ഫിലിപ്പിയർ 4:4-20

ഫിലിപ്പിയർ 4:4-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു. നിങ്ങളുടെ സൗമ്യത സകല മനുഷ്യരും അറിയട്ടെ; കർത്താവ് വരുവാൻ അടുത്തിരിക്കുന്നു. ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്. എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും. ഒടുവിൽ സഹോദരന്മാരേ, സത്യമായത് ഒക്കെയും ഘനമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമ്മലമായത് ഒക്കെയും രമ്യമായത് ഒക്കെയും സൽക്കീർത്തിയായത് ഒക്കെയും സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊൾവിൻ. എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളത് പ്രവർത്തിപ്പിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും. നിങ്ങൾ പിന്നെയും എനിക്കുവേണ്ടി വിചാരിപ്പാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പേതന്നെ നിങ്ങൾക്കു വിചാരമുണ്ടായിരുന്നു. എങ്കിലും അവസരം കിട്ടിയില്ല. ബുദ്ധിമുട്ടു നിമിത്തമല്ല ഞാൻ പറയുന്നത്; ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ട്. താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്ക് അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ട് അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു. എങ്കിലും എന്റെ കഷ്ടതയിൽ നിങ്ങൾ കൂട്ടായ്മ കാണിച്ചത് നന്നായി. ഫിലിപ്പിയരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഞാൻ മക്കെദോന്യയിൽനിന്നു പുറപ്പെട്ടാറെ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചിലവു കാര്യത്തിൽ എന്നോടു കൂട്ടായ്മ കാണിച്ചില്ല എന്ന് നിങ്ങളും അറിയുന്നു. തെസ്സലൊനീക്യയിലും എന്റെ ബുദ്ധിമുട്ടു തീർപ്പാൻ നിങ്ങൾ ഒന്നുരണ്ടു വട്ടം അയച്ചുതന്നുവല്ലോ. ഞാൻ ദാനം ആഗ്രഹിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്ക് ഏറുന്ന ഫലം അത്രേ ആഗ്രഹിക്കുന്നത്. ഇപ്പോൾ എനിക്കു വേണ്ടുന്നത് എല്ലാം ഉണ്ട്; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങൾ അയച്ചുതന്നതു സൗരഭ്യവാസനയായി ദൈവത്തിനു പ്രസാദവും സുഗ്രാഹ്യവുമായ യാഗമായി എപ്പഫ്രൊദിത്തൊസിന്റെ കൈയാൽ ഞാൻ പ്രതിഗ്രഹിച്ചു തൃപ്തനായിരിക്കുന്നു. എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. നമ്മുടെ ദൈവവും പിതാവുമായവന് എന്നെന്നേക്കും മഹത്ത്വം. ആമേൻ.

