ഫിലി. 4
4
1അതുകൊണ്ട്, എന്‍റെ പ്രിയരും ഞാൻ കാണുവാൻ ആഗ്രഹിക്കുന്നവരുമായ സഹോദരന്മാരേ, എന്‍റെ സന്തോഷവും കിരീടവുമായുള്ളോരേ, പ്രിയമുള്ളവരേ, ഇങ്ങനെ കർത്താവിൽ ഉറച്ചുനിൽക്കുവിൻ.
പ്രബോധനം
2കർത്താവിൽ ഒരേ മനസ്സോടെയിരിക്കുവാൻ ഞാൻ യുവൊദ്യയെയോടും സുന്തുകയെയോടും പ്രബോധിപ്പിക്കുന്നു. 3സാക്ഷാൽ എന്‍റെ വിശ്വസ്തരായ കൂട്ടുവേലക്കാരേ, ആ സ്ത്രീകളെ സഹായിക്കേണം എന്നു ഞാൻ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തിൽ പേരുള്ള ക്ലേമന്ത് മുതലായ എന്‍റെ കൂട്ടുവേലക്കാരോടൊന്നിച്ച്, അവർ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ അദ്ധ്വാനിച്ചിരിക്കുന്നു.
4കർത്താവിൽ എപ്പോഴും സന്തോഷിക്കുവിൻ; സന്തോഷിക്കുവിൻ എന്നു ഞാൻ പിന്നെയും പറയുന്നു. 5നിങ്ങളുടെ സൗമ്യത സകല മനുഷ്യരും അറിയട്ടെ; കർത്താവ് വരുവാൻ അടുത്തിരിക്കുന്നു. 6ഒന്നിനേക്കുറിച്ചും വിചാരപ്പെടരുത്; പ്രത്യുത, എല്ലാറ്റിലും പ്രാർത്ഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കട്ടെ. 7എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.
8ഒടുവിൽ, സഹോദരന്മാരേ, സത്യമായത് ഒക്കെയും മാന്യമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമ്മലമായത് ഒക്കെയും ഹൃദ്യമായത് ഒക്കെയും സത്ക്കീർത്തിയായത് ഒക്കെയും സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊള്ളുവിൻ. 9എന്നോട് പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ള കാര്യങ്ങൾ പ്രവർത്തിക്കുവിൻ; എന്നാൽ സമാധാനത്തിന്‍റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.
ദാനത്തിനുള്ള നന്ദി
10നിങ്ങൾ പിന്നെയും എനിക്ക് വേണ്ടി വിചാരിക്കുവാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പെ തന്നെ നിങ്ങൾക്ക് വിചാരമുണ്ടായിരുന്നു. എങ്കിലും സഹായിക്കുവാൻ അവസരം കിട്ടിയില്ല. 11ആവശ്യം നിമിത്തമല്ല ഞാൻ പറയുന്നത്; എന്തെന്നാൽ ഏത് സാഹചര്യത്തിലും സംതൃപ്തിയോടിരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്. 12താഴ്ചയിൽ എങ്ങനെ ഇരിക്കേണം എന്നും സമൃദ്ധിയിൽ എങ്ങനെ ജീവിക്കണമെന്നും എനിക്കറിയാം; തൃപ്തനായിരിക്കുന്നതിൻ്റെയും വിശന്നിരിക്കുന്നതിൻ്റെയും സമൃദ്ധിയിൽ ഇരിക്കുന്നതിൻ്റെയും ബുദ്ധിമുട്ട് അനുഭവിക്കുന്നതിൻ്റെയും രഹസ്യം എന്തെന്ന് എല്ലാ സാഹചര്യങ്ങളിലും ഞാൻ പഠിച്ചിരിക്കുന്നു. 13എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം എനിക്ക് എല്ലാം ചെയ്യുവാൻ കഴിയും. 14എങ്കിലും എന്‍റെ കഷ്ടതയിൽ നിങ്ങൾ കൂട്ടായ്മ കാണിച്ചത് നന്നായി.
15ഫിലിപ്പ്യരേ, സുവിശേഷഘോഷണത്തിൻ്റെ ആരംഭത്തിൽ ഞാൻ മക്കെദോന്യയിൽനിന്ന് പുറപ്പെട്ടപ്പോൾ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചെലവുകാര്യത്തിൽ എന്നോട് കൂട്ടായ്മ കാണിച്ചില്ല എന്നു നിങ്ങളും അറിയുന്നു. 16എന്തെന്നാൽ ഞാൻ തെസ്സലോനീക്യയിൽ ആയിരുന്നപ്പോൾ പോലും എന്‍റെ ആവശ്യങ്ങൾക്ക് നിങ്ങൾ ഒന്നിലധികം തവണ അയച്ചുതന്നുവല്ലോ. 17ഞാൻ ദാനം അന്വേഷിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്ക് ഏറുന്ന പ്രതിഫലം അത്രേ അന്വേഷിക്കുന്നത്.
18എന്നാൽ എനിക്ക് വേണ്ടുന്നത് എല്ലാം ഉണ്ട്; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങൾ അയച്ചുതന്നത് സൗരഭ്യവാസനയായി, ദൈവത്തിന് പ്രസാദമായ ഒരു സ്വീകാര്യയാഗമായി എപ്പഫ്രൊദിത്തൊസിൽനിന്ന് ഞാൻ സ്വീകരിച്ച് തൃപ്തനായിരിക്കുന്നു. 19എന്‍റെ ദൈവമോ നിങ്ങളുടെ ആവശ്യങ്ങളൊക്കെയും തന്‍റെ മഹത്വത്തിന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ നൽകിത്തരും. 20ഇപ്പോൾ നമ്മുടെ ദൈവവും പിതാവുമായവന് എന്നെന്നേക്കും മഹത്വം. ആമേൻ.
അന്തിമ വന്ദനം
21ക്രിസ്തുയേശുവിലുള്ള ഓരോ വിശുദ്ധർക്കും വന്ദനം ചെയ്യുവിൻ. എന്നോടുകൂടെയുള്ള സഹോദരന്മാർ നിങ്ങളെ വന്ദനം ചെയ്യുന്നു. 22വിശുദ്ധന്മാർ എല്ലാവരും, വിശേഷാൽ കൈസരുടെ കൊട്ടാരത്തിലുള്ളവരും നിങ്ങളെ വന്ദനം ചെയ്യുന്നു.
23കർത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഫിലി. 4: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.