നെഹെമ്യാവ് 2:11-17
നെഹെമ്യാവ് 2:11-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം താമസിച്ചശേഷം ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയിൽ എഴുന്നേറ്റു; എന്നാൽ യെരൂശലേമിൽ ചെയ്വാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചിരുന്നതു ഞാൻ ആരോടും പറഞ്ഞിട്ടില്ലായിരുന്നു; ഞാൻ കയറിയിരുന്ന മൃഗമല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല. ഞാൻ രാത്രിയിൽ താഴ്വരവാതിൽ വഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതിൽക്കലും ചെന്നു യെരൂശലേമിന്റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവച്ചു ചുട്ടിരിക്കുന്നതും കണ്ടു. പിന്നെ ഞാൻ ഉറവു വാതിൽക്കലേക്കും രാജാവിന്റെ കുളത്തിങ്കലേക്കും ചെന്നു; എന്നാൽ ഞാൻ കയറിയിരുന്ന മൃഗത്തിനു കടന്നുപോകുവാൻ സ്ഥലം പോരാതിരുന്നു. രാത്രിയിൽതന്നെ ഞാൻ തോട്ടിന്റെ അരികത്തുകൂടി ചെന്നു മതിൽ നോക്കികണ്ടു താഴ്‌വരവാതിലിൻ വഴിയായി മടങ്ങിപ്പോന്നു. ഞാൻ എവിടെപ്പോയി എന്നും എന്തു ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല; അന്നുവരെ ഞാൻ യെഹൂദന്മാരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ പ്രമാണികളോടോ വേലയെടുക്കുന്ന ശേഷം പേരോടോ യാതൊന്നും അറിയിച്ചിരുന്നില്ല. അനന്തരം ഞാൻ അവരോട്: യെരൂശലേം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കുന്നതായി നാം അകപ്പെട്ടിരിക്കുന്ന ഈ അനർഥം നിങ്ങൾ കാണുന്നുവല്ലോ; വരുവിൻ; നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരൂശലേമിന്റെ മതിൽ പണിയുക എന്നു പറഞ്ഞു.
നെഹെമ്യാവ് 2:11-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം പാർത്തു. യെരൂശലേമിനുവേണ്ടി ദൈവം എന്റെ മനസ്സിൽ തോന്നിപ്പിച്ചിരുന്ന കാര്യങ്ങൾ ഞാൻ ആരോടും പറഞ്ഞിരുന്നില്ല. ഞാനും എന്റെ ഏതാനും അനുയായികളും അടുത്ത രാത്രിയിൽ എഴുന്നേറ്റു പുറത്തു കടന്നു. ഞാൻ കയറിയിരുന്ന മൃഗമല്ലാതെ മറ്റൊരു മൃഗവും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ല. രാത്രിയിൽ താഴ്‌വരവാതിലിലൂടെ വേതാളഉറവ കടന്നു ചവറ്റുവാതില്‌ക്കൽ എത്തി; ഞാൻ യെരൂശലേമിന്റെ ഇടിഞ്ഞ മതിലും അഗ്നിക്കിരയായ വാതിലുകളും പരിശോധിച്ചു. പിന്നീടു ഞാൻ ഉറവുവാതില്ക്കലേക്കും രാജാവിന്റെ കുളത്തിങ്കലേക്കും ചെന്നു. എന്നാൽ എന്റെ വാഹനമൃഗത്തിനു കടന്നുപോകാൻ ഇടമില്ലായിരുന്നു. രാത്രിയിൽ ഞാൻ താഴ്‌വരയിലൂടെ നടന്നു മതിൽ പരിശോധിച്ചു; പിന്നീടു താഴ്‌വരവാതിലിലൂടെ മടങ്ങിപ്പോന്നു. ഞാൻ എവിടെ പോയി എന്നോ എന്തു ചെയ്തു എന്നോ ഉദ്യോഗസ്ഥന്മാർ ആരും അറിഞ്ഞില്ല. അന്നുവരെ യെഹൂദന്മാരെയോ പുരോഹിതന്മാരെയോ പ്രഭുക്കന്മാരെയോ ഉദ്യോഗസ്ഥന്മാരെയോ ജോലിയിൽ ഏർപ്പെടേണ്ടിയിരുന്നവരെയോ ഞാൻ ഒന്നും അറിയിച്ചിരുന്നില്ല. പിന്നീട് ഞാൻ അവരോടു പറഞ്ഞു: “നമുക്കു നേരിട്ടിരിക്കുന്ന അനർഥം നോക്കുക. യെരൂശലേം ശൂന്യമായും അതിന്റെ വാതിലുകൾ അഗ്നിക്കിരയായും കിടക്കുന്നു. വരിക, നമുക്ക് യെരൂശലേമിന്റെ മതിൽ പണിയാം. നമ്മുടെ അപമാനത്തിന് അറുതിവരുത്താം.”
നെഹെമ്യാവ് 2:11-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം താമസിച്ചശേഷം ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയിൽ എഴുന്നേറ്റു. എന്നാൽ യെരൂശലേമിൽ ചെയ്വാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചിരുന്നത് ഞാൻ ആരോടും പറഞ്ഞിട്ടില്ലായിരുന്നു. ഞാൻ കയറിയിരുന്ന മൃഗം അല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല. ഞാൻ രാത്രിയിൽ താഴ്വരവാതിൽ വഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതില്ക്കലും ചെന്നു യെരൂശലേമിന്റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവെച്ച് ചുട്ടിരിക്കുന്നതും കണ്ടു. പിന്നെ ഞാൻ ഉറവുവാതില്ക്കലേയ്ക്കും രാജാവിന്‍റെ കുളത്തിങ്കലേക്കും ചെന്നു. എന്നാൽ ഞാൻ കയറിയിരുന്ന മൃഗത്തിന് കടന്നുപോകുവാൻ സ്ഥലം പോരാതിരുന്നു. രാത്രിയിൽ തന്നെ ഞാൻ തോട്ടിന്റെ അരികത്തുകൂടി ചെന്നു മതിൽ നോക്കി കണ്ടു താഴ്വരവാതിൽ വഴിയായി മടങ്ങിപ്പോന്നു. ഞാൻ എവിടെപ്പോയി എന്നും എന്ത് ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല. അന്നുവരെ ഞാൻ യെഹൂദന്മാരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ പ്രമാണികളോടോ വേലയെടുക്കുന്ന ശേഷം പേരോടോ യാതൊന്നും അറിയിച്ചിരുന്നില്ല. അനന്തരം ഞാൻ അവരോട്: “നാം അകപ്പെട്ടിരിക്കുന്ന ഈ അനർത്ഥം നിങ്ങൾ കാണുന്നുവല്ലോ; യെരൂശലേം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ട് വെന്തും കിടക്കുന്നു. ആകയാൽ വരുവിൻ; നാം ഇനിയും നിന്ദിതരാകാതിരിക്കേണ്ടതിന് യെരൂശലേമിന്‍റെ മതിൽ പണിയുക” എന്നു പറഞ്ഞു.
