ഫിലിപ്പിയർ 3:4-14

ഫിലിപ്പിയർ 3:4-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാൻ വകയുണ്ട്; മറ്റാർക്കാനും ജഡത്തിൽ ആശ്രയിക്കാം എന്ന് തോന്നിയാൽ എനിക്ക് അധികം; എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യാമീൻഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ; ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച് അനിന്ദ്യൻ. എങ്കിലും എനിക്കു ലാഭമായിരുന്നതൊക്കെയും ഞാൻ ക്രിസ്തുനിമിത്തം ചേതം എന്ന് എണ്ണിയിരിക്കുന്നു. അത്രയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്ന് എണ്ണുന്നു. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിനും ന്യായപ്രമാണത്തിൽനിന്നുള്ള എന്റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവർക്കു നല്കുന്ന നീതിതന്നെ ലഭിച്ച് അവനിൽ ഇരിക്കേണ്ടതിനും അവന്റെ മരണത്തോട് അനുരൂപപ്പെട്ടിട്ട് അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിനും ഇങ്ങനെ വല്ല വിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വച്ചും ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറ് എന്ന് എണ്ണുന്നു. ലഭിച്ചുകഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കും അത് പിടിക്കാമോ എന്നുവച്ച് പിന്തുടരുന്നതേയുള്ളൂ. സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്ന് നിരൂപിക്കുന്നില്ല. ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു.

ഫിലിപ്പിയർ 3:4-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എനിക്കാണെങ്കിൽ ബാഹ്യമായ കാര്യങ്ങളെയും ആശ്രയിക്കുവാൻ മതിയായ കാരണമുണ്ട്. മറ്റാർക്കെങ്കിലും ബാഹ്യമായ കാര്യങ്ങളെ ആശ്രയിക്കുവാൻ വകയുണ്ടെങ്കിൽ എനിക്ക് എത്രയധികം! എട്ടാം നാളിൽ പരിച്ഛേദനം സ്വീകരിച്ചവനാണു ഞാൻ; ഇസ്രായേൽ വംശജനും ബെന്യാമീൻ ഗോത്രക്കാരനും തനി എബ്രായനുമാണ്; യെഹൂദനിയമപ്രകാരം ഒരു പരീശൻ; മതതീക്ഷ്ണതയുടെ കാര്യത്തിൽ സഭയെ പീഡിപ്പിച്ചവൻ, നിയമം അനുശാസിക്കുന്ന നീതിയുടെ കാര്യത്തിൽ തികച്ചും കുറ്റമറ്റവൻ. എന്നാൽ എനിക്കു ലാഭമായിരുന്നതെല്ലാം ക്രിസ്തുവിനുവേണ്ടി നഷ്ടം എന്നു കരുതി. എന്റെ കർത്താവായ ക്രിസ്തുയേശുവിനെ അറിയുക എന്നതിന്റെ വില മറ്റെന്തിനെയും അതിശയിക്കുന്നതാകയാൽ, നിശ്ചയമായും ഇപ്പോഴും എല്ലാം നഷ്ടമായിത്തന്നെ ഞാൻ കരുതുന്നു. ക്രിസ്തുവിനെ നേടുന്നതിനും, ക്രിസ്തുവിനോടു സമ്പൂർണമായി ഏകീഭവിക്കുന്നതിനുംവേണ്ടി, അവയെല്ലാം ചപ്പും ചവറുമായി ഞാൻ കരുതുന്നു. നിയമസംഹിത അനുസരിക്കുന്നതിലൂടെ ലഭിക്കുന്ന നീതി ഇനി ഇല്ല. പിന്നെയോ ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്ന നീതിയാണ് ഇപ്പോൾ എനിക്കുള്ളത്. ആ നീതി ദൈവത്തിൽനിന്നുള്ളതും വിശ്വാസത്തിൽ അധിഷ്ഠിതവുമാകുന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി അനുഭവവേദ്യമാക്കുകയും, അവിടുത്തെ പീഡാനുഭവങ്ങളിൽ പങ്കുചേർന്ന്, മരണത്തിൽ അവിടുത്തെപ്പോലെ ആയിത്തീരുകയും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കുമെന്നു പ്രത്യാശിക്കുകയും അങ്ങനെ ക്രിസ്തുവിനെ അറിയുകയും ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ഇവയെല്ലാം നേടിക്കഴിഞ്ഞു എന്നോ, പൂർണനായി എന്നോ ഞാൻ അവകാശപ്പെടുന്നില്ല; എന്നാൽ ഇവ സ്വന്തമാക്കാം എന്നു പ്രത്യാശിച്ചു ഞാൻ യത്നിക്കുന്നു. കാരണം ക്രിസ്തുയേശു എന്നെ തന്റെ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. സഹോദരരേ, ഞാൻ അവ നേടിയെടുത്തു എന്നു കണക്കാക്കുന്നില്ല; എന്നാൽ ഒന്നു ഞാൻ ചെയ്യുന്നു; പിന്നിലുള്ളതു മറന്ന്, മുന്നിലുള്ളതിനെ ഉന്നം വച്ചുകൊണ്ട് ആയാസപ്പെട്ടു മുന്നേറി, ക്രിസ്തുയേശുവിലൂടെ ഉള്ള ദൈവത്തിന്റെ പരമോന്നതമായ വിളിയുടെ സമ്മാനം കരസ്ഥമാക്കുന്നതിനുവേണ്ടി ലക്ഷ്യസ്ഥാനത്തേക്ക് ഓടുന്നു.

