ഫിലിപ്പിയർ 1:12-30
ഫിലിപ്പിയർ 1:12-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സഹോദരന്മാരേ, എനിക്കു ഭവിച്ചത് സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീർന്നു എന്ന് നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു. എന്റെ ബന്ധനങ്ങൾ ക്രിസ്തു നിമിത്തമാകുന്നു എന്ന് അകമ്പടിപട്ടാളത്തിലൊക്കെയും ശേഷം എല്ലാവർക്കും തെളിവായി വരികയും സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയം കൂടാതെ പ്രസ്താവിപ്പാൻ അധികം തുനിയുകയും ചെയ്തിരിക്കുന്നു. ചിലർ ക്രിസ്തുവിനെ അസൂയയും പിണക്കവും നിമിത്തം പ്രസംഗിക്കുന്നു; ചിലരോ നല്ല മനസ്സോടെ തന്നെ. അവർ സുവിശേഷത്തിന്റെ പ്രതിവാദത്തിനായിട്ടു ഞാൻ ഇവിടെ കിടക്കുന്നു എന്ന് അറിഞ്ഞിട്ട് അത് സ്നേഹത്താൽ ചെയ്യുന്നു. മറ്റവരോ എന്റെ ബന്ധനങ്ങളിൽ എനിക്കു ക്ലേശം വരുത്തുവാൻ ഭാവിച്ചുകൊണ്ട് നിർമ്മലതയോടെയല്ല ശാഠ്യത്താൽ അത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നത്. പിന്നെ എന്ത്? നാട്യമായിട്ടോ പരമാർഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നത്. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും. നിങ്ങളുടെ പ്രാർഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും അത് എനിക്കു രക്ഷാകാരണമായിത്തീരും എന്ന് ഞാൻ അറിയുന്നു. അങ്ങനെ ഞാൻ ഒന്നിലും ലജ്ജിച്ചുപോകാതെ പൂർണധൈര്യം പൂണ്ടു ക്രിസ്തു എന്റെ ശരീരത്തിങ്കൽ ജീവനാൽ ആകട്ടെ മരണത്താൽ ആകട്ടെ എപ്പോഴും എന്നപോലെ ഇപ്പോഴും മഹിമപ്പെടുകേയുള്ളൂ എന്ന് പ്രതീക്ഷിക്കയും പ്രത്യാശിക്കയും ചെയ്യുന്നു. എനിക്കു ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു. എന്നാൽ ജഡത്തിൽ ജീവിക്കുന്നതിനാൽ എന്റെ വേലയ്ക്കു ഫലം വരുമെങ്കിൽ ഏതു തിരഞ്ഞെടുക്കേണ്ടൂ എന്ന് ഞാൻ അറിയുന്നില്ല. ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ട്; അത് അത്യുത്തമമല്ലോ. എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നത് നിങ്ങൾ നിമിത്തം ഏറെ ആവശ്യം. ഇങ്ങനെ ഉറച്ചുകൊണ്ട് നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും സന്തോഷത്തിനുമായിത്തന്നെ ഞാൻ ജീവനോടിരിക്കും എന്നും നിങ്ങളോട് എല്ലാവരോടും കൂടെ ഇരിക്കും എന്നും അറിയുന്നു. അങ്ങനെ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരുന്നതിനാൽ എന്നെക്കുറിച്ചു നിങ്ങൾക്കുള്ള പ്രശംസ ക്രിസ്തുയേശുവിൽ വർധിപ്പാൻ ഇടയാകും. ഞാൻ നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങൾ ഏകാത്മാവിൽ നിലനിന്ന് എതിരാളികളാൽ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിനായി പോരാട്ടം കഴിക്കുന്നു എന്ന് ഗ്രഹിക്കേണ്ടതിനു ക്രിസ്തുവിന്റെ സുവിശേഷത്തിന് യോഗ്യമാംവണ്ണം മാത്രം നടപ്പിൻ. ഇത് അവരുടെ നാശത്തിനും നിങ്ങളുടെ രക്ഷയ്ക്കും ഒരു അടയാളമാകുന്നു; അത് ദൈവംതന്നെ വച്ചതാകുന്നു. ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവനുവേണ്ടി കഷ്ടം അനുഭവിപ്പാനുംകൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു. നിങ്ങൾ എങ്കൽ കണ്ടതും ഇപ്പോൾ എന്നെക്കുറിച്ചു കേൾക്കുന്നതുമായ അതേ പോരാട്ടം നിങ്ങൾക്കും ഉണ്ടല്ലോ.
ഫിലിപ്പിയർ 1:12-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സഹോദരരേ, എനിക്കു സംഭവിച്ചതെല്ലാം യഥാർഥത്തിൽ സുവിശേഷത്തിന്റെ പുരോഗതിക്കു സഹായകരമായിത്തീർന്നു എന്നു നിങ്ങൾ മനസ്സിലാക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ക്രിസ്തുവിനെപ്രതിയാണ് ഞാൻ കാരാഗൃഹത്തിൽ ആയിരിക്കുന്നത് എന്ന് എല്ലാ അകമ്പടിപ്പട്ടാളക്കാർക്കും ഇവിടെയുള്ള മറ്റെല്ലാവർക്കും ബോധ്യമായിരിക്കുന്നു. ഞാൻ തടവിലായതു മൂലം സഹോദരന്മാരിൽ മിക്കപേർക്കും കർത്താവിലുള്ള വിശ്വാസം ഉറയ്‍ക്കുകയും ദൈവത്തിന്റെ സന്ദേശം നിർഭയം പ്രഘോഷിക്കുന്നതിനുള്ള ധൈര്യം വർധിക്കുകയും ചെയ്തിരിക്കുന്നു. ചിലർ ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുന്നത് അസൂയയും പിണക്കവും കൊണ്ടാണെന്ന് വ്യക്തമാണ്. മറ്റു ചിലരാകട്ടെ ആത്മാർഥമായ സന്മനസ്സോടുകൂടി പ്രസംഗിക്കുന്നു. എന്നോടുള്ള സ്നേഹത്തിന്റെ പേരിലാണ് അവർ അപ്രകാരം ചെയ്യുന്നത്. എന്തെന്നാൽ സുവിശേഷത്തിന്റെ സംരക്ഷണത്തിനുവേണ്ടിയാണ് എന്നെ നിയോഗിച്ചിരിക്കുന്നതെന്ന് അവർക്കറിയാം. ആദ്യത്തെ കൂട്ടർ ആത്മാർഥതകൊണ്ടല്ല പിന്നെയോ കക്ഷിതാത്പര്യംകൊണ്ടാണ് ക്രിസ്തുവിനെ വിളംബരം ചെയ്യുന്നത്; ബന്ധനസ്ഥനായ എന്നെ കൂടുതൽ ക്ലേശിപ്പിക്കാമെന്നത്രേ അവർ കരുതുന്നത്. അതു സാരമില്ല! ഉദ്ദേശ്യം ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ. എങ്ങനെയായാലും ക്രിസ്തുവിനെക്കുറിച്ചാണല്ലോ പ്രസംഗിക്കുന്നതെന്ന് ഓർക്കുമ്പോൾ എനിക്കു സന്തോഷമേയുള്ളൂ; ഈ സന്തോഷത്തിൽ ഞാൻ തുടരുകയും ചെയ്യും. എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ പ്രാർഥനയാലും, യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും ഞാൻ വിമോചിതനാകുമെന്ന് എനിക്കറിയാം. അങ്ങനെ ഞാൻ അശേഷം ലജ്ജിച്ചുപോകാതെ പൂർണ ധൈര്യത്തോടുകൂടി എപ്പോഴുമെന്നതുപോലെ ഇപ്പോഴും കഴിയുന്നു; ജീവിതത്തിൽകൂടിയാകട്ടെ, മരണത്തിൽകൂടിയാകട്ടെ ക്രിസ്തു എന്നിലൂടെ മഹത്ത്വപ്പെടണമെന്ന് ഞാൻ സർവാത്മനാ പ്രതീക്ഷിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു. ക്രിസ്തുവാണ് എന്റെ ജീവൻ; മരണം എനിക്കു ലാഭവും. എന്നാൽ ഇനിയും ജീവിക്കുകയാണെങ്കിൽ കൂടുതൽ ഫലപ്രദമായി പ്രയത്നിക്കുവാൻ കഴിയും. ഇതിൽ ഏതാണു തിരഞ്ഞെടുക്കേണ്ടതെന്ന് എനിക്കു നിശ്ചയമില്ല. ഇവയുടെ മധ്യത്തിൽ ഞാൻ വല്ലാതെ ഞെരുങ്ങുന്നു. ശരീരത്തോടു വിടവാങ്ങി ക്രിസ്തുവിനോടു ചേരുവാനാണ് ഞാൻ അഭിവാഞ്ഛിക്കുന്നത്. അതാണല്ലോ കൂടുതൽ അഭികാമ്യം. എന്നാൽ നിങ്ങളെപ്രതി ഞാൻ ശരീരത്തോടുകൂടി ഇരിക്കേണ്ടത് അതിലേറെ ആവശ്യം. ഈ ബോധ്യത്തോടുകൂടി നിങ്ങളുടെ അഭിവൃദ്ധിക്കും വിശ്വാസത്തിലുള്ള ആനന്ദത്തിനുവേണ്ടി ഞാൻ ജീവനോടെ ശേഷിക്കുമെന്നും നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കുമെന്നും എനിക്കുറപ്പുണ്ട്. അങ്ങനെ ഞാൻ വീണ്ടും നിങ്ങളുടെ അടുക്കൽ വരുന്നതുകൊണ്ട്, ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിൽ ഞാൻ നിമിത്തം നിങ്ങൾക്ക് അഭിമാനിക്കുവാൻ വേണ്ടുവോളം വകയുണ്ടാകും. നിങ്ങൾ ക്രിസ്തുവിന്റെ സുവിശേഷത്തിനു യോഗ്യമായവിധം ജീവിക്കണമെന്നതാണ് ഏറ്റവും പ്രധാനം. അങ്ങനെ ഞാൻ വന്നു നിങ്ങളെ കാണുകയോ, അഥവാ വരാതെ നിങ്ങളെക്കുറിച്ചു കേൾക്കുകയോ ചെയ്താലും, നിങ്ങൾ ഏകാത്മാവോടും ഏകമനസ്സോടുംകൂടി ഉറച്ചുനിന്നുകൊണ്ട് സുവിശേഷത്തിന്റെ വിശ്വാസത്തിനുവേണ്ടി പോരാടുന്നു എന്നും, ഒരു കാര്യത്തിലും ശത്രുക്കൾ നിങ്ങളെ ഭയപ്പെടുത്തുന്നില്ല എന്നും, നിങ്ങളെക്കുറിച്ച് അറിയുവാൻ എനിക്ക് ഇടയാകട്ടെ. നിങ്ങളുടെ പോരാട്ടം അവരുടെ നാശത്തിനും, പ്രത്യുത നിങ്ങളുടെ രക്ഷയ്‍ക്കും ദൈവത്തിൽ നിന്നുള്ള അടയാളമാകുന്നു. ക്രിസ്തുവിൽ വിശ്വസിക്കുവാൻ മാത്രമല്ല, അവിടുത്തെ പ്രതി കഷ്ടത സഹിക്കുവാൻകൂടി ഉള്ള വരം ദൈവം നിങ്ങൾക്കു നല്‌കിയിരിക്കുന്നു. എന്നിൽ നിങ്ങൾ കണ്ടതും, ഇപ്പോൾ എന്നെക്കുറിച്ചു കേൾക്കുന്നതുമായ അതേ പോരാട്ടത്തിൽ തന്നെയാണല്ലോ നിങ്ങൾ ഏർപ്പെട്ടിരിക്കുന്നത്.