ഫിലിപ്പിയർ 4:4-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങൾ എപ്പോഴും കർത്താവിൽ ആനന്ദിക്കുക; വീണ്ടും ഞാൻ പറയുന്നു, ആനന്ദിക്കുക. നിങ്ങളുടെ സൗമ്യമനോഭാവം എല്ലാവരും അറിയട്ടെ. ഇതാ, കർത്താവു വേഗം വരുന്നു. ഒന്നിനെക്കുറിച്ചും ആകുലചിത്തരാകേണ്ടതില്ല. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കൃതജ്ഞതാസ്തോത്രത്തോടുകൂടി പ്രാർഥനയിലൂടെയും വിനീതമായ അഭ്യർഥനയിലൂടെയും ദൈവത്തെ അറിയിക്കുക. അപ്പോൾ മനുഷ്യന്റെ എല്ലാ ധാരണാശക്തിക്കും അതീതമായ ദൈവത്തിന്റെ സമാധാനം, നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുയേശുവിൽ ലയിപ്പിച്ച് ഭദ്രമായി കാത്തുകൊള്ളും. അവസാനമായി സഹോദരരേ, സത്യമായും, വന്ദ്യമായും, നീതിയുക്തമായും, നിർമ്മലമായും, സുന്ദരമായും, ശ്രേഷ്ഠമായും, വിശിഷ്ടമായും, പ്രശംസാർഹമായും എന്തൊക്കെയുണ്ടോ, അവയെക്കുറിച്ചു ചിന്തിച്ചുകൊള്ളുക. എന്നിൽനിന്നു നിങ്ങൾ പഠിച്ചതും, സ്വീകരിച്ചതും, കേട്ടതും, എന്നിൽ നിങ്ങൾ കണ്ടതുമായ കാര്യങ്ങൾ ചെയ്യുക; അപ്പോൾ സമാധാനപ്രദനായ ദൈവം നിങ്ങളോടുകൂടി ഉണ്ടായിരിക്കും. എന്നെക്കുറിച്ചുള്ള നിങ്ങളുടെ താത്പര്യം ഇപ്പോഴും സജീവമായിരിക്കുന്നതിനാൽ കർത്താവിനോട് ഐക്യപ്പെട്ടുള്ള എന്റെ ജീവിതത്തിൽ ഞാൻ അത്യധികം ആനന്ദിക്കുന്നു. യഥാർഥത്തിൽ നിങ്ങൾ എന്നും എന്റെ കാര്യത്തിൽ തത്പരരായിരുന്നു. പക്ഷേ, നിങ്ങളുടെ താത്പര്യം പ്രകടിപ്പിക്കുവാനുള്ള അവസരം മുമ്പുണ്ടായിട്ടില്ല. എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടല്ല ഞാനിതു പറയുന്നത്. ഏതവസ്ഥയിലും സംതൃപ്തനായിരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്. സുഭിക്ഷതയിലും ദുർഭിക്ഷതയിലും കഴിയാൻ എനിക്കറിയാം. എന്നല്ല എല്ലാ സാഹചര്യങ്ങളിലും, വിഭവസമൃദ്ധിയെയും വിശപ്പിനെയും, ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും അഭിമുഖീകരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്. എന്നെ ശക്തനാക്കുന്നവൻ മുഖേന എല്ലാം ചെയ്യുവാൻ എനിക്കു കഴിയും. എന്നിരുന്നാലും എന്റെ പ്രയാസത്തിൽ പങ്കുചേർന്ന് നിങ്ങൾ എന്നോട് ഔദാര്യം കാട്ടിയിരിക്കുന്നു. ഫിലിപ്പിയിലെ സഹോദരരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഞാൻ മാസിഡോണിയയിൽനിന്നു പുറപ്പെട്ടപ്പോൾ നിങ്ങളല്ലാതെ മറ്റൊരു സഭയും വരവുചെലവു കാര്യങ്ങളിൽ എന്നോടു സഹകരിച്ചില്ലെന്നുള്ളത് നിങ്ങൾക്ക് അറിയാമല്ലോ. ഞാൻ തെസ്സലോനിക്യയിൽ ആയിരുന്നപ്പോൾപോലും, എന്റെ ആവശ്യങ്ങളിൽ നിങ്ങൾ എനിക്കു പലവട്ടം സഹായം എത്തിച്ചുതന്നു. ദാനം ഞാൻ ആഗ്രഹിക്കുന്നു എന്നു വിചാരിക്കരുത്. പിന്നെയോ, നിങ്ങളുടെ കണക്കിൽ വർധിച്ചുവരുന്ന പ്രതിഫലമത്രേ ഞാൻ ആഗ്രഹിക്കുന്നത്. എനിക്കു വേണ്ടതും അതിലധികവും ലഭിച്ചിരിക്കുന്നു. നിങ്ങൾ എപ്പഫ്രൊദിത്തോസിന്റെ കൈയിൽ കൊടുത്തയച്ച സംഭാവന സ്വീകരിച്ച് ഞാൻ സംതൃപ്തനായിരിക്കുന്നു. അതു ദൈവത്തിനു പ്രസാദകരവും സ്വീകാര്യവുമായ യാഗവും, സുരഭിലമായ നിവേദ്യവും ആകുന്നു. എന്റെ ദൈവം ക്രിസ്തുയേശുവിലൂടെ അവിടുത്തെ മഹത്ത്വത്തിന്റെ സമൃദ്ധിക്കൊത്തവണ്ണം നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റും. നമ്മുടെ പിതാവായ ദൈവത്തിന് എന്നെന്നേക്കും മഹത്ത്വം ഉണ്ടാകട്ടെ. ആമേൻ.

ഫിലിപ്പിയർ 4:4-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

കർത്താവിൽ എപ്പോഴും സന്തോഷിക്കുവിൻ; സന്തോഷിക്കുവിൻ എന്നു ഞാൻ പിന്നെയും പറയുന്നു. നിങ്ങളുടെ സൗമ്യത സകല മനുഷ്യരും അറിയട്ടെ; കർത്താവ് വരുവാൻ അടുത്തിരിക്കുന്നു. ഒന്നിനേക്കുറിച്ചും വിചാരപ്പെടരുത്; പ്രത്യുത, എല്ലാറ്റിലും പ്രാർത്ഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കട്ടെ. എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും. ഒടുവിൽ, സഹോദരന്മാരേ, സത്യമായത് ഒക്കെയും മാന്യമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമ്മലമായത് ഒക്കെയും ഹൃദ്യമായത് ഒക്കെയും സത്ക്കീർത്തിയായത് ഒക്കെയും സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊള്ളുവിൻ. എന്നോട് പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ള കാര്യങ്ങൾ പ്രവർത്തിക്കുവിൻ; എന്നാൽ സമാധാനത്തിന്‍റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും. നിങ്ങൾ പിന്നെയും എനിക്ക് വേണ്ടി വിചാരിക്കുവാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പെ തന്നെ നിങ്ങൾക്ക് വിചാരമുണ്ടായിരുന്നു. എങ്കിലും സഹായിക്കുവാൻ അവസരം കിട്ടിയില്ല. ആവശ്യം നിമിത്തമല്ല ഞാൻ പറയുന്നത്; എന്തെന്നാൽ ഏത് സാഹചര്യത്തിലും സംതൃപ്തിയോടിരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്. താഴ്ചയിൽ എങ്ങനെ ഇരിക്കേണം എന്നും സമൃദ്ധിയിൽ എങ്ങനെ ജീവിക്കണമെന്നും എനിക്കറിയാം; തൃപ്തനായിരിക്കുന്നതിൻ്റെയും വിശന്നിരിക്കുന്നതിൻ്റെയും സമൃദ്ധിയിൽ ഇരിക്കുന്നതിൻ്റെയും ബുദ്ധിമുട്ട് അനുഭവിക്കുന്നതിൻ്റെയും രഹസ്യം എന്തെന്ന് എല്ലാ സാഹചര്യങ്ങളിലും ഞാൻ പഠിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം എനിക്ക് എല്ലാം ചെയ്യുവാൻ കഴിയും. എങ്കിലും എന്‍റെ കഷ്ടതയിൽ നിങ്ങൾ കൂട്ടായ്മ കാണിച്ചത് നന്നായി. ഫിലിപ്പ്യരേ, സുവിശേഷഘോഷണത്തിൻ്റെ ആരംഭത്തിൽ ഞാൻ മക്കെദോന്യയിൽനിന്ന് പുറപ്പെട്ടപ്പോൾ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചെലവുകാര്യത്തിൽ എന്നോട് കൂട്ടായ്മ കാണിച്ചില്ല എന്നു നിങ്ങളും അറിയുന്നു. എന്തെന്നാൽ ഞാൻ തെസ്സലോനീക്യയിൽ ആയിരുന്നപ്പോൾ പോലും എന്‍റെ ആവശ്യങ്ങൾക്ക് നിങ്ങൾ ഒന്നിലധികം തവണ അയച്ചുതന്നുവല്ലോ. ഞാൻ ദാനം അന്വേഷിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്ക് ഏറുന്ന പ്രതിഫലം അത്രേ അന്വേഷിക്കുന്നത്. എന്നാൽ എനിക്ക് വേണ്ടുന്നത് എല്ലാം ഉണ്ട്; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങൾ അയച്ചുതന്നത് സൗരഭ്യവാസനയായി, ദൈവത്തിന് പ്രസാദമായ ഒരു സ്വീകാര്യയാഗമായി എപ്പഫ്രൊദിത്തൊസിൽനിന്ന് ഞാൻ സ്വീകരിച്ച് തൃപ്തനായിരിക്കുന്നു. എന്‍റെ ദൈവമോ നിങ്ങളുടെ ആവശ്യങ്ങളൊക്കെയും തന്‍റെ മഹത്വത്തിന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ നൽകിത്തരും. ഇപ്പോൾ നമ്മുടെ ദൈവവും പിതാവുമായവന് എന്നെന്നേക്കും മഹത്വം. ആമേൻ.

