മർക്കൊസ് 9:30-37

മർക്കൊസ് 9:30-37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവിടെനിന്ന് അവർ പുറപ്പെട്ടു ഗലീലയിൽക്കൂടി സഞ്ചരിച്ചു; അത് ആരും അറിയരുതെന്ന് അവൻ ഇച്ഛിച്ചു. അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച് അവരോട്: മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ട് മൂന്നുനാൾ കഴിഞ്ഞശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. ആ വാക്ക് അവർ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു. അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: നിങ്ങൾ വഴിയിൽവച്ചു തമ്മിൽ വാദിച്ചത് എന്ത് എന്ന് അവരോടു ചോദിച്ചു. അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവച്ചു വാദിച്ചതുകൊണ്ടു മിണ്ടാതിരുന്നു. അവൻ ഇരുന്നു പന്തിരുവരെയും വിളിച്ചു: ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു. ഒരു ശിശുവിനെ എടുത്ത് അവരുടെ നടുവിൽ നിറുത്തി അണച്ചുകൊണ്ട് അവരോട്: ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.

മർക്കൊസ് 9:30-37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവർ അവിടെനിന്നു പുറപ്പെട്ട് ഗലീലയിൽക്കൂടി കടന്നുപോയി. അത് ആരും അറിയരുതെന്ന് യേശു ആഗ്രഹിച്ചു. എന്തെന്നാൽ മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടുമെന്നും അവർ അവനെ വധിക്കുമെന്നും പിന്നീട് മൂന്നു ദിവസം കഴിഞ്ഞ് ഉയിർത്തെഴുന്നേല്‌ക്കുമെന്നും അവിടുന്ന് ശിഷ്യന്മാരെ പറഞ്ഞു ധരിപ്പിക്കുകയായിരുന്നു. ഇത് അവർക്കു മനസ്സിലായില്ല. അവിടുത്തോടു വീണ്ടും ചോദിക്കുവാൻ അവർക്കു ഭയവുമായിരുന്നു. അങ്ങനെ അവർ കഫർന്നഹൂമിൽ എത്തിച്ചേർന്നു. വീട്ടിൽ വന്നപ്പോൾ യേശു ശിഷ്യന്മാരോട്, “വഴിയിൽവച്ചു നിങ്ങൾ എന്തിനെപ്പറ്റിയാണ് വാദപ്രതിവാദം നടത്തിക്കൊണ്ടിരുന്നത്?” എന്നു ചോദിച്ചു. അവരുടെ വാദപ്രതിവാദം തങ്ങളിൽ ആരാണ് ഏറ്റവും വലിയവൻ എന്നതിനെപ്പറ്റിയായിരുന്നതുകൊണ്ട് അവർ മൗനം അവലംബിച്ചു. അവിടുന്ന് ഇരുന്നശേഷം പന്ത്രണ്ടു ശിഷ്യന്മാരെയും വിളിച്ച് അവരോടു പറഞ്ഞു: “ഒരുവൻ പ്രമുഖനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ എല്ലാവരിലും എളിയവനും എല്ലാവരുടെയും ശുശ്രൂഷകനും ആകണം.” പിന്നീട് അവിടുന്ന് ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യത്തിൽ നിറുത്തി. ആ ശിശുവിനെ അവിടുന്ന് കരവലയത്തിലണച്ചുകൊണ്ട് അവരോടു പറഞ്ഞു: “ഇതുപോലെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ ഏതൊരാൾ സ്വീകരിക്കുന്നുവോ അയാൾ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്ന ഏതൊരുവനും എന്നെയല്ല എന്നെ അയച്ചവനെയത്രേ സ്വീകരിക്കുന്നത്.”

