സദൃശവാക്യങ്ങൾ 19:1-15

സദൃശവാക്യങ്ങൾ 19:1-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

വികടാധരം ഉള്ള മൂഢനെക്കാൾ പരമാർഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ. പരിജ്ഞാനമില്ലാത്ത മനസ്സ് നന്നല്ല; തത്രപ്പെട്ടു കാൽ വയ്ക്കുന്നവനോ പിഴച്ചുപോകുന്നു. മനുഷ്യന്റെ ഭോഷത്തം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു. സമ്പത്ത് സ്നേഹിതന്മാരെ വർധിപ്പിക്കുന്നു; എളിയവനോ കൂട്ടുകാരനോട് അകന്നിരിക്കുന്നു. കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവൻ ഒഴിഞ്ഞുപോകയുമില്ല. പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ. ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകയ്ക്കുന്നു; അവന്റെ സ്നേഹിതന്മാർ എത്ര അധികം അകന്നുനില്ക്കും? അവൻ വാക്ക് തിരയുമ്പോഴേക്ക് അവരെ കാൺമാനില്ല. ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും. കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവൻ നശിച്ചുപോകും. സുഖജീവനം ഭോഷനു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ കർത്തൃത്വം നടത്തുന്നതോ ദാസന് എങ്ങനെ? വിവേകബുദ്ധിയാൽ മനുഷ്യനു ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നത് അവനു ഭൂഷണം. രാജാവിന്റെ ക്രോധം സിംഹഗർജനത്തിനു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ. മൂഢനായ മകൻ അപ്പനു നിർഭാഗ്യം; ഭാര്യയുടെ കലമ്പൽ തീരാത്ത ചോർച്ചപോലെ. ഭവനവും സമ്പത്തും പിതാക്കന്മാർ വച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം. മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടിണികിടക്കും.

സദൃശവാക്യങ്ങൾ 19:1-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദുർഭാഷണം നടത്തുന്ന ഭോഷനിലും മെച്ചം സത്യസന്ധമായി ജീവിക്കുന്ന ദരിദ്രനാണ്. പരിജ്ഞാനമില്ലാതെ കഴിയുന്നതു നന്നല്ല; തിടുക്കം കൂട്ടുന്നവനു ചുവടു പിഴയ്‍ക്കും. ഭോഷത്തംകൊണ്ടു ചിലർ വിനാശം വരുത്തുന്നു, പിന്നീട് അവർ സർവേശ്വരനെതിരെ രോഷം കൊള്ളുന്നു. സമ്പത്ത് അനേകം സ്നേഹിതരെ ഉണ്ടാക്കുന്നു; എന്നാൽ ദരിദ്രനെ സ്നേഹിതർപോലും കൈവെടിയുന്നു. കള്ളസ്സാക്ഷിക്കു ശിക്ഷ ലഭിക്കാതിരിക്കയില്ല, വ്യാജം പറയുന്നവൻ രക്ഷപെടുകയും ഇല്ല. ഉദാരമനസ്കന്റെ പ്രീതി സമ്പാദിക്കാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന് എല്ലാവരും സ്നേഹിതന്മാരാണ്. ദരിദ്രന്റെ സഹോദരന്മാർപോലും അവനെ വെറുക്കുന്നു. അങ്ങനെയെങ്കിൽ സ്നേഹിതന്മാർ അവനോട് എത്രയധികം അകന്നു നില്‌ക്കും? നല്ല വാക്കുമായി പുറകേ ചെന്നാലും ആരും അവനോടു കൂടുകയില്ല. ജ്ഞാനം സമ്പാദിക്കുന്നവൻ തന്നെത്തന്നെ സ്നേഹിക്കുന്നു; വിവേകം പാലിക്കുന്നവന് ഐശ്വര്യം ഉണ്ടാകും. കള്ളസ്സാക്ഷിക്കു ശിക്ഷ ലഭിക്കാതിരിക്കുകയില്ല; വ്യാജം പറയുന്നവൻ നശിക്കും. ആഢംബരജീവിതം ഭോഷൻ അർഹിക്കുന്നില്ല. പ്രഭുക്കന്മാരെ ഭരിക്കാൻ അടിമയ്‍ക്ക് അത്രപോലും അർഹതയില്ല. വകതിരിവു ക്ഷിപ്രകോപം നിയന്ത്രിക്കും; അപരാധം പൊറുക്കുന്നതു ശ്രേയസ്കരം. രാജാവിന്റെ ഉഗ്രകോപം സിംഹഗർജനം പോലെയാണ്; എന്നാൽ അദ്ദേഹത്തിന്റെ പ്രസാദം പുൽക്കൊടിയിലെ മഞ്ഞുതുള്ളിപോലെ ആകുന്നു. മൂഢനായ മകൻ പിതാവിനു നാശം വരുത്തുന്നു; ഭാര്യയുടെ കലഹം നിലയ്‍ക്കാത്ത ചോർച്ചപോലെയാണ്; വീടും സമ്പത്തും പൈതൃകമായി ലഭിക്കുന്നു; വിവേകമുള്ള ഭാര്യയോ സർവേശ്വരന്റെ ദാനം. അലസത ഗാഢനിദ്രയിൽ ആഴ്ത്തുന്നു; മടിയൻ പട്ടിണി കിടക്കും.

