സദൃശവാക്യങ്ങൾ 25:16-28

സദൃശവാക്യങ്ങൾ 25:16-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിനക്ക് തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവൂ; അധികം നിറഞ്ഞിട്ടു ഛർദിപ്പാൻ ഇടവരരുത്. കൂട്ടുകാരൻ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന് അവന്റെ വീട്ടിൽ കൂടെക്കൂടെ ചെല്ലരുത്. കൂട്ടുകാരനു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ മുട്ടികയും വാളും കൂർത്ത അമ്പും ആകുന്നു. കഷ്ടകാലത്തു വിശ്വാസപാതകനെ ആശ്രയിക്കുന്നത് മുറിഞ്ഞ പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു. വിഷാദമുള്ള ഹൃദയത്തിനു പാട്ടു പാടുന്നവൻ ശീതകാലത്തു വസ്ത്രം കളയുന്നതുപോലെയും യവക്ഷാരത്തിന്മേൽ ചൊറുക്ക പകരുന്നതുപോലെയും ആകുന്നു. ശത്രുവിനു വിശക്കുന്നു എങ്കിൽ അവനു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക. അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും. വടതിക്കാറ്റ് മഴ കൊണ്ടുവരുന്നു; ഏഷണിവാക്ക് കോപഭാവത്തെ ജനിപ്പിക്കുന്നു. ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപ്പുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലത്. ദാഹമുള്ളവനു തണ്ണീർ കിട്ടുന്നതും ദൂരദേശത്തുനിന്നു നല്ല വർത്തമാനം വരുന്നതും ഒരുപോലെ. ദുഷ്ടന്റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ കലങ്ങിയ കിണറിനും മലിനമായ ഉറവിനും സമം. തേൻ ഏറെ കുടിക്കുന്നതു നന്നല്ല; പ്രയാസമുള്ളത് ആരായുന്നതോ മഹത്ത്വം. ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.

സദൃശവാക്യങ്ങൾ 25:16-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

തേൻ കിട്ടിയാലും ആവശ്യത്തിനുള്ളതേ ഭുജിക്കാവൂ; അല്ലെങ്കിൽ തിന്നു ചെടിച്ചു നീ ഛർദിക്കും. അയൽവീട്ടിൽ അപൂർവമായേ പോകാവൂ, അല്ലാഞ്ഞാൽ അതിസാന്നിധ്യം കൊണ്ട് അവർ നിന്നെ വെറുക്കും. അയൽക്കാരനെതിരെ കള്ളസ്സാക്ഷ്യം പറയുന്നവൻ ഗദയും വാളും മൂർച്ചയുള്ള അസ്ത്രവും പോലെയാണ്. കഷ്ടകാലത്ത് വഞ്ചകനെ ആശ്രയിക്കുന്നത്, ആടുന്ന പല്ലിനും മുടന്തുന്ന കാലിനും തുല്യമാണ്. വേദന നിറഞ്ഞവന്റെ മുന്നിൽ ആഹ്ലാദത്തോടെ പാടുന്നത് കൊടുംതണുപ്പത്ത് ഒരുവന്റെ വസ്ത്രം ഉരിഞ്ഞുകളയുന്നതുപോലെയും മുറിവിൽ വിനാഗിരി ഒഴിക്കുന്നതുപോലെയും ആകുന്നു. നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അപ്പം കൊടുക്കുക, ദാഹിക്കുന്നെങ്കിൽ കുടിക്കാൻ കൊടുക്കുക. അങ്ങനെ ചെയ്താൽ നീ അവനെ അപമാനാഗ്നിക്ക് ഇരയാക്കുന്നു. സർവേശ്വരൻ നിനക്കു പ്രതിഫലം നല്‌കും. വടക്കൻകാറ്റ് മഴ കൊണ്ടുവരുന്നു, അതുപോലെ ഏഷണി രോഷം ഉളവാക്കുന്നു. കലഹപ്രിയയായ സ്‍ത്രീയുമൊത്ത് വീട്ടിൽ കഴിയുന്നതിലും മെച്ചം മട്ടുപ്പാവിന്റെ കോണിൽ ഒതുങ്ങിക്കൂടുകയാണ്. ദാഹത്തിനു കുളിർജലംപോലെയാണ് വിദൂരദേശത്തുനിന്നു ലഭിക്കുന്ന സദ്‍വാർത്ത. ദുഷ്ടന്റെ മുമ്പിൽ വഴങ്ങുന്ന നീതിമാൻ കലങ്ങിയ അരുവിപോലെയും മലിനമാക്കപ്പെട്ട നീരുറവപോലെയുമാകുന്നു. തേൻ അമിതമായി കുടിക്കുന്നതു നന്നല്ല; അതുപോലെയാണ് അമിതമായ പ്രശംസയും. ആത്മനിയന്ത്രണം ഇല്ലാത്ത മനുഷ്യൻ, ഇടിഞ്ഞു തകർന്നു കിടക്കുന്ന നഗരം പോലെയാകുന്നു.

