സങ്കീർത്തനങ്ങൾ 119:25-40
സങ്കീർത്തനങ്ങൾ 119:25-40 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്ക് ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ. നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാൽ ഞാൻ നിന്റെ അദ്ഭുതങ്ങളെ ധ്യാനിക്കും. എന്റെ പ്രാണൻ വിഷാദംകൊണ്ട് ഉരുകുന്നു; നിന്റെ വചനപ്രകാരം എന്നെ നിവിർത്തേണമേ. ഭോഷ്കിന്റെ വഴി എന്നോട് അകറ്റേണമേ; നിന്റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ. വിശ്വസ്തതയുടെ മാർഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികളെ എന്റെ മുമ്പിൽ വച്ചിരിക്കുന്നു. ഞാൻ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ. നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും. യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അതിനെ അവസാനത്തോളം പ്രമാണിക്കും. ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിനും അതിനെ പൂർണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്കു ബുദ്ധി നല്കേണമേ. നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ. ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നെ. എന്റെ ഹൃദയം ചായുമാറാക്കേണമേ. വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ. നിന്നോടുള്ള ഭക്തിയെ വർധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയനു നിവർത്തിക്കേണമേ. ഞാൻ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികൾ നല്ലവയല്ലോ. ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ.
സങ്കീർത്തനങ്ങൾ 119:25-40 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ മണ്ണിനോടു ചേരാറായിരിക്കുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു നവജീവൻ നല്‌കണമേ. എന്റെ അവസ്ഥ ഞാൻ വിവരിച്ചപ്പോൾ അവിടുന്ന് എനിക്ക് ഉത്തരമരുളി. അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. അവിടുത്തെ പ്രമാണങ്ങൾ നിർദ്ദേശിക്കുന്ന വഴി എനിക്കു കാണിച്ചുതരണമേ. ഞാൻ അവിടുത്തെ അദ്ഭുതപ്രവൃത്തികൾ ധ്യാനിക്കും. ദുഃഖത്താൽ എന്റെ മനം ഉരുകുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ ശക്തീകരിക്കണമേ. ദുർമാർഗത്തിൽ നടക്കാൻ എനിക്ക് ഇടവരുത്തരുതേ; കാരുണ്യപൂർവം അവിടുത്തെ ധർമശാസ്ത്രം എന്നെ പഠിപ്പിക്കണമേ. സത്യത്തിന്റെ മാർഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു. അവിടുത്തെ കല്പനകളെക്കുറിച്ചു ഞാൻ എപ്പോഴും ബോധവാനാണ്. പരമനാഥാ, അവിടുത്തെ കല്പനകളോടു ഞാൻ പറ്റിച്ചേർന്നിരിക്കുന്നു. ലജ്ജിതനാകാൻ എനിക്ക് ഇടവരുത്തരുതേ. അവിടുന്ന് എനിക്കു കൂടുതൽ വിവേകം നല്‌കുമ്പോൾ, ഞാൻ ഉത്സാഹത്തോടെ അവിടുത്തെ കല്പനകളുടെ മാർഗത്തിൽ ചരിക്കും. സർവേശ്വരാ, അവിടുത്തെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കണമേ. അന്ത്യത്തോളം ഞാൻ അവ പാലിക്കും. അങ്ങയുടെ ധർമശാസ്ത്രം പാലിക്കാനും പൂർണഹൃദയത്തോടെ അനുസരിക്കാനും എനിക്ക് അറിവു നല്‌കണമേ. അവിടുത്തെ കല്പനകളുടെ പാതയിലൂടെ എന്നെ നയിച്ചാലും. ഞാൻ അതിൽ ആനന്ദിക്കുന്നു. ധനലാഭത്തിലേക്കല്ല, അവിടുത്തെ കല്പനകളിലേക്ക്, എന്റെ ഹൃദയത്തെ തിരിക്കണമേ. വ്യർഥമായവയിൽനിന്ന് എന്റെ ശ്രദ്ധ മാറ്റണമേ. അവിടുത്തെ വഴികളിൽ നടക്കാൻ എനിക്കു നവജീവൻ നല്‌കിയാലും. അങ്ങയുടെ ഭക്തർക്കു നല്‌കിയ വാഗ്ദാനം, ഈ ദാസനു നിറവേറ്റിത്തരണമേ! ഞാൻ ഭയപ്പെടുന്ന അപമാനത്തിൽനിന്ന് എന്നെ രക്ഷിക്കണമേ. അവിടുത്തെ കല്പനകൾ ഉത്തമമാണല്ലോ. അവിടുത്തെ പ്രമാണങ്ങൾ പാലിക്കാൻ ഞാൻ അഭിവാഞ്ഛിക്കുന്നു. അവിടുത്തെ നീതിയാൽ എനിക്കു നവജീവൻ നല്‌കണമേ.
