സദൃശവാക്യങ്ങൾ 6:20-32
സദൃശവാക്യങ്ങൾ 6:20-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുത്. അത് എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊൾക; നിന്റെ കഴുത്തിൽ അതു കെട്ടിക്കൊൾക. നീ നടക്കുമ്പോൾ അതു നിനക്കു വഴി കാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും. കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗവുമാകുന്നു. അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽനിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും. അവളുടെ സൗന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുത്; അവൾ കണ്ണിമകൊണ്ട് നിന്നെ വശീകരിക്കയുമരുത്. വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു. ഒരു മനുഷ്യനു തന്റെ വസ്ത്രം വെന്തുപോകാതെ മടിയിൽ തീ കൊണ്ടുവരാമോ? ഒരുത്തനു കാൽ പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ? കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെതന്നെ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷ വരാതെയിരിക്കയില്ല. കള്ളൻ വിശന്നിട്ടു വിശപ്പടക്കുവാൻ മാത്രം കട്ടാൽ ആരും അവനെ നിരസിക്കുന്നില്ല. അവനെ പിടികിട്ടിയാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കാം; തന്റെ വീട്ടിലെ വസ്തുവകയൊക്കെയും കൊടുക്കാം. സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ; അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.
സദൃശവാക്യങ്ങൾ 6:20-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മകനേ, നിന്റെ പിതാവിന്റെ കല്പന അനുസരിക്കുക; നിന്റെ മാതാവിന്റെ ഉപദേശങ്ങൾ നിരസിക്കരുത്. അവ എപ്പോഴും നിന്റെ ഹൃദയത്തിൽ ഉറപ്പിച്ചുകൊള്ളുക; അവ നിന്റെ കഴുത്തിൽ അണിയുക. നടക്കുമ്പോൾ അവ നിന്നെ നയിക്കും; ഉറങ്ങുമ്പോൾ നിന്നെ കാക്കും; ഉണരുമ്പോൾ നിന്നെ പ്രബോധിപ്പിക്കും. കല്പന വിളക്കും പ്രബോധനം വെളിച്ചവും ശിക്ഷണത്തിന്റെ ശാസനകൾ ജീവന്റെ മാർഗവുമാകുന്നു. അവ ദുർവൃത്തരിൽനിന്നും വ്യഭിചാരിണിയുടെ ചക്കരവാക്കുകളിൽ നിന്നും നിന്നെ രക്ഷിക്കും. അവളുടെ സൗന്ദര്യത്തിൽ നീ മതിമറക്കരുത്; കടക്കണ്ണുകൊണ്ടു നിന്നെ വശീകരിക്കാൻ അവളെ അനുവദിക്കയുമരുത്. വേശ്യക്ക് ഒരു അപ്പക്കഷണം മതിയായിരിക്കാം പ്രതിഫലം. എന്നാൽ അവൾ ഒരു മനുഷ്യന്റെ ജീവനെത്തന്നെ അപകടപ്പെടുത്തുന്നു. തന്റെ വസ്ത്രം കരിയാതെ ഒരുവനു മടിയിൽ തീ കൊണ്ടുനടക്കാമോ? കാലു പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ? അതുപോലെയാണ് അയൽക്കാരന്റെ ഭാര്യയെ പ്രാപിക്കുന്നവനും. പരസ്‍ത്രീയെ സ്പർശിക്കുന്ന ഒരുവനും ശിക്ഷ കിട്ടാതിരിക്കുകയില്ല. വിശന്നുവലഞ്ഞവൻ വിശപ്പ് അടക്കാനായി മോഷ്‍ടിച്ചാലും ആളുകൾ അവനെ നിന്ദിക്കുകയില്ലേ? പിടികൂടപ്പെട്ടാൽ, ഏഴിരട്ടി മടക്കിക്കൊടുക്കണം വീട്ടിലുള്ള സമസ്തവസ്തുക്കളും അതിലേക്കായി അവൻ നല്‌കേണ്ടിവരുമല്ലോ. വ്യഭിചരിക്കുന്നവനു സുബോധമില്ല; അവൻ സ്വയം നശിക്കുന്നു.
സദൃശവാക്യങ്ങൾ 6:20-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്കുക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്. അത് എല്ലായ്‌പ്പോഴും നിന്‍റെ ഹൃദയത്തോട് ബന്ധിച്ചുകൊള്ളുക; നിന്‍റെ കഴുത്തിൽ അത് കെട്ടിക്കൊള്ളുക. നീ നടക്കുമ്പോൾ അത് നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അത് നിന്നെ കാക്കും; നീ ഉണരുമ്പോൾ അത് നിന്നോട് സംസാരിക്കും. കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു. അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും. അവളുടെ സൗന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുത്; അവൾ കണ്ണിമകൊണ്ട് നിന്നെ വശീകരിക്കുകയുമരുത്. വേശ്യാസ്ത്രീനിമിത്തം പുരുഷൻ പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു. ഒരു മനുഷ്യന് തന്‍റെ വസ്ത്രം വെന്തുപോകാതെ മടിയിൽ തീ കൊണ്ടുവരാമോ? ഒരുത്തനു കാൽ പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ? കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെതന്നെ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷ വരാതെയിരിക്കുകയില്ല. കള്ളൻ വിശന്നിട്ട് വിശപ്പടക്കുവാൻ മാത്രം മോഷ്ടിച്ചാൽ ആരും അവനെ നിന്ദിക്കുന്നില്ല. അവൻ പിടിക്കപ്പെട്ടാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കണം; തന്‍റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കേണ്ടിവരാം; സ്ത്രീയോട് വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ; അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.
