി പരിഹസിക്കുന്നു. എങ്കിലും അവിടുത്തെ ധർമശാസ്ത്രത്തിൽ നിന്നു ഞാൻ വ്യതിചലിക്കുന്നില്ല. പണ്ടേയുള്ള അവിടുത്തെ കല്പനകൾ ഞാൻ ഓർക്കുന്നു. പരമനാഥാ, ഞാൻ അവയിൽ ആശ്വാസം കണ്ടെത്തുന്നു. ദുഷ്ടന്മാർ അവിടുത്തെ ധർമശാസ്ത്രം ഉപേക്ഷിക്കുന്നതു കാണുമ്പോൾ എന്നിൽ കോപം ജ്വലിക്കുന്നു. പരദേശിയായി ഞാൻ പാർക്കുന്നിടത്ത് അവിടുത്തെ ചട്ടങ്ങൾ എന്റെ കീർത്തനങ്ങളായിരിക്കുന്നു. സർവേശ്വരാ, രാത്രിയിൽ ഞാൻ അങ്ങയെ ധ്യാനിക്കുന്നു. അവിടുത്തെ ധർമശാസ്ത്രം ഞാൻ പാലിക്കുന്നു. അങ്ങയുടെ കല്പനകൾ അനുസരിക്കുക എന്ന അനുഗ്രഹം എനിക്ക് ലഭിച്ചു. സർവേശ്വരനാണ് എന്റെ ഓഹരി; അവിടുത്തെ കല്പനകൾ പാലിക്കുമെന്നു ഞാൻ പ്രതിജ്ഞ ചെയ്തു. പൂർണഹൃദയത്തോടെ ഞാൻ അവിടുത്തെ കൃപയ്‍ക്കായി യാചിക്കുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എന്നോടു കരുണയുണ്ടാകണമേ. ഞാൻ എന്റെ ജീവിതവഴികളെക്കുറിച്ചു ചിന്തിച്ചു, അങ്ങയുടെ കല്പനകളിലേക്കു ഞാൻ തിരിഞ്ഞു. അങ്ങയുടെ ആജ്ഞകൾ ഞാൻ അനുസരിക്കുന്നു. അവ പാലിക്കാൻ ഞാൻ അത്യന്തം ഉത്സാഹിക്കുന്നു. ദുഷ്ടരുടെ കെണിയിൽ ഞാൻ അകപ്പെട്ടുവെങ്കിലും, അങ്ങയുടെ ധർമശാസ്ത്രം ഞാൻ മറക്കുന്നില്ല. അങ്ങയുടെ നീതിപൂർവകമായ കല്പനകൾക്കുവേണ്ടി അങ്ങയെ സ്തുതിക്കാൻ അർധരാത്രിയിൽ ഞാൻ എഴുന്നേല്‌ക്കുന്നു. ഞാൻ അവിടുത്തെ സകല ഭക്തന്മാരുടെയും സ്നേഹിതനാകുന്നു. അവിടുത്തെ പ്രമാണങ്ങൾ അനുസരിക്കുന്നവരുടെ തന്നെ. പരമനാഥാ, ഭൂമി അവിടുത്തെ അചഞ്ചല സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു. അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. സർവേശ്വരാ, അവിടുത്തെ വാഗ്ദാനപ്രകാരം അങ്ങ് ഈ ദാസനു നന്മ ചെയ്തിരിക്കുന്നു. എനിക്കുവേണ്ട വിവേകവും ജ്ഞാനവും നല്‌കണമേ. അവിടുത്തെ കല്പനകളിൽ ഞാൻ വിശ്വസിക്കുന്നുവല്ലോ. കഷ്ടതയിൽ അകപ്പെടുന്നതിനുമുമ്പ് ഞാൻ വഴിതെറ്റിപ്പോയിരുന്നു. ഇപ്പോൾ ഞാൻ അങ്ങയുടെ വചനം അനുസരിക്കുന്നു. അവിടുന്നു നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു. അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. അഹങ്കാരികൾ നുണ പറഞ്ഞു എന്നെ ദുഷിക്കുന്നു. ഞാൻ പൂർണഹൃദയത്തോടെ അവിടുത്തെ പ്രമാണങ്ങൾ പാലിക്കുന്നു. അവരുടെ ഹൃദയം മരവിച്ചിരിക്കുന്നു. എന്നാൽ ഞാൻ അവിടുത്തെ ധർമശാസ്ത്രത്തിൽ ആനന്ദിക്കുന്നു. കഷ്ടതകൾ വന്നത് എനിക്കു നന്മയായിത്തീർന്നു. അവിടുത്തെ ചട്ടങ്ങൾ പഠിക്കാൻ അതു കാരണമായിത്തീർന്നു. ആയിരമായിരം പൊൻവെള്ളി നാണയങ്ങളെക്കാൾ, അവിടുത്തെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന ധർമശാസ്ത്രം എനിക്കു വിലപ്പെട്ടത്. പരമനാഥാ, തൃക്കരങ്ങൾ എന്നെ സൃഷ്‍ടിച്ച്, രൂപപ്പെടുത്തി; അവിടുത്തെ കല്പനകൾ പഠിക്കാൻ എനിക്കു വിവേകം നല്‌കണമേ. അങ്ങയുടെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നതുകൊണ്ട്, അങ്ങയുടെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കും. പരമനാഥാ, അവിടുത്തെ വിധികൾ നീതിയുക്തമെന്നും, അങ്ങയുടെ വിശ്വസ്തതകൊണ്ടാണ് അവിടുന്നെന്നെ കഷ്ടപ്പെടുത്തിയതെന്നും ഞാനറിയുന്നു. അങ്ങയുടെ ദാസനോടുള്ള വാഗ്ദാനപ്രകാരം അവിടുത്തെ സുസ്ഥിരസ്നേഹത്താൽ എന്നെ ആശ്വസിപ്പിക്കണമേ. അവിടുത്തെ സുസ്ഥിരസ്നേഹം എന്റെമേൽ ചൊരിയണമേ. അങ്ങനെ ഞാൻ ജീവിക്കട്ടെ. അങ്ങയുടെ ധർമശാസ്ത്രത്തിൽ ഞാൻ ആനന്ദംകൊള്ളുന്നു. അഹങ്കാരികൾ ലജ്ജിതരാകട്ടെ. അവർ വഞ്ചനകൊണ്ട് എന്നെ തകിടം മറിച്ചു. എന്നാൽ ഞാൻ അവിടുത്തെ പ്രമാണങ്ങൾ ധ്യാനിക്കും. അങ്ങയുടെ ഭക്തന്മാരും അങ്ങയുടെ കല്പനകൾ അറിയുന്നവരും എന്നോടൊത്തുചേരട്ടെ. ഞാൻ പൂർണഹൃദയത്തോടെ അവിടുത്തെ ചട്ടങ്ങൾ അനുസരിക്കും. ഞാൻ ലജ്ജിതനാകാതിരിക്കട്ടെ.
SAM 119 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 119:41-80
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