THUFINGTE 22

22
1സൽപ്പേര് അമൂല്യസമ്പത്തിലും ആഗ്രഹിക്കത്തക്കത്.
സത്കീർത്തി വെള്ളിയെയും പൊന്നിനെയുംകാൾ മെച്ചം.
2ധനവാനും ദരിദ്രനും ഒരു കാര്യത്തിൽ തുല്യരാണ്.
അവരുടെ എല്ലാം സ്രഷ്ടാവ് സർവേശ്വരനാകുന്നു.
3വിവേകശാലി അനർഥം കണ്ട് ഒഴിഞ്ഞുമാറുന്നു,
അവിവേകി നേരെ ചെന്ന് അപകടത്തിൽപ്പെടുന്നു.
4വിനയത്തിനും ദൈവഭക്തിക്കും ലഭിക്കുന്ന പ്രതിഫലം,
ധനവും മാനവും ജീവനും ആകുന്നു.
5കുബുദ്ധിയുടെ മാർഗത്തിൽ മുള്ളും കെണിയും ഉണ്ട്;
സ്വയം കാക്കുന്നവൻ അവയിൽനിന്ന് അകന്നിരിക്കും.
6ബാല്യത്തിൽതന്നെ നടക്കേണ്ട വഴി അഭ്യസിപ്പിക്കുക,
അവൻ വൃദ്ധനായാലും അതിൽനിന്നു വ്യതിചലിക്കുകയില്ല.
7സമ്പന്നൻ ദരിദ്രനെ ഭരിക്കുന്നു;
കടം വാങ്ങുന്നവൻ കടം കൊടുക്കുന്നവന്റെ അടിമയാണ്.
8അനീതി വിതയ്‍ക്കുന്നവൻ അനർഥം കൊയ്യുന്നു.
അവന്റെ കോപത്തിന്റെ ശക്തി ക്ഷയിച്ചുപോകും.
9ഉദാരമനസ്കൻ അനുഗ്രഹിക്കപ്പെടും,
അവൻ തന്റെ ആഹാരം അഗതിയുമായി പങ്കിടുന്നുവല്ലോ.
10പരിഹാസിയെ പുറന്തള്ളുക;
അപ്പോൾ കലഹം അവസാനിക്കും;
ശണ്ഠയും നിന്ദയും നിലയ്‍ക്കും.
11ഹൃദയശുദ്ധി ആഗ്രഹിക്കുകയും ഹൃദ്യമായി സംസാരിക്കുകയും ചെയ്യുന്നവൻ
രാജാവിന്റെ സ്നേഹിതൻ ആകും.
12സർവേശ്വരൻ പരിജ്ഞാനം കാത്തു സൂക്ഷിക്കുന്നു,
അവിശ്വസ്തരുടെ വാക്കുകളെ അവിടുന്നു തകിടം മറിക്കുന്നു.
13വെളിയിൽ സിംഹമുണ്ട്;
വീഥിയിൽവച്ചു ഞാൻ കൊല്ലപ്പെടും എന്നു മടിയൻ പറയുന്നു.
14അഭിസാരികയുടെ വായ് അഗാധഗർത്തം;
സർവേശ്വരന്റെ കോപത്തിന് ഇരയായവർ അതിൽ വീഴും.
15ഭോഷത്തം ബാലമനസ്സിനെ മുറുകെപ്പിടിച്ചിരിക്കുന്നു;
ശിക്ഷണത്തിന്റെ വടി അതിനെ അവനിൽ നിന്ന് അകറ്റുന്നു.
16സമ്പത്തു വർധിപ്പിക്കാൻ എളിയവനെ പീഡിപ്പിക്കുന്നവനും
സമ്പന്നനു പാരിതോഷികം കൊടുക്കുന്നവനും ദരിദ്രനായിത്തീരും.
17ജ്ഞാനിയുടെ വാക്കു ശ്രദ്ധിച്ചു കേൾക്കുക,
ഞാൻ നല്‌കുന്ന വിജ്ഞാനത്തിൽ മനസ്സ് പതിപ്പിക്കുക.
18അത് ഉള്ളിൽ സംഗ്രഹിക്കുകയും യഥാവസരം പ്രയോഗിക്കുകയും ചെയ്യുന്നതു സന്തോഷകരമായിരിക്കും.
19നീ സർവേശ്വരനിൽ വിശ്വാസം അർപ്പിക്കാനാണ് ഇതെല്ലാം ഞാൻ നിന്നെ അറിയിക്കുന്നത്.
20ഇതാ, ഞാൻ നിനക്കു വിജ്ഞാനവും പ്രബോധനവും
അടങ്ങിയ മുപ്പത് സൂക്തങ്ങൾ എഴുതി വച്ചിരിക്കുന്നു.
21സത്യവും ശരിയുമായവ ഏതെന്ന് അവ നിന്നെ പഠിപ്പിക്കും.
അങ്ങനെ നിന്നെ അയച്ചവർക്ക് ശരിയായ ഉത്തരം നല്‌കാൻ നിനക്കു കഴിയും.
22നിസ്സഹായനായതുകൊണ്ടു ദരിദ്രനെ കവർച്ച ചെയ്യുകയോ,
വീട്ടുപടിക്കൽ വരുന്ന പാവപ്പെട്ടവനെ മർദിക്കുകയോ അരുത്.
23സർവേശ്വരൻ അവർക്കുവേണ്ടി വാദിക്കും;
അവരെ കൊള്ളയടിക്കുന്നവരുടെ ജീവൻ അപഹരിക്കും.
24കോപിഷ്ഠനോട് കൂട്ടുകൂടരുത്;
ഉഗ്രകോപിയോട് ഇടപെടരുത്.
25അങ്ങനെ നീ അവന്റെ വഴികൾ അനുകരിക്കാനും കെണിയിൽ കുടുങ്ങാനും ഇടവരരുത്.
26നീ അന്യനുവേണ്ടി ഉറപ്പുകൊടുക്കുകയോ കടത്തിനു ജാമ്യം നില്‌ക്കുകയോ അരുത്.
27കടം വീട്ടാൻ വകയില്ലാതായി കടക്കാർ
നിന്റെ കിടക്കപോലും എടുത്തുകൊണ്ടു പോകാൻ ഇടയാക്കുന്നതെന്തിന്?
28നിന്റെ പിതാക്കന്മാർ പണ്ടേ ഇട്ട അതിരു നീ മാറ്റരുത്;
29ജോലിയിൽ വിദഗ്ദ്ധനായവനെ നീ കാണുന്നുവോ?
അവനു രാജാക്കന്മാരുടെ മുമ്പിൽ സ്ഥാനം ലഭിക്കും.
സാധാരണക്കാരുടെ കൂടെ അവനു നില്‌ക്കേണ്ടിവരികയില്ല.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

THUFINGTE 22: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക