സദൃശവാക്യങ്ങൾ 8:14-26

സദൃശവാക്യങ്ങൾ 8:14-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്; ഞാൻ തന്നെ വിവേകം; എനിക്കു വീര്യബലം ഉണ്ട്. ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; പ്രഭുക്കന്മാർ നീതിയെ നടത്തുന്നു. ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു. എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും. എന്റെ പക്കൽ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ട്. എന്റെ ഫലം പൊന്നിലും തങ്കത്തിലും എന്റെ ആദായം മേത്തരമായ വെള്ളിയിലും നല്ലത്. എന്നെ സ്നേഹിക്കുന്നവർക്ക് വസ്തുവക അവകാശമാക്കി കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കയും ചെയ്യേണ്ടതിന് ഞാൻ നീതിയുടെ മാർഗത്തിലും ന്യായത്തിന്റെ പാതകളിലും നടക്കുന്നു. യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. ഞാൻ പുരാതനമേ, ആദിയിൽ തന്നെ, ഭൂമിയുടെ ഉൽപത്തിക്കുമുമ്പേ നിയമിക്കപ്പെട്ടിരിക്കുന്നു. ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നെ. പർവതങ്ങളെ സ്ഥാപിച്ചതിനു മുമ്പേയും കുന്നുകൾക്കു മുമ്പേയും ഞാൻ ജനിച്ചിരിക്കുന്നു. അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കിയിട്ടില്ലാത്ത സമയത്തു തന്നെ.

സദൃശവാക്യങ്ങൾ 8:14-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നല്ല ആലോചനയും ജ്ഞാനവും എന്നിലുണ്ട്; എന്നിൽ ഉൾക്കാഴ്ചയും ശക്തിയുമുണ്ട്. ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; ഭരണാധിപന്മാർ നീതി നടത്തുന്നു. ഞാൻ മുഖേന പ്രഭുക്കന്മാർ ഭരിക്കുന്നു; നാടുവാഴികൾ ആധിപത്യം പുലർത്തുന്നു. എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; ശ്രദ്ധയോടെ അന്വേഷിക്കുന്നവൻ എന്നെ കണ്ടെത്തുന്നു. ധനവും മാനവും അനശ്വരസമ്പത്തും ഐശ്വര്യവും എന്റെ പക്കലുണ്ട്. എന്നിൽനിന്നു ലഭിക്കുന്നത് പൊന്നിലും തങ്കത്തിലും മികച്ചത്. എന്നിൽനിന്നുള്ള ആദായം മേൽത്തരം വെള്ളിയെക്കാൾ മേന്മയുള്ളത്. ഞാൻ നീതിയുടെ വഴിയിൽ, ന്യായത്തിന്റെ പാതകളിൽ നടക്കുന്നു. എന്നെ സ്നേഹിക്കുന്നവരുടെ ഭണ്ഡാരം ഞാൻ നിറയ്‍ക്കുകയും അവരെ സമ്പന്നരാക്കുകയും ചെയ്യുന്നു. സർവേശ്വരൻ സർവസൃഷ്‍ടികൾക്കും മുമ്പായി സൃഷ്‍ടികളിൽ ആദ്യത്തേതായി എന്നെ സൃഷ്‍ടിച്ചു. യുഗങ്ങൾക്കു മുമ്പ്, ഭൂമിയുടെ ഉൽപത്തിക്കു മുമ്പുതന്നെ ഞാൻ സൃഷ്‍ടിക്കപ്പെട്ടു. ആഴികളോ ജലം നിറഞ്ഞ അരുവികളോ ഇല്ലാതിരിക്കേ എനിക്കു ജന്മം ലഭിച്ചു. ഗിരികളും കുന്നുകളും രൂപംകൊള്ളുന്നതിനു മുമ്പ് ഞാൻ സൃഷ്‍ടിക്കപ്പെട്ടു. അവിടുന്നു ഭൂമിയെയും ധൂമപടലങ്ങളെയും വയലുകളെയും സൃഷ്‍ടിക്കുന്നതിനു മുമ്പായിരുന്നു അത്.