ഫിലിപ്പിയർ 4:4-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു. നിങ്ങളുടെ സൗമ്യത സകലമനുഷ്യരും അറിയട്ടെ; കർത്താവു വരുവാൻ അടുത്തിരിക്കുന്നു. ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയെയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും. ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവർത്തിപ്പിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും. നിങ്ങൾ പിന്നെയും എനിക്കു വേണ്ടി വിചാരിപ്പാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പെ തന്നേ നിങ്ങൾക്കു വിചാരമുണ്ടായിരുന്നു. എങ്കിലും അവസരം കിട്ടിയില്ല. ബുദ്ധിമുട്ടു നിമിത്തമല്ല ഞാൻ പറയുന്നതു; ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ടു. താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻമുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു. എങ്കിലും എന്റെ കഷ്ടതയിൽ നിങ്ങൾ കൂട്ടായ്മ കാണിച്ചതു നന്നായി. ഫിലിപ്പ്യരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഞാൻ മക്കെദൊന്യയിൽനിന്നു പുറപ്പെട്ടാറെ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചെലവുകാര്യത്തിൽ എന്നോടു കൂട്ടായ്മ കാണിച്ചില്ല എന്നു നിങ്ങളും അറിയുന്നു. തെസ്സലൊനീക്ക്യയിലും എന്റെ ബുദ്ധിമുട്ടു തീർപ്പാൻ നിങ്ങൾ ഒന്നു രണ്ടു വട്ടം അയച്ചുതന്നുവല്ലോ. ഞാൻ ദാനം ആഗ്രഹിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്കു ഏറുന്ന ഫലം അത്രേ ആഗ്രഹിക്കുന്നതു. ഇപ്പോൾ എനിക്കു വേണ്ടുന്നതു എല്ലാം ഉണ്ടു; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങൾ അയച്ചുതന്നതു സൗരഭ്യവാസനയായി ദൈവത്തിന്നു പ്രസാദവും സുഗ്രാഹ്യവുമായ യാഗമായി എപ്പഫ്രൊദിത്തൊസിന്റെ കയ്യാൽ ഞാൻ പ്രതിഗ്രഹിച്ചു തൃപ്തനായിരിക്കുന്നു. എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും. നമ്മുടെ ദൈവവും പിതാവുമായവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.

ഫിലിപ്പിയർ 4:4-20 സമകാലിക മലയാളവിവർത്തനം (MCV)

