സദൃശവാക്യങ്ങൾ 26:13-28

സദൃശവാക്യങ്ങൾ 26:13-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

വഴിയിൽ കേസരി ഉണ്ട്, തെരുക്കളിൽ സിംഹം ഉണ്ട് എന്നിങ്ങനെ മടിയൻ പറയുന്നു. കതക് ചുഴിക്കുറ്റിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു. മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നത് അവനു പ്രയാസം. ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയനു തോന്നുന്നു. തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ. കൂട്ടുകാരനെ വഞ്ചിച്ചിട്ട് അതു കളി എന്നു പറയുന്ന മനുഷ്യൻ തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു. വിറക് ഇല്ലാഞ്ഞാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും. കരി കനലിനും വിറകു തീക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിനു കാരണം. ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെ; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു. സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു. പകയ്ക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു. അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുത്; അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പ് ഉണ്ട്. അവന്റെ പക കപടംകൊണ്ടു മറച്ചുവച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും. കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ല് ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും. ഭോഷ്കു പറയുന്ന നാവ് അതിനാൽ തകർന്നവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു.

സദൃശവാക്യങ്ങൾ 26:13-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“വഴിയിൽ സിംഹമുണ്ട്, തെരുവീഥിയിൽ സിംഹമുണ്ട്” എന്നിങ്ങനെ മടിയൻ പറയും. കതകു വിജാഗിരിയിൽ തിരിയുന്നതുപോലെ മടിയൻ കിടക്കയിൽ കിടന്നു തിരിയുന്നു. മടിയൻ തളികയിൽ കൈ പൂഴ്ത്തുന്നു. അതു വായിലേക്കു കൊണ്ടുപോകാൻ അവനു മടിയാണ്. ബുദ്ധിപൂർവം ഉത്തരം പറയാൻ കഴിയുന്ന ഏഴു പേരെക്കാൾ താൻ ബുദ്ധിമാനെന്നു മടിയൻ സ്വയം ഭാവിക്കുന്നു. അന്യരുടെ കലഹത്തിൽ ഇടപെടുന്നവൻ വഴിയേ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനു തുല്യൻ. അയൽക്കാരനെ വഞ്ചിച്ചശേഷം ‘ഇതൊരു തമാശ’ എന്നു പറയുന്നവൻ അസ്ത്രവും കൊലയും തീക്കൊള്ളിയും വിതറുന്ന ഭ്രാന്തനു സമൻ. വിറകില്ലാഞ്ഞാൽ തീ കെട്ടുപോകും; ഏഷണിക്കാരൻ ഇല്ലെങ്കിൽ വഴക്കും ഇല്ലാതെയാകും. കൽക്കരി തീക്കനലിനും വിറകു തീക്കും എന്നപോലെ കലഹപ്രിയൻ ശണ്ഠ ജ്വലിപ്പിക്കുന്നു. ഏഷണിക്കാരന്റെ വാക്കുകൾ സ്വാദിഷ്ഠമായ ഭോജ്യംപോലെയാണ്. അവ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ദുഷ്ടഹൃദയന്റെ മൃദുലഭാഷണം വിലകുറഞ്ഞ മൺപാത്രത്തിന്റെ പുറമെയുള്ള മിനുസംപോലെയാണ്. വിദ്വേഷമുള്ളവൻ പുറമേ വാക്കുകൊണ്ടു സ്നേഹം നടിക്കുന്നു; ഉള്ളിലാകട്ടെ വഞ്ചന വച്ചുപുലർത്തുന്നു. ഇമ്പമായി സംസാരിക്കുമ്പോഴും അവനെ വിശ്വസിക്കരുത്. അവന്റെ ഹൃദയത്തിൽ വിദ്വേഷം നിറഞ്ഞിരിക്കുന്നു. കാപട്യംകൊണ്ട് ഉള്ളിലെ വിദ്വേഷം മറച്ചുവച്ചാലും ജനമധ്യത്തിൽ വച്ച് അവന്റെ ദുഷ്ടത വെളിപ്പെടും. താൻ കുഴിച്ച കുഴിയിൽ താൻതന്നെ വീഴും. താൻ ഉരുട്ടി വീഴ്ത്തുന്ന കല്ല് തന്റെമേൽ തന്നെ പതിക്കും. അസത്യം പറയുന്നവൻ അതിനിരയാകുന്നവരെ ദ്വേഷിക്കും; മുഖസ്തുതി നാശം വരുത്തിവയ്‍ക്കുന്നു.