സദൃശവാക്യങ്ങൾ 25:16-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിനക്കു തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭക്ഷിക്കാവൂ; അധികം ഭക്ഷിച്ചിട്ട് ഛർദ്ദിക്കുവാൻ ഇടവരരുത്. കൂട്ടുകാരൻ നിന്നെക്കൊണ്ട് മടുത്ത് നിന്നെ വെറുക്കാതെയിരിക്കേണ്ടതിന് അവന്‍റെ വീട്ടിൽ കൂടെക്കൂടെ ചെല്ലരുത്. കൂട്ടുകാരന് വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ ഗദയും വാളും കൂർത്ത അമ്പും ആകുന്നു. കഷ്ടകാലത്ത് അവിശ്വസ്തനെ ആശ്രയിക്കുന്നത് കേടുള്ള പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു. വിഷാദമുള്ള ഹൃദയത്തിനായി പാട്ടു പാടുന്നവൻ ശീതകാലത്ത് വസ്ത്രം കളയുന്നതുപോലെയും മുറിവിന്മേല്‍ ചൊറുക്ക പകരുന്നതുപോലെയും ആകുന്നു. ശത്രുവിന് വിശക്കുന്നു എങ്കിൽ അവന് ഭക്ഷിക്കുവാൻ കൊടുക്കുക; ദാഹിക്കുന്നു എങ്കിൽ കുടിക്കുവാൻ കൊടുക്കുക. അങ്ങനെ ചെയ്യുന്നതുകൊണ്ടു നീ അവനെ നാണം കെടുത്തും; യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും. വടക്കൻ കാറ്റ് മഴ കൊണ്ടുവരുന്നു; ഏഷണിവാക്ക് കോപഭാവം ജനിപ്പിക്കുന്നു; ശണ്ഠകൂടുന്ന സ്ത്രീയോടുകൂടി വീടിനുള്ളിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നത് നല്ലത്. ദാഹമുള്ളവന് തണ്ണീർ കിട്ടുന്നതും ദൂരദേശത്തുനിന്ന് നല്ല വർത്തമാനം വരുന്നതും ഒരുപോലെ. ദുഷ്ടന്‍റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ കലങ്ങിയ കിണറിനും മലിനമായ നീരുറവിനും സമം. തേൻ ഏറെ കുടിക്കുന്നത് നല്ലതല്ല; സ്വന്തം മഹത്വം ആരായുന്നത് അതുപോലെ തന്നെ. ആത്മസംയമനം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.

സദൃശവാക്യങ്ങൾ 25:16-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിനക്കു തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവു; അധികം നിറഞ്ഞിട്ടു ഛർദ്ദിപ്പാൻ ഇടവരരുതു. കൂട്ടുകാരൻ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്നു അവന്റെ വീട്ടിൽ കൂടക്കൂടെ ചെല്ലരുതു. കൂട്ടുകാരന്നു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ മുട്ടികയും വാളും കൂർത്ത അമ്പും ആകുന്നു. കഷ്ടകാലത്തു വിശ്വാസപാതകനെ ആശ്രയിക്കുന്നതു മുറിഞ്ഞ പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു. വിഷാദമുള്ള ഹൃദയത്തിന്നു പാട്ടു പാടുന്നവൻ ശീതകാലത്തു വസ്ത്രം കളയുന്നതുപോലെയും യവക്ഷാരത്തിന്മേൽ ചൊറുക്ക പകരുന്നതുപോലെയും ആകുന്നു. ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക. അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും. വടതിക്കാറ്റു മഴ കൊണ്ടുവരുന്നു; ഏഷണിവാക്കു കോപഭാവത്തെ ജനിപ്പിക്കുന്നു; ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലതു. ദാഹമുള്ളവന്നു തണ്ണീർ കിട്ടുന്നതും ദൂരദേശത്തുനിന്നു നല്ല വർത്തമാനം വരുന്നതും ഒരുപോലെ. ദുഷ്ടന്റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ കലങ്ങിയ കിണറ്റിന്നും മലിനമായ ഉറവിന്നും സമം. തേൻ ഏറെ കുടിക്കുന്നതു നന്നല്ല; പ്രയാസമുള്ളതു ആരായുന്നതോ മഹത്വം. ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.

സദൃശവാക്യങ്ങൾ 25:16-28 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങൾക്കു തേൻ ലഭിച്ചാൽ ആവശ്യത്തിനുമാത്രം ഭക്ഷിക്കുക— അമിതമായാൽ അത് ഛർദിച്ചുപോകും. വല്ലപ്പോഴുംമാത്രം നിങ്ങളുടെ അയൽവീട്ടിൽ പോകുക— കൂടെക്കൂടെയുള്ള സന്ദർശനം, അവർക്കു നിങ്ങളോടു വെറുപ്പുതോന്നിപ്പിക്കും. തന്റെ അയൽവാസിക്കെതിരേ കള്ളസാക്ഷി പറയുന്നവർ ഗദയോ വാളോ കൂരമ്പോപോലെയാണ്. ആപത്തുനാളുകളിൽ അവിശ്വസ്തരെ ആശ്രയിക്കരുത് പൊട്ടിയ പല്ലോ മുടന്തുള്ള കാലോ പോലെയാണത്. വിഷാദിച്ചിരിക്കുന്നവർക്കുവേണ്ടി ആഹ്ലാദഗാനം ആലപിക്കുന്നത്, ശൈത്യകാലത്ത് വസ്ത്രം അപഹരിക്കുന്നവരെപ്പോലെയോ മുറിവിൽ വിന്നാഗിരി ഒഴിക്കുന്നതുപോലെയോ ആണ്. നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അയാൾക്കു ഭക്ഷിക്കാൻ കൊടുക്കുക; ദാഹിക്കുന്നെങ്കിൽ കുടിക്കുന്നതിനു വെള്ളം നൽകുക. ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ശത്രുവിന്റെ ശിരസ്സിൽ കൽക്കരിക്കനൽ കൂട്ടിവെക്കുകയാണ്, അങ്ങനെയായാൽ യഹോവ നിങ്ങൾക്കു പ്രതിഫലംനൽകും. വടക്കൻകാറ്റ് അപ്രതീക്ഷിത മഴ കൊണ്ടുവരുന്നതുപോലെ കാപട്യമുള്ള നാവ് രോഷാകുലമായ നോട്ടം കൊണ്ടുവരുന്നു. കലഹക്കാരിയായ ഭാര്യയോടൊത്ത് വീടിനുള്ളിൽ കഴിയുന്നതിനെക്കാൾ, മേൽപ്പുരയുടെ ഒരു കോണിൽ താമസിക്കുന്നതു നല്ലത്. ക്ഷീണിതമനസ്സിന് ശീതജലം ലഭിക്കുന്നതുപോലെയാണ് വിദൂരദേശത്തുനിന്നു സദ്വാർത്ത വരുന്നത്. ദുഷ്ടർക്കു വിധേയപ്പെടുന്ന നീതിനിഷ്ഠർ ചെളിനിറഞ്ഞ നീരുറവപോലെയോ മലീമസമായ കിണർപോലെയോ ആകുന്നു. അമിതമായി തേൻ ഭക്ഷിക്കുന്നത് നല്ലതല്ല, അതുപോലെ സ്വന്തം ബഹുമാനംമാത്രം അന്വേഷിക്കുന്നതും മാന്യമല്ല. ആത്മനിയന്ത്രണമില്ലാത്ത മനുഷ്യർ മതിലുകൾ തകർന്നുകിടക്കുന്ന പട്ടണംപോലെയാണ്.