118
1 #
1. ദിനവൃത്താന്തം 16:34; 2. ദിനവൃത്താന്തം 5:13; 7:3; എസ്രാ 3:11; സങ്കീർത്തനങ്ങൾ 100:5; 106:1; 107:1; 136:1; യിരെമ്യാവു 33:11 യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ;
അവന്റെ ദയ എന്നേക്കുമുള്ളതു.
2അവന്റെ ദയ എന്നേക്കുമുള്ളതു
എന്നു യിസ്രായേൽ പറയട്ടെ.
3അവന്റെ ദയ എന്നേക്കുമുള്ളതു
എന്നു അഹരോൻഗൃഹം പറയട്ടെ.
4അവന്റെ ദയ എന്നേക്കുമുള്ളതു
എന്നു യഹോവാഭക്തർ പറയട്ടെ.
5ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,
യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.
6 #
എബ്രായർ 13:6
യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല;
മനുഷ്യൻ എന്നോടു എന്തു ചെയ്യും?
7എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ടു;
ഞാൻ എന്നെ പകെക്കുന്നവരെ കണ്ടു രസിക്കും.
8മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ
യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.
9പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ
യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.
10സകലജാതികളും എന്നെ ചുറ്റിവളഞ്ഞു;
യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
11അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു;
യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
12അവർ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു;
മുൾതീപോലെ അവർ കെട്ടുപോയി;
യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
13ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി;
എങ്കിലും യഹോവ എന്നെ സഹായിച്ചു.
14 #
പുറപ്പാടു 15:2; യെശയ്യാവു 12:2 യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു;
അവൻ എനിക്കു രക്ഷയായും തീർന്നു.
15ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ടു;
യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
16യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു;
യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
17ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും.
18യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു;
എന്നാലും അവൻ എന്നെ മരണത്തിന്നു ഏല്പിച്ചിട്ടില്ല.
19നീതിയുടെ വാതിലുകൾ എനിക്കു തുറന്നു തരുവിൻ;
ഞാൻ അവയിൽകൂടി കടന്നു യഹോവെക്കു സ്തോത്രം ചെയ്യും.
20യഹോവയുടെ വാതിൽ ഇതു തന്നേ;
നീതിമാന്മാർ അതിൽകൂടി കടക്കും.
21നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കയാൽ
ഞാൻ നിനക്കു സ്തോത്രം ചെയ്യും.
22 #
ലൂക്കൊസ് 20:17; അപ്പൊ. പ്രവൃത്തികൾ 4:11; 1. പത്രൊസ് 2:7; മത്തായി 21:42; മർക്കൊസ് 12:10,11 വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു.
23ഇതു യഹോവയാൽ സംഭവിച്ചു
നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.
24ഇതു യഹോവ ഉണ്ടാക്കിയ ദിവസം;
ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക.
25 #
മത്തായി 21:9; മർക്കൊസ് 11:9; യോഹന്നാൻ 12:13 യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ;
യഹോവേ, ഞങ്ങൾക്കു ശുഭത നല്കേണമേ.
26 #
മത്തായി 21:9; 23:39; മർക്കൊസ് 11:9; ലൂക്കൊസ് 13:35; 19:38; യോഹന്നാൻ 12:13 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.
27യഹോവ തന്നേ ദൈവം; അവൻ നമുക്കു പ്രകാശം തന്നിരിക്കുന്നു;
യാഗപീഠത്തിന്റെ കൊമ്പുകളോളം
യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിൻ.
28നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും;
നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും.
29യഹോവെക്കു സ്തോത്രം ചെയ്‌വിൻ;
അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.