ഫിലിപ്പിയർ 3:4-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്നിരുന്നാലും, എനിക്ക് ജഡത്തിലും ആശ്രയിക്കുവാൻ വകയുണ്ട്; മറ്റാർക്കെങ്കിലും ജഡത്തിൽ ആശ്രയിക്കാം എന്നു തോന്നിയാൽ എനിക്ക് അധികം. എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽ ജാതിക്കാരൻ; ബെന്യാമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്ന് ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ച് പരീശൻ; ശുഷ്കാന്തി സംബന്ധിച്ച് സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച് അനിന്ദ്യൻ. എങ്കിലും എനിക്ക് ലാഭമായിരുന്നത് ഒക്കെയും ഞാൻ ക്രിസ്തുനിമിത്തം നഷ്ടം എന്നു എണ്ണിയിരിക്കുന്നു. അത്രയുമല്ല, എന്‍റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്‍റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം നഷ്ടം എന്നു എണ്ണുന്നു. അവനുവേണ്ടി ഞാൻ എല്ലാ നഷ്ടവും അനുഭവിക്കുകയും, ക്രിസ്തുവിനെ നേടേണ്ടതിനും, ന്യായപ്രമാണത്തിൽനിന്നുള്ള എന്‍റെ സ്വന്തനീതിയല്ല, പ്രത്യുത, ക്രിസ്തുവിലുള്ള വിശ്വാസംമൂലം, ദൈവം വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിൽ നൽകുന്ന നീതി തന്നെ ലഭിച്ച്, അവനിൽ ഇരിക്കേണ്ടതിനും, അവന്‍റെ മരണത്തിനോട് അനുരൂപപ്പെട്ടിട്ട് അവനെയും അവന്‍റെ പുനരുത്ഥാനത്തിൻ്റെ ശക്തിയെയും അവന്‍റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അറിയേണ്ടതിനും, അങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം ഞാൻ പ്രാപിക്കേണ്ടതിനും തന്നെ സകലവും ചവറായി കണക്കാക്കുകയും ചെയ്യുന്നു. ഇവ ലഭിച്ചുകഴിഞ്ഞു എന്നോ തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കും അത് പിടിക്കാമോ എന്നുവച്ച് പിന്തുടരുന്നതേയുള്ളു. സഹോദരന്മാരേ, ഞാൻ അത് പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. എന്നാൽ ഒന്ന് ഞാൻ ചെയ്യുന്നു: പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിനായി ആഞ്ഞുംകൊണ്ട്, ക്രിസ്തുയേശുവിൽ ദൈവത്തിന്‍റെ പരമവിളിയുടെ പ്രതിഫലത്തിനായി ലക്ഷ്യത്തിലേക്ക് ഓടുന്നു.

