സദൃശവാക്യങ്ങൾ 22:17-29

സദൃശവാക്യങ്ങൾ 22:17-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ജ്ഞാനികളുടെ വചനങ്ങളെ ചെവി ചായിച്ചു കേൾക്കുക; എന്റെ പരിജ്ഞാനത്തിനു മനസ്സുവയ്ക്കുക. അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളിൽ അവയൊക്കെയും ഉറച്ചിരിക്കുന്നതും മനോഹരം. നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന് ഞാൻ ഇന്നു നിന്നോട്, നിന്നോടു തന്നെ, ഉപദേശിച്ചിരിക്കുന്നു. നിന്നെ അയച്ചവർക്കു നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന് നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാൻ നിനക്ക് എഴുതിയിട്ടുണ്ടല്ലോ. എളിയവനോട് അവൻ എളിയവനാക കൊണ്ടു കവർച്ച ചെയ്യരുത്; അരിഷ്ടനെ പടിവാതിൽക്കൽവച്ചു പീഡിപ്പിക്കയും അരുത്. യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും. കോപശീലനോടു സഖിത്വമരുത്; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുത്. നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കെണിയിൽ അകപ്പെടുവാനും സംഗതി വരരുത്. നീ കൈയടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിനു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്. വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നത് എന്തിന്? നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിർ നീ മാറ്റരുത്. പ്രവൃത്തിയിൽ സാമർഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവൻ നില്ക്കയില്ല.

സദൃശവാക്യങ്ങൾ 22:17-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ജ്ഞാനിയുടെ വാക്കു ശ്രദ്ധിച്ചു കേൾക്കുക, ഞാൻ നല്‌കുന്ന വിജ്ഞാനത്തിൽ മനസ്സ് പതിപ്പിക്കുക. അത് ഉള്ളിൽ സംഗ്രഹിക്കുകയും യഥാവസരം പ്രയോഗിക്കുകയും ചെയ്യുന്നതു സന്തോഷകരമായിരിക്കും. നീ സർവേശ്വരനിൽ വിശ്വാസം അർപ്പിക്കാനാണ് ഇതെല്ലാം ഞാൻ നിന്നെ അറിയിക്കുന്നത്. ഇതാ, ഞാൻ നിനക്കു വിജ്ഞാനവും പ്രബോധനവും അടങ്ങിയ മുപ്പത് സൂക്തങ്ങൾ എഴുതി വച്ചിരിക്കുന്നു. സത്യവും ശരിയുമായവ ഏതെന്ന് അവ നിന്നെ പഠിപ്പിക്കും. അങ്ങനെ നിന്നെ അയച്ചവർക്ക് ശരിയായ ഉത്തരം നല്‌കാൻ നിനക്കു കഴിയും. നിസ്സഹായനായതുകൊണ്ടു ദരിദ്രനെ കവർച്ച ചെയ്യുകയോ, വീട്ടുപടിക്കൽ വരുന്ന പാവപ്പെട്ടവനെ മർദിക്കുകയോ അരുത്. സർവേശ്വരൻ അവർക്കുവേണ്ടി വാദിക്കും; അവരെ കൊള്ളയടിക്കുന്നവരുടെ ജീവൻ അപഹരിക്കും. കോപിഷ്ഠനോട് കൂട്ടുകൂടരുത്; ഉഗ്രകോപിയോട് ഇടപെടരുത്. അങ്ങനെ നീ അവന്റെ വഴികൾ അനുകരിക്കാനും കെണിയിൽ കുടുങ്ങാനും ഇടവരരുത്. നീ അന്യനുവേണ്ടി ഉറപ്പുകൊടുക്കുകയോ കടത്തിനു ജാമ്യം നില്‌ക്കുകയോ അരുത്. കടം വീട്ടാൻ വകയില്ലാതായി കടക്കാർ നിന്റെ കിടക്കപോലും എടുത്തുകൊണ്ടു പോകാൻ ഇടയാക്കുന്നതെന്തിന്? നിന്റെ പിതാക്കന്മാർ പണ്ടേ ഇട്ട അതിരു നീ മാറ്റരുത്; ജോലിയിൽ വിദഗ്ദ്ധനായവനെ നീ കാണുന്നുവോ? അവനു രാജാക്കന്മാരുടെ മുമ്പിൽ സ്ഥാനം ലഭിക്കും. സാധാരണക്കാരുടെ കൂടെ അവനു നില്‌ക്കേണ്ടിവരികയില്ല.

സദൃശവാക്യങ്ങൾ 22:17-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ജ്ഞാനികളുടെ വചനങ്ങൾ ചെവിചായിച്ച് കേൾക്കുക; എന്‍റെ പരിജ്ഞാനത്തിന് മനസ്സുവയ്ക്കുക. അവയെ നിന്‍റെ ഉള്ളിൽ സൂക്ഷിക്കുന്നതും നിന്‍റെ അധരങ്ങളിൽ അവ ഉറച്ചിരിക്കുന്നതും മനോഹരം. നിന്‍റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന് ഞാൻ ഇന്ന് നിന്നോട്, നിന്നോട് തന്നെ, ഉപദേശിച്ചിരിക്കുന്നു. നിന്നെ അയച്ചവർക്ക് നീ നേരുള്ള മറുപടി നൽകുവാൻ തക്കവണ്ണം നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ ആലോചനയും പരിജ്ഞാനവും അടങ്ങിയ ഉത്തമവാക്യങ്ങൾ ഞാൻ നിനക്കു എഴുതിയിട്ടുണ്ടല്ലോ. എളിയവനോട് അവൻ എളിയവനാകുകകൊണ്ട് കവർച്ച ചെയ്യരുത്; അരിഷ്ടനെ പടിവാതില്ക്കൽവച്ചു പീഡിപ്പിക്കുകയും അരുത്. യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും. കോപശീലനോടു സഖിത്വമരുത്; ക്രോധമുള്ള മനുഷ്യനോടുകൂടി നടക്കുകയും അരുത്. നീ അവന്‍റെ വഴികളെ പഠിക്കുവാനും നിന്‍റെ പ്രാണൻ കെണിയിൽ അകപ്പെടുവാനും സംഗതിവരരുത്. നീ കൈയടിച്ച് ഉറപ്പിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന് ജാമ്യം നില്‍ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്. വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ട് നിന്‍റെ കീഴിൽനിന്ന് നിന്‍റെ മെത്ത എടുത്തുകളയുവാൻ ഇടവരുത്തുന്നത് എന്തിന്? നിന്‍റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിര്‍ നീ മാറ്റരുത്. പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവൻ നില്‍ക്കുകയില്ല.

