ഫിലിപ്പിയർ 3:10-16
ഫിലിപ്പിയർ 3:10-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ മരണത്തോട് അനുരൂപപ്പെട്ടിട്ട് അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിനും ഇങ്ങനെ വല്ല വിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വച്ചും ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറ് എന്ന് എണ്ണുന്നു. ലഭിച്ചുകഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കും അത് പിടിക്കാമോ എന്നുവച്ച് പിന്തുടരുന്നതേയുള്ളൂ. സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്ന് നിരൂപിക്കുന്നില്ല. ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു. നമ്മിൽ തികഞ്ഞവരൊക്കെയും ഇങ്ങനെതന്നെ ചിന്തിച്ചുകൊൾക; വല്ലതിലും നിങ്ങൾ വേറേ വിധമായി ചിന്തിച്ചാൽ ദൈവം അതും നിങ്ങൾക്കു വെളിപ്പെടുത്തിത്തരും. എന്നാൽ നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നെ അനുസരിച്ചു നടക്കുക.
ഫിലിപ്പിയർ 3:10-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി അനുഭവവേദ്യമാക്കുകയും, അവിടുത്തെ പീഡാനുഭവങ്ങളിൽ പങ്കുചേർന്ന്, മരണത്തിൽ അവിടുത്തെപ്പോലെ ആയിത്തീരുകയും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കുമെന്നു പ്രത്യാശിക്കുകയും അങ്ങനെ ക്രിസ്തുവിനെ അറിയുകയും ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ഇവയെല്ലാം നേടിക്കഴിഞ്ഞു എന്നോ, പൂർണനായി എന്നോ ഞാൻ അവകാശപ്പെടുന്നില്ല; എന്നാൽ ഇവ സ്വന്തമാക്കാം എന്നു പ്രത്യാശിച്ചു ഞാൻ യത്നിക്കുന്നു. കാരണം ക്രിസ്തുയേശു എന്നെ തന്റെ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. സഹോദരരേ, ഞാൻ അവ നേടിയെടുത്തു എന്നു കണക്കാക്കുന്നില്ല; എന്നാൽ ഒന്നു ഞാൻ ചെയ്യുന്നു; പിന്നിലുള്ളതു മറന്ന്, മുന്നിലുള്ളതിനെ ഉന്നം വച്ചുകൊണ്ട് ആയാസപ്പെട്ടു മുന്നേറി, ക്രിസ്തുയേശുവിലൂടെ ഉള്ള ദൈവത്തിന്റെ പരമോന്നതമായ വിളിയുടെ സമ്മാനം കരസ്ഥമാക്കുന്നതിനുവേണ്ടി ലക്ഷ്യസ്ഥാനത്തേക്ക് ഓടുന്നു. നമ്മിൽ ആത്മീയപക്വത പ്രാപിച്ചവരെല്ലാം ഇങ്ങനെയാണു ചിന്തിക്കേണ്ടത്. എന്നാൽ നിങ്ങളിൽ ചിലർ മറ്റു വിധത്തിൽ ചിന്തിക്കുകയാണെങ്കിലും ദൈവം അതു നിങ്ങൾക്കു വെളിപ്പെടുത്തിത്തരും. എങ്ങനെയായാലും നാം പ്രാപിച്ചിട്ടുള്ളതിനെ മുറുകെപ്പിടിക്കുക.
