NEHEMIA 2

2
നെഹെമ്യാ യെരൂശലേമിലേക്ക്
1അർത്ഥക്സേർക്സസ് രാജാവിന്റെ വാഴ്ചയുടെ ഇരുപതാം വർഷം നീസാൻ മാസത്തിൽ ഒരു ദിവസം ഞാൻ രാജാവിനു വീഞ്ഞു പകർന്നുകൊടുത്തുകൊണ്ടിരിക്കയായിരുന്നു. ഇതിനു മുമ്പൊരിക്കലും ഞാൻ രാജസന്നിധിയിൽ മ്ലാനവദനനായിരുന്നിട്ടില്ല. 2അപ്പോൾ രാജാവ് എന്നോടു ചോദിച്ചു: “നിന്റെ മുഖം വാടിയിരിക്കുന്നതെന്ത്? നിനക്ക് രോഗമൊന്നും ഇല്ലല്ലോ. ഇതു മനോദുഃഖമല്ലാതെ മറ്റൊന്നുമല്ല.” ഇതു കേട്ട് ഞാൻ വല്ലാതെ ഭയപ്പെട്ടു. 3ഞാൻ രാജാവിനോടു പറഞ്ഞു: “അങ്ങ് നീണാൾ വാഴട്ടെ. എന്റെ പിതാക്കന്മാരെ സംസ്കരിച്ചിരിക്കുന്ന കല്ലറകളുള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകൾ അഗ്നിക്കിരയായും കിടക്കുമ്പോൾ എന്റെ മുഖം എങ്ങനെ വാടാതിരിക്കും?” 4“നിന്റെ അപേക്ഷ എന്ത്?” എന്നു രാജാവ് ചോദിച്ചു. ഉടനെ ഞാൻ സ്വർഗസ്ഥനായ ദൈവത്തോടു പ്രാർഥിച്ചശേഷം രാജാവിനോടു പറഞ്ഞു: 5“തിരുവുള്ളമുണ്ടെങ്കിൽ, അങ്ങ് എന്നിൽ പ്രസാദിക്കുന്നെങ്കിൽ എന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം പുതുക്കിപ്പണിയാൻ അടിയനെ യെഹൂദ്യയിലേക്ക് അയച്ചാലും.” 6രാജാവു ചോദിച്ചു: “നിനക്ക് എത്രനാൾ വേണ്ടിവരും? നീ എപ്പോൾ മടങ്ങിവരും? അതിനുവേണ്ട സമയം ഞാൻ അറിയിച്ചു. രാജാവ് അതനുവദിക്കുകയും ചെയ്തു. അപ്പോൾ രാജ്ഞിയും അവിടുത്തോടൊപ്പം ഉണ്ടായിരുന്നു. 7“യെഹൂദ്യയിൽ എത്തുംവരെ പ്രവിശ്യകൾ കടന്നുപോകാൻ അനുവാദം ലഭിക്കുന്നതിനു ഭരണാധികാരികൾക്കു നല്‌കാനുള്ള കത്തുകൾ തന്നാലും” എന്നു ഞാൻ രാജാവിനോട് അപേക്ഷിച്ചു. 8കൂടാതെ ദേവാലയത്തിന്റെ കോട്ടവാതിലുകൾക്കും നഗരഭിത്തിക്കും എനിക്കു നിവസിക്കാനുള്ള വീടിനും ആവശ്യമുള്ള തടി നല്‌കാൻ വനം സൂക്ഷിപ്പുകാരനായ ആസാഫിന് ഒരു കത്തു നല്‌കണമെന്നും ഞാൻ അഭ്യർഥിച്ചു. ഞാൻ അപേക്ഷിച്ചതെല്ലാം രാജാവ് എനിക്കു നല്‌കി. ദൈവത്തിന്റെ കാരുണ്യം എനിക്കുണ്ടായിരുന്നു.
9ഞാൻ നദിക്ക് അക്കരെയുള്ള പ്രവിശ്യയിലെ അധികാരികളുടെ അടുക്കൽ ചെന്ന് രാജാവിന്റെ എഴുത്തുകൾ അവർക്കു കൊടുത്തു. രാജാവ് സേനാനായകന്മാരെയും കുതിരപ്പടയാളികളെയും എന്റെ കൂടെ അയച്ചിരുന്നു. 10ഇസ്രായേല്യരുടെ ക്ഷേമം അന്വേഷിക്കാൻ ഒരാൾ വന്നു എന്നു കേട്ടപ്പോൾ ഹോരോന്യനായ സൻബല്ലത്തും അമ്മോന്യയിലെ ഒരു ഉദ്യോഗസ്ഥനായ തോബീയായും അത്യന്തം അസന്തുഷ്ടരായി.
11ഞാൻ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം പാർത്തു. 12യെരൂശലേമിനുവേണ്ടി ദൈവം എന്റെ മനസ്സിൽ തോന്നിപ്പിച്ചിരുന്ന കാര്യങ്ങൾ ഞാൻ ആരോടും പറഞ്ഞിരുന്നില്ല. ഞാനും എന്റെ ഏതാനും അനുയായികളും അടുത്ത രാത്രിയിൽ എഴുന്നേറ്റു പുറത്തു കടന്നു. ഞാൻ കയറിയിരുന്ന മൃഗമല്ലാതെ മറ്റൊരു മൃഗവും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ല. 13രാത്രിയിൽ താഴ്‌വരവാതിലിലൂടെ വേതാളഉറവ കടന്നു ചവറ്റുവാതില്‌ക്കൽ എത്തി; ഞാൻ യെരൂശലേമിന്റെ ഇടിഞ്ഞ മതിലും അഗ്നിക്കിരയായ വാതിലുകളും പരിശോധിച്ചു. 14പിന്നീടു ഞാൻ ഉറവുവാതില്‌ക്കലേക്കും രാജാവിന്റെ കുളത്തിങ്കലേക്കും ചെന്നു. എന്നാൽ എന്റെ വാഹനമൃഗത്തിനു കടന്നുപോകാൻ ഇടമില്ലായിരുന്നു. 15രാത്രിയിൽ ഞാൻ താഴ്‌വരയിലൂടെ നടന്നു മതിൽ പരിശോധിച്ചു; പിന്നീടു താഴ്‌വരവാതിലിലൂടെ മടങ്ങിപ്പോന്നു.
16ഞാൻ എവിടെ പോയി എന്നോ എന്തു ചെയ്തു എന്നോ ഉദ്യോഗസ്ഥന്മാർ ആരും അറിഞ്ഞില്ല. അന്നുവരെ യെഹൂദന്മാരെയോ പുരോഹിതന്മാരെയോ പ്രഭുക്കന്മാരെയോ ഉദ്യോഗസ്ഥന്മാരെയോ ജോലിയിൽ ഏർപ്പെടേണ്ടിയിരുന്നവരെയോ ഞാൻ ഒന്നും അറിയിച്ചിരുന്നില്ല. 17പിന്നീട് ഞാൻ അവരോടു പറഞ്ഞു: “നമുക്കു നേരിട്ടിരിക്കുന്ന അനർഥം നോക്കുക. യെരൂശലേം ശൂന്യമായും അതിന്റെ വാതിലുകൾ അഗ്നിക്കിരയായും കിടക്കുന്നു. വരിക, നമുക്ക് യെരൂശലേമിന്റെ മതിൽ പണിയാം. നമ്മുടെ അപമാനത്തിന് അറുതിവരുത്താം.” 18ദൈവത്തിന്റെ സഹായം എന്റെ കൂടെ ഉണ്ടെന്നും രാജാവ് എന്നോടു പറഞ്ഞിട്ടുള്ളതും ഞാൻ അവരെ അറിയിച്ചു. “നമുക്കു പണി തുടങ്ങാം” എന്നു പറഞ്ഞ് അവർ ആ നല്ല കാര്യത്തിന് ഒരുമ്പെട്ടു.
19എന്നാൽ ഹോരോന്യനായ സൻബല്ലത്തും അമ്മോന്യയിലെ ഒരു ഉദ്യോഗസ്ഥനായ തോബീയായും അറേബ്യനായ ഗേശെമും ഇതു കേട്ടപ്പോൾ ഞങ്ങളെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്തുകൊണ്ടു പറഞ്ഞു: “നിങ്ങൾ എന്തു ചെയ്യാൻ പോകുന്നു? രാജാവിനോടു മത്സരിക്കുകയോ?” 20ഞാൻ അവരോടു പറഞ്ഞു: “സ്വർഗസ്ഥനായ ദൈവം ഞങ്ങൾക്കു വിജയം നല്‌കും; അവിടുത്തെ ദാസരായ ഞങ്ങൾ മതിൽ പണിയും. നിങ്ങൾക്കു യെരൂശലേമിൽ ഓഹരിയില്ല, അവകാശമില്ല, സ്മാരകവുമില്ല.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

NEHEMIA 2: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക