സഹോദരരേ, എനിക്കു സംഭവിച്ചതെല്ലാം യഥാർഥത്തിൽ സുവിശേഷത്തിന്റെ പുരോഗതിക്കു സഹായകരമായിത്തീർന്നു എന്നു നിങ്ങൾ മനസ്സിലാക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ക്രിസ്തുവിനെപ്രതിയാണ് ഞാൻ കാരാഗൃഹത്തിൽ ആയിരിക്കുന്നത് എന്ന് എല്ലാ അകമ്പടിപ്പട്ടാളക്കാർക്കും ഇവിടെയുള്ള മറ്റെല്ലാവർക്കും ബോധ്യമായിരിക്കുന്നു. ഞാൻ തടവിലായതു മൂലം സഹോദരന്മാരിൽ മിക്കപേർക്കും കർത്താവിലുള്ള വിശ്വാസം ഉറയ്‍ക്കുകയും ദൈവത്തിന്റെ സന്ദേശം നിർഭയം പ്രഘോഷിക്കുന്നതിനുള്ള ധൈര്യം വർധിക്കുകയും ചെയ്തിരിക്കുന്നു. ചിലർ ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുന്നത് അസൂയയും പിണക്കവും കൊണ്ടാണെന്ന് വ്യക്തമാണ്. മറ്റു ചിലരാകട്ടെ ആത്മാർഥമായ സന്മനസ്സോടുകൂടി പ്രസംഗിക്കുന്നു. എന്നോടുള്ള സ്നേഹത്തിന്റെ പേരിലാണ് അവർ അപ്രകാരം ചെയ്യുന്നത്. എന്തെന്നാൽ സുവിശേഷത്തിന്റെ സംരക്ഷണത്തിനുവേണ്ടിയാണ് എന്നെ നിയോഗിച്ചിരിക്കുന്നതെന്ന് അവർക്കറിയാം. ആദ്യത്തെ കൂട്ടർ ആത്മാർഥതകൊണ്ടല്ല പിന്നെയോ കക്ഷിതാത്പര്യംകൊണ്ടാണ് ക്രിസ്തുവിനെ വിളംബരം ചെയ്യുന്നത്; ബന്ധനസ്ഥനായ എന്നെ കൂടുതൽ ക്ലേശിപ്പിക്കാമെന്നത്രേ അവർ കരുതുന്നത്. അതു സാരമില്ല! ഉദ്ദേശ്യം ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ. എങ്ങനെയായാലും ക്രിസ്തുവിനെക്കുറിച്ചാണല്ലോ പ്രസംഗിക്കുന്നതെന്ന് ഓർക്കുമ്പോൾ എനിക്കു സന്തോഷമേയുള്ളൂ; ഈ സന്തോഷത്തിൽ ഞാൻ തുടരുകയും ചെയ്യും. എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ പ്രാർഥനയാലും, യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും ഞാൻ വിമോചിതനാകുമെന്ന് എനിക്കറിയാം. അങ്ങനെ ഞാൻ അശേഷം ലജ്ജിച്ചുപോകാതെ പൂർണ ധൈര്യത്തോടുകൂടി എപ്പോഴുമെന്നതുപോലെ ഇപ്പോഴും കഴിയുന്നു; ജീവിതത്തിൽകൂടിയാകട്ടെ, മരണത്തിൽകൂടിയാകട്ടെ ക്രിസ്തു എന്നിലൂടെ മഹത്ത്വപ്പെടണമെന്ന് ഞാൻ സർവാത്മനാ പ്രതീക്ഷിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു. ക്രിസ്തുവാണ് എന്റെ ജീവൻ; മരണം എനിക്കു ലാഭവും. എന്നാൽ ഇനിയും ജീവിക്കുകയാണെങ്കിൽ കൂടുതൽ ഫലപ്രദമായി പ്രയത്നിക്കുവാൻ കഴിയും. ഇതിൽ ഏതാണു തിരഞ്ഞെടുക്കേണ്ടതെന്ന് എനിക്കു നിശ്ചയമില്ല. ഇവയുടെ മധ്യത്തിൽ ഞാൻ വല്ലാതെ ഞെരുങ്ങുന്നു. ശരീരത്തോടു വിടവാങ്ങി ക്രിസ്തുവിനോടു ചേരുവാനാണ് ഞാൻ അഭിവാഞ്ഛിക്കുന്നത്. അതാണല്ലോ കൂടുതൽ അഭികാമ്യം. എന്നാൽ നിങ്ങളെപ്രതി ഞാൻ ശരീരത്തോടുകൂടി ഇരിക്കേണ്ടത് അതിലേറെ ആവശ്യം. ഈ ബോധ്യത്തോടുകൂടി നിങ്ങളുടെ അഭിവൃദ്ധിക്കും വിശ്വാസത്തിലുള്ള ആനന്ദത്തിനുവേണ്ടി ഞാൻ ജീവനോടെ ശേഷിക്കുമെന്നും നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കുമെന്നും എനിക്കുറപ്പുണ്ട്. അങ്ങനെ ഞാൻ വീണ്ടും നിങ്ങളുടെ അടുക്കൽ വരുന്നതുകൊണ്ട്, ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിൽ ഞാൻ നിമിത്തം നിങ്ങൾക്ക് അഭിമാനിക്കുവാൻ വേണ്ടുവോളം വകയുണ്ടാകും. നിങ്ങൾ ക്രിസ്തുവിന്റെ സുവിശേഷത്തിനു യോഗ്യമായവിധം ജീവിക്കണമെന്നതാണ് ഏറ്റവും പ്രധാനം. അങ്ങനെ ഞാൻ വന്നു നിങ്ങളെ കാണുകയോ, അഥവാ വരാതെ നിങ്ങളെക്കുറിച്ചു കേൾക്കുകയോ ചെയ്താലും, നിങ്ങൾ ഏകാത്മാവോടും ഏകമനസ്സോടുംകൂടി ഉറച്ചുനിന്നുകൊണ്ട് സുവിശേഷത്തിന്റെ വിശ്വാസത്തിനുവേണ്ടി പോരാടുന്നു എന്നും, ഒരു കാര്യത്തിലും ശത്രുക്കൾ നിങ്ങളെ ഭയപ്പെടുത്തുന്നില്ല എന്നും, നിങ്ങളെക്കുറിച്ച് അറിയുവാൻ എനിക്ക് ഇടയാകട്ടെ. നിങ്ങളുടെ പോരാട്ടം അവരുടെ നാശത്തിനും, പ്രത്യുത നിങ്ങളുടെ രക്ഷയ്‍ക്കും ദൈവത്തിൽ നിന്നുള്ള അടയാളമാകുന്നു. ക്രിസ്തുവിൽ വിശ്വസിക്കുവാൻ മാത്രമല്ല, അവിടുത്തെ പ്രതി കഷ്ടത സഹിക്കുവാൻകൂടി ഉള്ള വരം ദൈവം നിങ്ങൾക്കു നല്‌കിയിരിക്കുന്നു. എന്നിൽ നിങ്ങൾ കണ്ടതും, ഇപ്പോൾ എന്നെക്കുറിച്ചു കേൾക്കുന്നതുമായ അതേ പോരാട്ടത്തിൽ തന്നെയാണല്ലോ നിങ്ങൾ ഏർപ്പെട്ടിരിക്കുന്നത്.
FILIPI 1 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: FILIPI 1:12-30
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