ഫിലിപ്പിയർ 3:10-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവനിൽ ഇരിക്കേണ്ടതിനും, അവന്‍റെ മരണത്തിനോട് അനുരൂപപ്പെട്ടിട്ട് അവനെയും അവന്‍റെ പുനരുത്ഥാനത്തിൻ്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അറിയേണ്ടതിനും, അങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം ഞാൻ പ്രാപിക്കേണ്ടതിനും തന്നെ സകലവും ചവറായി കണക്കാക്കുകയും ചെയ്യുന്നു. ഇവ ലഭിച്ചുകഴിഞ്ഞു എന്നോ തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കും അത് പിടിക്കാമോ എന്നുവച്ച് പിന്തുടരുന്നതേയുള്ളു. സഹോദരന്മാരേ, ഞാൻ അത് പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. എന്നാൽ ഒന്ന് ഞാൻ ചെയ്യുന്നു: പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിനായി ആഞ്ഞുംകൊണ്ട്, ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ പ്രതിഫലത്തിനായി ലക്ഷ്യത്തിലേക്ക് ഓടുന്നു. നമ്മിൽ തികഞ്ഞവർക്ക് ഒക്കെയും ഈ മനോഭാവം ഉണ്ടാകട്ടെ; വല്ലതിലും നിങ്ങൾക്ക് വേറെ വിധമായി ചിന്തിച്ചാൽ ദൈവം അതും നിങ്ങൾക്ക് വെളിപ്പെടുത്തിത്തരും. എന്നിരുന്നാലും നാം പ്രാപിച്ചിരിക്കുന്നതനുസരിച്ചു തന്നെ നടക്കുക.
ഫിലിപ്പിയർ 3:10-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവനിൽ ഇരിക്കേണ്ടതിന്നും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നുവെച്ചും ഞാൻ അവന്റെനിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു. ലഭിച്ചുകഴിഞ്ഞു എന്നോ തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ളു. സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു. നമ്മിൽ തികഞ്ഞവർ ഒക്കെയും ഇങ്ങനെ തന്നേ ചിന്തിച്ചുകൊൾക; വല്ലതിലും നിങ്ങൾ വേറെ വിധമായി ചിന്തിച്ചാൽ ദൈവം അതുവും നിങ്ങൾക്കു വെളിപ്പെടുത്തിത്തരും. എന്നാൽ നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചുനടക്കുക.
ഫിലിപ്പിയർ 3:10-16 സമകാലിക മലയാളവിവർത്തനം (MCV)
ക്രിസ്തുവിനെയും അവിടത്തെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അറിയാനും കഷ്ടാനുഭവങ്ങളിൽ പങ്കാളിയായി അവിടത്തെ മരണത്തോട് അനുരൂപപ്പെടാനും, അങ്ങനെ, ഏതുപ്രകാരവും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കാനുമാണ് ഞാൻ യത്നിക്കുന്നത്. ഇതെല്ലാം നേടിയെന്നോ ലക്ഷ്യപ്രാപ്തിയിൽ എത്തിയെന്നോ അല്ല, ക്രിസ്തുയേശു എന്തിനുവേണ്ടി എന്നെ അവിടത്തെ അനുഗാമിയാക്കിയോ ആ പരിപൂർണതയിൽ എത്തിച്ചേരാൻ പരിശ്രമിക്കുകമാത്രമാണ് ഞാൻ ചെയ്യുന്നത്. സഹോദരങ്ങളേ, ഇപ്പോഴും ഞാൻ ആ ലക്ഷ്യം കരഗതമാക്കിയെന്നു കരുതുന്നില്ല; എനിക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ, കഴിഞ്ഞതൊക്കെ മറന്ന് മുമ്പിലുള്ളതുമാത്രം ലക്ഷ്യമാക്കി ദൈവം ക്രിസ്തുയേശുവിൽ എന്നെ വിളിച്ച സ്വർഗീയവിളിയുടെ പുരസ്കാരം നേടുന്നതിനായി ലക്ഷ്യത്തിലേക്ക് ഓടുന്നു. ഇപ്രകാരമൊരു വീക്ഷണമാണ് പക്വതയാർജിച്ച നമുക്കെല്ലാവർക്കും ഉണ്ടാകേണ്ടത്. ഏതെങ്കിലും വിഷയം നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് വ്യത്യസ്തമായിട്ടാണെങ്കിൽ ദൈവം ആ വിഷയത്തിന്മേലും നിങ്ങൾക്കു വ്യക്തത നൽകും. നാം മനസ്സിലാക്കിയതിന് അനുസൃതമായി നമുക്കു ജീവിക്കാം.