സങ്കീർത്തനങ്ങൾ 118:1-16
സങ്കീർത്തനങ്ങൾ 118:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയ്ക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്. അവന്റെ ദയ എന്നേക്കുമുള്ളത് എന്നു യിസ്രായേൽ പറയട്ടെ. അവന്റെ ദയ എന്നേക്കുമുള്ളത് എന്ന് അഹരോൻഗൃഹം പറയട്ടെ. അവന്റെ ദയ എന്നേക്കുമുള്ളത്; എന്നു യഹോവാഭക്തർ പറയട്ടെ. ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി. യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്തു ചെയ്യും? എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ എന്നെ പകയ്ക്കുന്നവരെ കണ്ടു രസിക്കും. മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലത്. പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലത്. സകല ജാതികളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. അവർ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; മുൾത്തീപോലെ അവർ കെട്ടുപോയി; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു. യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; അവൻ എനിക്കു രക്ഷയായും തീർന്നു. ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്; യഹോവയുടെ വലംകൈ വീര്യം പ്രവർത്തിക്കുന്നു. യഹോവയുടെ വലംകൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലംകൈ വീര്യം പ്രവർത്തിക്കുന്നു.
സങ്കീർത്തനങ്ങൾ 118:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ! അവിടുന്നു നല്ലവനല്ലോ! അവിടുത്തെ അചഞ്ചലസ്നേഹം എന്നേക്കും നിലനില്‌ക്കുന്നു. അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമാണെന്ന് ഇസ്രായേൽജനം പറയട്ടെ. അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമെന്ന് അഹരോൻവംശജർ പറയട്ടെ. അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമെന്ന് സർവേശ്വരന്റെ ഭക്തന്മാർ പറയട്ടെ. എന്റെ കഷ്ടതയിൽ ഞാൻ സർവേശ്വരനെ വിളിച്ചപേക്ഷിച്ചു, അവിടുന്ന് എനിക്കുത്തരമരുളി, എന്നെ വിടുവിച്ചു. സർവേശ്വരൻ എന്റെ കൂടെയുണ്ട്, ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും? എന്നെ സഹായിക്കാൻ സർവേശ്വരൻ എന്റെ കൂടെയുണ്ട്. എന്റെ ശത്രുക്കളുടെ പതനം ഞാൻ കാണും. മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ സർവേശ്വരനിൽ ശരണപ്പെടുന്നതു നല്ലത്. പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ സർവേശ്വരനിൽ ശരണപ്പെടുന്നതു നല്ലത്. ജനതകൾ എന്നെ വളഞ്ഞു, സർവേശ്വരന്റെ നാമത്തിൽ ഞാൻ അവരെ നശിപ്പിച്ചു. അവർ എന്നെ വളഞ്ഞു. എല്ലാ വശത്തുനിന്നും അവർ എന്നെ വലയം ചെയ്തു. സർവേശ്വരന്റെ നാമത്തിൽ ഞാൻ അവരെ നിഗ്രഹിച്ചു. തേനീച്ചപോലെ അവർ എന്നെ പൊതിഞ്ഞെങ്കിലും, മുൾപ്പടർപ്പു കത്തി വെണ്ണീറാകുന്നതുപോലെ അവർ നശിച്ചു. സർവേശ്വരന്റെ നാമത്തിൽ ഞാൻ അവരെ നിഗ്രഹിച്ചു. വീണു പോകത്തക്കവിധം അവർ എന്നെ ആഞ്ഞുതള്ളി; എങ്കിലും സർവേശ്വരൻ എന്നെ സഹായിച്ചു. സർവേശ്വരൻ എന്റെ ബലം, അവിടുന്നാണ് എന്റെ ആനന്ദകീർത്തനം; അവിടുന്നെന്നെ രക്ഷിച്ചിരിക്കുന്നു. ഇതാ, നീതിമാന്മാരുടെ കൂടാരങ്ങളിൽ ജയഘോഷം ഉയരുന്നു; സർവേശ്വരന്റെ വലങ്കൈ അവർക്കു വിജയം നേടിക്കൊടുത്തിരിക്കുന്നു. സർവേശ്വരന്റെ വലങ്കൈ ഉയർന്നിരിക്കുന്നു; അവിടുത്തെ വലങ്കൈ അവർക്കു വിജയം നേടിക്കൊടുത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 118:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയ്ക്കു സ്തോത്രം ചെയ്യുവീൻ; ദൈവം നല്ലവനല്ലയോ; ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത്. ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത് എന്നു യിസ്രായേൽ പറയട്ടെ. ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത് എന്നു അഹരോൻഗൃഹം പറയട്ടെ. ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത് എന്നു യഹോവാഭക്തർ പറയട്ടെ. ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി. യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല; മനുഷ്യൻ എന്നോട് എന്ത് ചെയ്യും? എന്നെ സഹായിക്കുവാനായി യഹോവ എന്റെ പക്ഷത്തുണ്ട്; എന്‍റെ ശത്രുക്കൾ പരാജയപ്പെടുന്നതു ഞാൻ കാണും. മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്. പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്. സകലജനതകളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ നശിപ്പിച്ചുകളയും. അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. അവർ തേനീച്ചപോലെ എന്നെ പൊതിഞ്ഞു; മുൾതീപോലെ അവർ കെട്ടുപോയി; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു. യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; അവിടുന്ന് എനിക്ക് രക്ഷയായും തീർന്നു. ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു. യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
സങ്കീർത്തനങ്ങൾ 118:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു. അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യിസ്രായേൽ പറയട്ടെ. അവന്റെ ദയ എന്നേക്കുമുള്ളതു എന്നു അഹരോൻഗൃഹം പറയട്ടെ. അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യഹോവാഭക്തർ പറയട്ടെ. ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി. യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും? എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ എന്നെ പകെക്കുന്നവരെ കണ്ടു രസിക്കും. മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു. പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു. സകലജാതികളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. അവർ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; മുൾതീപോലെ അവർ കെട്ടുപോയി; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു. യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; അവൻ എനിക്കു രക്ഷയായും തീർന്നു. ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ടു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു. യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
സങ്കീർത്തനങ്ങൾ 118:1-16 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. ഇസ്രായേല്യർ പറയട്ടെ: “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.” അഹരോൻഗൃഹം പറയട്ടെ: “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.” യഹോവയെ ഭയപ്പെടുന്നവർ പറയട്ടെ: “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.” എന്റെ കഷ്ടതയിൽ ഞാൻ യഹോവയോട് നിലവിളിച്ചു; അവിടന്ന് എനിക്ക് ഉത്തരമരുളി, എന്നെ വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നു. യഹോവ എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല. വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും? യഹോവ എന്റെ പക്ഷത്തുണ്ട്, അവിടന്ന് എന്റെ സഹായകനാണ്. ഞാൻ വിജയംനേടി എന്റെ ശത്രുക്കളെ കാണും. മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്. പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്. സകലരാഷ്ട്രങ്ങളും എന്നെ വളഞ്ഞു, എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു. അവർ എന്നെ വളഞ്ഞു; അതേ അവർ എന്നെ വളഞ്ഞു, എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു. തേനീച്ചപോലെ എനിക്കുചുറ്റുമവർ ഇരച്ചുകയറി, എന്നാൽ മുൾത്തീപോലെ വേഗത്തിൽ അവർ എരിഞ്ഞമർന്നു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു. ഞാൻ വീഴാൻ തക്കവണ്ണം എന്റെ ശത്രുക്കൾ എന്നെ തള്ളി, എന്നാൽ യഹോവ എന്നെ സഹായിച്ചു. യഹോവ എന്റെ ബലവും എന്റെ ഗീതവും ആകുന്നു; അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു. നീതിനിഷ്ഠരുടെ കൂടാരങ്ങളിൽ ആനന്ദത്തിന്റെയും വിജയത്തിന്റെയും ഘോഷം ഉയരുന്നു: “യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു! യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു!”