നെഹെമ്യാവ് 2:11-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം താമസിച്ചശേഷം ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയിൽ എഴുന്നേറ്റു; എന്നാൽ യെരൂശലേമിൽ ചെയ്വാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചിരുന്നതു ഞാൻ ആരോടും പറഞ്ഞിട്ടില്ലായിരുന്നു; ഞാൻ കയറിയിരുന്ന മൃഗം അല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല. ഞാൻ രാത്രിയിൽ താഴ്‌വരവാതിൽവഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതില്ക്കലും ചെന്നു യെരൂശലേമിന്റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവെച്ചു ചുട്ടിരിക്കുന്നതും കണ്ടു. പിന്നെ ഞാൻ ഉറവുവാതില്ക്കലേക്കും രാജാവിന്റെ കുളത്തിങ്കലേക്കും ചെന്നു; എന്നാൽ ഞാൻ കയറിയിരുന്ന മൃഗത്തിന്നു കടന്നുപോകുവാൻ സ്ഥലം പോരാതിരുന്നു. രാത്രിയിൽ തന്നേ ഞാൻ തോട്ടിന്റെ അരികത്തുകൂടി ചെന്നു മതിൽ നോക്കി കണ്ടു താഴ്‌വരവാതിലിൻ വഴിയായി മടങ്ങിപ്പോന്നു. ഞാൻ എവിടെപ്പോയി എന്നും എന്തു ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല; അന്നുവരെ ഞാൻ യെഹൂദന്മാരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ പ്രമാണികളോടോ വേലയെടുക്കുന്ന ശേഷംപേരോടോ യാതൊന്നും അറിയിച്ചിരുന്നില്ല. അനന്തരം ഞാൻ അവരോടു: യെരൂശലേം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കുന്നതായി നാം അകപ്പെട്ടിരിക്കുന്ന ഈ അനർത്ഥം നിങ്ങൾ കാണുന്നുവല്ലോ; വരുവിൻ; നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരൂശലേമിന്റെ മതിൽ പണിയുക എന്നു പറഞ്ഞു.
നെഹെമ്യാവ് 2:11-17 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ ജെറുശലേമിൽ എത്തി, അവിടെ മൂന്നുദിവസം താമസിച്ചതിനുശേഷം, ചില ആൾക്കാരുമായി രാത്രിയിൽ പുറപ്പെട്ടു. ജെറുശലേമിനെക്കുറിച്ച് ദൈവം എന്റെ ഹൃദയത്തിൽ നൽകിയ ചിന്തകൾ ഞാൻ ആരോടും പറഞ്ഞിരുന്നില്ല. ഞാൻ കയറിയിരുന്ന മൃഗമല്ലാതെ, മറ്റു മൃഗങ്ങളൊന്നും എന്നോടുകൂടെ ഉണ്ടായിരുന്നില്ല. രാത്രിയിൽ ഞാൻ താഴ്വാരം കവാടത്തിൽക്കൂടി പെരുമ്പാമ്പുറവിങ്കലും കുപ്പക്കവാടത്തിങ്കലും ചെന്ന്, ഇടിഞ്ഞുകിടക്കുന്ന ജെറുശലേമിന്റെ മതിലുകളും അഗ്നിക്കിരയായ കവാടങ്ങളും പരിശോധിച്ചു. തുടർന്ന് ഞാൻ ഉറവുകവാടത്തിലേക്കും രാജാവിന്റെ കുളത്തിലേക്കും ചെന്നു; എന്നാൽ എന്റെ വാഹനമൃഗത്തിനു കടന്നുപോകാൻ മതിയായ സ്ഥലം അവിടില്ലായിരുന്നു. അതിനാൽ രാത്രിയിൽ ഞാൻ താഴ്വരവഴി ചെന്ന് മതിൽ പരിശോധിച്ചശേഷം തിരിഞ്ഞ് താഴ്വാരം കവാടത്തിൽക്കൂടി മടങ്ങിയെത്തി. ഞാൻ എവിടെപ്പോയി എന്നോ എന്തുചെയ്യുന്നു എന്നോ ഉദ്യോഗസ്ഥർ ആരും അറിഞ്ഞിരുന്നില്ല; യെഹൂദരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ ഉദ്യോഗസ്ഥരോടോ മറ്റു ജോലിക്കാരോടോ ഞാൻ അതുവരെ ഒന്നും പറഞ്ഞിരുന്നില്ല. പിന്നീട് ഞാൻ അവരോടു പറഞ്ഞു: “നാം അകപ്പെട്ടിരിക്കുന്ന ഈ ദുരവസ്ഥ നിങ്ങൾ കാണുന്നല്ലോ. ജെറുശലേം ശൂന്യമായും അതിന്റെ കവാടങ്ങൾ അഗ്നിക്കിരയായും കിടക്കുന്നു. വരിക, നാം ഇനിയും നിന്ദിതരാകരുത്, അതിനാൽ ജെറുശലേമിന്റെ മതിൽ നമുക്കു പുനർനിർമിക്കാം.”