സദൃശവാക്യങ്ങൾ 19

19
1വഞ്ചനാപരമായി സംസാരിക്കുന്ന ഭോഷരെക്കാൾ
പരമാർഥതയോടെ ജീവിക്കുന്ന ദരിദ്രർ എത്ര നല്ലവർ.
2പരിജ്ഞാനമില്ലാതെ ആവേശംകാണിക്കുന്നതു നല്ലതല്ല,
തിടുക്കത്തോടെ ചുവടുകൾവെക്കുന്നവർക്കു വഴിതെറ്റുന്നു.
3ഒരു മനുഷ്യന്റെ മൗഢ്യം അയാളെ നാശത്തിലേക്കു നയിക്കുന്നു,
എന്നിട്ടും അയാളുടെ ഹൃദയം യഹോവയ്ക്കെതിരേ രോഷാകുലമാകുന്നു.
4സമ്പത്ത് ധാരാളം സുഹൃത്തുക്കളെ കൊണ്ടുവരുന്നു,
എന്നാൽ ദാരിദ്ര്യം ഉറ്റസുഹൃത്തുക്കളെപ്പോലും അകറ്റുന്നു.
5കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല,
വ്യാജം പറഞ്ഞുഫലിപ്പിക്കുന്നവർ രക്ഷപ്പെടുകയുമില്ല.
6ഭരണകർത്താക്കളുടെ പ്രീതിക്കായി ധാരാളമാളുകൾ ശ്രമിക്കുന്നു,
എല്ലാവരും ദാനശീലരുടെ സുഹൃത്തുക്കളുമാകുന്നു.
7ദരിദ്രരുടെ ബന്ധുക്കളെല്ലാം അവരെ ഒഴിവാക്കുന്നു—
അവരുടെ സുഹൃത്തുക്കൾ അവരുമായി അകലംപാലിക്കാൻ എത്രയധികം ശ്രമിക്കും!
ദരിദ്രർ അവരോടു കേണപേക്ഷിക്കും
എന്നാൽ അവർ പ്രതികരിക്കുകപോലുമില്ല.#19:7 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.
8ജ്ഞാനം ആർജിക്കുന്നവർ തന്റെ ജീവനെ സ്നേഹിക്കുന്നു;
വിവേകത്തെ പരിപോഷിപ്പിക്കുന്നവർ അഭിവൃദ്ധിനേടും.
9കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല,
വ്യാജം പറഞ്ഞുഫലിപ്പിക്കുന്നവർ നശിച്ചുപോകും.
10ആഡംബരജീവിതം ഭോഷർക്കു യോജിച്ചതല്ല—
രാജകുമാരന്മാരെ ഒരടിമ ഭരിക്കുന്നത് അതിലെത്രയോ അനഭികാമ്യം!
11ഒരാളുടെ ജ്ഞാനം അയാൾക്കു ക്ഷമാശീലം നൽകുന്നു;
അതിക്രമത്തെ അവഗണിക്കുന്നതിലൂടെ അയാൾ ആദരവുനേടുന്നു.
12രാജക്രോധം സിംഹഗർജനംപോലെയാണ്,
എന്നാൽ അവിടത്തെ പ്രസാദം പുൽപ്പുറത്തെ തുഷാരബിന്ദുപോലെയും.
13ഒരു ഭോഷസന്താനം പിതാവിന്റെ നാശം;
കലഹപ്രിയയായ ഭാര്യയോ,
നിലയ്ക്കാത്ത ചോർച്ചപോലെയും.
14വീടുകളും ധനവും പൈതൃകസ്വത്തായി ലഭിക്കുന്ന ഓഹരി,
എന്നാൽ വിവേകമതിയായ ഭാര്യ യഹോവയുടെ ദാനം.
15അലസത ഗാഢനിദ്ര വരുത്തുന്നു,
മടിയൻ വിശന്നുനടക്കുകയും ചെയ്യുന്നു.