ഫിലിപ്പിയർ 1:12-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സഹോദരന്മാരേ, എനിക്ക് ഭവിച്ചത് സുവിശേഷത്തിന്‍റെ അഭിവൃദ്ധിക്ക് കാരണമായിത്തീർന്നു എന്നു നിങ്ങൾ ഇപ്പോൾ അറിയുവാൻ ഞാൻ ഇച്ഛിക്കുന്നു. അതുകൊണ്ട് എന്‍റെ ബന്ധനങ്ങൾ ക്രിസ്തു നിമിത്തമാകുന്നു എന്നു അകമ്പടിപട്ടാളത്തിൽ ഒക്കെയും ശേഷം എല്ലാവർക്കും തെളിവായി വരികയും സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യംപൂണ്ട് ദൈവത്തിന്‍റെ വചനം ഭയംകൂടാതെ അധികമായി പ്രസ്താവിക്കുവാൻ ധൈര്യത്തോടെ ഇരിക്കുകയും ചെയ്യുന്നു. ചിലർ ക്രിസ്തുവിനെ പ്രസംഗിക്കുന്നത് അസൂയയും പിണക്കവും നിമിത്തമാണ്; ചിലരോ നല്ല മനസ്സോടെ തന്നെ. അവർ സുവിശേഷത്തിന്‍റെ പ്രതിവാദത്തിനായി എന്നെ നിയമിച്ചിരിക്കുന്നു എന്നു അറിഞ്ഞിട്ട് അത് സ്നേഹത്തിൽനിന്ന് ചെയ്യുന്നു. എന്നാൽ മറ്റവരോ, എന്റെ ബന്ധനങ്ങളിൽ എനിക്ക് പ്രയാസം വരുത്തുവാൻ ഭാവിച്ചുകൊണ്ട് നിർമ്മലതയോടെയല്ല, സ്വാർത്ഥതയിൽ നിന്നത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നത്. പിന്നെ എന്ത്? അഭിനയമായിട്ടോ സത്യമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അത്രേ പ്രസംഗിക്കുന്നത്. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും. എന്തെന്നാൽ നിങ്ങളുടെ പ്രാർത്ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും അത് എനിക്ക് വിടുതലായിത്തീരും എന്നു ഞാൻ അറിയുന്നു. ഒന്നിലും ഞാൻ ലജ്ജിച്ചുപോകയില്ല എന്നത് എന്‍റെ ദൃഢമായ പ്രതീക്ഷയും പ്രത്യാശയും ആകുന്നു. എന്നാൽ എപ്പോഴും എന്നപോലെ ഇപ്പോഴും പൂർണ്ണ ധൈര്യത്തോടുകൂടെ ജീവനാൽ ആകട്ടെ മരണത്താൽ ആകട്ടെ ക്രിസ്തു എന്റെ ശരീരത്തിൽ മഹിമപ്പെടും. എന്തെന്നാൽ എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു. എന്നാൽ ജഡത്തിൽ ജീവിക്കുന്നു എങ്കിൽ അത് ഫലകരമായ എന്‍റെ വേലയ്ക്കു വേണ്ടിത്തന്നെ; എങ്കിലും ഏത് തിരഞ്ഞെടുക്കേണം എന്നു ഞാൻ അറിയുന്നില്ല. എന്നാൽ ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോടുകൂടെ ഇരിക്കുവാൻ എനിക്ക് ആഗ്രഹമുണ്ട്; അത് അത്യുത്തമമല്ലോ. എങ്കിലും ഞാൻ ശരീരത്തിൽ ഇരിക്കുന്നത് നിങ്ങൾ നിമിത്തം ഏറെ ആവശ്യം. ഇതിനെക്കുറിച്ച് ഉറച്ചുകൊണ്ട് നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും സന്തോഷത്തിനുമായിത്തന്നെ ഞാൻ ജീവനോടിരിക്കും എന്നും നിങ്ങളോട് എല്ലാവരോടുംകൂടെ ഇരിക്കും എന്നും അറിയുന്നു. അങ്ങനെ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരുന്നതിനാൽ, എന്നിലുള്ള നിങ്ങളുടെ പ്രശംസ ക്രിസ്തുയേശുവിൽ വർദ്ധിക്കുവാൻ ഇടയാകും. ഞാൻ നിങ്ങളെ വന്ന് കണ്ടിട്ടോ, ദൂരത്തിരുന്നോ, നിങ്ങൾ ഏകാത്മാവിൽ ഉറച്ചുനിന്ന്, ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിനായി ഒന്നിച്ച് പോരാട്ടം കഴിക്കുന്നു എന്നു നിങ്ങളേക്കുറിച്ച് കേൾക്കേണ്ടതിന്, ക്രിസ്തുവിന്‍റെ സുവിശേഷത്തിന് യോഗ്യമാംവണ്ണം മാത്രം പെരുമാറുവിൻ. നിങ്ങളെ എതിർക്കുന്നവരാൽ ഒന്നിലും ഭയപ്പെടേണ്ട; ഇത് അവരുടെ നാശത്തിനും നിങ്ങളുടെ രക്ഷയ്ക്കും ഒരു അടയാളമാകുന്നു; അത് ദൈവത്തിൽ നിന്നുള്ളതാകുന്നു. എന്തെന്നാൽ, അവനിൽ വിശ്വസിക്കുവാൻ മാത്രമല്ല, അവനുവേണ്ടി കഷ്ടം അനുഭവിക്കുവാനും കൂടെ ഇത് നിങ്ങൾക്ക് ക്രിസ്തുനിമിത്തം അനുവദിച്ചിരിക്കുന്നു. അങ്ങനെ നിങ്ങൾ എന്നിൽ കണ്ടതും ഇപ്പോൾ എന്നെക്കുറിച്ച് കേൾക്കുന്നതുമായ അതേ പോരാട്ടം നിങ്ങൾക്കും ഉണ്ടല്ലോ.
ഫിലിപ്പിയർ 1:12-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സഹോദരന്മാരേ, എനിക്കു ഭവിച്ചതു സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീർന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു. എന്റെ ബന്ധനങ്ങൾ ക്രിസ്തുനിമിത്തമാകുന്നു എന്നു അകമ്പടിപട്ടാളത്തിൽ ഒക്കെയും ശേഷം എല്ലാവർക്കും തെളിവായി വരികയും സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയംകൂടാതെ പ്രസ്താവിപ്പാൻ അധികം തുനിയുകയും ചെയ്തിരിക്കുന്നു. ചിലർ ക്രിസ്തുവിനെ അസൂയയും പിണക്കവുംനിമിത്തം പ്രസംഗിക്കുന്നു; ചിലരോ നല്ല മനസ്സോടെ തന്നേ. അവർ സുവിശേഷത്തിന്റെ പ്രതിവാദത്തിന്നായിട്ടു ഞാൻ ഇവിടെ കിടക്കുന്നു എന്നു അറിഞ്ഞിട്ടു അതു സ്നേഹത്താൽ ചെയ്യുന്നു. മറ്റവരോ എന്റെ ബന്ധനങ്ങളിൽ എനിക്കു ക്ലേശം വരുത്തുവാൻ ഭാവിച്ചുകൊണ്ടു നിർമ്മലതയോടെയല്ല ശാഠ്യത്താൽ അത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നതു. പിന്നെ എന്തു? നാട്യമായിട്ടോ പരമാർത്ഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നതു. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും. നിങ്ങളുടെ പ്രാർത്ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും അതു എനിക്കു രക്ഷാകാരണമായിത്തീരും എന്നു ഞാൻ അറിയുന്നു. അങ്ങനെ ഞാൻ ഒന്നിലും ലജ്ജിച്ചുപോകാതെ പൂർണ്ണധൈര്യം പൂണ്ടു ക്രിസ്തു എന്റെ ശരീരത്തിങ്കൽ ജീവനാൽ ആകട്ടെ മരണത്താൽ ആകട്ടെ എപ്പോഴും എന്നപോലെ ഇപ്പോഴും മഹിമപ്പെടുകേയുള്ളു എന്നു പ്രതീക്ഷിക്കയും പ്രത്യാശിക്കയും ചെയ്യുന്നു. എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു. എന്നാൽ ജഡത്തിൽ ജീവിക്കുന്നതിനാൽ എന്റെ വേലെക്കു ഫലം വരുമെങ്കിൽ ഏതു തിരഞ്ഞെടുക്കേണ്ടു എന്നു ഞാൻ അറിയുന്നില്ല. ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ. എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നതു നിങ്ങൾനിമിത്തം ഏറെ ആവശ്യം. ഇങ്ങനെ ഉറെച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും സന്തോഷത്തിന്നുമായി തന്നേ ഞാൻ ജീവനോടിരിക്കും എന്നും നിങ്ങളോടു എല്ലാവരോടുംകൂടെ ഇരിക്കും എന്നും അറിയുന്നു. അങ്ങനെ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരുന്നതിനാൽ എന്നെക്കുറിച്ചു നിങ്ങൾക്കുള്ള പ്രശംസ ക്രിസ്തുയേശുവിൽ വർദ്ധിപ്പാൻ ഇടയാകും. ഞാൻ നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങൾ ഏകാത്മാവിൽ നിലനിന്നു എതിരാളികളാൽ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുന്നു എന്നു ഗ്രഹിക്കേണ്ടതിന്നു ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടപ്പിൻ. ഇതു അവരുടെ നാശത്തിന്നും നിങ്ങളുടെ രക്ഷെക്കും ഒരു അടയാളമാകുന്നു; അതു ദൈവം തന്നേ വെച്ചതാകുന്നു. ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു. നിങ്ങൾ എങ്കൽ കണ്ടതും ഇപ്പോൾ എന്നെക്കുറിച്ചു കേൾക്കുന്നതുമായ അതേ പോരാട്ടം നിങ്ങൾക്കും ഉണ്ടല്ലോ.