സദൃശവാക്യങ്ങൾ 22:17-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേൾക്കുക; എന്റെ പരിജ്ഞാനത്തിന്നു മനസ്സുവെക്കുക. അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളിൽ അവ ഒക്കെയും ഉറെച്ചിരിക്കുന്നതും മനോഹരം. നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്നു ഞാൻ ഇന്നു നിന്നോടു, നിന്നോടു തന്നേ, ഉപദേശിച്ചിരിക്കുന്നു. നിന്നെ അയച്ചവർക്കു നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാൻ നിനക്കു എഴുതീട്ടുണ്ടല്ലോ. എളിയവനോടു അവൻ എളിയവനാകകൊണ്ടു കവർച്ച ചെയ്യരുതു; അരിഷ്ടനെ പടിവാതില്ക്കൽവെച്ചു പീഡിപ്പിക്കയും അരുതു. യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും. കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു. നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കണിയിൽ അകപ്പെടുവാനും സംഗതി വരരുതു. നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന്നു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുതു. വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നതു എന്തിനു? നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിർ നീ മാറ്റരുതു. പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവൻ നില്ക്കയില്ല.

സദൃശവാക്യങ്ങൾ 22:17-29 സമകാലിക മലയാളവിവർത്തനം (MCV)

ജ്ഞാനിയുടെ സൂക്തങ്ങൾ സശ്രദ്ധം കേൾക്കുക; ഞാൻ ഉപദേശിക്കുന്നതിന് ഹൃദയം നൽകുക, കാരണം അവ നിന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നതും അധരങ്ങളിൽ ഒരുക്കിനിർത്തുന്നതും ആനന്ദകരം. നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്, ഞാൻ ഇന്നു നിന്നോട്, നിന്നോടുതന്നെ ഉപദേശിക്കുന്നു. ഞാൻ നിനക്കായി മുപ്പതു സൂക്തങ്ങൾ എഴുതിയിട്ടുണ്ട്, ഉപദേശത്തിന്റെയും പരിജ്ഞാനത്തിന്റെയും സൂക്തങ്ങൾതന്നെ, നീ സത്യസന്ധനായി, സത്യംമാത്രം സംസാരിക്കുന്നവൻ ആയിത്തീർന്ന് നീ സേവിക്കുന്നവർക്ക് സത്യസന്ധമായ മറുപടിനൽകേണ്ടതിനാണ് ഞാൻ ഈ സൂക്തങ്ങൾ നിനക്ക് എഴുതിയിട്ടുള്ളത്. ദരിദ്രർ നിസ്സഹായരായതിനാൽ അവരെ ചൂഷണംചെയ്യരുത് നിർധനരെ കോടതികയറ്റി തകർത്തുകളയരുത്, കാരണം അവരുടെ വ്യവഹാരം യഹോവ ഏറ്റെടുക്കുകയും അവരെ നശിപ്പിക്കുന്നവരെ നശിപ്പിക്കുകയുംതന്നെചെയ്യും. ക്ഷിപ്രകോപിയായ ഒരാളോട് സഖിത്വം അരുത്, പെട്ടെന്നു പ്രകോപിതരാകുന്നവരോട് അടുത്ത സൗഹൃദം സ്ഥാപിക്കുകയുമരുത്. അല്ലെങ്കിൽ നിങ്ങൾ അവരുടെ രീതികൾ അനുശീലിക്കുകയും നിങ്ങളെത്തന്നെ കെണിയിൽ വീഴ്ത്തുകയും ചെയ്യും. മറ്റൊരാൾക്കുവേണ്ടി ജാമ്യം നിൽക്കുകയോ അന്യർക്കുവേണ്ടി കൈയൊപ്പുചാർത്തുകയോ ചെയ്യരുത്; അത് അടച്ചുതീർക്കാൻ കഴിയാതെവന്നിട്ട്, നിങ്ങളുടെ കിടക്കപോലും നിങ്ങൾക്കടിയിൽനിന്നു വലിച്ചുമാറ്റപ്പെടും. നിങ്ങളുടെ പൂർവികർ സ്ഥാപിച്ചിരിക്കുന്ന പുരാതനമായ അതിർത്തിക്കല്ലു മാറ്റരുത്. തന്റെ തൊഴിലിൽ വൈദഗ്ദ്ധ്യമുള്ള ഒരാളിനെ നിങ്ങൾ കാണുന്നില്ലേ? അവർ രാജാക്കന്മാരെ സേവിക്കും കീഴുദ്യോഗസ്ഥന്മാർക്കുവേണ്ടി അവർ സേവനം അനുഷ്ഠിക്കുകയില്ലാതാനും.