THUFINGTE 28

28
1ആരും പിൻതുടരാതിരിക്കുമ്പോഴും ദുഷ്ടൻ പേടിച്ചോടുന്നു;
നീതിനിഷ്ഠൻ സിംഹത്തെപ്പോലെ ധീരനായിരിക്കും.
2ഒരു രാജ്യത്ത് അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ
ഭരണകർത്താക്കളുടെ എണ്ണം വർധിക്കുന്നു.
വിവേകവും പരിജ്ഞാനവും ഉള്ള ആളുകൾ ഉണ്ടാകുമ്പോൾ
അതിന്റെ സുസ്ഥിരത നീണ്ടുനില്‌ക്കും.
3ദരിദ്രരെ പീഡിപ്പിക്കുന്ന അധികാരി വിളവു നിശ്ശേഷം നശിപ്പിക്കുന്ന പേമാരിയാകുന്നു.
4ധർമശാസ്ത്രം പരിത്യജിക്കുന്നവൻ ദുഷ്ടന്മാരെ പ്രശംസിക്കുന്നു;
എന്നാൽ അവ അനുസരിക്കുന്നവൻ അവരെ എതിർക്കുന്നു.
5ദുർജനം നീതി തിരിച്ചറിയുന്നില്ല;
സർവേശ്വരനെ ആരാധിക്കുന്നവർ അതു പൂർണമായും തിരിച്ചറിയുന്നു.
6വക്രമാർഗത്തിൽ ചരിക്കുന്നവനിലും മെച്ചം
നേർവഴിയിൽ നടക്കുന്ന ദരിദ്രനാണ്.
7ധർമശാസ്ത്രം പാലിക്കുന്നവൻ ബുദ്ധിയുള്ള മകനാണ്;
തീറ്റപ്രിയന്മാരുടെ സ്നേഹിതനോ പിതാവിന് അപമാനം വരുത്തുന്നു.
8പലിശയും കൊള്ളലാഭവുംകൊണ്ടു നേടിയ സമ്പത്ത്
അഗതികളോടു ദയ കാട്ടുന്നവനിൽ ചെന്നു ചേരുന്നു.
9ധർമശാസ്ത്രം കേൾക്കാതെ ചെവി തിരിച്ചുകളയുന്നവന്റെ
പ്രാർഥനപോലും അറപ്പുളവാക്കുന്നു.
10സത്യസന്ധരെ ദുർമാർഗത്തിലേക്കു നയിക്കുന്നവൻ
താൻ കുഴിച്ച കുഴിയിൽതന്നെ വീഴും;
പരമാർഥഹൃദയരോ നന്മ അനുഭവിക്കും.
11ധനവാൻ ജ്ഞാനിയെന്നു സ്വയം കരുതുന്നു;
എന്നാൽ വിവേകമുള്ള ദരിദ്രൻ അവനെ വിവേചിച്ചറിയുന്നു.
12നീതിനിഷ്ഠൻ വിജയിക്കുമ്പോൾ എങ്ങും ആഹ്ലാദം ഉണ്ടാകും;
എന്നാൽ ദുഷ്ടന്റെ ഉയർച്ചയിൽ മനുഷ്യൻ ഓടി ഒളിക്കുന്നു.
13തന്റെ തെറ്റുകൾ മറച്ചുവയ്‍ക്കുന്നവന് ഐശ്വര്യം ഉണ്ടാവുകയില്ല;
ഏറ്റുപറഞ്ഞ് അവയെ ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.
14എപ്പോഴും ദൈവഭക്തിയോടെ ജീവിക്കുന്നവൻ അനുഗൃഹീതൻ,
എന്നാൽ ഹൃദയം കഠിനമാക്കുന്നവൻ അനർഥത്തിൽ അകപ്പെടും.
15ഗർജിക്കുന്ന സിംഹത്തെയും ഇരയെ ആക്രമിക്കുന്ന കരടിയെയും പോലെയാണ് ദുഷ്ടൻ പാവപ്പെട്ടവരുടെമേൽ ഭരണം നടത്തുന്നത്.
16വിവേകശൂന്യനായ ഭരണാധിപൻ നിഷ്ഠുരനായ ജനമർദകനാകുന്നു;
അന്യായലാഭം വെറുക്കുന്നവനു ദീർഘായുസ്സുണ്ടാകും.
17കൊലപാതകി മരണംവരെ അലയട്ടെ,
ആരും അവനെ സഹായിക്കരുത്.
18നേർവഴിയിൽ ചരിക്കുന്നവൻ രക്ഷിക്കപ്പെടും,
വക്രമാർഗം സ്വീകരിക്കുന്നവൻ കുഴിയിൽ വീഴും.
19അധ്വാനിച്ചു കൃഷി ചെയ്യുന്നവനു സമൃദ്ധമായി ആഹാരം ലഭിക്കും;
എന്നാൽ സമയം പാഴാക്കുന്നവൻ ദാരിദ്ര്യം അനുഭവിക്കും.
20വിശ്വസ്തനായ മനുഷ്യൻ അനുഗ്രഹസമ്പന്നനാകും;
എന്നാൽ ധനവാനാകാൻ തിടുക്കം കൂട്ടുന്നവൻ ശിക്ഷിക്കപ്പെടാതിരിക്കയില്ല.
21പക്ഷപാതം കാട്ടുന്നതു നന്നല്ല;
ഒരു കഷണം അപ്പത്തിനുവേണ്ടിപോലും മനുഷ്യൻ തെറ്റു ചെയ്യുന്നു.
22ലുബ്ധൻ സമ്പത്തിന്റെ പിന്നാലെ ഓടുന്നു;
എന്നാൽ തനിക്കു ദാരിദ്ര്യം വരുമെന്ന് അവൻ അറിയുന്നില്ല.
23മുഖസ്തുതി പറയുന്നവനിലും അധികം പ്രീതി ശാസിക്കുന്നവനോടു പിന്നീടുണ്ടാകും.
24മാതാവിനെയോ പിതാവിനെയോ കൊള്ളയടിച്ച് അത് അതിക്രമമല്ലെന്നു
പറയുന്നവൻ വിനാശകന്റെ കൂട്ടുകാരൻ ആകുന്നു.
25അത്യാഗ്രഹി കലഹം ഇളക്കിവിടുന്നു;
സർവേശ്വരനിൽ ആശ്രയിക്കുന്നവനാകട്ടെ ഐശ്വര്യസമൃദ്ധിയുണ്ടാകും.
26സ്വന്തം ബുദ്ധിയിൽ വിശ്വാസം അർപ്പിക്കുന്നവൻ ഭോഷൻ;
വിജ്ഞാനത്തിൽ വ്യാപരിക്കുന്നവനോ വിമോചിതനാകും.
27ദരിദ്രനു ദാനം ചെയ്യുന്നവൻ ദാരിദ്ര്യം അനുഭവിക്കുകയില്ല;
ദരിദ്രന്റെ നേരെ കണ്ണടയ്‍ക്കുന്നവനാകട്ടെ ശാപവർഷം ഏല്‌ക്കേണ്ടിവരും.
28ദുഷ്ടർക്ക് ഉയർച്ച വരുമ്പോൾ ആളുകൾ ഓടി ഒളിക്കുന്നു.
അവർ നശിക്കുമ്പോൾ നീതിമാന്മാർ പ്രബലരാകുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

THUFINGTE 28: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക