സംഖ്യ. 7:1-10

സംഖ്യ. 7:1-10 IRVMAL

മോശെ തിരുനിവാസം നിവിർത്തിയശേഷം അതും അതിന്‍റെ ഉപകരണങ്ങളൊക്കെയും, യാഗപീഠവും അതിന്‍റെ സകലപാത്രങ്ങളും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു. അന്നു തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേൽവിചാരകന്മാരും ആയ യിസ്രായേൽ പ്രഭുക്കന്മാർ വഴിപാട് കഴിച്ചു. അവർ വഴിപാടായിട്ട് ഈ രണ്ടു പ്രഭുക്കന്മാർ ഓരോ വണ്ടിയും ഓരോരുത്തൻ ഓരോ കാളയും ഇങ്ങനെ മൂടിയുള്ള ആറു വണ്ടികളും പന്ത്രണ്ടു കാളകളും യഹോവയുടെ സന്നിധിയിൽ തിരുനിവാസത്തിന്‍റെ മുമ്പിൽ കൊണ്ടുവന്നു. അപ്പോൾ യഹോവ മോശെയോട്: “അവരുടെ പക്കൽനിന്ന് അവയെ വാങ്ങുക. അവ സമാഗമനകൂടാരത്തിന്‍റെ ഉപയോഗത്തിന് ഇരിക്കട്ടെ; അവയെ ലേവ്യരിൽ ഓരോരുത്തന് അവനവന്‍റെ ശുശ്രൂഷക്ക് തക്കവണ്ണം കൊടുക്കേണം” എന്നു കല്പിച്ചു. മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യർക്ക് കൊടുത്തു. രണ്ടു വണ്ടികളും നാലു കാളകളെയും അവൻ ഗേർശോന്യർക്ക് അവരുടെ ശുശ്രൂഷയ്ക്ക് തക്കവണ്ണം കൊടുത്തു. നാലു വണ്ടികളും എട്ട് കാളകളെയും അവൻ മെരാര്യർക്ക് പുരോഹിതനായ അഹരോന്‍റെ പുത്രൻ ഈഥാമാരിന്‍റെ നേതൃത്വത്തിൽ അവർക്കുള്ള ശുശ്രൂഷക്ക് തക്കവണ്ണം കൊടുത്തു. കെഹാത്യർക്ക് അവൻ ഒന്നും കൊടുത്തില്ല; അവരുടെ ശുശ്രൂഷ വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും വിശുദ്ധവസ്തുക്കൾ തോളിൽ ചുമക്കുന്നതും ആയിരുന്നു. യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠയ്ക്കുള്ള വഴിപാട് യാഗപീഠത്തിന്‍റെ മുമ്പാകെ കൊണ്ടുവന്നു.