സദൃശവാക്യങ്ങൾ 15:16-33

സദൃശവാക്യങ്ങൾ 15:16-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാൾ യഹോവാഭക്തിയോടുകൂടെ അല്പ ധനം ഉള്ളതു നന്നു. ദ്വേഷമുള്ളേടത്തെ തടിച്ച കാളയെക്കാൾ സേഹമുള്ളേടത്തെ ശാകഭോജനം നല്ലത്. ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; ദീർഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു. മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ. ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു. ഭോഷത്വം ബുദ്ധിഹീനനു സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു. ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെപോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു. താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യനു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്ക് എത്ര മനോഹരം! ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും. അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും; വിധവയുടെ അതിരോ അവൻ ഉറപ്പിക്കും. ദുരുപായങ്ങൾ യഹോവയ്ക്കു വെറുപ്പ്; ദയാവാക്കോ നിർമ്മലം. ദുരാഗ്രഹി തന്റെ ഭവനത്തെ വലയ്ക്കുന്നു; കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും. നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു. യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാർഥനയോ അവൻ കേൾക്കുന്നു. കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു. ജീവാർഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മധ്യേ വസിക്കും. പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു. യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിനു വിനയം മുന്നോടിയാകുന്നു.

സദൃശവാക്യങ്ങൾ 15:16-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അനർഥങ്ങളോടുകൂടിയ ഏറിയ സമ്പത്തിനെക്കാൾ മെച്ചം ദൈവഭക്തിയോടുകൂടിയ അല്പംകൊണ്ടു കഴിയുന്നതാണ്. വിദ്വേഷത്തോടുകൂടിയ മാംസഭോജ്യത്തെക്കാൾ സ്നേഹത്തോടുകൂടിയ സസ്യഭോജനമത്രേ ശ്രേഷ്ഠം. കോപശീലൻ കലഹം ഇളക്കിവിടുന്നു; ക്ഷമാശീലൻ അതു ശമിപ്പിക്കുന്നു. അലസന്റെ മാർഗം മുൾച്ചെടികൾകൊണ്ടു നിറഞ്ഞത്; നീതിമാന്റെ മാർഗമോ നിരപ്പുള്ള രാജപാത; ജ്ഞാനമുള്ള മകൻ പിതാവിനെ സന്തോഷിപ്പിക്കും; മൂഢനാകട്ടെ മാതാവിനെ നിന്ദിക്കുന്നു. ഭോഷത്തം ബുദ്ധിഹീനന് ആഹ്ലാദമാകുന്നു; വിവേകി നേർവഴിയിൽ നടക്കുന്നു. സദുപദേശം ഇല്ലെങ്കിൽ പദ്ധതികൾ പാളിപ്പോകും; ഉപദേഷ്ടാക്കളുടെ ബഹുത്വത്താൽ അവ വിജയിക്കും. ഉചിതമായ മറുപടി നല്‌കുക സന്തോഷകരമത്രേ, അവസരോചിതമായ വാക്ക് എത്ര നല്ലത്. ജ്ഞാനിയുടെ പാത ഉയർന്ന് ജീവനിലേക്കു നയിക്കുന്നു; അവൻ താഴെയുള്ള പാതാളത്തെ ഒഴിഞ്ഞുപോകുന്നു. അഹങ്കാരിയുടെ ഭവനം സർവേശ്വരൻ പൊളിച്ചുകളയും, വിധവയുടെ അതിരുകൾ അവിടുന്നു സംരക്ഷിക്കുന്നു. ദുർജനങ്ങളുടെ വിചാരങ്ങൾ സർവേശ്വരൻ വെറുക്കുന്നു; സജ്ജനത്തിന്റെ വാക്കുകൾ അവിടുത്തേക്കു പ്രസാദകരം. അന്യായലാഭം ഇച്ഛിക്കുന്നവൻ സ്വന്തഭവനത്തിനു ദ്രോഹം വരുത്തും; കൈക്കൂലി വെറുക്കുന്നവൻ ജീവിച്ചിരിക്കും. നീതിമാൻ ആലോചിച്ച് ഉചിതമായ ഉത്തരം നല്‌കുന്നു ദുഷ്ടന്മാരോ ദുഷ്ടത പ്രവർത്തിക്കുന്നു. സർവേശ്വരൻ ദുർജനത്തിൽനിന്ന് അകന്നിരിക്കുന്നു; നീതിമാന്റെ പ്രാർഥന അവിടുന്നു കേൾക്കുന്നു. കണ്ണിന്റെ പ്രകാശം ഹൃദയത്തെ ആനന്ദിപ്പിക്കുന്നു; സദ്‍വാർത്ത അസ്ഥികൾക്ക് ഉന്മേഷം പകരുന്നു; ജീവദായകമായ ശാസന കേൾക്കുന്നവൻ ജ്ഞാനികളുടെ ഇടയിൽ വസിക്കും. പ്രബോധനം അവഗണിക്കുന്നവൻ തന്നെത്തന്നെ അവഗണിക്കുന്നു. ശാസന കേൾക്കുന്നവനോ വിവേകം നേടുന്നു. ദൈവഭക്തി ജ്ഞാനലബ്ധിക്കുള്ള ശിക്ഷണമാകുന്നു. വിനയം ബഹുമതിയുടെ മുന്നോടിയാകുന്നു.

സദൃശവാക്യങ്ങൾ 15:16-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ബഹു നിക്ഷേപവും അതിനോടുകൂടി കഷ്ടതയും ഉള്ളതിനെക്കാൾ യഹോവാഭക്തിയോടുകൂടി അല്പധനം ഉള്ളത് നന്ന്. വിദ്വേഷമുള്ളേടത്തെ തടിപ്പിച്ച കാളയെക്കാൾ സ്നേഹമുള്ളേടത്തെ സസ്യഭോജനം നല്ലത്. ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു. മടിയന്‍റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ. ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു. ഭോഷത്തം ബുദ്ധിഹീനന് സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു. ആലോചന ഇല്ലാതിരുന്നാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താൽ അവ സാധിക്കുന്നു. താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും; തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം! ബുദ്ധിമാന്‍റെ ജീവയാത്ര ഉയരത്തിലേക്കാകുന്നു; കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും. അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും; വിധവയുടെ അതിര്‍ അവിടുന്ന് ഉറപ്പിക്കും. ദുരുപായങ്ങൾ യഹോവയ്ക്ക് വെറുപ്പ്; ദയാവാക്കോ നിർമ്മലം. ദുരാഗ്രഹി തന്‍റെ ഭവനത്തെ വലയ്ക്കുന്നു; കോഴ വെറുക്കുന്നവൻ ജീവിച്ചിരിക്കും. നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായ് ദോഷങ്ങൾ വർഷിക്കുന്നു. യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു. പുഞ്ചിരിക്കുന്ന മുഖം ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വർത്തമാനം ശരീരത്തെ തണുപ്പിക്കുന്നു. ജീവദായകമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും. പ്രബോധനം ത്യജിക്കുന്നവൻ തന്‍റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടു അനുസരിക്കുന്നവൻ വിവേകം സമ്പാദിക്കുന്നു. യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന് വിനയം മുന്നോടിയാകുന്നു.

സദൃശവാക്യങ്ങൾ 15:16-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാൾ യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു. ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാൾ സ്നേഹമുള്ളെടത്തെ ശാകഭോജനം നല്ലതു. ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; ദീർഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു. മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നേ. ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു. ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു. ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു. താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം! ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും. അഹങ്കാരിയുടെ വീടു യഹോവ പൊളിച്ചുകളയും; വിധവയുടെ അതിരോ അവൻ ഉറപ്പിക്കും. ദുരുപായങ്ങൾ യഹോവെക്കു വെറുപ്പു; ദയാവാക്കോ നിർമ്മലം. ദുരാഗ്രഹി തന്റെ ഭവനത്തെ വലെക്കുന്നു; കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും. നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു. യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു. കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു. ജീവാർത്ഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും. പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു. യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന്നു വിനയം മുന്നോടിയാകുന്നു.

സദൃശവാക്യങ്ങൾ 15:16-33 സമകാലിക മലയാളവിവർത്തനം (MCV)

യഹോവാഭക്തിയോടുകൂടെയുള്ള അൽപ്പധനമാണ്, കഷ്ടതയോടുകൂടെയുള്ള ബഹുനിക്ഷേപത്തെക്കാൾ നല്ലത്. സ്നേഹപൂർവം വിളമ്പുന്ന സസ്യാഹാരമാണ്, വിദ്വേഷത്തോടെ വിളമ്പുന്ന തടിച്ചുകൊഴുത്ത പശുക്കിടാവിന്റെ മാംസത്തെക്കാൾ ഭേദം. ക്ഷിപ്രകോപിയായ മനുഷ്യൻ കലഹത്തിനു തുടക്കംകുറിക്കുന്നു, എന്നാൽ ക്ഷമാശീലൻ കലഹത്തെ ശമിപ്പിക്കുന്നു. അലസരുടെ വഴി മുള്ളുകളാൽ തടസ്സപ്പെടുന്നു, എന്നാൽ നീതിനിഷ്ഠരുടെ മാർഗം രാജവീഥിയാണ്. ജ്ഞാനിയായ മകൻ തന്റെ പിതാവിന് ആനന്ദം പകരുന്നു, എന്നാൽ ഭോഷരായ മനുഷ്യർ തങ്ങളുടെ മാതാവിനെ നിന്ദിക്കുന്നു. വിവേകശൂന്യർക്കു മടയത്തരം ആനന്ദംനൽകുന്നു, എന്നാൽ വിവേകികൾ നേർവീഥിയിൽത്തന്നെ സഞ്ചരിക്കുന്നു. ബുദ്ധിയുപദേശത്തിന്റെ അഭാവംമൂലം പദ്ധതികൾ പരാജയപ്പെടുന്നു, എന്നാൽ നിരവധി വിദഗ്ധോപദേശം ലഭിച്ചാൽ അവ വിജയിക്കും. ഉചിതമായ ഉത്തരം ഏവർക്കും ആനന്ദംനൽകുന്നു; സന്ദർഭോചിതമായ ഒരു വാക്ക് എത്ര മനോഹരം! വിവേകിയുടെ ജീവിതപാത ഉയരങ്ങളിലേക്കു നയിക്കുന്നു അത് അവരെ പാതാളത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുന്നതു തടയും. അഹങ്കാരിയുടെ ഭവനം യഹോവ നശിപ്പിക്കും, എന്നാൽ അവിടന്ന് വിധവയുടെ അതിർത്തി സംരക്ഷിക്കും. ദുഷ്ടരുടെ ചിന്തകൾ യഹോവ വെറുക്കുന്നു, കനിവോലും വാക്കുകളോ, അവിടത്തേക്കു പ്രസാദം. അത്യാഗ്രഹം സ്വഭവനത്തെ നശിപ്പിക്കുന്നു, എന്നാൽ കൈക്കൂലി വെറുക്കുന്നവർ ഏറെനാൾ ജീവിക്കും. ഉത്തരം നൽകേണ്ടതെങ്ങനെയെന്ന് നീതിനിഷ്ഠരുടെ ഹൃദയം ആലോചിക്കുന്നു, എന്നാൽ ദുഷ്ടരുടെ വായിൽനിന്ന് തിന്മനിറഞ്ഞ വാക്കുകൾ വമിക്കുന്നു. യഹോവ ദുഷ്ടരിൽനിന്ന് അകന്നിരിക്കുന്നു, എന്നാൽ നീതിനിഷ്ഠരുടെ പ്രാർഥന അവിടന്നു കേൾക്കുന്നു. പ്രസന്നതയോടെയുള്ള ഒരു നോട്ടം ഹൃദയത്തിന് ആനന്ദം പകരുകയും സദ്വാർത്ത അസ്ഥികൾക്ക് ഉന്മേഷം പകരുകയുംചെയ്യുന്നു. ജീവദായകമായ ശാസന കേൾക്കുന്നവർ ജ്ഞാനികളുടെ മധ്യത്തിൽ സ്വസ്ഥനായിരിക്കുന്നു. ശിക്ഷണം നിരാകരിക്കുന്നവർ സ്വയനിന്ദയ്ക്ക് ഇരയാകുന്നു, എന്നാൽ ശാസന ശ്രദ്ധിക്കുന്നവർ വിവേകപൂർണനാണ്. യഹോവാഭക്തി ജ്ഞാനം അഭ്യസിപ്പിക്കുന്നു, വിനയം ബഹുമതിയുടെ മുന്നോടിയാണ്.