സദൃശവാക്യങ്ങൾ 26:13-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“വഴിയിൽ സിംഹം ഉണ്ട്, തെരുവീഥികളിൽ ഉഗ്രസിംഹം ഉണ്ട്” എന്നിങ്ങനെ മടിയൻ പറയുന്നു. കതക് വിജാഗിരിയിൽ എന്നപോലെ മടിയൻ തന്‍റെ കിടക്കയിൽ തിരിയുന്നു. മടിയൻ തന്‍റെ കൈ തളികയിൽ പൂഴ്ത്തുന്നു; വായിലേക്ക് തിരികെ കൊണ്ടുവരുന്നത് അവനു പ്രയാസം. ബുദ്ധിയോടെ ഉത്തരം പറയുവാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയനു തോന്നുന്നു. തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെപോകുന്ന നായുടെ ചെവിക്ക് പിടിക്കുന്നവനെപ്പോലെ. കൂട്ടുകാരനെ വഞ്ചിച്ചിട്ട് “അത് തമാശ” എന്നു പറയുന്ന മനുഷ്യൻ തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു. വിറക് ഇല്ലാതിരുന്നാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാതിരുന്നാൽ വഴക്കും ഇല്ലാതെയാകും. കരി കനലിനും വിറക് തീയ്ക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിനു കാരണം. ഏഷണിക്കാരന്‍റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു; അത് ശരീരത്തിന്‍റെ ഉള്ളറകളിലേക്ക് ചെല്ലുന്നു. ദുഷ്ടഹൃദയമുള്ളവന്‍റെ സ്നേഹം ജ്വലിക്കുന്ന അധരം വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു. പകയുള്ളവൻ അധരം കൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിൽ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു. അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുത്; അവന്‍റെ ഹൃദയത്തിൽ ഏഴു വെറുപ്പുണ്ട്. അവന്‍റെ പക കപടംകൊണ്ടു മറച്ചുവച്ചാലും അവന്‍റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും. കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലുരുട്ടുന്നവന്‍റെമേൽ അത് തിരിഞ്ഞുരുളും. ഭോഷ്ക്കു പറയുന്ന നാവ് അതിനിരയായവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു.

സദൃശവാക്യങ്ങൾ 26:13-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

വഴിയിൽ കേസരി ഉണ്ടു, തെരുക്കളിൽ സിംഹം ഉണ്ടു എന്നിങ്ങനെ മടിയൻ പറയുന്നു. കതകു ചുഴിക്കുറ്റിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു. മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നതു അവന്നു പ്രയാസം. ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയന്നു തോന്നുന്നു. തന്നേ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെപോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ. കൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നു പറയുന്ന മനുഷ്യൻ തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു. വിറകു ഇല്ലാഞ്ഞാൽ തീ കെട്ടു പോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും. കരി കനലിന്നും വിറകു തീക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിന്നു കാരണം. ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെ; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു. സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു. പകെക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവൻ ചതിവു സംഗ്രഹിച്ചു വെക്കുന്നു. അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുതു; അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പു ഉണ്ടു. അവന്റെ പക കപടംകൊണ്ടു മറെച്ചു വെച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും. കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലു ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും. ഭോഷ്കു പറയുന്ന നാവു അതിനാൽ തകർന്നവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായി നാശം വരുത്തുന്നു.