സദൃശവാക്യങ്ങൾ 8:14-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്; ഞാൻ തന്നെ വിവേകം; എനിക്ക് വീര്യബലം ഉണ്ട്. ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; പ്രഭുക്കന്മാർ നീതി നടത്തുന്നു. ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു. എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും. എന്‍റെ പക്കൽ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ട്. എന്‍റെ ഫലം പൊന്നിലും തങ്കത്തിലും എന്‍റെ ആദായം മേല്ത്തരമായ വെള്ളിയിലും നല്ലത്. എന്നെ സ്നേഹിക്കുന്നവർക്ക് വസ്തുവക അവകാശമാക്കിക്കൊടുക്കുകയും അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കുകയും ചെയ്യേണ്ടതിന് ഞാൻ നീതിയുടെ മാർഗ്ഗത്തിലും ന്യായത്തിന്‍റെ പാതകളിലും നടക്കുന്നു. യഹോവ പണ്ടുപണ്ടേ തന്‍റെ വഴിയുടെ ആരംഭമായി, തന്‍റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. ഞാൻ പുരാതനമേ, ആദിയിൽ തന്നെ, ഭൂമിയുടെ ഉല്പത്തിക്ക് മുമ്പ് നിയമിക്കപ്പെട്ടിരിക്കുന്നു. ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നെ. പർവ്വതങ്ങൾ സ്ഥാപിച്ചതിനു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു. അവിടുന്ന് ഭൂമിയെയും വയലുകളെയും ഭൂതലത്തിന്‍റെ പൊടിയുടെ തുകയെയും ഉണ്ടാക്കിയിട്ടില്ലാത്ത സമയത്ത് തന്നെ.

സദൃശവാക്യങ്ങൾ 8:14-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; ഞാൻ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു. ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; പ്രഭുക്കന്മാർ നീതിയെ നടത്തുന്നു. ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു. എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും. എന്റെ പക്കൽ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ടു. എന്റെ ഫലം പൊന്നിലും തങ്കത്തിലും എന്റെ ആദായം മേത്തരമായ വെള്ളിയിലും നല്ലതു. എന്നെ സ്നേഹിക്കുന്നവർക്കു വസ്തുവക അവകാശമാക്കിക്കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറെക്കയും ചെയ്യേണ്ടതിന്നു ഞാൻ നീതിയുടെ മാർഗ്ഗത്തിലും ന്യായത്തിന്റെ പാതകളിലും നടക്കുന്നു. യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു. ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ. പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു. അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ.

സദൃശവാക്യങ്ങൾ 8:14-26 സമകാലിക മലയാളവിവർത്തനം (MCV)

ബുദ്ധിയുപദേശവും ഉത്തമ നീതിനിർവഹണവും എന്റേതാണ്; എനിക്കു വിവേകമുണ്ട്, എനിക്ക് ശക്തിയുമുണ്ട്. ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു അധിപതികൾ നീതിയുക്തമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നു; ഞാൻ മുഖാന്തരമാണ് പ്രഭുക്കന്മാരും നാടുവാഴികളും ഭരണം നിർവഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു, എന്നെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും, നിശ്ചയം. എന്റെ അധീനതയിൽ ധനവും ബഹുമാനവും, അനശ്വരസമ്പത്തും അഭിവൃദ്ധിയുമുണ്ട്. എന്റെ ഫലം തങ്കത്തെക്കാൾ ശ്രേഷ്ഠം; എന്റെ വരുമാനം സംശുദ്ധവെള്ളിയെ പിന്നിലാക്കും. ഞാൻ നീതിമാർഗത്തിൽ സഞ്ചരിക്കുന്നു, ന്യായത്തിന്റെ പാതയിൽത്തന്നെ തുടരുന്നു, അതുകൊണ്ട് എന്നെ സ്നേഹിക്കുന്നവർക്ക് സമ്പത്ത് അവകാശമായിനൽകുകയും അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കുകയും ചെയ്യും. “യഹോവ തന്റെ പ്രവൃത്തികളുടെ ആരംഭമായി എന്നെ സൃഷ്ടിച്ചു, തന്റെ പുരാതന പ്രവൃത്തികൾക്കും മുമ്പേതന്നെ; പണ്ടേക്കുപണ്ടേ ഞാൻ സൃഷ്ടിക്കപ്പെട്ടു, ആരംഭത്തിൽ ഭൗമോൽപ്പത്തിക്കും മുൻപുതന്നെ. സമുദ്രങ്ങൾ ഉളവാകുന്നതിനുമുമ്പുതന്നെ എനിക്കു ജന്മം നൽകപ്പെട്ടു, ജലസമൃദ്ധമായ അരുവികൾ ഉണ്ടാകുന്നതിനും മുമ്പേതന്നെ; പർവതങ്ങൾ ഉറപ്പിക്കപ്പെടുന്നതിനുമുമ്പ്, മലകൾക്കും മുമ്പേതന്നെ എനിക്കു ജന്മം നൽകപ്പെട്ടു, അവിടന്ന് ഭൂമണ്ഡലത്തെയോ വയലുകളെയോ ഭൂതലത്തിലെ ഏതെങ്കിലും ധൂളിയെയോ സൃഷ്ടിക്കുന്നതിനു മുമ്പേതന്നെ.