SAM 119:25-40

SAM 119:25-40 MALCLBSI

ഞാൻ മണ്ണിനോടു ചേരാറായിരിക്കുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു നവജീവൻ നല്‌കണമേ. എന്റെ അവസ്ഥ ഞാൻ വിവരിച്ചപ്പോൾ അവിടുന്ന് എനിക്ക് ഉത്തരമരുളി. അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. അവിടുത്തെ പ്രമാണങ്ങൾ നിർദ്ദേശിക്കുന്ന വഴി എനിക്കു കാണിച്ചുതരണമേ. ഞാൻ അവിടുത്തെ അദ്ഭുതപ്രവൃത്തികൾ ധ്യാനിക്കും. ദുഃഖത്താൽ എന്റെ മനം ഉരുകുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ ശക്തീകരിക്കണമേ. ദുർമാർഗത്തിൽ നടക്കാൻ എനിക്ക് ഇടവരുത്തരുതേ; കാരുണ്യപൂർവം അവിടുത്തെ ധർമശാസ്ത്രം എന്നെ പഠിപ്പിക്കണമേ. സത്യത്തിന്റെ മാർഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു. അവിടുത്തെ കല്പനകളെക്കുറിച്ചു ഞാൻ എപ്പോഴും ബോധവാനാണ്. പരമനാഥാ, അവിടുത്തെ കല്പനകളോടു ഞാൻ പറ്റിച്ചേർന്നിരിക്കുന്നു. ലജ്ജിതനാകാൻ എനിക്ക് ഇടവരുത്തരുതേ. അവിടുന്ന് എനിക്കു കൂടുതൽ വിവേകം നല്‌കുമ്പോൾ, ഞാൻ ഉത്സാഹത്തോടെ അവിടുത്തെ കല്പനകളുടെ മാർഗത്തിൽ ചരിക്കും. സർവേശ്വരാ, അവിടുത്തെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കണമേ. അന്ത്യത്തോളം ഞാൻ അവ പാലിക്കും. അങ്ങയുടെ ധർമശാസ്ത്രം പാലിക്കാനും പൂർണഹൃദയത്തോടെ അനുസരിക്കാനും എനിക്ക് അറിവു നല്‌കണമേ. അവിടുത്തെ കല്പനകളുടെ പാതയിലൂടെ എന്നെ നയിച്ചാലും. ഞാൻ അതിൽ ആനന്ദിക്കുന്നു. ധനലാഭത്തിലേക്കല്ല, അവിടുത്തെ കല്പനകളിലേക്ക്, എന്റെ ഹൃദയത്തെ തിരിക്കണമേ. വ്യർഥമായവയിൽനിന്ന് എന്റെ ശ്രദ്ധ മാറ്റണമേ. അവിടുത്തെ വഴികളിൽ നടക്കാൻ എനിക്കു നവജീവൻ നല്‌കിയാലും. അങ്ങയുടെ ഭക്തർക്കു നല്‌കിയ വാഗ്ദാനം, ഈ ദാസനു നിറവേറ്റിത്തരണമേ! ഞാൻ ഭയപ്പെടുന്ന അപമാനത്തിൽനിന്ന് എന്നെ രക്ഷിക്കണമേ. അവിടുത്തെ കല്പനകൾ ഉത്തമമാണല്ലോ. അവിടുത്തെ പ്രമാണങ്ങൾ പാലിക്കാൻ ഞാൻ അഭിവാഞ്ഛിക്കുന്നു. അവിടുത്തെ നീതിയാൽ എനിക്കു നവജീവൻ നല്‌കണമേ.

SAM 119 വായിക്കുക