സങ്കീർത്തനങ്ങൾ 119:25-40 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്‍റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ അങ്ങ് എനിക്ക് ഉത്തരമരുളി; അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. അങ്ങേയുടെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാൽ ഞാൻ അങ്ങേയുടെ അത്ഭുത ഉപദേശങ്ങളെ ധ്യാനിക്കും. എന്റെ പ്രാണൻ വിഷാദംകൊണ്ട് ഉരുകുന്നു; അങ്ങേയുടെ വചനപ്രകാരം എന്നെ ശക്തീകരിക്കേണമേ. ഭോഷ്കിന്‍റെ വഴി എന്നോട് അകറ്റേണമേ; അങ്ങേയുടെ ന്യായപ്രമാണം എനിക്ക് കൃപയോടെ നല്കേണമേ. വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; അങ്ങേയുടെ വിധികൾ എന്‍റെ മുമ്പിൽ വച്ചിരിക്കുന്നു. ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ. അങ്ങ് എന്‍റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ അങ്ങേയുടെ കല്പനകളുടെ വഴിയിൽ ഓടും. യഹോവേ, അങ്ങേയുടെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അത് അവസാനത്തോളം പ്രമാണിക്കും. ഞാൻ അങ്ങേയുടെ ന്യായപ്രമാണം കാക്കേണ്ടതിനും അത് പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്ക് ബുദ്ധി നല്കേണമേ. അങ്ങേയുടെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അത് ഇഷ്ടപ്പെടുന്നുവല്ലോ. ദുരാദായത്തിലേക്കല്ല, അങ്ങേയുടെ സാക്ഷ്യങ്ങളിലേക്കു തന്നെ എന്റെ ഹൃദയം ചായുമാറാക്കേണമേ. വ്യാജത്തിലേക്കു നോക്കാതെ എന്‍റെ കണ്ണുകൾ തിരിച്ച് അങ്ങേയുടെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ. അങ്ങയോടുള്ള ഭക്തി വർദ്ധിപ്പിക്കുന്ന അങ്ങേയുടെ വചനം അടിയന് ഉറപ്പിച്ചുതരേണമേ. ഞാൻ പേടിക്കുന്ന നിന്ദ എന്നോട് അകറ്റിക്കളയണമേ; അങ്ങേയുടെ വിധികൾ നല്ലവയല്ലയോ? ഇതാ, ഞാൻ അങ്ങേയുടെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; അങ്ങേയുടെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ.
സങ്കീർത്തനങ്ങൾ 119:25-40 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ. നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാൽ ഞാൻ നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും. എന്റെ പ്രാണൻ വിഷാദംകൊണ്ടു ഉരുകുന്നു; നിന്റെ വചനപ്രകാരം എന്നെ നിവിർത്തേണമേ. ഭോഷ്കിന്റെ വഴി എന്നോടു അകറ്റേണമേ; നിന്റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ. വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികളെ എന്റെ മുമ്പിൽ വെച്ചിരിക്കുന്നു. ഞാൻ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ. നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും. യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അതിനെ അവസാനത്തോളം പ്രമാണിക്കും. ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ. നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ. ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ എന്റെ ഹൃദയം ചായുമാറാക്കേണമേ. വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ. നിന്നോടുള്ള ഭക്തിയെ വർദ്ധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയന്നു നിവർത്തിക്കേണമേ. ഞാൻ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികൾ നല്ലവയല്ലോ. ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ.
