സംഖ്യാപുസ്തകം 7:1-10
സംഖ്യാപുസ്തകം 7:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെ തിരുനിവാസം നിവിർത്തു കഴിഞ്ഞിട്ട് അതും അതിന്റെ ഉപകരണങ്ങളൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിക്കയും യാഗപീഠത്തെയും അതിന്റെ സകല പാത്രങ്ങളെയും അഭിഷേകം കഴിച്ചു ശുദ്ധീകരിക്കയും ചെയ്ത ദിവസം തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേൽവിചാരകന്മാരും ആയ യിസ്രായേൽപ്രഭുക്കന്മാർ വഴിപാടു കഴിച്ചു. അവർ വഴിപാടായിട്ട് ഈരണ്ടു പ്രഭുക്കന്മാർ ഓരോ വണ്ടിയും ഓരോരുത്തൻ ഓരോ കാളയും ഇങ്ങനെ കൂടുള്ള ആറു വണ്ടിയും പന്ത്രണ്ടു കാളയും യഹോവയുടെ സന്നിധിയിൽ തിരുനിവാസത്തിന്റെ മുമ്പിൽ കൊണ്ടുവന്നു. അപ്പോൾ യഹോവ മോശെയോട്: അവരുടെ പക്കൽനിന്ന് അവയെ വാങ്ങുക. അവ സമാഗമനകൂടാരത്തിന്റെ ഉപയോഗത്തിന് ഇരിക്കട്ടെ; അവയെ ലേവ്യരിൽ ഓരോരുത്തന് അവനവന്റെ വേലയ്ക്കു തക്കവണ്ണം കൊടുക്കേണം എന്നു കല്പിച്ചു. മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യർക്കു കൊടുത്തു. രണ്ടു വണ്ടിയും നാലു കാളയെയും അവൻ ഗേർശോന്യർക്ക് അവരുടെ വേലയ്ക്കു തക്കവണ്ണം കൊടുത്തു. നാലു വണ്ടിയും എട്ടു കാളയെയും അവൻ മെരാര്യർക്കു പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ കൈക്കീഴ് അവർക്കുള്ള വേലയ്ക്കു തക്കവണ്ണം കൊടുത്തു. കെഹാത്യർക്ക് അവൻ ഒന്നും കൊടുത്തില്ല; അവരുടെ വേല വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും തോളിൽ ചുമക്കുന്നതും ആയിരുന്നു. യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠയ്ക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്റെ മുമ്പാകെ പ്രഭുക്കന്മാർ തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.
സംഖ്യാപുസ്തകം 7:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശ കൂടാരം സ്ഥാപിച്ചശേഷം, അതും അതിന്റെ ഉപകരണങ്ങളും, യാഗപീഠവും അതിന്റെ ഉപകരണങ്ങളും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു. ഇസ്രായേലിലെ നേതാക്കളും, പിതൃഭവനത്തലവന്മാരും ജനസംഖ്യ എടുക്കുന്നതിൽ മേൽനോട്ടം വഹിച്ചവരുമായ ഗോത്രനേതാക്കൾ കാഴ്ചകൾ കൊണ്ടുവന്നു സർവേശ്വരസന്നിധിയിൽ അർപ്പിച്ചു. രണ്ടു നേതാക്കൾക്ക് ഒരു മൂടിയുള്ള വണ്ടിയും ഒരാൾക്ക് ഒരു കാളയും വീതം ആറു മൂടിയുള്ള വണ്ടികളും പന്ത്രണ്ടു കാളകളുമാണ് അവർ വിശുദ്ധകൂടാരത്തിനു മുമ്പിൽ സമർപ്പിച്ചത്. അപ്പോൾ സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “തിരുസാന്നിധ്യകൂടാരത്തിലെ ഉപയോഗത്തിനുവേണ്ടി അവ അവരിൽനിന്നു സ്വീകരിച്ചു ചുമതലപ്പെട്ട ലേവ്യരെ ഏല്പിക്കുക.” അങ്ങനെ മോശ കാളകളും വണ്ടികളും സ്വീകരിച്ചു ലേവ്യർക്കു നല്‌കി. രണ്ടു വണ്ടികളും നാലു കാളകളും ഗേർശോന്യരുടെ ജോലി അനുസരിച്ച് അവർക്കു കൊടുത്തു. പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നേതൃത്വത്തിലുള്ള മെരാര്യർക്ക് അവരുടെ ജോലി അനുസരിച്ചു നാലു വണ്ടികളും എട്ടു കാളകളും കൊടുത്തു. വിശുദ്ധവസ്തുക്കൾ സൂക്ഷിക്കുകയും അവ ചുമലിൽ ചുമക്കുകയും ചെയ്യേണ്ടിയിരുന്നതുകൊണ്ടു കെഹാത്യർക്കു മോശ ഒന്നും നല്‌കിയില്ല. യാഗപീഠത്തിന്റെ അഭിഷേകദിവസം പ്രതിഷ്ഠയ്‍ക്കുള്ള തങ്ങളുടെ വഴിപാടുകൾ നേതാക്കന്മാർ കൊണ്ടുവന്നു യാഗപീഠത്തിന്റെ മുമ്പിൽ അർപ്പിച്ചു.