ഫിലിപ്പിയർ 3:4-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാൻ വകയുണ്ടു; മറ്റാർക്കാനും ജഡത്തിൽ ആശ്രയിക്കാം എന്നു തോന്നിയാൽ എനിക്കു അധികം; എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ; ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ചു അനിന്ദ്യൻ. എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തുനിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. അത്രയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തിൽനിന്നുള്ള എന്റെ സ്വന്തനീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവർക്കു നൽകുന്ന നീതി തന്നേ ലഭിച്ചു അവനിൽ ഇരിക്കേണ്ടതിന്നും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നുവെച്ചും ഞാൻ അവന്റെനിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു. ലഭിച്ചുകഴിഞ്ഞു എന്നോ തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ളു. സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.

ഫിലിപ്പിയർ 3:4-14 സമകാലിക മലയാളവിവർത്തനം (MCV)

മാനുഷികനേട്ടങ്ങളിൽ ആശ്രയിക്കാൻ നിരവധി കാരണങ്ങൾ എനിക്കുണ്ട്. ഇങ്ങനെയുള്ളവയിൽ ആശ്രയിക്കാമെന്ന് ആരെങ്കിലും കരുതുന്നെങ്കിൽ എനിക്ക് അവരെക്കാൾ അഭിമാനിക്കാൻ കഴിയും: ഞാൻ എട്ടാംദിവസം പരിച്ഛേദനമേറ്റു, ഇസ്രായേൽ വംശജൻ, ബെന്യാമീൻഗോത്രക്കാരൻ, എബ്രായരിൽനിന്നു ജനിച്ച എബ്രായൻ, യെഹൂദ ന്യായപ്രമാണം അനുവർത്തിക്കുന്നതിൽ പരീശൻ, ക്രിസ്തുവിൽ വിശ്വസിച്ചവരെ ഉപദ്രവിക്കുന്നതിൽ അത്യുത്സാഹി, ന്യായപ്രമാണം അനുവർത്തിക്കുന്നതിലെ ധാർമികതയിൽ അനിന്ദ്യൻ. ഇങ്ങനെ അമൂല്യമെന്നു കരുതിയിരുന്നവയെല്ലാം ക്രിസ്തു നിമിത്തം വിലയില്ലാത്തതെന്നു ഞാൻ കരുതി. തന്നെയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെപ്പറ്റിയുള്ള പരമജ്ഞാനം ലഭിച്ചതു നിമിത്തം ഞാൻ മറ്റുള്ള സർവവും മൂല്യരഹിതമെന്നുകാണുന്നു. കർത്താവിനുവേണ്ടി അവയെല്ലാം ചവറെന്നും കണക്കാക്കുന്നു. ഇത് ക്രിസ്തുവിനെ നേടാനും അവിടത്തോട് ഏകീഭവിക്കാനും ന്യായപ്രമാണത്തിലൂടെ ലഭിക്കുന്ന സ്വയനീതിയല്ല; ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന ദൈവികനീതിതന്നെ, വിശ്വാസത്താൽ ലഭിക്കാനുമാണ്. ക്രിസ്തുവിനെയും അവിടത്തെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അറിയാനും കഷ്ടാനുഭവങ്ങളിൽ പങ്കാളിയായി അവിടത്തെ മരണത്തോട് അനുരൂപപ്പെടാനും, അങ്ങനെ, ഏതുപ്രകാരവും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കാനുമാണ് ഞാൻ യത്നിക്കുന്നത്. ഇതെല്ലാം നേടിയെന്നോ ലക്ഷ്യപ്രാപ്തിയിൽ എത്തിയെന്നോ അല്ല, ക്രിസ്തുയേശു എന്തിനുവേണ്ടി എന്നെ അവിടത്തെ അനുഗാമിയാക്കിയോ ആ പരിപൂർണതയിൽ എത്തിച്ചേരാൻ പരിശ്രമിക്കുകമാത്രമാണ് ഞാൻ ചെയ്യുന്നത്. സഹോദരങ്ങളേ, ഇപ്പോഴും ഞാൻ ആ ലക്ഷ്യം കരഗതമാക്കിയെന്നു കരുതുന്നില്ല; എനിക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ, കഴിഞ്ഞതൊക്കെ മറന്ന് മുമ്പിലുള്ളതുമാത്രം ലക്ഷ്യമാക്കി ദൈവം ക്രിസ്തുയേശുവിൽ എന്നെ വിളിച്ച സ്വർഗീയവിളിയുടെ പുരസ്കാരം നേടുന്നതിനായി ലക്ഷ്യത്തിലേക്ക് ഓടുന്നു.