സദൃ. 5:1-14

സദൃ. 5:1-14 IRVMAL

മകനേ, വകതിരിവ് കാത്തുകൊള്ളേണ്ടതിനും നിന്‍റെ അധരങ്ങൾ പരിജ്ഞാനം പാലിക്കേണ്ടതിനും ജ്ഞാനം ശ്രദ്ധിച്ച് എന്‍റെ തിരിച്ചറിവിലേക്ക് ചെവിചായിക്കുക. പരസ്ത്രീയുടെ അധരങ്ങളിൽനിന്ന് തേൻ ഇറ്റിറ്റ് വീഴുന്നു; അവളുടെ അണ്ണാക്ക് എണ്ണയെക്കാൾ മൃദുവാകുന്നു. പിന്നീട് അവൾ കാഞ്ഞിരംപോലെ കയ്പും ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നെ. അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്ക് ഓടുന്നു. ജീവന്‍റെ മാർഗ്ഗത്തിൽ ചെല്ലാത്തവിധം അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അത് അറിയുന്നതുമില്ല. ആകയാൽ മക്കളേ, എന്‍റെ വാക്ക് കേൾക്കുവിൻ; എന്‍റെ വായിലെ മൊഴികൾ വിട്ടുമാറരുത്. നിന്‍റെ വഴി അവളിൽ നിന്ന് അകറ്റുക; അവളുടെ വീടിന്‍റെ വാതിലിനോട് അടുക്കരുത്. നിന്‍റെ യൗവനശക്തി അന്യന്മാർക്കും നിന്‍റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്. അന്യർ നിന്‍റെ സമ്പത്ത് തിന്നുകളയരുത്; നിന്‍റെ പ്രയത്നഫലം അന്യരുടെ വീട്ടിലേക്ക് പോകുകയുമരുത്. നിന്‍റെ മാംസവും ദേഹവും ക്ഷയിച്ചിട്ട് നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ട്: “അയ്യോ! ഞാൻ പ്രബോധനം വെറുക്കുകയും എന്‍റെ ഹൃദയം ശാസന നിരസിക്കുകയും ചെയ്തുവല്ലോ! എന്‍റെ ഉപദേഷ്ടാക്കന്മാരുടെ വാക്ക് ഞാൻ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവർക്ക് ഞാൻ ചെവികൊടുത്തില്ല. സഭയുടെയും സംഘത്തിന്‍റെയും മദ്ധ്യത്തിൽ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ” എന്നിങ്ങനെ പറയുവാൻ സംഗതിവരരുത്.