സങ്കീർത്തനങ്ങൾ 103:13-18
സങ്കീർത്തനങ്ങൾ 103:13-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പന് മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവയ്ക്ക് തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവൻ ഓർക്കുന്നു. മനുഷ്യന്റെ ആയുസ്സ് പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവൻ പൂക്കുന്നു. കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെ പോകുന്നു; അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല. യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാർക്കും അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും. അവന്റെ നിയമത്തെ പ്രമാണിക്കുന്നവർക്കും അവന്റെ കല്പനകളെ ഓർത്ത് ആചരിക്കുന്നവർക്കും തന്നെ.
സങ്കീർത്തനങ്ങൾ 103:13-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിതാവിനു മക്കളോടെന്നപോലെ, സർവേശ്വരനു തന്റെ ഭക്തന്മാരോടു കനിവു തോന്നുന്നു. നമ്മെ മെനഞ്ഞ വസ്തു എന്തെന്ന് അവിടുന്നറിയുന്നു. നാം പൂഴിയാണെന്ന് അവിടുന്ന് ഓർക്കുന്നു. മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു. വയലിലെ പൂപോലെ അതു വിടരുന്നു. കാറ്റടിക്കുമ്പോൾ അതു കൊഴിഞ്ഞുപോകുന്നു. അതു നിന്നിരുന്ന സ്ഥാനംപോലും ആരും അറിയുകയില്ല. എന്നാൽ സർവേശ്വരനു തന്റെ ഭക്തന്മാരോടുള്ള സ്നേഹം ശാശ്വതമാണ്. അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്‌ക്കുന്നു. അവിടുത്തെ ഉടമ്പടി പാലിക്കുന്നവർക്കും കല്പനകൾ ശ്രദ്ധാപൂർവം അനുസരിക്കുന്നവർക്കും തന്നെ.
സങ്കീർത്തനങ്ങൾ 103:13-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ യഹോവയ്ക്ക് തന്‍റെ ഭക്തന്മാരോട് കരുണ തോന്നുന്നു. കർത്താവ് നമ്മുടെ പ്രകൃതം അറിയുന്നുവല്ലോ; നാം കേവലം പൊടി മാത്രം എന്നു അവിടുന്ന് ഓർക്കുന്നു. മനുഷ്യന്റെ ആയുസ്സ് പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവൻ പൂക്കുന്നു. കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെ പോകുന്നു; അത് നിന്ന സ്ഥലം പിന്നീട് അതിനെ അറിയുകയുമില്ല. യഹോവയുടെ ദയ എന്നും എന്നേക്കും അവിടുത്തെ ഭക്തന്മാർക്കും തന്‍റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും. കർത്താവിന്‍റെ നിയമം പ്രമാണിക്കുന്നവർക്കും അവിടുത്തെ കല്പനകൾ ഓർത്തു ആചരിക്കുന്നവർക്കും തന്നെ.
സങ്കീർത്തനങ്ങൾ 103:13-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു. മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവൻ പൂക്കുന്നു. കാറ്റു അതിന്മേൽ അടിക്കുമ്പോൾ അതു ഇല്ലാതെപോകുന്നു; അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല. യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാർക്കും അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും. അവന്റെ നിയമത്തെ പ്രമാണിക്കുന്നവർക്കും അവന്റെ കല്പനകളെ ഓർത്തു ആചരിക്കുന്നവർക്കും തന്നേ.
സങ്കീർത്തനങ്ങൾ 103:13-18 സമകാലിക മലയാളവിവർത്തനം (MCV)
ഒരു പിതാവിനു തന്റെ മക്കളോടു മനസ്സലിവു തോന്നുന്നതുപോലെതന്നെ, യഹോവയ്ക്ക് തന്നെ ഭയപ്പെടുന്നവരോടു മനസ്സലിവു തോന്നുന്നു; കാരണം അവിടന്ന് നമ്മുടെ പ്രകൃതി അറിയുന്നു; നാം പൊടിയെന്ന് അവിടന്ന് ഓർക്കുന്നു. മനുഷ്യായുസ്സ് പുല്ലിനു സമമാകുന്നു, വയലിലെ പൂപോലെ അതു തഴയ്ക്കുന്നു; അതിന്മേൽ കാറ്റടിക്കുന്നു, അതു വിസ്മൃതമാകുന്നു, അതു നിന്നയിടംപോലും പിന്നെയത് ഓർക്കുന്നില്ല. എന്നാൽ, യഹോവയുടെ സ്നേഹം തന്നെ ഭയപ്പെടുന്നവരുടെമേൽ നിതാന്തകാലം നിലനിൽക്കും അവിടത്തെ നീതി അവരുടെ മക്കളുടെ മക്കൾക്കും ഉണ്ടാകും— അവിടത്തെ ഉടമ്പടികൾ പാലിക്കുകയും അവിടത്തെ പ്രമാണങ്ങൾ ഓർത്ത് അനുസരിക്കുകയും ചെയ്യുന്നവരുടെമേൽതന്നെ.