സദൃശവാക്യങ്ങൾ 26:13-28 സമകാലിക മലയാളവിവർത്തനം (MCV)

അലസർ ഇപ്രകാരം പറയുന്നു, “വഴിയിൽ ഒരു സിംഹമുണ്ട്! ഭീകരനായ ഒരു സിംഹം തെരുവിൽ ചുറ്റിത്തിരിയുന്നുണ്ട്!” ഒരു കതക് അതിന്റെ വിജാഗിരിയിൽ തിരിയുന്നതുപോലെ, അലസർ തങ്ങളുടെ കിടക്കയിൽ തിരിഞ്ഞുമറിയുന്നു. അലസർ ഭക്ഷണപാത്രത്തിൽ കൈ പൂഴ്ത്തുന്നു; അവർ അതു തിരികെ തന്റെ വായിലേക്ക് അടുപ്പിക്കുന്നതിനുപോലും മടിയാണ്. വിവേകപൂർവം ഉത്തരംനൽകുന്ന ഏഴുപേരെക്കാൾ, താൻ കേമനാണെന്ന് അലസർ മിഥ്യാഭിമാനംകൊള്ളുന്നു. താനുമായി യാതൊരു ബന്ധവുമില്ലാത്ത കലഹത്തിലേക്കു പാഞ്ഞടുക്കുന്നവർ, വഴിയേ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവരെപ്പോലെയാണ്. അയൽവാസിയെ ദ്രോഹിച്ചിട്ട്, “അതു നേരമ്പോക്കിനായിരുന്നു!” എന്നു പറയുന്നവർ; മാരകമായ തീജ്വാല ചുഴറ്റിയെറിയുന്ന ഭ്രാന്തനുസമം. വിറകില്ലായെങ്കിൽ തീ കെട്ടുപോകും; പരദൂഷണം ഇല്ലാതെയായാൽ കലഹവും കെട്ടടങ്ങും. കരി ജ്വലനത്തിനും വിറക് തീക്കും എന്നതുപോലെ, കലഹത്തെ പ്രണയിക്കുന്നവർ സംഘട്ടനത്തെ ആളിക്കത്തിക്കുന്നു. ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു; അതു ശരീരത്തിന്റെ അന്തർഭാഗത്തേക്ക് ഇറങ്ങിച്ചെല്ലുന്നു. ദുഷ്ടമനസ്സുകളുടെ തീവ്രവികാരം മന്ത്രിക്കുന്ന ചുണ്ടുകൾ മൺപാത്രങ്ങളുടെ പുറത്തു വെള്ളി പൂശിയിരിക്കുന്നതുപോലെയാണ്. ശത്രുക്കൾ അവരുടെ അധരംകൊണ്ടു കപടവേഷം ധരിക്കുന്നു, എന്നാൽ അവരുടെ ഹൃദയത്തിൽ വക്രത നിറച്ചുവെച്ചിരിക്കുന്നു. അവരുടെ സംഭാഷണം അതിമനോഹരമായിരുന്നാലും അവരെ വിശ്വസിക്കരുത്, ഏഴു ഹീനകൃത്യങ്ങൾകൊണ്ട് അവരുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. അവരുടെ ദുഷ്ടത വഞ്ചനാപരമായി മറച്ചുവെച്ചിരുന്നാലും, അവരുടെ നീചകൃത്യങ്ങൾ പൊതുസഭയിൽ വെളിപ്പെട്ടുവരും. ഒരാൾ കുഴിക്കുന്ന കുഴിയിൽ അയാൾതന്നെ വീഴും; താൻ ഉരുട്ടിവിടുന്ന കല്ല് തന്റെ നേർക്കുതന്നെ തിരിഞ്ഞുരുണ്ടുവന്നു പതിക്കും. വ്യാജംപറയുന്ന നാവ് അതിനിരയായവരെ വെറുക്കുന്നു, മുഖസ്തുതി പറയുന്ന നാവ് നാശം വിതയ്ക്കുന്നു.