സംഖ്യാപുസ്തകം 7:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മോശെ തിരുനിവാസം നിവിർത്തിയശേഷം അതും അതിന്റെ ഉപകരണങ്ങളൊക്കെയും, യാഗപീഠവും അതിന്‍റെ സകലപാത്രങ്ങളും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു. അന്നു തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേൽവിചാരകന്മാരും ആയ യിസ്രായേൽ പ്രഭുക്കന്മാർ വഴിപാട് കഴിച്ചു. അവർ വഴിപാടായിട്ട് ഈ രണ്ടു പ്രഭുക്കന്മാർ ഓരോ വണ്ടിയും ഓരോരുത്തൻ ഓരോ കാളയും ഇങ്ങനെ മൂടിയുള്ള ആറു വണ്ടികളും പന്ത്രണ്ടു കാളകളും യഹോവയുടെ സന്നിധിയിൽ തിരുനിവാസത്തിന്റെ മുമ്പിൽ കൊണ്ടുവന്നു. അപ്പോൾ യഹോവ മോശെയോട്: “അവരുടെ പക്കൽനിന്ന് അവയെ വാങ്ങുക. അവ സമാഗമനകൂടാരത്തിന്റെ ഉപയോഗത്തിന് ഇരിക്കട്ടെ; അവയെ ലേവ്യരിൽ ഓരോരുത്തന് അവനവന്‍റെ ശുശ്രൂഷക്ക് തക്കവണ്ണം കൊടുക്കേണം” എന്നു കല്പിച്ചു. മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യർക്ക് കൊടുത്തു. രണ്ടു വണ്ടികളും നാലു കാളകളെയും അവൻ ഗേർശോന്യർക്ക് അവരുടെ ശുശ്രൂഷയ്ക്ക് തക്കവണ്ണം കൊടുത്തു. നാലു വണ്ടികളും എട്ട് കാളകളെയും അവൻ മെരാര്യർക്ക് പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്‍റെ നേതൃത്വത്തിൽ അവർക്കുള്ള ശുശ്രൂഷക്ക് തക്കവണ്ണം കൊടുത്തു. കെഹാത്യർക്ക് അവൻ ഒന്നും കൊടുത്തില്ല; അവരുടെ ശുശ്രൂഷ വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും വിശുദ്ധവസ്തുക്കൾ തോളിൽ ചുമക്കുന്നതും ആയിരുന്നു. യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠയ്ക്കുള്ള വഴിപാട് യാഗപീഠത്തിന്‍റെ മുമ്പാകെ കൊണ്ടുവന്നു.
സംഖ്യാപുസ്തകം 7:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മോശെ തിരുനിവാസം നിവിർത്തുകഴിഞ്ഞിട്ടു അതും അതിന്റെ ഉപകരണങ്ങളൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിക്കയും യാഗപീഠത്തെയും അതിന്റെ സകലപാത്രങ്ങളെയും അഭിഷേകം കഴിച്ചു ശുദ്ധീകരിക്കയും ചെയ്ത ദിവസം തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേൽവിചാരകന്മാരും ആയ യിസ്രായേൽപ്രഭുക്കന്മാർ വഴിപാടു കഴിച്ചു. അവർ വഴിപാടായിട്ടു ഈരണ്ടു പ്രഭുക്കന്മാർ ഓരോ വണ്ടിയും ഓരോരുത്തൻ ഓരോ കാളയും ഇങ്ങനെ കൂടുള്ള ആറു വണ്ടിയും പന്ത്രണ്ടു കാളയും യഹോവയുടെ സന്നിധിയിൽ തിരുനിവാസത്തിന്റെ മുമ്പിൽ കൊണ്ടുവന്നു. അപ്പോൾ യഹോവ മോശെയോടു: അവരുടെ പക്കൽനിന്നു അവയെ വാങ്ങുക. അവ സമാഗമനകൂടാരത്തിന്റെ ഉപയോഗത്തിന്നു ഇരിക്കട്ടെ; അവയെ ലേവ്യരിൽ ഓരോരുത്തന്നു അവനവന്റെ വേലക്കു തക്കവണ്ണം കൊടുക്കേണം എന്നു കല്പിച്ചു. മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യർക്കു കൊടുത്തു. രണ്ടു വണ്ടിയും നാലു കാളയെയും അവൻ ഗേർശോന്യർക്കു അവരുടെ വേലെക്കു തക്കവണ്ണം കൊടുത്തു. നാലു വണ്ടിയും എട്ടു കാളയെയും അവൻ മെരാര്യർക്കു പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ കൈക്കീഴ് അവർക്കുള്ള വേലെക്കു തക്കവണ്ണം കൊടുത്തു. കെഹാത്യർക്കു അവൻ ഒന്നും കൊടുത്തില്ല; അവരുടെ വേല വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും തോളിൽ ചുമക്കുന്നതും ആയിരുന്നു. യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠെക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്റെ മുമ്പാകെ പ്രഭുക്കന്മാർ തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.