ഫിലിപ്പിയർ 1:12-30 സമകാലിക മലയാളവിവർത്തനം (MCV)
സഹോദരങ്ങളേ, ഞാൻ അഭിമുഖീകരിച്ചതൊക്കെയും സുവിശേഷത്തിന്റെ വ്യാപനത്തിനായി പ്രയോജനപ്പെട്ടു എന്നു നിങ്ങൾ അറിയണം എന്നു ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ, ഞാൻ ചങ്ങല ധരിച്ചിരിക്കുന്നത് ക്രിസ്തു നിമിത്തമാണെന്ന് കൊട്ടാരനിവാസികൾ എല്ലാവർക്കും മറ്റുള്ളവർക്കും വ്യക്തമായിട്ടറിയാൻ കഴിഞ്ഞു. അതുമാത്രമല്ല എന്റെ കാരാഗൃഹവാസംനിമിത്തം ഒട്ടുമിക്ക സഹോദരങ്ങളും കർത്താവിൽ ആത്മവിശ്വാസമാർജിച്ചു; അവർ നിർഭയരായി ദൈവവചനം ഘോഷിക്കാൻ കൂടുതൽ ധൈര്യം പ്രകടിപ്പിക്കുകയും ചെയ്തു. ചിലർ ഞങ്ങളോടുള്ള അസൂയയും മാത്സര്യവും നിമിത്തം ക്രിസ്തുവിനെ പ്രസംഗിക്കുന്നു. എന്നാൽ മറ്റുചിലർ സദുദ്ദേശ്യത്തോടെയാണ് അതു ചെയ്യുന്നത്. സുവിശേഷത്തിന് അനുകൂലമായി വാദിച്ചതിനാൽ ഞാൻ ഇവിടെ അടയ്ക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ് അവർ സ്നേഹപൂർവം അങ്ങനെചെയ്യുന്നു. മാത്സര്യപൂർവം ക്രിസ്തുവിനെ പ്രസംഗിക്കുന്നവർ ആകട്ടെ ആത്മാർഥത ഇല്ലാതെ, എന്റെ കാരാഗൃഹവാസം കൂടുതൽ ദുഷ്കരമാക്കുന്നതിനു വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്. എങ്ങനെ ആയാലെന്ത്? സദുദ്ദേശ്യത്തോടെയോ ദുരുദ്ദേശ്യത്തോടെയോ എങ്ങനെ ആയിരുന്നാലും ക്രിസ്തുവിനെയാണല്ലോ പ്രസംഗിക്കുന്നത്; അതിൽ ഞാൻ ആനന്ദിക്കുന്നു. അതേ, ഞാൻ ആനന്ദിച്ചുകൊണ്ടേയിരിക്കും, കാരണം നിങ്ങളുടെ പ്രാർഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും ഞാൻ വിമോചിതനാകുമെന്ന് എനിക്കുറപ്പുണ്ട്. എനിക്കൊരിക്കലും ലജ്ജിക്കാൻ ഇടയാകുകയില്ലെന്നും ജീവിതത്താലാകട്ടെ, മരണത്താലാകട്ടെ, ക്രിസ്തു എന്റെ ശരീരത്തിൽ എക്കാലവുമെന്നപോലെ ഇപ്പോഴും മഹത്ത്വപ്പെടുമെന്നും ഞാൻ സധൈര്യം അഭിവാഞ്ഛിക്കുകയും പ്രത്യാശിക്കയുംചെയ്യുന്നു. ക്രിസ്തുവാണ് എനിക്കു ജീവിതം; മരണം എനിക്കു