കർത്താവിൽ എപ്പോഴും ആനന്ദിക്കുക; ആനന്ദിക്കുക എന്നു ഞാൻ വീണ്ടും പറയുന്നു. നിങ്ങളുടെ ആർദ്രതയോടുകൂടിയ പെരുമാറ്റം സകലരും അറിയുമാറാകട്ടെ. കർത്താവിന്റെ വരവ് ആസന്നമായിരിക്കുന്നു. ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും. അവസാനമായി; സഹോദരങ്ങളേ, വിശ്വാസയോഗ്യവും ആദരണീയവും നീതിയുക്തവും നിർമലവും രമണീയവും അഭിനന്ദനാർഹവും ഇങ്ങനെയുള്ള ശ്രേഷ്ഠവും പ്രശംസാർഹവും ആയകാര്യങ്ങൾ വിചിന്തനം ചെയ്യുക. എന്നിൽനിന്ന് നിങ്ങൾ പഠിച്ചതും ഞാൻ നിങ്ങൾക്കു കൈമാറിയതും; നിങ്ങൾ കേട്ടതും ഞാൻ ചെയ്യുന്നതായി നിങ്ങൾ കണ്ടതുമായ വസ്തുതകളെല്ലാം പ്രായോഗികമാക്കുക. അങ്ങനെചെയ്താൽ സമാധാനദാതാവായ ദൈവം നിങ്ങളോടുകൂടെ നിവസിക്കും. വളരെ നാളുകൾക്കുശേഷം ഇപ്പോഴെന്നെ വീണ്ടും സഹായിക്കാൻ നിങ്ങളിലുണ്ടായ സന്മനസ്സിനായി ഞാൻ കർത്താവിൽ ഏറ്റവും ആനന്ദിക്കുന്നു, എന്നെ സഹായിക്കാനുള്ള സന്മനസ്സ് ഉണ്ടായിരുന്നു എങ്കിലും അതിനുള്ള അവസരം നിങ്ങൾക്കു ലഭിച്ചിരുന്നില്ല. എന്റെ ദുർഭിക്ഷത നിമിത്തമല്ല ഞാനിത് പറയുന്നത്. ഉള്ളതുകൊണ്ട് സംതൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. ദുർഭിക്ഷതയിൽ ആയിരിക്കാനും സുഭിക്ഷതയിൽ ആയിരിക്കാനും എനിക്കറിയാം. ഏതു സാഹചര്യത്തിൽ ജീവിക്കാനും; തൃപ്തനായിരിക്കാനും വിശന്നിരിക്കാനും സമൃദ്ധിയിലായിരിക്കാനും ദാരിദ്ര്യത്തിലായിരിക്കാനും എല്ലാ അവസ്ഥയിലും ജീവിക്കുന്നതിന്റെ രഹസ്യം ഞാൻ പരിശീലിച്ചിരിക്കുന്നു. എന്നെ ശാക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സർവവും ചെയ്യാൻ ഞാൻ പ്രാപ്തനായിരിക്കുന്നു. എന്നിട്ടും എന്റെ പ്രയാസങ്ങളിൽ നിങ്ങൾ എന്നെ സഹായിച്ചത് ശ്ലാഘനീയംതന്നെ. മാത്രമല്ല, ഫിലിപ്പിയരേ, ഞാൻ മക്കദോന്യയിൽനിന്ന് യാത്രതിരിച്ച് നിങ്ങൾക്കിടയിൽ സുവിശേഷം പ്രസംഗിച്ച ആദ്യനാളുകളിൽ, നിങ്ങളൊഴികെ മറ്റൊരു സഭയും സാമ്പത്തികകാര്യങ്ങളിൽ എന്നോടു പങ്കാളിത്തം കാണിച്ചില്ല എന്നു നിങ്ങൾക്കറിയാമല്ലോ. ഞാൻ തെസ്സലോനിക്യയിൽ ആയിരുന്നപ്പോൾ നിങ്ങൾ എന്റെ ആവശ്യങ്ങൾക്കായി ഒന്നുരണ്ടുതവണ സഹായം അയച്ചുതന്നു. സാമ്പത്തികസഹായം ലഭിക്കാൻ ഞാൻ കാത്തിരിക്കുന്നു എന്നല്ല; പിന്നെയോ, നിങ്ങളുടെ കണക്കിൽ പ്രതിഫലം വർധിക്കാൻ ആഗ്രഹിക്കുകയാണ്. എനിക്ക് ആവശ്യമായതും അതിലധികവും ഇപ്പോഴുണ്ട്. എപ്പഫ്രൊദിത്തൊസിന്റെ കൈവശം നിങ്ങൾ കൊടുത്തയച്ച സമ്മാനങ്ങൾ സ്വീകരിച്ച് ഞാൻ ഇപ്പോൾ സംതൃപ്തനായിരിക്കുന്നു. അവ ദൈവത്തിനു പ്രസാദകരവും സൗരഭ്യമുള്ളതുമായ വഴിപാടും യാഗവുമായിത്തീർന്നിരിക്കുന്നു. എന്റെ ദൈവം നിങ്ങളുടെ ആവശ്യങ്ങളെല്ലാം അവിടത്തെ മഹിമാധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ സമ്പൂർണമായി തീർത്തുതരും. നമ്മുടെ ദൈവമായ പിതാവിന്ന് എന്നെന്നേക്കും മഹത്ത്വം. ആമേൻ.

ഫിലിപ്പിയർ 4:4-20

ഫിലിപ്പിയർ 4:4-20 MALOVBSI