സദൃശവാക്യങ്ങൾ 28:13-18

സദൃശവാക്യങ്ങൾ 28:13-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും. എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഹൃദയത്തെ കഠിനമാക്കുന്നവനോ അനർഥത്തിൽ അകപ്പെടും. അഗതികളിൽ കർത്തൃത്വം നടത്തുന്ന ദുഷ്ടൻ ഗർജിക്കുന്ന സിംഹത്തിനും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ. ബുദ്ധിഹീനനായ പ്രഭു മഹാപീഡകനും ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീർഘായുസ്സോടെ ഇരിക്കും. രക്തപാതകഭാരം ചുമക്കുന്നവൻ കുഴിയിലേക്കു ബദ്ധപ്പെടും; അവനെ ആരും തടുക്കരുത്. നിഷ്കളങ്കനായി നടക്കുന്നവൻ രക്ഷിക്കപ്പെടും; നടപ്പിൽ വക്രതയുള്ളവനോ പെട്ടെന്നു വീഴും.

സദൃശവാക്യങ്ങൾ 28:13-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

തന്റെ തെറ്റുകൾ മറച്ചുവയ്‍ക്കുന്നവന് ഐശ്വര്യം ഉണ്ടാവുകയില്ല; ഏറ്റുപറഞ്ഞ് അവയെ ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും. എപ്പോഴും ദൈവഭക്തിയോടെ ജീവിക്കുന്നവൻ അനുഗൃഹീതൻ, എന്നാൽ ഹൃദയം കഠിനമാക്കുന്നവൻ അനർഥത്തിൽ അകപ്പെടും. ഗർജിക്കുന്ന സിംഹത്തെയും ഇരയെ ആക്രമിക്കുന്ന കരടിയെയും പോലെയാണ് ദുഷ്ടൻ പാവപ്പെട്ടവരുടെമേൽ ഭരണം നടത്തുന്നത്. വിവേകശൂന്യനായ ഭരണാധിപൻ നിഷ്ഠുരനായ ജനമർദകനാകുന്നു; അന്യായലാഭം വെറുക്കുന്നവനു ദീർഘായുസ്സുണ്ടാകും. കൊലപാതകി മരണംവരെ അലയട്ടെ, ആരും അവനെ സഹായിക്കരുത്. നേർവഴിയിൽ ചരിക്കുന്നവൻ രക്ഷിക്കപ്പെടും, വക്രമാർഗം സ്വീകരിക്കുന്നവൻ കുഴിയിൽ വീഴും.

സദൃശവാക്യങ്ങൾ 28:13-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

തന്‍റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരുകയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും. എപ്പോഴും ദോഷം ചെയ്യുവാന്‍ ഭയപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ; ഹൃദയത്തെ കഠിനമാക്കുന്നവൻ അനർത്ഥത്തിൽ അകപ്പെടും. അഗതികളുടെമേൽ അധികാരം നടത്തുന്ന ദുഷ്ടൻ ഗർജ്ജിക്കുന്ന സിംഹത്തിനും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ. ബുദ്ധിഹീനനായ പ്രഭു മഹാപീഡകൻ ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവൻ ദീർഘായുസ്സോടെ ഇരിക്കും. രക്തച്ചൊരിച്ചിലിന്‍റെ കുറ്റം ചുമക്കുന്നവൻ കുഴിയിലേക്ക് ബദ്ധപ്പെടും; അവനെ ആരും തുണയ്ക്കരുത്. നിഷ്കളങ്കനായി നടക്കുന്നവൻ സുരക്ഷിതനായിരിക്കും; നടപ്പിൽ വക്രതയുള്ളവൻ പെട്ടെന്ന് വീഴും.

സദൃശവാക്യങ്ങൾ 28:13-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണ ലഭിക്കും. എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഹൃദയത്തെ കഠിനമാക്കുന്നവനോ അനർത്ഥത്തിൽ അകപ്പെടും. അഗതികളിൽ കർത്തൃത്വം നടത്തുന്ന ദുഷ്ടൻ ഗർജ്ജിക്കുന്ന സിംഹത്തിന്നും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ. ബുദ്ധിഹീനനായ പ്രഭു മഹാ പീഡകനും ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീർഘായുസ്സോടെ ഇരിക്കും. രക്തപാതകഭാരം ചുമക്കുന്നവൻ കുഴിയിലേക്കു ബദ്ധപ്പെടും; അവനെ ആരും തടുക്കരുതു. നിഷ്കളങ്കനായി നടക്കുന്നവൻ രക്ഷിക്കപ്പെടും; നടപ്പിൽ വക്രതയുള്ളവനോ പെട്ടെന്നു വീഴും.

സദൃശവാക്യങ്ങൾ 28:13-18 സമകാലിക മലയാളവിവർത്തനം (MCV)

തങ്ങളുടെ പാപങ്ങൾ മറച്ചുവെക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുകയില്ല, എന്നാൽ അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവർക്ക് കരുണ ലഭിക്കും. എപ്പോഴും ഭയഭക്തിയോടെ കഴിയുന്ന മനുഷ്യർ അനുഗൃഹീതർ, എന്നാൽ ഹൃദയം കഠിനമാക്കുന്നവർ ആപത്തിലകപ്പെടും. നിസ്സഹായരായവരുടെമേൽ ആധിപത്യം പുലർത്തുന്ന ദുഷ്ടർ അലറുന്ന സിംഹത്തെപ്പോലെയും ആക്രമണത്തിനു മുതിരുന്ന കരടിയെപ്പോലെയും. സ്വേച്ഛാധിപതിയായ ഭരണാധികാരി ജനങ്ങളുടെമേൽ അധികഭാരം ചുമത്തുന്നു, എന്നാൽ അനധികൃത ധനസമ്പാദനം വെറുക്കുന്നവർ ദീർഘകാലം ഭരണം നടത്തുന്നു. കൊലപാതകംചെയ്തതിന്റെ മനോവ്യഥയാൽ പീഡിപ്പിക്കപ്പെടുന്നവർ പാതാളത്തിൽ അഭയംതേടും; ആരും അയാളെ പിന്തിരിപ്പിക്കാതിരിക്കട്ടെ. നിഷ്കളങ്കരായി ജീവിക്കുന്നവർ സുരക്ഷിതരായിരിക്കും, എന്നാൽ, വഴിപിഴച്ച ജീവിതം നയിക്കുന്നവർ പെട്ടെന്നുതന്നെ നാശത്തിൽ അകപ്പെടും.