മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു. അതു എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊൾക; നിന്റെ കഴുത്തിൽ അതു കെട്ടിക്കൊൾക. നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും. കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു. അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും. അവളുടെ സൗന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുതു; അവൾ കണ്ണിമകൊണ്ടു നിന്നെ വശീകരിക്കയുമരുതു. വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു. ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തു പോകാതെ മടിയിൽ തീ കൊണ്ടുവരാമോ? ഒരുത്തന്നു കാൽ പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ? കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെ തന്നേ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷവരാതെയിരിക്കയില്ല. കള്ളൻ വിശന്നിട്ടു വിശപ്പടക്കുവാൻ മാത്രം കട്ടാൽ ആരും അവനെ നിരസിക്കുന്നില്ല. അവനെ പിടികിട്ടിയാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കാം; തന്റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കാം; സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ; അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.
സദൃശവാക്യങ്ങൾ 6 വായിക്കുക
കേൾക്കുക സദൃശവാക്യങ്ങൾ 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 6:20-32
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