THUFINGTE 26:13-28

THUFINGTE 26:13-28 MALCLBSI

“വഴിയിൽ സിംഹമുണ്ട്, തെരുവീഥിയിൽ സിംഹമുണ്ട്” എന്നിങ്ങനെ മടിയൻ പറയും. കതകു വിജാഗിരിയിൽ തിരിയുന്നതുപോലെ മടിയൻ കിടക്കയിൽ കിടന്നു തിരിയുന്നു. മടിയൻ തളികയിൽ കൈ പൂഴ്ത്തുന്നു. അതു വായിലേക്കു കൊണ്ടുപോകാൻ അവനു മടിയാണ്. ബുദ്ധിപൂർവം ഉത്തരം പറയാൻ കഴിയുന്ന ഏഴു പേരെക്കാൾ താൻ ബുദ്ധിമാനെന്നു മടിയൻ സ്വയം ഭാവിക്കുന്നു. അന്യരുടെ കലഹത്തിൽ ഇടപെടുന്നവൻ വഴിയേ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനു തുല്യൻ. അയൽക്കാരനെ വഞ്ചിച്ചശേഷം ‘ഇതൊരു തമാശ’ എന്നു പറയുന്നവൻ അസ്ത്രവും കൊലയും തീക്കൊള്ളിയും വിതറുന്ന ഭ്രാന്തനു സമൻ. വിറകില്ലാഞ്ഞാൽ തീ കെട്ടുപോകും; ഏഷണിക്കാരൻ ഇല്ലെങ്കിൽ വഴക്കും ഇല്ലാതെയാകും. കൽക്കരി തീക്കനലിനും വിറകു തീക്കും എന്നപോലെ കലഹപ്രിയൻ ശണ്ഠ ജ്വലിപ്പിക്കുന്നു. ഏഷണിക്കാരന്റെ വാക്കുകൾ സ്വാദിഷ്ഠമായ ഭോജ്യംപോലെയാണ്. അവ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ദുഷ്ടഹൃദയന്റെ മൃദുലഭാഷണം വിലകുറഞ്ഞ മൺപാത്രത്തിന്റെ പുറമെയുള്ള മിനുസംപോലെയാണ്. വിദ്വേഷമുള്ളവൻ പുറമേ വാക്കുകൊണ്ടു സ്നേഹം നടിക്കുന്നു; ഉള്ളിലാകട്ടെ വഞ്ചന വച്ചുപുലർത്തുന്നു. ഇമ്പമായി സംസാരിക്കുമ്പോഴും അവനെ വിശ്വസിക്കരുത്. അവന്റെ ഹൃദയത്തിൽ വിദ്വേഷം നിറഞ്ഞിരിക്കുന്നു. കാപട്യംകൊണ്ട് ഉള്ളിലെ വിദ്വേഷം മറച്ചുവച്ചാലും ജനമധ്യത്തിൽ വച്ച് അവന്റെ ദുഷ്ടത വെളിപ്പെടും. താൻ കുഴിച്ച കുഴിയിൽ താൻതന്നെ വീഴും. താൻ ഉരുട്ടി വീഴ്ത്തുന്ന കല്ല് തന്റെമേൽ തന്നെ പതിക്കും. അസത്യം പറയുന്നവൻ അതിനിരയാകുന്നവരെ ദ്വേഷിക്കും; മുഖസ്തുതി നാശം വരുത്തിവയ്‍ക്കുന്നു.

THUFINGTE 26 വായിക്കുക