സദൃശവാക്യങ്ങൾ 19:1-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

വികടാധരം ഉള്ള മൂഢനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ. പരിജ്ഞാനമില്ലാത്ത മനസ്സ് നല്ലതല്ല; തിടുക്കത്തോടെ ചുവട് വയ്ക്കുന്നവൻ തെറ്റിപ്പോകുന്നു. മനുഷ്യന്‍റെ ഭോഷത്തം അവന്‍റെ വഴിയെ മറിച്ചുകളയുന്നു; അവന്‍റെ ഹൃദയം യഹോവയോട് കോപിക്കുന്നു. സമ്പത്ത് സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു; എളിയവന്‍റെ കൂട്ടുകാരനോ അവനോട് അകന്നിരിക്കുന്നു. കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; ഭോഷ്ക്ക് പറയുന്നവൻ രക്ഷപെടുകയുമില്ല. പ്രഭുവിന്‍റെ പ്രീതി സമ്പാദിക്കുവാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ. ദരിദ്രന്‍റെ സഹോദരന്മാരെല്ലാം അവനെ പകക്കുന്നു; അവന്‍റെ സ്നേഹിതന്മാർ എത്രയധികം അകന്നുനില്ക്കും? അവൻ വാക്കുകൾ പറഞ്ഞ് അവരെ പിന്തുടർന്നാലും അവർ അവനെ ഉപേക്ഷിക്കുന്നു. ബുദ്ധി സമ്പാദിക്കുന്നവൻ തന്‍റെ പ്രാണനെ സ്നേഹിക്കുന്നു; വിവേകം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും. കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; ഭോഷ്ക്ക് പറയുന്നവൻ നശിച്ചുപോകും. സുഖജീവിതം ഭോഷന് യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ ദാസൻ എങ്ങനെ ഭരണം നടത്തും? വിവേകബുദ്ധിയാൽ മനുഷ്യന് ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നത് അവന് ഭൂഷണം. രാജാവിന്‍റെ ക്രോധം സിംഹഗർജ്ജനത്തിനു തുല്യം; അവന്‍റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ. മൂഢനായ മകൻ അപ്പന് നിർഭാഗ്യം; ഭാര്യയുടെ കലഹം തീരാത്ത ചോർച്ച പോലെ. ഭവനവും സമ്പത്തും പിതാക്കന്മാരിൽനിന്ന് ലഭിക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം. മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടിണികിടക്കും.

സദൃശവാക്യങ്ങൾ 19:1-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

വികടാധരം ഉള്ള മൂഢനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ. പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല; തത്രപ്പെട്ടു കാൽ വെക്കുന്നവനോ പിഴെച്ചുപോകുന്നു. മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു. സമ്പത്തു സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു; എളിയവനോ കൂട്ടുകാരനോടു അകന്നിരിക്കുന്നു. കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവൻ ഒഴിഞ്ഞുപോകയുമില്ല. പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതൻ. ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകെക്കുന്നു; അവന്റെ സ്നേഹിതന്മാർ എത്ര അധികം അകന്നുനില്ക്കും? അവൻ വാക്കു തിരയുമ്പോഴേക്കു അവരെ കാണ്മാനില്ല. ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും. കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവൻ നശിച്ചുപോകും. സുഖജീവനം ഭോഷന്നു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ കർത്തൃത്വം നടത്തുന്നതോ ദാസന്നു എങ്ങനെ? വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം. രാജാവിന്റെ ക്രോധം സിംഹഗർജ്ജനത്തിന്നു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ. മൂഢനായ മകൻ അപ്പന്നു നിർഭാഗ്യം; ഭാര്യയുടെ കലമ്പൽ തീരാത്ത ചോർച്ച പോലെ. ഭവനവും സമ്പത്തും പിതാക്കന്മാർ വെച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം. മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടണികിടക്കും.

