സദൃശവാക്യങ്ങൾ 29:18-27

സദൃശവാക്യങ്ങൾ 29:18-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

വെളിപ്പാട് ഇല്ലാത്തേടത്ത് ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ. ദാസനെ ഗുണീകരിപ്പാൻ വാക്കു മാത്രം പോരാ; അവൻ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ. വാക്കിൽ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാൾ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്. ദാസനെ ബാല്യംമുതൽ ലാളിച്ചു വളർത്തുന്നവനോട് അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും. കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവൻ അതിക്രമം വർധിപ്പിക്കുന്നു. മനുഷ്യന്റെ ഗർവം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും. കള്ളനുമായി പങ്കു കൂടുന്നവൻ സ്വന്ത പ്രാണനെ പകയ്ക്കുന്നു; അവൻ സത്യവാചകം കേൾക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും. മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും. അനേകർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന്റെ ന്യായവിധിയോ യഹോവയാൽ വരുന്നു. നീതികെട്ടവൻ നീതിമാന്മാർക്കു വെറുപ്പ്; സന്മാർഗി ദുഷ്ടന്മാർക്കും വെറുപ്പ്.

സദൃശവാക്യങ്ങൾ 29:18-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദർശനമില്ലാത്ത ജനം നിയന്ത്രണം വെടിയുന്നു; ധർമശാസനം അനുസരിക്കുന്നവർ അനുഗൃഹീതരാകും. വാക്കുകൾകൊണ്ടു മാത്രം ഭൃത്യൻ നിയന്ത്രിതനാകുകയില്ല; അവൻ അതു ഗ്രഹിച്ചാലും നിന്നെ കൂട്ടാക്കുകയില്ല. ആലോചനയില്ലാതെ സംസാരിക്കുന്നവനിലും അധികം മൂഢനിൽനിന്നു പ്രതീക്ഷിക്കാം. ബാല്യംമുതൽ അമിതമായി ലാളിക്കപ്പെടുന്ന ഭൃത്യൻ അവസാനം നിൻറേതെല്ലാം കൈവശമാക്കും. കോപിഷ്ഠൻ കലഹം ഇളക്കിവിടുന്നു; ക്രോധമുള്ളവൻ നിരവധി അതിക്രമങ്ങൾ കാട്ടുന്നു. അഹങ്കാരം ഒരുവനെ അധഃപതിപ്പിക്കുന്നു; എന്നാൽ വിനീതഹൃദയനു ബഹുമതി ലഭിക്കും. കള്ളന്റെ കൂട്ടാളി തന്റെ ജീവനെ വെറുക്കുന്നു; അവൻ ശാപവാക്കു കേൾക്കുന്നു; ഒന്നും വെളിപ്പെടുത്തുന്നില്ലതാനും. മനുഷ്യനെ ഭയപ്പെടുന്നതു കെണി ആകുന്നു; സർവേശ്വരനിൽ ആശ്രയിക്കുന്നവൻ സുരക്ഷിതനായിരിക്കും. പലരും ഭരണാധിപന്റെ പ്രീതി തേടുന്നു; എന്നാൽ സർവേശ്വരനിൽ നിന്നത്രേ മനുഷ്യനു നീതി ലഭിക്കുക. നീതിനിഷ്ഠൻ ദുർമാർഗിയെ വെറുക്കുന്നു; ദുർജനം സന്മാർഗിയെയും.

സദൃശവാക്യങ്ങൾ 29:18-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

വെളിപ്പാട് ഇല്ലാത്തിടത്ത് ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ. ദാസനെ നന്നാക്കുവാൻ വാക്കുമാത്രം പോരാ; അവൻ അത് ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ. വാക്കിൽ തിടുക്കമുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാൾ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്. ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോട് അവൻ ഒടുവിൽ ദുശ്ശാഠ്യം കാണിക്കും. കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു. മനുഷ്യന്‍റെ ഗർവ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവൻ മാനം പ്രാപിക്കും. കള്ളന്‍റെ പങ്കാളി സ്വന്തം പ്രാണനെ പകക്കുന്നു; അവൻ സത്യം ചെയ്യുന്നു; ഒന്നും വെളിപ്പെടുത്തുന്നതുമില്ല. മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവൻ രക്ഷപ്രാപിക്കും. അനേകം പേർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന് ന്യായവിധിയോ യഹോവയിൽനിന്നു വരുന്നു. നീതികെട്ടവൻ നീതിമാന്മാർക്ക് വെറുപ്പ്; സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പ്.

