സദൃശവാക്യങ്ങൾ 28:15-28

സദൃശവാക്യങ്ങൾ 28:15-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അഗതികളിൽ കർത്തൃത്വം നടത്തുന്ന ദുഷ്ടൻ ഗർജിക്കുന്ന സിംഹത്തിനും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ. ബുദ്ധിഹീനനായ പ്രഭു മഹാപീഡകനും ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീർഘായുസ്സോടെ ഇരിക്കും. രക്തപാതകഭാരം ചുമക്കുന്നവൻ കുഴിയിലേക്കു ബദ്ധപ്പെടും; അവനെ ആരും തടുക്കരുത്. നിഷ്കളങ്കനായി നടക്കുന്നവൻ രക്ഷിക്കപ്പെടും; നടപ്പിൽ വക്രതയുള്ളവനോ പെട്ടെന്നു വീഴും. നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും. വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണൻ; ധനവാനാകേണ്ടതിനു ബദ്ധപ്പെടുന്നവനോ ശിക്ഷ വരാതിരിക്കയില്ല. മുഖദാക്ഷിണ്യം കാണിക്കുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിനായും മനുഷ്യൻ അന്യായം ചെയ്യും. കണ്ണുകടിയുള്ളവൻ ധനവാനാകുവാൻ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്ന് അവൻ അറിയുന്നതുമില്ല. ചക്കരവാക്കു പറയുന്നവനെക്കാൾ ശാസിക്കുന്നവനു പിന്നീടു പ്രീതി ലഭിക്കും. അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ട് അത് അക്രമമല്ല എന്നു പറയുന്നവൻ നാശകന്റെ സഖി. അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്‍ടി പ്രാപിക്കും. സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും. ദരിദ്രനു കൊടുക്കുന്നവനു കുറച്ചിൽ ഉണ്ടാകയില്ല; കണ്ണ് അടച്ചുകളയുന്നവനോ ഏറിയൊരു ശാപം ഉണ്ടാകും. ദുഷ്ടന്മാർ ഉയർന്നുവരുമ്പോൾ ആളുകൾ ഒളിച്ചുകൊള്ളുന്നു; അവർ നശിക്കുമ്പോഴോ നീതിമാന്മാർ വർധിക്കുന്നു.

സദൃശവാക്യങ്ങൾ 28:15-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഗർജിക്കുന്ന സിംഹത്തെയും ഇരയെ ആക്രമിക്കുന്ന കരടിയെയും പോലെയാണ് ദുഷ്ടൻ പാവപ്പെട്ടവരുടെമേൽ ഭരണം നടത്തുന്നത്. വിവേകശൂന്യനായ ഭരണാധിപൻ നിഷ്ഠുരനായ ജനമർദകനാകുന്നു; അന്യായലാഭം വെറുക്കുന്നവനു ദീർഘായുസ്സുണ്ടാകും. കൊലപാതകി മരണംവരെ അലയട്ടെ, ആരും അവനെ സഹായിക്കരുത്. നേർവഴിയിൽ ചരിക്കുന്നവൻ രക്ഷിക്കപ്പെടും, വക്രമാർഗം സ്വീകരിക്കുന്നവൻ കുഴിയിൽ വീഴും. അധ്വാനിച്ചു കൃഷി ചെയ്യുന്നവനു സമൃദ്ധമായി ആഹാരം ലഭിക്കും; എന്നാൽ സമയം പാഴാക്കുന്നവൻ ദാരിദ്ര്യം അനുഭവിക്കും. വിശ്വസ്തനായ മനുഷ്യൻ അനുഗ്രഹസമ്പന്നനാകും; എന്നാൽ ധനവാനാകാൻ തിടുക്കം കൂട്ടുന്നവൻ ശിക്ഷിക്കപ്പെടാതിരിക്കയില്ല. പക്ഷപാതം കാട്ടുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിനുവേണ്ടിപോലും മനുഷ്യൻ തെറ്റു ചെയ്യുന്നു. ലുബ്ധൻ സമ്പത്തിന്റെ പിന്നാലെ ഓടുന്നു; എന്നാൽ തനിക്കു ദാരിദ്ര്യം വരുമെന്ന് അവൻ അറിയുന്നില്ല. മുഖസ്തുതി പറയുന്നവനിലും അധികം പ്രീതി ശാസിക്കുന്നവനോടു പിന്നീടുണ്ടാകും. മാതാവിനെയോ പിതാവിനെയോ കൊള്ളയടിച്ച് അത് അതിക്രമമല്ലെന്നു പറയുന്നവൻ വിനാശകന്റെ കൂട്ടുകാരൻ ആകുന്നു. അത്യാഗ്രഹി കലഹം ഇളക്കിവിടുന്നു; സർവേശ്വരനിൽ ആശ്രയിക്കുന്നവനാകട്ടെ ഐശ്വര്യസമൃദ്ധിയുണ്ടാകും. സ്വന്തം ബുദ്ധിയിൽ വിശ്വാസം അർപ്പിക്കുന്നവൻ ഭോഷൻ; വിജ്ഞാനത്തിൽ വ്യാപരിക്കുന്നവനോ വിമോചിതനാകും. ദരിദ്രനു ദാനം ചെയ്യുന്നവൻ ദാരിദ്ര്യം അനുഭവിക്കുകയില്ല; ദരിദ്രന്റെ നേരെ കണ്ണടയ്‍ക്കുന്നവനാകട്ടെ ശാപവർഷം ഏല്‌ക്കേണ്ടിവരും. ദുഷ്ടർക്ക് ഉയർച്ച വരുമ്പോൾ ആളുകൾ ഓടി ഒളിക്കുന്നു. അവർ നശിക്കുമ്പോൾ നീതിമാന്മാർ പ്രബലരാകുന്നു.