16കൽപ്പനകൾ പ്രമാണിക്കുന്നവർ തങ്ങളുടെ ജീവൻ സൂക്ഷിക്കുന്നു,
എന്നാൽ അവയെ അവഗണിക്കുന്നവർ മരിക്കും.
17ദരിദ്രരോടു ദയകാണിക്കുന്നവർ യഹോവയ്ക്കു വായ്പകൊടുക്കുന്നു,
അവരുടെ പ്രവൃത്തികൾക്ക് അവിടന്ന് പ്രതിഫലംനൽകും.
18പ്രതീക്ഷയുള്ളിടത്തോളം നിന്റെ മക്കളെ ശിക്ഷണത്തിൽ വളർത്തുക;
അവർ നശിച്ചുപോകട്ടെയെന്ന് ആഗ്രഹിക്കരുത്.
19ക്ഷിപ്രകോപിയായ മനുഷ്യൻ പിഴയൊടുക്കേണ്ടിവരും;
ഒരിക്കൽ നിങ്ങൾ അയാളെ സഹായിച്ചാൽ, നിങ്ങൾക്കത് ആവർത്തിക്കേണ്ടതായിവരും.
20ഉപദേശം ശ്രദ്ധിക്കുകയും ശിക്ഷണം അംഗീകരിക്കുകയും ചെയ്യുക,
അങ്ങനെ ശിഷ്ടകാലം നിങ്ങൾക്കു ജ്ഞാനിയായി ജീവിക്കാൻ കഴിയും.
21മനുഷ്യന്റെ ഹൃദയത്തിൽ നിരവധി പദ്ധതികളുണ്ട്,
എന്നാൽ യഹോവയുടെ തീരുമാനങ്ങൾമാത്രം നടപ്പിലാകുന്നു.
22ഒരു മനുഷ്യനിൽ അഭികാമ്യമായിട്ടുള്ളത് കരുണയാണ്;
നുണപറയുന്നവരായിരിക്കുന്നതിലും, ദരിദ്രരായിരിക്കുന്നതാണ് നല്ലത്.
23യഹോവാഭക്തി ജീവനിലേക്കു നയിക്കുന്നു;
അപ്പോൾ അവർ വിപത്തൊഴിഞ്ഞ് സംതൃപ്തരായി വിശ്രമിക്കും.
24അലസർ ഭക്ഷണപാത്രത്തിൽ കൈ പൂഴ്ത്തുന്നു;
അവർ അതു തിരികെ തന്റെ വായിലേക്ക് അടുപ്പിക്കുകപോലുമില്ല!
25ഒരു പരിഹാസിയെ അടിക്കുക, അങ്ങനെ ലളിതമാനസർ വിവേകം അഭ്യസിക്കും;
വിവേകിയെ ശാസിക്കുക, അവർ പരിജ്ഞാനം നേടും.
26സ്വപിതാവിനെ കൊള്ളയടിക്കുകയും മാതാവിനെ അടിച്ചോടിക്കുകയും ചെയ്യുന്നവർ
മാനഹാനിക്ക് ഇരയാകും.
27എന്റെ കുഞ്ഞേ, എന്റെ ഉപദേശങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ,
പരിജ്ഞാനത്തിന്റെ വാക്കുകളിൽനിന്ന് നീ അലഞ്ഞുതിരിയേണ്ടിവരും.
28അഴിമതിക്കു കൂട്ടുനിൽക്കുന്ന സാക്ഷി നീതിയെ അവഹേളിക്കുന്നു,
ദുഷ്ടരുടെ വായ് അന്യായത്തെ വിഴുങ്ങുന്നു.
29പരിഹാസിക്കു ന്യായവിധിയും
ഭോഷരുടെ മുതുകിനു പ്രഹരവും ഒരുക്കിയിരിക്കുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സദൃശവാക്യങ്ങൾ 19: MCV

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക