മർക്കൊസ് 7:1-13
മർക്കൊസ് 7:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെരൂശലേമിൽനിന്നു പരീശന്മാരും ചില ശാസ്ത്രിമാരും അവന്റെ അടുക്കൽ വന്നു കൂടി. അവന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവച്ചാൽ, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് അവർ കണ്ടു. പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂർവന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. ചന്തയിൽനിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പ് എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നത് അവർക്കു ചട്ടമായിരിക്കുന്നു. അങ്ങനെ പരീശന്മാരും ശാസ്ത്രിമാരും: നിന്റെ ശിഷ്യന്മാർ പൂർവന്മാരുടെ സമ്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് എന്ത് എന്ന് അവനോടു ചോദിച്ചു. അവൻ അവരോട് ഉത്തരം പറഞ്ഞത്: കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവ് പ്രവചിച്ചതു ശരി: “ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു ; എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്നു ദൂരത്ത് അകന്നിരിക്കുന്നു. മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നതുകൊണ്ട് എന്നെ വ്യർഥമായി ഭജിക്കുന്നു” എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നേ. നിങ്ങൾ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു; പിന്നെ അവരോടു പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായം പ്രമാണിപ്പാൻവേണ്ടി നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി. നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവൻ മരിക്കേണം എന്നും മോശെ പറഞ്ഞുവല്ലോ. നിങ്ങളോ ഒരു മനുഷ്യൻ അപ്പനോടോ അമ്മയോടോ: നിനക്ക് എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാട് എന്നർഥമുള്ള കൊർബ്ബാൻ എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു; തന്റെ അപ്പനോ അമ്മയ്ക്കോ മേലാൽ ഒന്നും ചെയ്വാൻ അവനെ സമ്മതിക്കുന്നതുമില്ല. ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബലമാക്കുന്നു; ഈ വക പലതും നിങ്ങൾ ചെയ്യുന്നു.
മർക്കൊസ് 7:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെരൂശലേമിൽനിന്നു പരീശന്മാരും ചില മതപണ്ഡിതന്മാരും യേശുവിന്റെ അടുക്കൽ വന്നുകൂടി. അവിടുത്തെ ശിഷ്യന്മാരിൽ ചിലർ അവരുടെ ആചാരപ്രകാരം ശുദ്ധമാക്കാത്ത കൈകൊണ്ട് അതായത് കഴുകാത്ത കൈകൊണ്ട്, ഭക്ഷണം കഴിക്കുന്നത് അവർ കണ്ടു. പൂർവികരുടെ പരമ്പരാഗതമായ ആചാരമനുസരിച്ച് പരീശന്മാരും യെഹൂദന്മാരും കൈകഴുകാതെ ഭക്ഷണം കഴിക്കുമായിരുന്നില്ല. ചന്തയിൽനിന്നു വരുമ്പോഴും കുളിക്കാതെ അവർ ഭക്ഷണം കഴിക്കുകയില്ല, പാനപാത്രങ്ങളും കുടങ്ങളും ഓട്ടുപാത്രങ്ങളും കഴുകുക തുടങ്ങി പല ആചാരങ്ങളും അവർ അനുഷ്ഠിച്ചുപോന്നിരുന്നു. അതിനാൽ പരീശന്മാരും മതപണ്ഡിതന്മാരും യേശുവിനോടു ചോദിച്ചു: “താങ്കളുടെ ശിഷ്യന്മാർ നമ്മുടെ പൂർവികന്മാരുടെ ആചാരങ്ങൾ അനുസരിക്കാതെ അശുദ്ധമായ കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് എന്ത്? യേശു പ്രതിവചിച്ചു: “കപടഭക്തരായ നിങ്ങളെക്കുറിച്ച് യെശയ്യാ പ്രവചിച്ചത് എത്ര ശരിയാണ്: ഈ ജനം അധരംകൊണ്ട് എന്നെ ആദരിക്കുന്നു, അവരുടെ ഹൃദയമാകട്ടെ, എന്നിൽനിന്ന് അകന്നിരിക്കുന്നു; മനുഷ്യർ നടപ്പാക്കിയ അനുശാസനങ്ങളെ ദൈവത്തിന്റെ പ്രമാണങ്ങളെന്നവിധം പഠിപ്പിക്കുന്നതുകൊണ്ട് എന്നെ അവർ ആരാധിക്കുന്നത് വ്യർഥമാണ്. നിങ്ങൾ ദൈവത്തിന്റെ ധർമശാസനം ഉപേക്ഷിച്ചിട്ട് മനുഷ്യന്റെ അനുശാസനങ്ങൾ മുറുകെപ്പിടിക്കുന്നു. പിന്നീട് അവിടുന്നു പറഞ്ഞു: “നിങ്ങളുടെ പാരമ്പര്യം പാലിക്കുന്നതിനുവേണ്ടി, ദൈവത്തിന്റെ ധർമശാസനങ്ങളെ കൗശലപൂർവം നിങ്ങൾ നിരാകരിക്കുന്നു! നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം എന്നും പിതാവിനെയോ മാതാവിനെയോ ദുഷിക്കുന്നവൻ നിശ്ചയമായും മരിക്കണം എന്നും മോശ അനുശാസിച്ചിട്ടുണ്ട്. എന്നാൽ ഒരുവൻ തന്റെ മാതാവിനോടോ പിതാവിനോടോ ‘നിങ്ങളെ സംരക്ഷിക്കുവാൻ എന്റെ കൈവശമുള്ളത് കൊർബാൻ, അഥവാ ദൈവത്തിനു സമർപ്പിതം ആകുന്നു’ എന്നു പറഞ്ഞാൽ പിന്നെ തന്റെ മാതാവിനോ പിതാവിനോ എന്തെങ്കിലും ചെയ്യുവാൻ അയാളെ നിങ്ങൾ അനുവദിക്കുന്നില്ല. ഇങ്ങനെ നിങ്ങളുടെ മാമൂൽകൊണ്ട് ഈശ്വരകല്പനകളെ നിങ്ങൾ നിരർഥകമാക്കുന്നു; ഇങ്ങനെയുള്ള പല കാര്യങ്ങളും നിങ്ങൾ ചെയ്യുന്നുണ്ട്.”
മർക്കൊസ് 7:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പരീശന്മാരും യെരൂശലേമിൽ നിന്നു വന്ന ചില ശാസ്ത്രിമാരും യേശുവിന്‍റെ അടുക്കൽ വന്നുകൂടി. അവന്‍റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവച്ചാൽ, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് അവർ കണ്ടു. പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂർവ്വന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകിയിട്ടല്ലാതെ ഭക്ഷണം കഴിക്കുകയില്ല. ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കുകയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക, കിടക്കപോലും തുടയ്ക്കുക മുതലായ പലതും പ്രമാണിക്കുന്നത് അവർക്കു ചട്ടമായിരുന്നു. പരീശന്മാരും ശാസ്ത്രിമാരും: “നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം അനുസരിച്ചുനടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് എന്ത്?” എന്നു അവനോടു ചോദിച്ചു. അവൻ അവരോട് ഉത്തരം പറഞ്ഞത്: “കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ച് യെശയ്യാവു പ്രവചിച്ചതു ശരി: “ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്ന് ദൂരത്ത് അകന്നിരിക്കുന്നു. മാനുഷനിയമങ്ങളെ അവരുടെ ഉപദേശങ്ങളായി ഉപദേശിച്ചുകൊണ്ട് എനിക്ക് വ്യർത്ഥമായ ആരാധന കഴിക്കുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ. നിങ്ങൾ ദൈവകല്പന വിട്ടുകളഞ്ഞ് മനുഷ്യരുടെ സമ്പ്രദായം മുറുകെപ്പിടിക്കുന്നു. പിന്നെ അവരോട് പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായം പ്രമാണിക്കുവാൻ വേണ്ടി സൗകര്യപ്രകാരം നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നു. നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും മോശെ പറഞ്ഞുവല്ലോ. നിങ്ങളോ ഒരു മനുഷ്യൻ തന്‍റെ അപ്പനോടോ അമ്മയോടോ: നിങ്ങൾക്ക് എന്നിൽനിന്ന് സഹായമായി ലഭിക്കാനുള്ളത് ‘കൊർബ്ബാൻ’ (ദൈവത്തിനുള്ള വഴിപാട് എന്നർത്ഥം) എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു; തന്റെ അപ്പനോ അമ്മയ്ക്കോ മേലാൽ ഒന്നും ചെയ്വാൻ അവനെ സമ്മതിക്കുന്നതുമില്ല. ഇങ്ങനെ നിങ്ങൾ കൈമാറുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു; ഇതുപോലെ പലതും നിങ്ങൾ ചെയ്യുന്നു.”
