സദൃശവാക്യങ്ങൾ 20:11-17

സദൃശവാക്യങ്ങൾ 20:11-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ബാല്യത്തിലെ ക്രിയകളാൽ തന്നെ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്ന് അറിയാം. കേൾക്കുന്ന ചെവി, കാണുന്ന കണ്ണ്, ഇവ രണ്ടും യഹോവ ഉണ്ടാക്കി. ദരിദ്രനാകാതെയിരിക്കേണ്ടതിനു നിദ്രാപ്രിയനാകരുത്; നീ കണ്ണു തുറക്ക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും. വിലയ്ക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്നു പറയുന്നു; വാങ്ങി തന്റെ വഴിക്കു പോകുമ്പോഴോ അവൻ പ്രശംസിക്കുന്നു. പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം. അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; അന്യജാതിക്കാരനുവേണ്ടി ഉത്തരവാദി ആകുന്നവനോടു പണയം വാങ്ങുക. വ്യാജത്താൽ നേടിയ ആഹാരം മനുഷ്യനു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും.

സദൃശവാക്യങ്ങൾ 20:11-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിഷ്കളങ്കനും നീതിയുക്തനും ആണോ താൻ എന്ന് ഒരു ശിശുപോലും തന്റെ പ്രവർത്തനങ്ങളാൽ വെളിപ്പെടുത്തുന്നു. കേൾക്കാൻ ചെവിയും കാണാൻ കണ്ണും; ഇവ സൃഷ്‍ടിച്ചതു സർവേശ്വരനാണ്. ദരിദ്രനാകാതിരിക്കാൻ ഉറക്കപ്രിയനാകരുത്, നീ ജാഗരൂകനായിരിക്കുക; നിനക്കു വേണ്ടുവോളം ആഹാരം ലഭിക്കും. “ഇതു മോശം ഇതു മോശം” എന്നു വാങ്ങുമ്പോൾ പറയും; വാങ്ങിക്കൊണ്ടു പോകുമ്പോൾ അവൻ സ്വയം പ്രശംസിക്കും. സ്വർണവും വിലയേറിയ നിരവധി രത്നങ്ങളുമുണ്ട്; എന്നാൽ ജ്ഞാനവചസ്സ് അമൂല്യമായ രത്നം. അപരിചിതനുവേണ്ടി ജാമ്യം നില്‌ക്കുന്നവന്റെ വസ്ത്രം കൈവശപ്പെടുത്തുക. പരദേശിക്കു ജാമ്യം നില്‌ക്കുന്നവനോടു പണയം വാങ്ങിക്കൊള്ളുക. വഞ്ചനകൊണ്ടു നേടിയ ആഹാരം മനുഷ്യനു രുചികരം, പിന്നീടാകട്ടെ, അയാളുടെ വായ്‍ക്ക് അതു ചരൽപോലെയാകുന്നു.

സദൃശവാക്യങ്ങൾ 20:11-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ബാല്യത്തിലെ ക്രിയകളാൽ തന്നെ ഒരുവന്‍റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതും ആകുമോ എന്നു അറിയാം. കേൾക്കുന്ന ചെവി, കാണുന്ന കണ്ണ്, ഇവ രണ്ടും യഹോവ ഉണ്ടാക്കി. ദരിദ്രനാകാതെയിരിക്കേണ്ടതിന് നിദ്രാപ്രിയനാകരുത്; നീ കണ്ണ് തുറക്കുക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും. വിലയ്ക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്നു പറയുന്നു; വാങ്ങി തന്‍റെ വഴിക്ക് പോകുമ്പോൾ അവൻ പ്രശംസിക്കുന്നു. പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങൾ വിലയേറിയ ആഭരണം. അന്യനുവേണ്ടി ജാമ്യം നില്‍ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊൾക; അന്യജാതിക്കാരനുവേണ്ടി ഉത്തരവാദി ആകുന്നവനോട് പണയം വാങ്ങുക. വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന് മധുരം; പിന്നത്തേതിൽ അവന്‍റെ വായിൽ ചരൽ നിറയും.

സദൃശവാക്യങ്ങൾ 20:11-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം. കേൾക്കുന്ന ചെവി, കാണുന്ന കണ്ണു, ഇവ രണ്ടും യഹോവ ഉണ്ടാക്കി. ദരിദ്രനാകാതെയിരിക്കേണ്ടതിന്നു നിദ്രാപ്രിയനാകരുതു; നീ കണ്ണു തുറക്ക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും. വിലെക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്നു പറയുന്നു; വാങ്ങി തന്റെ വഴിക്കു പോകുമ്പോഴോ അവൻ പ്രശംസിക്കുന്നു. പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം. അന്യന്നു വേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; അന്യജാതിക്കാരന്നു വേണ്ടി ഉത്തരവാദി ആകുന്നവനോടു പണയം വാങ്ങുക. വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും.

സദൃശവാക്യങ്ങൾ 20:11-17 സമകാലിക മലയാളവിവർത്തനം (MCV)

തങ്ങളുടെ സ്വഭാവം സംശുദ്ധവും യുക്തവും ആണോ എന്ന്, ചെറിയ കുട്ടികൾപോലും അവരുടെ പ്രവൃത്തികൾമൂലം വെളിപ്പെടുത്തുന്നു. കേൾക്കുന്നതിനുള്ള ചെവികളും കാണുന്നതിനുള്ള കണ്ണുകളും— ഇവ രണ്ടും യഹോവയുടെ നിർമിതി. ഉറക്കത്തെ പ്രണയിക്കരുത്, അങ്ങനെ നീ പാപ്പരായിത്തീരാതിരിക്കട്ടെ; ജാഗരൂകരായിരിക്കുക, അങ്ങനെയെങ്കിൽ നിനക്കു മിച്ചംവെക്കാനും ഭക്ഷണമുണ്ടാകും. “ഇതു നല്ലതല്ല, ഇതു നല്ലതല്ല!” എന്നു വാങ്ങുന്നവർ വിലപേശുന്നു— പിന്നെ വിലപേശിവാങ്ങിയതിനെക്കുറിച്ച് വീമ്പടിച്ചുകൊണ്ടു പോകുന്നു. സ്വർണമുണ്ട്, മാണിക്യങ്ങളും അനവധി, എന്നാൽ പരിജ്ഞാനം ഉരുവിടുന്ന അധരങ്ങൾ അത്യപൂർവമായ രത്നം. അപരിചിതർക്കുവേണ്ടി ജാമ്യം നിൽക്കുന്നവരുടെ വസ്ത്രം എടുത്തുകൊള്ളുക; അന്യർക്കുവേണ്ടിയാണ് കൈയൊപ്പുചാർത്തുന്നതെങ്കിൽ വസ്ത്രംതന്നെ പണയമായി വാങ്ങിക്കൊള്ളുക. വഞ്ചിച്ചു നേടിയ ആഹാരം സ്വാദുള്ളത്, എന്നാൽ അവസാനം അവരുടെ വായിൽ അതു ചരലായിത്തീരും.