സദൃശവാക്യങ്ങൾ 28:15-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അഗതികളുടെമേൽ അധികാരം നടത്തുന്ന ദുഷ്ടൻ ഗർജ്ജിക്കുന്ന സിംഹത്തിനും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ. ബുദ്ധിഹീനനായ പ്രഭു മഹാപീഡകൻ ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവൻ ദീർഘായുസ്സോടെ ഇരിക്കും. രക്തച്ചൊരിച്ചിലിന്‍റെ കുറ്റം ചുമക്കുന്നവൻ കുഴിയിലേക്ക് ബദ്ധപ്പെടും; അവനെ ആരും തുണയ്ക്കരുത്. നിഷ്കളങ്കനായി നടക്കുന്നവൻ സുരക്ഷിതനായിരിക്കും; നടപ്പിൽ വക്രതയുള്ളവൻ പെട്ടെന്ന് വീഴും. നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും. വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ; ധനവാനാകേണ്ടതിനു ബദ്ധപ്പെടുന്നവന് ശിക്ഷ വരാതിരിക്കുകയില്ല. പക്ഷപാതം കാണിക്കുന്നത് നല്ലതല്ല; ഒരു കഷണം അപ്പത്തിനായും മനുഷ്യൻ അന്യായം ചെയ്യും. ദുഷ്ടകണ്ണുള്ളവൻ ധനവാനാകുവാൻ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്ന് അവൻ അറിയുന്നതുമില്ല. ചക്കരവാക്ക് പറയുന്നവനെക്കാൾ ശാസിക്കുന്നവനു പിന്നീട് പ്രീതി ലഭിക്കും. അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ട് ‘അത് അക്രമമല്ല’ എന്നു പറയുന്നവൻ നാശകന്‍റെ സഖി. അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; യഹോവയിൽ ആശ്രയിക്കുന്നവൻ പുഷ്ടി പ്രാപിക്കും. സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവൻ സുരക്ഷിതനായിരിക്കും. ദരിദ്രനു കൊടുക്കുന്നവന് കുറവ് ഉണ്ടാകുകയില്ല; ദരിദ്രനു നേരെ കണ്ണ് അടച്ചുകളയുന്നവന് ഏറിയ ശാപം ഉണ്ടാകും. ദുഷ്ടന്മാരുടെ ഉയർച്ചയിൽ ആളുകൾ സ്വയം ഒളിക്കുന്നു; അവർ നശിക്കുമ്പോൾ നീതിമാന്മാർ വർദ്ധിക്കുന്നു.

സദൃശവാക്യങ്ങൾ 28:15-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അഗതികളിൽ കർത്തൃത്വം നടത്തുന്ന ദുഷ്ടൻ ഗർജ്ജിക്കുന്ന സിംഹത്തിന്നും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ. ബുദ്ധിഹീനനായ പ്രഭു മഹാ പീഡകനും ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീർഘായുസ്സോടെ ഇരിക്കും. രക്തപാതകഭാരം ചുമക്കുന്നവൻ കുഴിയിലേക്കു ബദ്ധപ്പെടും; അവനെ ആരും തടുക്കരുതു. നിഷ്കളങ്കനായി നടക്കുന്നവൻ രക്ഷിക്കപ്പെടും; നടപ്പിൽ വക്രതയുള്ളവനോ പെട്ടെന്നു വീഴും. നിലം കൃഷിചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും. വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ; ധനവാനാകേണ്ടതിന്നു ബദ്ധപ്പെടുന്നവന്നോ ശിക്ഷ വരാതിരിക്കയില്ല. മുഖദാക്ഷിണ്യം കാണിക്കുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിന്നായും മനുഷ്യൻ അന്യായം ചെയ്യും. കണ്ണുകടിയുള്ളവൻ ധനവാനാകുവാൻ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്നു അവൻ അറിയുന്നതുമില്ല. ചക്കരവാക്കു പറയുന്നവനെക്കാൾ ശാസിക്കുന്നവന്നു പിന്നീടു പ്രീതി ലഭിക്കും. അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ടു അതു അക്രമമല്ല എന്നു പറയുന്നവൻ നാശകന്റെ സഖി. അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും. സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും. ദരിദ്രന്നു കൊടുക്കുന്നവന്നു കുറെച്ചൽ ഉണ്ടാകയില്ല; കണ്ണു അടെച്ചുകളയുന്നവന്നോ ഏറിയൊരു ശാപം ഉണ്ടാകും. ദുഷ്ടന്മാർ ഉയർന്നുവരുമ്പോൾ ആളുകൾ ഒളിച്ചുകൊള്ളുന്നു; അവർ നശിക്കുമ്പോഴോ നീതിമാന്മാർ വർദ്ധിക്കുന്നു.

സദൃശവാക്യങ്ങൾ 28:15-28 സമകാലിക മലയാളവിവർത്തനം (MCV)

നിസ്സഹായരായവരുടെമേൽ ആധിപത്യം പുലർത്തുന്ന ദുഷ്ടർ അലറുന്ന സിംഹത്തെപ്പോലെയും ആക്രമണത്തിനു മുതിരുന്ന കരടിയെപ്പോലെയും. സ്വേച്ഛാധിപതിയായ ഭരണാധികാരി ജനങ്ങളുടെമേൽ അധികഭാരം ചുമത്തുന്നു, എന്നാൽ അനധികൃത ധനസമ്പാദനം വെറുക്കുന്നവർ ദീർഘകാലം ഭരണം നടത്തുന്നു. കൊലപാതകംചെയ്തതിന്റെ മനോവ്യഥയാൽ പീഡിപ്പിക്കപ്പെടുന്നവർ പാതാളത്തിൽ അഭയംതേടും; ആരും അയാളെ പിന്തിരിപ്പിക്കാതിരിക്കട്ടെ. നിഷ്കളങ്കരായി ജീവിക്കുന്നവർ സുരക്ഷിതരായിരിക്കും, എന്നാൽ, വഴിപിഴച്ച ജീവിതം നയിക്കുന്നവർ പെട്ടെന്നുതന്നെ നാശത്തിൽ അകപ്പെടും. സ്വന്തം കൃഷിയിടത്തിൽ അധ്വാനിക്കുന്നവർക്കു ധാരാളം ആഹാരം ലഭിക്കുന്നു, എന്നാൽ ദിവാസ്വപ്നങ്ങളുടെ പിന്നാലെ പായുന്നവർക്കു ദാരിദ്ര്യം കുമിഞ്ഞുകൂടും. വിശ്വസ്തമനുഷ്യർ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും, എന്നാൽ സമ്പന്നരാകാൻ തിടുക്കം കാട്ടുന്നവർ ശിക്ഷിക്കപ്പെടാതെ പോകുകയില്ല. പക്ഷഭേദം കാണിക്കുന്നത് ഉചിതമല്ല— എന്നാൽ ഒരു കഷണം അപ്പത്തിനുവേണ്ടിപ്പോലും മനുഷ്യർ അനുചിതമായതു ചെയ്യും. ലുബ്ധർ ധനികരാകാൻ വ്യഗ്രതകാണിക്കുന്നു അവരുടെ മുന്നേറ്റം ദാരിദ്ര്യത്തിലേക്കെന്ന് അറിയുന്നുപോലുമില്ല. മുഖസ്തുതി പറയുന്നവരെക്കാൾ ശാസിക്കുന്നവർക്ക് അവസാനം പ്രീതി ലഭിക്കുന്നു. മാതാപിതാക്കളെ കൊള്ളയടിച്ചിട്ട് “അതിലൊരു തെറ്റുമില്ല,” എന്നു പറയുന്നയാൾ നാശത്തിന്റെ പങ്കാളിയാണ്. അത്യാഗ്രഹി കലഹം ഇളക്കിവിടുന്നു, എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകും. സ്വന്തം വിവേകത്തിൽ ആശ്രയിക്കുന്നവർ ഭോഷരാകുന്നു, എന്നാൽ ജ്ഞാനത്തോടെ ജീവിക്കുന്നവർ സുരക്ഷിതരായിരിക്കും. ദരിദ്രർക്കു ദാനം നൽകുന്നവർക്കു യാതൊരുവിധ ദൗർലഭ്യവും ഉണ്ടാകുന്നില്ല, എന്നാൽ അവർക്കുനേരേ കണ്ണടയ്ക്കുന്നവർക്ക് ശാപവർഷം അനവധിയായി ഉണ്ടാകും. നീചർ അധികാരത്തിലേറുമ്പോൾ ജനം ഓടിയൊളിക്കുന്നു; അവരുടെ നാശത്തിൽ നീതിനിഷ്ഠർ പെരുകുന്നു.