ഫിലിപ്പിയർ 4:1-13

ഫിലിപ്പിയർ 4:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതുകൊണ്ട് എന്റെ പ്രിയരും വാഞ്ഛിതരുമായ സഹോദരന്മാരേ, എന്റെ സന്തോഷവും കിരീടവുമായുള്ളോരേ, ഇങ്ങനെ കർത്താവിൽ നിലനില്പിൻ, പ്രിയമുള്ളവരേ. കർത്താവിൽ ഏകചിന്തയോടിരിപ്പാൻ ഞാൻ യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു. സാക്ഷാൽ ഇണയാളിയായുള്ളോവേ, അവർക്കു തുണ നില്ക്കേണം എന്ന് ഞാൻ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തിൽ പേരുള്ള ക്ലേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരുമായി ആ സ്ത്രീകൾ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ പോരാടിയിരിക്കുന്നു. കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു. നിങ്ങളുടെ സൗമ്യത സകല മനുഷ്യരും അറിയട്ടെ; കർത്താവ് വരുവാൻ അടുത്തിരിക്കുന്നു. ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്. എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും. ഒടുവിൽ സഹോദരന്മാരേ, സത്യമായത് ഒക്കെയും ഘനമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമ്മലമായത് ഒക്കെയും രമ്യമായത് ഒക്കെയും സൽക്കീർത്തിയായത് ഒക്കെയും സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊൾവിൻ. എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളത് പ്രവർത്തിപ്പിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും. നിങ്ങൾ പിന്നെയും എനിക്കുവേണ്ടി വിചാരിപ്പാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പേതന്നെ നിങ്ങൾക്കു വിചാരമുണ്ടായിരുന്നു. എങ്കിലും അവസരം കിട്ടിയില്ല. ബുദ്ധിമുട്ടു നിമിത്തമല്ല ഞാൻ പറയുന്നത്; ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ട്. താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്ക് അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ട് അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു.

ഫിലിപ്പിയർ 4:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതുകൊണ്ട്, എന്റെ സഹോദരരേ, നിങ്ങൾ എനിക്ക് എത്ര വാത്സല്യമുള്ളവരാണ്! നിങ്ങളെ കാണുവാൻ ഞാൻ എത്രകണ്ട് അഭിവാഞ്ഛിക്കുന്നു! എന്റെ സന്തോഷവും എന്റെ കിരീടവുമായ പ്രിയരേ, ഇങ്ങനെ നിങ്ങൾ കർത്താവിൽ ഉറച്ചുനില്‌ക്കുക. കർത്താവിൽ ഏകമനസ്സുള്ളവരായി വർത്തിക്കണമെന്ന് ഞാൻ യുവൊദ്യയോടും സുന്തുക്കയോടും അഭ്യർഥിക്കുന്നു. എന്റെ ആത്മസുഹൃത്തേ, ആ സ്‍ത്രീകളെ സഹായിക്കണമെന്ന് ഞാൻ നിന്നോടപേക്ഷിക്കുന്നു. ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ട ക്ലെമൻറിനോടും മറ്റു സഹപ്രവർത്തകരോടുംകൂടി, സുവിശേഷഘോഷണത്തിൽ എന്നോടൊത്ത് അധ്വാനിച്ചവരാണല്ലോ അവർ. നിങ്ങൾ എപ്പോഴും കർത്താവിൽ ആനന്ദിക്കുക; വീണ്ടും ഞാൻ പറയുന്നു, ആനന്ദിക്കുക. നിങ്ങളുടെ സൗമ്യമനോഭാവം എല്ലാവരും അറിയട്ടെ. ഇതാ, കർത്താവു വേഗം വരുന്നു. ഒന്നിനെക്കുറിച്ചും ആകുലചിത്തരാകേണ്ടതില്ല. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കൃതജ്ഞതാസ്തോത്രത്തോടുകൂടി പ്രാർഥനയിലൂടെയും വിനീതമായ അഭ്യർഥനയിലൂടെയും ദൈവത്തെ അറിയിക്കുക. അപ്പോൾ മനുഷ്യന്റെ എല്ലാ ധാരണാശക്തിക്കും അതീതമായ ദൈവത്തിന്റെ സമാധാനം, നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുയേശുവിൽ ലയിപ്പിച്ച് ഭദ്രമായി കാത്തുകൊള്ളും. അവസാനമായി സഹോദരരേ, സത്യമായും, വന്ദ്യമായും, നീതിയുക്തമായും, നിർമ്മലമായും, സുന്ദരമായും, ശ്രേഷ്ഠമായും, വിശിഷ്ടമായും, പ്രശംസാർഹമായും എന്തൊക്കെയുണ്ടോ, അവയെക്കുറിച്ചു ചിന്തിച്ചുകൊള്ളുക. എന്നിൽനിന്നു നിങ്ങൾ പഠിച്ചതും, സ്വീകരിച്ചതും, കേട്ടതും, എന്നിൽ നിങ്ങൾ കണ്ടതുമായ കാര്യങ്ങൾ ചെയ്യുക; അപ്പോൾ സമാധാനപ്രദനായ ദൈവം നിങ്ങളോടുകൂടി ഉണ്ടായിരിക്കും. എന്നെക്കുറിച്ചുള്ള നിങ്ങളുടെ താത്പര്യം ഇപ്പോഴും സജീവമായിരിക്കുന്നതിനാൽ കർത്താവിനോട് ഐക്യപ്പെട്ടുള്ള എന്റെ ജീവിതത്തിൽ ഞാൻ അത്യധികം ആനന്ദിക്കുന്നു. യഥാർഥത്തിൽ നിങ്ങൾ എന്നും എന്റെ കാര്യത്തിൽ തത്പരരായിരുന്നു. പക്ഷേ, നിങ്ങളുടെ താത്പര്യം പ്രകടിപ്പിക്കുവാനുള്ള അവസരം മുമ്പുണ്ടായിട്ടില്ല. എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടല്ല ഞാനിതു പറയുന്നത്. ഏതവസ്ഥയിലും സംതൃപ്തനായിരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്. സുഭിക്ഷതയിലും ദുർഭിക്ഷതയിലും കഴിയാൻ എനിക്കറിയാം. എന്നല്ല എല്ലാ സാഹചര്യങ്ങളിലും, വിഭവസമൃദ്ധിയെയും വിശപ്പിനെയും, ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും അഭിമുഖീകരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്. എന്നെ ശക്തനാക്കുന്നവൻ മുഖേന എല്ലാം ചെയ്യുവാൻ എനിക്കു കഴിയും.

ഫിലിപ്പിയർ 4:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അതുകൊണ്ട്, എന്‍റെ പ്രിയരും ഞാൻ കാണുവാൻ ആഗ്രഹിക്കുന്നവരുമായ സഹോദരന്മാരേ, എന്‍റെ സന്തോഷവും കിരീടവുമായുള്ളോരേ, പ്രിയമുള്ളവരേ, ഇങ്ങനെ കർത്താവിൽ ഉറച്ചുനിൽക്കുവിൻ. കർത്താവിൽ ഒരേ മനസ്സോടെയിരിക്കുവാൻ ഞാൻ യുവൊദ്യയെയോടും സുന്തുകയെയോടും പ്രബോധിപ്പിക്കുന്നു. സാക്ഷാൽ എന്‍റെ വിശ്വസ്തരായ കൂട്ടുവേലക്കാരേ, ആ സ്ത്രീകളെ സഹായിക്കേണം എന്നു ഞാൻ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തിൽ പേരുള്ള ക്ലേമന്ത് മുതലായ എന്‍റെ കൂട്ടുവേലക്കാരോടൊന്നിച്ച്, അവർ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ അദ്ധ്വാനിച്ചിരിക്കുന്നു. കർത്താവിൽ എപ്പോഴും സന്തോഷിക്കുവിൻ; സന്തോഷിക്കുവിൻ എന്നു ഞാൻ പിന്നെയും പറയുന്നു. നിങ്ങളുടെ സൗമ്യത സകല മനുഷ്യരും അറിയട്ടെ; കർത്താവ് വരുവാൻ അടുത്തിരിക്കുന്നു. ഒന്നിനേക്കുറിച്ചും വിചാരപ്പെടരുത്; പ്രത്യുത, എല്ലാറ്റിലും പ്രാർത്ഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കട്ടെ. എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും. ഒടുവിൽ, സഹോദരന്മാരേ, സത്യമായത് ഒക്കെയും