സംഖ്യാപുസ്തകം 7:1-10 സമകാലിക മലയാളവിവർത്തനം (MCV)
മോശ സമാഗമകൂടാരം സ്ഥാപിച്ചശേഷം, അതും അതിന്റെ സകല ഉപകരണങ്ങളും അഭിഷേകംചെയ്തു ശുദ്ധീകരിച്ചു. അദ്ദേഹം യാഗപീഠവും അതിന്റെ സകല ഉപകരണങ്ങളും അഭിഷേകംചെയ്തു ശുദ്ധീകരിച്ചു. ഇതിനുശേഷം, ഇസ്രായേൽ പ്രഭുക്കന്മാർ, എണ്ണപ്പെട്ടവരുടെ മേൽവിചാരകരായിരുന്ന ഗോത്രപ്രഭുക്കന്മാരായ പിതൃഭവനത്തലവന്മാർതന്നെ, യാഗങ്ങൾ അർപ്പിച്ചു. രണ്ടു പ്രഭുക്കന്മാർക്ക് ഒരു വണ്ടിയും ഓരോരുത്തർക്ക് ഓരോ കാളയും എന്ന കണക്കിന് മൂടപ്പെട്ട ആറു വണ്ടികളും പന്ത്രണ്ടു കാളകളും യഹോവയുടെമുമ്പാകെ അവർ കൊണ്ടുവന്ന് സമാഗമകൂടാരത്തിനുമുമ്പിൽ വെച്ചു. യഹോവ മോശയോട് അരുളിച്ചെയ്തു: “അവരിൽനിന്ന് അവയെ സ്വീകരിക്കുക, സമാഗമകൂടാരത്തിലെ വേലകൾക്ക് അവ ഉപയോഗിക്കാം. ഓരോരുത്തരുടെയും ശുശ്രൂഷയ്ക്ക് ഉപയുക്തമാകുംവണ്ണം അവയെ ലേവ്യർക്കു കൊടുക്കുക.” അങ്ങനെ മോശ വണ്ടികളും കാളകളും എടുത്ത് ലേവ്യർക്കു കൊടുത്തു. അദ്ദേഹം ഗെർശോന്യർക്ക്, അവരുടെ ശുശ്രൂഷയ്ക്ക് ആവശ്യമായിരുന്നതിൻവണ്ണം രണ്ടു വണ്ടികളും നാല് കാളകളും കൊടുത്തു; അദ്ദേഹം മെരാര്യർക്ക് അവരുടെ ശുശ്രൂഷയ്ക്ക് ആവശ്യമായിരുന്നതിൻവണ്ണം നാലു വണ്ടികളും എട്ട് കാളകളും കൊടുത്തു. അവരെല്ലാവരും പുരോഹിതനായ അഹരോന്റെ പുത്രനായ ഈഥാമാരിന്റെ നേതൃത്വത്തിലായിരുന്നു. എന്നാൽ കെഹാത്യർക്കു മോശ ഒന്നും നൽകിയിട്ടില്ല, കാരണം അവരുടെ ശുശ്രൂഷ വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും വിശുദ്ധവസ്തുക്കൾ തോളിൽ ചുമക്കുന്നതും ആയിരുന്നു. യാഗപീഠം അഭിഷേകം ചെയ്തപ്പോൾ അതിന്റെ പ്രതിഷ്ഠയ്ക്കായി പ്രഭുക്കന്മാർ അവരുടെ വഴിപാടുകൾ കൊണ്ടുവന്ന് അവയെ യാഗപീഠത്തിനുമുമ്പിൽ കാഴ്ചവെച്ചു.