സദൃശവാക്യങ്ങൾ 6:20-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു. അതു എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊൾക; നിന്റെ കഴുത്തിൽ അതു കെട്ടിക്കൊൾക. നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും. കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു. അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും. അവളുടെ സൗന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുതു; അവൾ കണ്ണിമകൊണ്ടു നിന്നെ വശീകരിക്കയുമരുതു. വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു. ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തു പോകാതെ മടിയിൽ തീ കൊണ്ടുവരാമോ? ഒരുത്തന്നു കാൽ പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ? കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെ തന്നേ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷവരാതെയിരിക്കയില്ല. കള്ളൻ വിശന്നിട്ടു വിശപ്പടക്കുവാൻ മാത്രം കട്ടാൽ ആരും അവനെ നിരസിക്കുന്നില്ല. അവനെ പിടികിട്ടിയാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കാം; തന്റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കാം; സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ; അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.
സദൃശവാക്യങ്ങൾ 6:20-32 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിക്കുക നിന്റെ മാതാവിന്റെ ഉപദേശം ഉപേക്ഷിക്കുകയും ചെയ്യരുത്. അവ എപ്പോഴും നിന്റെ ഹൃദയത്തോടു ചേർത്തുബന്ധിക്കുക; അവ നിന്റെ കഴുത്തിനുചുറ്റും ഉറപ്പിക്കുക. നീ നടക്കുമ്പോൾ അവ നിനക്കു വഴികാട്ടും; നീ ഉറങ്ങുമ്പോൾ അവ നിനക്കു കാവലാളായിരിക്കും; നീ ഉണരുമ്പോൾ അവ നിന്നെ ഉപദേശിക്കും. കാരണം ഈ കൽപ്പന ഒരു ദീപവും ഈ ഉപദേശം ഒരു പ്രകാശവും ആകുന്നു, ശിക്ഷണത്തിനുള്ള ശാസനകൾ ജീവന്റെ മാർഗംതന്നെ, അവ നിന്നെ വ്യഭിചാരിണിയിൽനിന്നും ലൈംഗികധാർമികതയില്ലാത്തവളുടെ മധുരഭാഷണത്തിൽനിന്നും സൂക്ഷിക്കും. അവളുടെ മേനിയഴകിനാൽ നിന്റെ ഹൃദയം ആസക്തമാകരുത് അവളുടെ മോഹിപ്പിക്കുന്ന കണ്ണുകളിൽ നീ കുരുങ്ങിപ്പോകുകയും അരുത്. എന്തുകൊണ്ടെന്നാൽ, ഒരു വേശ്യനിമിത്തം നീ അപ്പനുറുക്കുകൾ ഇരക്കേണ്ടിവരും, എന്നാൽ അന്യപുരുഷന്റെ ഭാര്യ നിന്റെ ജീവനെ മൊത്തമായിത്തന്നെ ഇരയാക്കുന്നു. ഒരു പുരുഷന് തന്റെ വസ്ത്രം കത്തിയെരിയാത്തവിധം തന്റെ മടിത്തട്ടിലേക്ക് തീ കോരിയിടാൻ കഴിയുമോ? ഒരു മനുഷ്യന് തന്റെ പാദങ്ങൾക്കു പൊള്ളൽ ഏൽപ്പിക്കാതെ എരിയുന്ന കനലിന്മേൽ നടക്കാൻ കഴിയുമോ? അന്യപുരുഷന്റെ ഭാര്യയുമായി കിടക്ക പങ്കിടുന്നവന്റെ ഗതിയും ഇതുതന്നെയായിരിക്കും; അവളെ സ്പർശിക്കുന്ന ഒരുവനും ശിക്ഷിക്കപ്പെടാതെ പോകുന്നില്ല. പട്ടിണിമൂലം, വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ ആരുംതന്നെ നിന്ദിക്കുകയില്ല. പിടിക്കപ്പെടുകയാണെങ്കിൽ അയാൾ ഏഴിരട്ടി മടക്കിക്കൊടുക്കണം, മോഷണമുതലിന്റെ മതിപ്പുമൂല്യം തന്റെ ഭവനത്തിലുള്ളതെല്ലാംകൂടി മതിക്കപ്പെടുകയാണെങ്കിലും, കൊടുത്തേമതിയാകൂ. എന്നാൽ വ്യഭിചാരംചെയ്യുന്ന പുരുഷനോ, തന്റെ സ്വബോധം നശിച്ചവൻതന്നെ; അതു ചെയ്യുന്നവൻ ആരായാലും സ്വയം നശിപ്പിക്കുന്നു.