മാന്യമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമ്മലമായത് ഒക്കെയും ഹൃദ്യമായത് ഒക്കെയും സത്ക്കീർത്തിയായത് ഒക്കെയും സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊള്ളുവിൻ. എന്നോട് പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ള കാര്യങ്ങൾ പ്രവർത്തിക്കുവിൻ; എന്നാൽ സമാധാനത്തിന്‍റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും. നിങ്ങൾ പിന്നെയും എനിക്ക് വേണ്ടി വിചാരിക്കുവാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പെ തന്നെ നിങ്ങൾക്ക് വിചാരമുണ്ടായിരുന്നു. എങ്കിലും സഹായിക്കുവാൻ അവസരം കിട്ടിയില്ല. ആവശ്യം നിമിത്തമല്ല ഞാൻ പറയുന്നത്; എന്തെന്നാൽ ഏത് സാഹചര്യത്തിലും സംതൃപ്തിയോടിരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്. താഴ്ചയിൽ എങ്ങനെ ഇരിക്കേണം എന്നും സമൃദ്ധിയിൽ എങ്ങനെ ജീവിക്കണമെന്നും എനിക്കറിയാം; തൃപ്തനായിരിക്കുന്നതിൻ്റെയും വിശന്നിരിക്കുന്നതിൻ്റെയും സമൃദ്ധിയിൽ ഇരിക്കുന്നതിൻ്റെയും ബുദ്ധിമുട്ട് അനുഭവിക്കുന്നതിൻ്റെയും രഹസ്യം എന്തെന്ന് എല്ലാ സാഹചര്യങ്ങളിലും ഞാൻ പഠിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം എനിക്ക് എല്ലാം ചെയ്യുവാൻ കഴിയും.

ഫിലിപ്പിയർ 4:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതുകൊണ്ടു എന്റെ പ്രിയരും വാഞ്ഛിതരുമായ സഹോദരന്മാരേ, എന്റെ സന്തോഷവും കിരീടവുമായുള്ളോരേ, ഇങ്ങനെ കർത്താവിൽ നിലനില്പിൻ, പ്രിയമുള്ളവരേ. കർത്താവിൽ ഏകചിന്തയോടിരിപ്പാൻ ഞാൻ യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു. സാക്ഷാൽ ഇണയാളിയായുള്ളോവേ, അവർക്കു തുണ നില്ക്കേണം എന്നു ഞാൻ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തിൽ പേരുള്ള ക്ലേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരുമായി ആ സ്ത്രീകൾ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ പോരാടിയിരിക്കുന്നു. കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു. നിങ്ങളുടെ സൗമ്യത സകലമനുഷ്യരും അറിയട്ടെ; കർത്താവു വരുവാൻ അടുത്തിരിക്കുന്നു. ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയെയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും. ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവർത്തിപ്പിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും. നിങ്ങൾ പിന്നെയും എനിക്കു വേണ്ടി വിചാരിപ്പാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പെ തന്നേ നിങ്ങൾക്കു വിചാരമുണ്ടായിരുന്നു. എങ്കിലും അവസരം കിട്ടിയില്ല. ബുദ്ധിമുട്ടു നിമിത്തമല്ല ഞാൻ പറയുന്നതു; ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ടു. താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻമുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.

