സദൃശവാക്യങ്ങൾ 5:1-14

സദൃശവാക്യങ്ങൾ 5:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിനും നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിനും ജ്ഞാനത്തെ ശ്രദ്ധിച്ച് എന്റെ ബോധത്തിന് ചെവി ചായിക്ക. പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്ക് എണ്ണയെക്കാൾ മൃദുവാകുന്നു. പിന്നെത്തേതിലോ അവൾ കാഞ്ഞിരംപോലെ കയ്പും ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നെ. അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്ക് ഓടുന്നു. ജീവന്റെ മാർഗത്തിൽ അവൾ ചെല്ലാതവണ്ണം അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അറിയുന്നതുമില്ല. ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുത്. നിന്റെ വഴിയെ അവളോട് അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോട് അടുക്കരുത്. നിന്റെ യൗവ്വനശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്. കണ്ടവർ നിന്റെ സമ്പത്ത് തിന്നുകളയരുത്. നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടിൽ ആയിപ്പോകരുത്. നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ട് നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ട്: അയ്യോ! ഞാൻ പ്രബോധനം വെറുക്കയും എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ. എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്ക് ഞാൻ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവർക്കു ഞാൻ ചെവികൊടുത്തില്ല. സഭയുടെയും സംഘത്തിന്റെയും മധ്യേ ഞാൻ ഏകദേശം സകല ദോഷത്തിലും അകപ്പെട്ടുപോയല്ലോ എന്നിങ്ങനെ പറവാൻ സംഗതി വരരുത്.

സദൃശവാക്യങ്ങൾ 5:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മകനേ, ജ്ഞാനോപദേശം ശ്രദ്ധിക്കുക. എന്റെ വിജ്ഞാന വചസ്സുകൾക്ക് ചെവികൊടുക്കുക. അപ്പോൾ നീ വകതിരിവു പുലർത്തും; നിന്റെ ഭാഷണം പരിജ്ഞാനപൂർണമായിത്തീരും. വ്യഭിചാരിണിയുടെ ചുണ്ടുകൾ തേൻ പൊഴിക്കുന്നു. അവളുടെ മൊഴികൾ എണ്ണയെക്കാൾ മയമുള്ളത്. ഒടുവിൽ അവൾ കാഞ്ഞിരംപോലെ കയ്പും ഇരുവായ്ത്തലയുള്ള വാൾപോലെ മൂർച്ചയുള്ളവളും ആയിരിക്കും. അവളുടെ പാദങ്ങൾ മരണത്തിലേക്ക് ഇറങ്ങുന്നു അവളുടെ കാലടികൾ പാതാളത്തിലേക്കു ചരിക്കുന്നു. ജീവന്റെ മാർഗത്തെ അവൾ അനുഗമിക്കുന്നില്ല; അവളുടെ വഴികൾ പിഴച്ചു പോകുന്നു, അത് അവൾ അറിയുന്നില്ല. മക്കളേ, എന്റെ വാക്കു കേൾക്കുക; എന്റെ വചനങ്ങളിൽനിന്ന് വ്യതിചലിക്കയുമരുത്. ദുർവൃത്തരിൽനിന്ന് അകന്നു മാറുക; അവളുടെ വീട്ടുവാതില്‌ക്കൽ ചെല്ലരുത്. അങ്ങനെ ചെന്നാൽ നിങ്ങളുടെ മാനം നഷ്ടപ്പെടും; നിഷ്ഠുരന്മാർ നിങ്ങളുടെ ജീവൻ അപഹരിക്കുകയും ചെയ്യും. അപരിചിതർ നിങ്ങളുടെ സമ്പത്തുകൊണ്ടു പുഷ്‍ടിപ്പെടും; നിങ്ങളുടെ അധ്വാനഫലം അന്യന്മാരുടേതായിത്തീരും. അവസാനം നീ വിശന്നുപൊരിഞ്ഞ്, എല്ലും തോലുമായി നെടുവീർപ്പിട്ടുകൊണ്ടു പറയും: “ഞാൻ ശിക്ഷണത്തെ അത്യധികം വെറുത്തുവല്ലോ; ശാസനയെ നിരസിച്ചല്ലോ. എന്റെ ഉപദേഷ്ടാക്കളുടെ വാക്കുകൾ ഞാൻ ശ്രദ്ധിച്ചില്ല; ഗുരുക്കന്മാരുടെ പ്രബോധനത്തിനു ചെവി കൊടുത്തതുമില്ല. സമൂഹമധ്യേ ഞാൻ തീർത്തും നിന്ദിതനായി തീർന്നിരിക്കുന്നു.”

സദൃശവാക്യങ്ങൾ 5:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

മകനേ, വകതിരിവ് കാത്തുകൊള്ളേണ്ടതിനും നിന്‍റെ അധരങ്ങൾ പരിജ്ഞാനം പാലിക്കേണ്ടതിനും ജ്ഞാനം ശ്രദ്ധിച്ച് എന്‍റെ തിരിച്ചറിവിലേക്ക് ചെവിചായിക്കുക. പരസ്ത്രീയുടെ അധരങ്ങളിൽനിന്ന് തേൻ ഇറ്റിറ്റ് വീഴുന്നു; അവളുടെ അണ്ണാക്ക് എണ്ണയെക്കാൾ മൃദുവാകുന്നു. പിന്നീട് അവൾ കാഞ്ഞിരംപോലെ കയ്പും ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നെ. അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്ക് ഓടുന്നു. ജീവന്‍റെ മാർഗ്ഗത്തിൽ ചെല്ലാത്തവിധം അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അത് അറിയുന്നതുമില്ല. ആകയാൽ മക്കളേ, എന്‍റെ വാക്ക് കേൾക്കുവിൻ; എന്‍റെ വായിലെ മൊഴികൾ വിട്ടുമാറരുത്. നിന്‍റെ വഴി അവളിൽ നിന്ന് അകറ്റുക; അവളുടെ വീടിന്‍റെ വാതിലിനോട് അടുക്കരുത്. നിന്‍റെ യൗവനശക്തി അന്യന്മാർക്കും നിന്‍റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്. അന്യർ നിന്‍റെ സമ്പത്ത് തിന്നുകളയരുത്; നിന്‍റെ പ്രയത്നഫലം അന്യരുടെ വീട്ടിലേക്ക് പോകുകയുമരുത്. നിന്‍റെ മാംസവും ദേഹവും ക്ഷയിച്ചിട്ട് നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ട്: “അയ്യോ! ഞാൻ പ്രബോധനം വെറുക്കുകയും എന്‍റെ ഹൃദയം ശാസന നിരസിക്കുകയും ചെയ്തുവല്ലോ! എന്‍റെ ഉപദേഷ്ടാക്കന്മാരുടെ വാക്ക് ഞാൻ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവർക്ക് ഞാൻ ചെവികൊടുത്തില്ല. സഭയുടെയും സംഘത്തിന്‍റെയും മദ്ധ്യത്തിൽ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ” എന്നിങ്ങനെ പറയുവാൻ സംഗതിവരരുത്.

സദൃശവാക്യങ്ങൾ 5:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും ജ്ഞാനത്തെ ശ്രദ്ധിച്ചു എന്റെ ബോധത്തിന്നു ചെവി ചായിക്ക. പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാൾ മൃദുവാകുന്നു. പിന്നത്തേതിലോ അവൾ കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നേ. അവളുടെ കാലുകൾ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്കു ഓടുന്നു. ജീവന്റെ മാർഗ്ഗത്തിൽ അവൾ ചെല്ലാതവണ്ണം അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അറിയുന്നതുമില്ല. ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു. നിന്റെ വഴിയെ അവളോടു അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു. നിന്റെ യൗവനശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരന്നും കൊടുക്കരുതു. കണ്ടവർ നിന്റെ സമ്പത്തു തിന്നുകളയരുതു; നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടിൽ ആയ്പോകരുതു. നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ടു: അയ്യോ! ഞാൻ പ്രബോധനം വെറുക്കയും എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ. എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാൻ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവർക്കു ഞാൻ ചെവികൊടുത്തില്ല. സഭയുടെയും സംഘത്തിന്റെയും മദ്ധ്യേ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ എന്നിങ്ങനെ പറവാൻ സംഗതിവരരുതു.

സദൃശവാക്യങ്ങൾ 5:1-14 സമകാലിക മലയാളവിവർത്തനം (MCV)

എന്റെ കുഞ്ഞേ, എന്റെ ജ്ഞാനം ശ്രദ്ധിക്കുക, ഉൾക്കാഴ്ചനിറഞ്ഞ എന്റെ സൂക്തങ്ങൾക്കു ചെവിചായ്‌ക്കുക, അങ്ങനെ നീ വിവേചനശക്തി നിലനിർത്തുകയും നിന്റെ അധരങ്ങൾ പരിജ്ഞാനം പ്രസ്താവിക്കുകയും ചെയ്യട്ടെ. വ്യഭിചാരിണിയുടെ അധരങ്ങൾ തേൻ പൊഴിക്കുന്നു, അവളുടെ ഭാഷണം എണ്ണയെക്കാൾ മൃദുവാകുന്നു; എന്നാൽ ഒടുവിൽ അവൾ കാഞ്ഞിരംപോലെ കയ്‌പുള്ളവളും ഇരുവായ്ത്തലയുള്ള വാളുപോലെ മൂർച്ചയുള്ളവളും ആയിത്തീരുന്നു. അവളുടെ കാലടികൾ പാതാളത്തിലേക്ക് ഇറങ്ങിപ്പോകുന്നു; അവളുടെ ചുവടുകൾ നേരേ പാതാളത്തിലേക്കു നയിക്കുന്നു. ജീവന്റെ വഴി അവൾ ചിന്തിക്കുന്നതേയില്ല; അവളുടെ പാത ലക്ഷ്യമില്ലാതെ അലയുന്നത്, അവൾ അത് അറിയുന്നതുമില്ല. അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എന്നെ ശ്രദ്ധിക്കുക; എന്റെ മൊഴികളിൽനിന്ന് ഒരിക്കലും വ്യതിചലിക്കരുത്. നീ അവളിൽനിന്നും അകന്നിരിക്കുക, അവളുടെ വീട്ടുവാതിലിനോടു നീ സമീപിക്കരുത്, നിന്റെ ഊർജസ്വലത മറ്റുള്ളവർക്കായി നഷ്ടപ്പെടുത്താതിരിക്കുക നിന്റെ കുലീനത ക്രൂരരായവർക്ക് അടിയറവുവെക്കരുത്, അന്യർ നിന്റെ സമ്പത്തുകൊണ്ട് ആഘോഷിക്കുകയും നിന്റെ കഠിനാധ്വാനം അന്യഭവനത്തെ സമ്പന്നമാക്കുകയും ചെയ്യാതിരിക്കട്ടെ. നിന്റെ ജീവിതാന്ത്യത്തിൽ നീ ഞരങ്ങും, നിന്റെ മാംസവും ശരീരവും ക്ഷയിക്കുമ്പോൾത്തന്നെ. അപ്പോൾ നീ പറയും, “ശിക്ഷണത്തെ ഞാൻ എത്രമാത്രം വെറുത്തു! എന്റെ ഹൃദയം ശാസനയെ എങ്ങനെയെല്ലാം തിരസ്കരിച്ചു! ഞാൻ എന്റെ ഗുരുക്കന്മാരെ അനുസരിച്ചില്ല എന്റെ പ്രബോധകരെ ശ്രദ്ധിച്ചതുമില്ല. ദൈവജനത്തിന്റെ സഭാമധ്യേ ഞാൻ സമ്പൂർണ നാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു.”