സദൃശവാക്യങ്ങൾ 29:18-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

വെളിപ്പാടു ഇല്ലാത്തെടത്തു ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ. ദാസനെ ഗുണീകരിപ്പാൻ വാക്കു മാത്രം പോരാ; അവൻ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ. വാക്കിൽ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാൾ മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു. ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോടു അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും. കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു. മനുഷ്യന്റെ ഗർവ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും. കള്ളനുമായി പങ്കു കൂടുന്നവൻ സ്വന്ത പ്രാണനെ പകെക്കുന്നു; അവൻ സത്യവാചകം കേൾക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും. മാനുഷഭയം ഒരു കണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും. അനേകർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന്റെ ന്യായവിധിയോ യഹോവയാൽ വരുന്നു. നീതികെട്ടവൻ നീതിമാന്മാർക്കു വെറുപ്പു; സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പു.

സദൃശവാക്യങ്ങൾ 29:18-27 സമകാലിക മലയാളവിവർത്തനം (MCV)

ദൈവിക നിർദേശങ്ങൾ ഇല്ലാത്തിടത്ത്, ജനം നിയന്ത്രണരഹിതരായി ജീവിക്കുന്നു; എന്നാൽ ന്യായപ്രമാണം പാലിക്കുന്നവർ അനുഗൃഹീതർ. കേവലം വാക്കുകൾകൊണ്ട് ദാസരെ ഗുണീകരിക്കുക ദുഷ്കരം; അവർക്കതു മനസ്സിലായെങ്കിലും, അതനുസരിച്ചു പ്രവർത്തിക്കുകയില്ല. ധൃതിയിൽ സംസാരിക്കുന്നവരെ നിങ്ങൾ കാണുന്നോ? ഭോഷർക്ക് അവരെക്കാൾ ആശയുണ്ട്. ബാല്യംമുതൽ അമിതലാളനയിൽ വളർന്നുവന്ന ദാസർ അവസാനം ധിക്കാരിയായി മാറും. കോപിഷ്ഠരായ മനുഷ്യർ കലഹം ഇളക്കിവിടുന്നു, ക്ഷിപ്രകോപിയായ മനുഷ്യർ അനവധി പാപങ്ങൾ ചെയ്തുകൂട്ടുന്നു. അഹങ്കാരി അപമാനത്തിൽ അവസാനിക്കുന്നു, എന്നാൽ നമ്രഹൃദയി ബഹുമതി ആർജിക്കുന്നു. മോഷ്ടാക്കളുടെ കൂട്ടാളികളാകുന്നത് സ്വയം മുറിപ്പെടുത്തുന്നതിനു തുല്യമാണ്; അവർ സത്യമേ പറയൂ എന്ന് ശപഥംചെയ്തിരിക്കുന്നു; എന്നാൽ ഒന്നും തുറന്നുപറയാൻ തയ്യാറാകുന്നതുമില്ല. മനുഷ്യരെ ഭയക്കുന്നത് അപകടകരമായ ഒരു കെണിയാണ്, എന്നാൽ യഹോവയെ ഭയപ്പെടുന്നവർ സുരക്ഷിതരായിരിക്കും. ഭരണാധികാരിയുടെ പ്രീതിക്കായി പലരും പരിശ്രമിക്കുന്നു, എന്നാൽ യഹോവയിൽനിന്നാണ് ഒരാൾക്കു നീതി ലഭിക്കുന്നത്. നീതിനിഷ്ഠർ അനീതി പ്രവർത്തിക്കുന്നവരെ വെറുക്കുന്നു; ദുഷ്ടർ നീതിനിഷ്ഠരെയും വെറുക്കുന്നു.