സദൃശവാക്യങ്ങൾ 25:16-28

സദൃശവാക്യങ്ങൾ 25:16-28 MCV

നിങ്ങൾക്കു തേൻ ലഭിച്ചാൽ ആവശ്യത്തിനുമാത്രം ഭക്ഷിക്കുക— അമിതമായാൽ അത് ഛർദിച്ചുപോകും. വല്ലപ്പോഴുംമാത്രം നിങ്ങളുടെ അയൽവീട്ടിൽ പോകുക— കൂടെക്കൂടെയുള്ള സന്ദർശനം, അവർക്കു നിങ്ങളോടു വെറുപ്പുതോന്നിപ്പിക്കും. തന്റെ അയൽവാസിക്കെതിരേ കള്ളസാക്ഷി പറയുന്നവർ ഗദയോ വാളോ കൂരമ്പോപോലെയാണ്. ആപത്തുനാളുകളിൽ അവിശ്വസ്തരെ ആശ്രയിക്കരുത് പൊട്ടിയ പല്ലോ മുടന്തുള്ള കാലോ പോലെയാണത്. വിഷാദിച്ചിരിക്കുന്നവർക്കുവേണ്ടി ആഹ്ലാദഗാനം ആലപിക്കുന്നത്, ശൈത്യകാലത്ത് വസ്ത്രം അപഹരിക്കുന്നവരെപ്പോലെയോ മുറിവിൽ വിന്നാഗിരി ഒഴിക്കുന്നതുപോലെയോ ആണ്. നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അയാൾക്കു ഭക്ഷിക്കാൻ കൊടുക്കുക; ദാഹിക്കുന്നെങ്കിൽ കുടിക്കുന്നതിനു വെള്ളം നൽകുക. ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ശത്രുവിന്റെ ശിരസ്സിൽ കൽക്കരിക്കനൽ കൂട്ടിവെക്കുകയാണ്, അങ്ങനെയായാൽ യഹോവ നിങ്ങൾക്കു പ്രതിഫലംനൽകും. വടക്കൻകാറ്റ് അപ്രതീക്ഷിത മഴ കൊണ്ടുവരുന്നതുപോലെ കാപട്യമുള്ള നാവ് രോഷാകുലമായ നോട്ടം കൊണ്ടുവരുന്നു. കലഹക്കാരിയായ ഭാര്യയോടൊത്ത് വീടിനുള്ളിൽ കഴിയുന്നതിനെക്കാൾ, മേൽപ്പുരയുടെ ഒരു കോണിൽ താമസിക്കുന്നതു നല്ലത്. ക്ഷീണിതമനസ്സിന് ശീതജലം ലഭിക്കുന്നതുപോലെയാണ് വിദൂരദേശത്തുനിന്നു സദ്വാർത്ത വരുന്നത്. ദുഷ്ടർക്കു വിധേയപ്പെടുന്ന നീതിനിഷ്ഠർ ചെളിനിറഞ്ഞ നീരുറവപോലെയോ മലീമസമായ കിണർപോലെയോ ആകുന്നു. അമിതമായി തേൻ ഭക്ഷിക്കുന്നത് നല്ലതല്ല, അതുപോലെ സ്വന്തം ബഹുമാനംമാത്രം അന്വേഷിക്കുന്നതും മാന്യമല്ല. ആത്മനിയന്ത്രണമില്ലാത്ത മനുഷ്യർ മതിലുകൾ തകർന്നുകിടക്കുന്ന പട്ടണംപോലെയാണ്.