മർക്കൊസ് 9:30-37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവർ അവിടെനിന്നു പുറപ്പെട്ടു ഗലീലയിൽ കൂടി സഞ്ചരിച്ചു; അവർ എവിടെയാണെന്ന് ആരും അറിയരുതെന്ന് അവൻ ഇച്ഛിച്ചു. കാരണം അവൻ തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. അവൻ അവരോട്: “മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ട് മൂന്നുനാൾ കഴിഞ്ഞശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും” എന്നു പറഞ്ഞു. ആ വാക്കുകൾ അവർ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു. അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: “നിങ്ങൾ വഴിയിൽവച്ചു തമ്മിൽ വാദിച്ചതെന്ത്?” എന്നു ശിഷ്യന്മാരോട് ചോദിച്ചു. അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവച്ചു വാദിച്ചിരുന്നതുകൊണ്ടു മിണ്ടാതിരുന്നു. അവൻ ഇരുന്നിട്ട് പന്തിരുവരെയും ഒരുമിച്ചുവിളിച്ചു: “ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുവിലത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം” എന്നു പറഞ്ഞു. അവൻ ഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിർത്തി. ആ ശിശുവിനെ തന്‍റെ കരങ്ങളിൽ എടുത്തുംകൊണ്ട് അവരോട് പറഞ്ഞു: “ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്‍റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ സ്വീകരിക്കുന്നു” എന്നു പറഞ്ഞു.

മർക്കൊസ് 9:30-37 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവിടെ നിന്നു അവർ പുറപ്പെട്ടു ഗലീലയിൽ കൂടി സഞ്ചരിച്ചു; അതു ആരും അറിയരുതെന്നു അവൻ ഇച്ഛിച്ചു. അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാൾ കഴിഞ്ഞ ശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. ആ വാക്കു അവർ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു. അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: നിങ്ങൾ വഴിയിൽവെച്ചു തമ്മിൽ വാദിച്ചതു എന്തു എന്നു അവരോടു ചോദിച്ചു. അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവെച്ചു വാദിച്ചതുകൊണ്ടു മിണ്ടാതിരുന്നു. അവൻ ഇരുന്നു പന്തിരുവരെയും വിളിച്ചു: ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു. ഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിറുത്തി അണെച്ചുകൊണ്ടു അവരോടു: ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.

മർക്കൊസ് 9:30-37 സമകാലിക മലയാളവിവർത്തനം (MCV)

അവർ ആ സ്ഥലംവിട്ട് ഗലീലയിലൂടെ കടന്നുപോയി. തങ്ങൾ എവിടെയാണെന്ന് ആരും അറിയരുതെന്ന് യേശു ആഗ്രഹിച്ചു. യേശു ശിഷ്യന്മാരെ ഉപദേശിച്ചുകൊണ്ട് അവരോടു പറഞ്ഞു: “മനുഷ്യപുത്രൻ (ഞാൻ) മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കപ്പെടും. അവർ അവനെ കൊല്ലും, എന്നാൽ മൂന്നുദിവസം കഴിഞ്ഞ് അയാൾ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും.” എന്നാൽ, അദ്ദേഹം പറഞ്ഞതിന്റെ അർഥം ശിഷ്യന്മാർ ഗ്രഹിച്ചില്ല, അതിനാൽ, അതേപ്പറ്റി അദ്ദേഹത്തോടു ചോദിക്കാൻ അവർ ഭയപ്പെട്ടു. അവർ കഫാർനഹൂമിൽ എത്തി. അദ്ദേഹം വീട്ടിൽ വന്നശേഷം അവരോട്, “നിങ്ങൾ വഴിയിൽവെച്ച് എന്തിനെക്കുറിച്ചായിരുന്നു തർക്കിച്ചുകൊണ്ടിരുന്നത്?” എന്നു ചോദിച്ചു. അവരോ, തങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ് എന്നതിനെപ്പറ്റി വഴിയിൽവെച്ചു വാദിക്കുകയായിരുന്നതുകൊണ്ടു നിശ്ശബ്ദരായിരുന്നു. അദ്ദേഹം ഇരുന്നശേഷം തന്റെ പന്ത്രണ്ട് ശിഷ്യന്മാരെയും വിളിച്ചിട്ട് അവരോട്, “നിങ്ങളിൽ ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവൻ ഒടുക്കത്തവനും എല്ലാവർക്കും ദാസനുമാകണം” എന്നു പറഞ്ഞു. അതിനുശേഷം അദ്ദേഹം ഒരു ശിശുവിനെ എടുത്ത് അവരുടെമധ്യത്തിൽ നിർത്തി. പിന്നെ അവനെ കൈകളിൽ എടുത്തുകൊണ്ട് അദ്ദേഹം അവരോടു പറഞ്ഞു: “ഇങ്ങനെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവർ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവരോ എന്നെയല്ല, എന്നെ അയച്ചവനെ സ്വീകരിക്കുന്നു.”