ഫിലിപ്പിയർ 4:1-13 സമകാലിക മലയാളവിവർത്തനം (MCV)

അതുകൊണ്ട് എന്റെ പ്രിയരും ഞാൻ ഉൽക്കടമായി അഭിലഷിക്കുന്നവരുമായ സഹോദരങ്ങളേ, എന്റെ ആനന്ദവും മകുടവുമായ വത്സലരേ, കർത്താവിനോട് വിശ്വസ്തരായി ഇപ്രകാരംതന്നെ തുടരുക. യുവോദ്യയോടും ഞാൻ അപേക്ഷിക്കുന്നു, സുന്തുക്കയോടും അപേക്ഷിക്കുന്നു: നിങ്ങൾ കർത്താവിൽ ഏകഭാവമുള്ളവർ ആയിരിക്കുക. ജീവപുസ്തകത്തിൽ പേരുള്ള ക്ലെമന്റിനോടും മറ്റു സഹപ്രവർത്തകരോടുംകൂടെ സുവിശേഷഘോഷണത്തിൽ എന്നോടൊപ്പം പൊരുതിയ ഈ സഹോദരിമാരെ സഹായിക്കണേ എന്നാണ് എന്റെ വിശ്വസ്തസഹകാരിയായ നിന്നോട് ഞാൻ അപേക്ഷിക്കുന്നത്. കർത്താവിൽ എപ്പോഴും ആനന്ദിക്കുക; ആനന്ദിക്കുക എന്നു ഞാൻ വീണ്ടും പറയുന്നു. നിങ്ങളുടെ ആർദ്രതയോടുകൂടിയ പെരുമാറ്റം സകലരും അറിയുമാറാകട്ടെ. കർത്താവിന്റെ വരവ് ആസന്നമായിരിക്കുന്നു. ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും. അവസാനമായി; സഹോദരങ്ങളേ, വിശ്വാസയോഗ്യവും ആദരണീയവും നീതിയുക്തവും നിർമലവും രമണീയവും അഭിനന്ദനാർഹവും ഇങ്ങനെയുള്ള ശ്രേഷ്ഠവും പ്രശംസാർഹവും ആയകാര്യങ്ങൾ വിചിന്തനം ചെയ്യുക. എന്നിൽനിന്ന് നിങ്ങൾ പഠിച്ചതും ഞാൻ നിങ്ങൾക്കു കൈമാറിയതും; നിങ്ങൾ കേട്ടതും ഞാൻ ചെയ്യുന്നതായി നിങ്ങൾ കണ്ടതുമായ വസ്തുതകളെല്ലാം പ്രായോഗികമാക്കുക. അങ്ങനെചെയ്താൽ സമാധാനദാതാവായ ദൈവം നിങ്ങളോടുകൂടെ നിവസിക്കും. വളരെ നാളുകൾക്കുശേഷം ഇപ്പോഴെന്നെ വീണ്ടും സഹായിക്കാൻ നിങ്ങളിലുണ്ടായ സന്മനസ്സിനായി ഞാൻ കർത്താവിൽ ഏറ്റവും ആനന്ദിക്കുന്നു, എന്നെ സഹായിക്കാനുള്ള സന്മനസ്സ് ഉണ്ടായിരുന്നു എങ്കിലും അതിനുള്ള അവസരം നിങ്ങൾക്കു ലഭിച്ചിരുന്നില്ല. എന്റെ ദുർഭിക്ഷത നിമിത്തമല്ല ഞാനിത് പറയുന്നത്. ഉള്ളതുകൊണ്ട് സംതൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. ദുർഭിക്ഷതയിൽ ആയിരിക്കാനും സുഭിക്ഷതയിൽ ആയിരിക്കാനും എനിക്കറിയാം. ഏതു സാഹചര്യത്തിൽ ജീവിക്കാനും; തൃപ്തനായിരിക്കാനും വിശന്നിരിക്കാനും സമൃദ്ധിയിലായിരിക്കാനും ദാരിദ്ര്യത്തിലായിരിക്കാനും എല്ലാ അവസ്ഥയിലും ജീവിക്കുന്നതിന്റെ രഹസ്യം ഞാൻ പരിശീലിച്ചിരിക്കുന്നു. എന്നെ ശാക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സർവവും ചെയ്യാൻ ഞാൻ പ്രാപ്തനായിരിക്കുന്നു.