ലാഭവും! ഞാൻ ശരീരത്തിൽ തുടർന്നും ജീവിക്കുന്നു എങ്കിൽ അതു ഞാൻ ഫലപ്രദമായി പ്രയത്നിക്കാൻവേണ്ടി ആയിരിക്കും. എന്നാൽ, എന്തു തെരഞ്ഞെടുക്കേണ്ടൂ എന്നു ഞാൻ അറിയുന്നില്ല! ഈ രണ്ടുദിശകളിൽനിന്നും ഞാൻ സമ്മർദം നേരിടുന്നു: ഈ ലോകത്തോടു വിട പറഞ്ഞ് ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ് എന്റെ അഭിവാഞ്ഛ; അതാണ് ശ്രേഷ്ഠതരം. എന്നാൽ ഞാൻ ശരീരത്തിൽ ജീവിച്ചിരിക്കേണ്ടത് നിങ്ങൾനിമിത്തം അധികം ആവശ്യമായിരിക്കുന്നു. ഈ ബോധ്യമുള്ളതിനാൽ ഞാൻ ജീവനോടിരിക്കുമെന്നതും നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും ആനന്ദത്തിനുമായി നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്നതും സുനിശ്ചിതമാണ്. അങ്ങനെ നിങ്ങളുടെ അടുത്ത് മടങ്ങിവരുമ്പോൾ ഞാൻനിമിത്തം ക്രിസ്തുയേശുവിൽ നിങ്ങൾക്കുള്ള അഭിമാനം വർധിക്കും. ഇത്രമാത്രം: ക്രിസ്തുവിന്റെ സുവിശേഷത്തിന് യോഗ്യമായവിധം ജീവിക്കുന്ന പൗരരാകുക. അങ്ങനെയായാൽ ഞാൻ നിങ്ങളോടൊപ്പമുള്ളപ്പോഴും നിങ്ങളിൽനിന്ന് ദൂരെ ആയിരുന്നാലും, നിങ്ങൾ ഏകാത്മാവിൽ ഉറച്ചുനിന്ന്, ഏകമനസ്സോടെ, മറ്റുള്ളവർ സുവിശേഷത്തിൽ വിശ്വസിക്കുന്നതിനുവേണ്ടി പോരാടുന്നു, എന്ന് നിങ്ങളെക്കുറിച്ച് എനിക്കു കേൾക്കാൻ കഴിയും. നിങ്ങളുടെ എതിരാളികളിൽനിന്നുണ്ടാകുന്ന യാതൊന്നിനാലും നിങ്ങളുടെ ധൈര്യം ചോർന്നുപോകരുത്. ഭയരഹിതമായ നിങ്ങളുടെ പ്രതികരണം, അവർ നാശത്തിലേക്കു പോകുന്നവരാണെന്നും നിങ്ങൾ രക്ഷിതരാണെന്നും ഉള്ളതിന് ഒരു നിദർശനമാണ്; അത് ദൈവത്തിൽനിന്നു ലഭിച്ചതാണ്. ക്രിസ്തുവിൽ വിശ്വസിക്കാൻവേണ്ടിമാത്രമല്ല; അവിടത്തേക്കുവേണ്ടി പീഡനം സഹിക്കാനുള്ള പ്രത്യേകപദവിയും നിങ്ങൾക്കു ദാനമായി ലഭിച്ചിരിക്കുന്നു. എനിക്കുള്ളതായി നിങ്ങൾ കണ്ടതും ഞാൻ ഇപ്പോൾ അനുഭവിക്കുന്നതുമായ അതേ കഷ്ടതയിലൂടെയാണല്ലോ നിങ്ങളും ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.