സങ്കീർത്തനങ്ങൾ 119:25-40 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ പൊടിയിൽ വീണമർന്നിരിക്കുന്നു; അവിടത്തെ വചനത്താൽ എന്നെ ഉത്തേജിപ്പിക്കണമേ. എന്റെ പദ്ധതികൾ ഞാൻ അവിടത്തെ അറിയിച്ചു, അപ്പോൾ അങ്ങ് എനിക്ക് ഉത്തരമരുളി; അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. അവിടത്തെ പ്രമാണങ്ങളുടെ അർഥം എനിക്കു മനസ്സിലാക്കിത്തരണമേ, അങ്ങനെ ഞാൻ അങ്ങയുടെ അത്ഭുതപ്രവൃത്തികൾ ധ്യാനിക്കും. എന്റെ പ്രാണൻ ദുഃഖത്താൽ തളർന്നിരിക്കുന്നു; അവിടത്തെ വചനത്താൽ എന്നെ ശക്തിപ്പെടുത്തണമേ. വഞ്ചനനിറഞ്ഞ വഴികളിൽനിന്ന് എന്നെ കാത്തുപാലിക്കണമേ; കരുണയാൽ അവിടത്തെ ന്യായപ്രമാണം എന്നെ പഠിപ്പിക്കണമേ. വിശ്വസ്തതയുടെ മാർഗം ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവിടത്തെ നിയമങ്ങൾ എന്റെമുമ്പിൽ വെച്ചിരിക്കുന്നു. യഹോവേ, അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ മുറുകെപ്പിടിച്ചിരിക്കുന്നു, എന്നെ ലജ്ജിപ്പിക്കാൻ അനുവദിക്കരുതേ. ഞാൻ അവിടത്തെ കൽപ്പനാമാർഗത്തിലൂടെ ഓടുന്നു, കാരണം അവിടന്ന് എന്റെ വിവേകത്തെ വിസ്തൃതമാക്കിയല്ലോ. യഹോവേ, അവിടത്തെ ഉത്തരവുകളുടെ മാർഗം എന്നെ പഠിപ്പിക്കണമേ, അപ്പോൾ അവ എനിക്ക് അന്ത്യംവരെ പിൻതുടരാൻ സാധിക്കും. അവിടത്തെ ന്യായപ്രമാണം കാത്തുപാലിക്കുന്നതിനും അവ പൂർണഹൃദയത്തോടെ അനുസരിക്കുന്നതിനും എനിക്കു വിവേകം നൽകണമേ. അവിടത്തെ കൽപ്പനാമാർഗത്തിലൂടെ എന്നെ നയിക്കണമേ, കാരണം ഞാൻ അതിൽ ആനന്ദിക്കുന്നു. അന്യായമായ ആദായത്തിലേക്കല്ല, അവിടത്തെ നിയമവ്യവസ്ഥകളിലേക്കുതന്നെ എന്റെ ഹൃദയത്തെ തിരിക്കണമേ. വ്യർഥകാര്യങ്ങളിൽനിന്നും എന്റെ കണ്ണുകളെ തിരിക്കണമേ; തിരുവചനത്തിന് അനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ. അടിയനോടു ചെയ്ത അങ്ങയുടെ വാഗ്ദാനം നിവർത്തിക്കണമേ, അപ്പോൾ ജനം അങ്ങയെ ആദരിക്കും ഞാൻ ഭയപ്പെടുന്ന അപമാനം എന്നിൽനിന്നകറ്റണമേ, അവിടത്തെ നിയമങ്ങൾ നല്ലവയാണല്ലോ ഇതാ, ഞാൻ അവിടത്തെ പ്രമാണങ്ങൾക്കായി വാഞ്ഛിക്കുന്നു! അവിടത്തെ നീതിനിമിത്തം എന്റെ ജീവൻ സംരക്ഷിക്കണമേ.