സദൃശവാക്യങ്ങൾ 19:1-15 സമകാലിക മലയാളവിവർത്തനം (MCV)

വഞ്ചനാപരമായി സംസാരിക്കുന്ന ഭോഷരെക്കാൾ പരമാർഥതയോടെ ജീവിക്കുന്ന ദരിദ്രർ എത്ര നല്ലവർ. പരിജ്ഞാനമില്ലാതെ ആവേശംകാണിക്കുന്നതു നല്ലതല്ല, തിടുക്കത്തോടെ ചുവടുകൾവെക്കുന്നവർക്കു വഴിതെറ്റുന്നു. ഒരു മനുഷ്യന്റെ മൗഢ്യം അയാളെ നാശത്തിലേക്കു നയിക്കുന്നു, എന്നിട്ടും അയാളുടെ ഹൃദയം യഹോവയ്ക്കെതിരേ രോഷാകുലമാകുന്നു. സമ്പത്ത് ധാരാളം സുഹൃത്തുക്കളെ കൊണ്ടുവരുന്നു, എന്നാൽ ദാരിദ്ര്യം ഉറ്റസുഹൃത്തുക്കളെപ്പോലും അകറ്റുന്നു. കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല, വ്യാജം പറഞ്ഞുഫലിപ്പിക്കുന്നവർ രക്ഷപ്പെടുകയുമില്ല. ഭരണകർത്താക്കളുടെ പ്രീതിക്കായി ധാരാളമാളുകൾ ശ്രമിക്കുന്നു, എല്ലാവരും ദാനശീലരുടെ സുഹൃത്തുക്കളുമാകുന്നു. ദരിദ്രരുടെ ബന്ധുക്കളെല്ലാം അവരെ ഒഴിവാക്കുന്നു— അവരുടെ സുഹൃത്തുക്കൾ അവരുമായി അകലംപാലിക്കാൻ എത്രയധികം ശ്രമിക്കും! ദരിദ്രർ അവരോടു കേണപേക്ഷിക്കും എന്നാൽ അവർ പ്രതികരിക്കുകപോലുമില്ല. ജ്ഞാനം ആർജിക്കുന്നവർ തന്റെ ജീവനെ സ്നേഹിക്കുന്നു; വിവേകത്തെ പരിപോഷിപ്പിക്കുന്നവർ അഭിവൃദ്ധിനേടും. കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല, വ്യാജം പറഞ്ഞുഫലിപ്പിക്കുന്നവർ നശിച്ചുപോകും. ആഡംബരജീവിതം ഭോഷർക്കു യോജിച്ചതല്ല— രാജകുമാരന്മാരെ ഒരടിമ ഭരിക്കുന്നത് അതിലെത്രയോ അനഭികാമ്യം! ഒരാളുടെ ജ്ഞാനം അയാൾക്കു ക്ഷമാശീലം നൽകുന്നു; അതിക്രമത്തെ അവഗണിക്കുന്നതിലൂടെ അയാൾ ആദരവുനേടുന്നു. രാജക്രോധം സിംഹഗർജനംപോലെയാണ്, എന്നാൽ അവിടത്തെ പ്രസാദം പുൽപ്പുറത്തെ തുഷാരബിന്ദുപോലെയും. ഒരു ഭോഷസന്താനം പിതാവിന്റെ നാശം; കലഹപ്രിയയായ ഭാര്യയോ, നിലയ്ക്കാത്ത ചോർച്ചപോലെയും. വീടുകളും ധനവും പൈതൃകസ്വത്തായി ലഭിക്കുന്ന ഓഹരി, എന്നാൽ വിവേകമതിയായ ഭാര്യ യഹോവയുടെ ദാനം. അലസത ഗാഢനിദ്ര വരുത്തുന്നു, മടിയൻ വിശന്നുനടക്കുകയും ചെയ്യുന്നു.