മർക്കൊസ് 7:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യെരൂശലേമിൽ നിന്നു പരീശന്മാരും ചില ശാസ്ത്രിമാരും അവന്റെ അടുക്കൽ വന്നു കൂടി. അവന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവെച്ചാൽ, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു അവർ കണ്ടു. പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂർവ്വന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നതു അവർക്കു ചട്ടമായിരിക്കുന്നു. അങ്ങനെ പരീശന്മാരും ശാസ്ത്രിമാരും: നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു. അവൻ അവരോടു ഉത്തരം പറഞ്ഞതു: കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി: “ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽ നിന്നു ദൂരത്തു അകന്നിരിക്കുന്നു. മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. നിങ്ങൾ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു; പിന്നെ അവരോടു പറഞ്ഞതു: നിങ്ങളുടെ സമ്പ്രദായം പ്രമാണിപ്പാൻ വേണ്ടി നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി. നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവൻ മരിക്കേണം എന്നു മോശെ പറഞ്ഞുവല്ലോ. നിങ്ങളോ ഒരു മനുഷ്യൻ അപ്പനോടോ അമ്മയോടോ: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നർത്ഥമുള്ള കൊർബ്ബാൻ എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു; തന്റെ അപ്പന്നോ അമ്മെക്കോ മേലാൽ ഒന്നും ചെയ്വാൻ അവനെ സമ്മതിക്കുന്നതുമില്ല. ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു; ഈ വക പലതും നിങ്ങൾ ചെയ്യുന്നു.
മർക്കൊസ് 7:1-13 സമകാലിക മലയാളവിവർത്തനം (MCV)
പരീശന്മാരും വേദജ്ഞരിൽ ചിലരും യേശുവിനെ കാണാനായി ജെറുശലേമിൽനിന്ന് വന്ന് അദ്ദേഹത്തിന്റെ ചുറ്റുംകൂടി. അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത, അതായത്, യെഹൂദാചാരപ്രകാരം കഴുകാത്ത കൈകൊണ്ട്, ആഹാരം കഴിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. പൂർവികരുടെ പാരമ്പര്യമനുസരിച്ചു പരീശരും യെഹൂദരെല്ലാവരും ആചാരപരമായി കൈകഴുകാതെ ആഹാരം കഴിക്കുകയില്ല. ചന്തസ്ഥലത്തുനിന്നു വരുമ്പോഴും ഒരു അനുഷ്ഠാനമെന്നനിലയിൽ ശുദ്ധിവരുത്താതെ ഒന്നും ഭക്ഷിക്കുകയില്ല. പാനപാത്രങ്ങൾ, കുടങ്ങൾ, ഓട്ടുപാത്രങ്ങൾ എന്നിവ കഴുകുക തുടങ്ങി മറ്റനേകം ആചാരങ്ങളും അവർ അനുഷ്ഠിച്ചിരുന്നു. അതുകൊണ്ട്, പരീശന്മാരും വേദജ്ഞരും യേശുവിനോട്, “അങ്ങയുടെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം അനുഷ്ഠിച്ചു ജീവിക്കാതെ ‘അശുദ്ധമായ’ കൈകൾകൊണ്ടു ഭക്ഷണം കഴിക്കുന്നതെന്ത്?” എന്നു ചോദിച്ചു. അതിന് അദ്ദേഹം: “കപടഭക്തരേ, യെശയ്യാവ് നിങ്ങളെക്കുറിച്ചു പ്രവചിച്ചത് എത്ര കൃത്യമായിരിക്കുന്നു: “ ‘ഈ ജനം അധരങ്ങളാൽ എന്നെ ആദരിക്കുന്നു; അവരുടെ ഹൃദയമോ എന്നിൽനിന്ന് അകന്നിരിക്കുന്നു. അവർ എന്നെ വ്യർഥമായി ആരാധിക്കുന്നു; അവർ മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങളായി ഉപദേശിക്കുന്നു.’ നിങ്ങൾ ദൈവകൽപ്പനകൾ ഉപേക്ഷിച്ചു മാനുഷികപാരമ്പര്യങ്ങൾ മുറുകെപ്പിടിക്കുന്നു,” എന്നു പറഞ്ഞു. അദ്ദേഹം അവരോടു തുടർന്നു പറഞ്ഞത്: “സ്വന്തം പാരമ്പര്യങ്ങൾ പാലിക്കാൻവേണ്ടി കൗശലപൂർവം നിങ്ങൾ ദൈവകൽപ്പനകൾ അവഗണിക്കുന്നു. ‘നിന്റെ മാതാപിതാക്കളെ ബഹുമാനിക്കണം’ എന്നും ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്ന വ്യക്തിക്ക് വധശിക്ഷനൽകണം’ എന്നും മോശ കൽപ്പിച്ചിരിക്കുന്നു. എന്നാൽ നിങ്ങൾ: ഒരാൾ തന്റെ പിതാവിനോടോ മാതാവിനോടോ ‘ഞാൻ നിങ്ങൾക്കു നൽകേണ്ട സഹായം ദൈവത്തിനുള്ള വഴിപാടായി നേർന്നുപോയല്ലോ’ അഥവാ, ‘കൊർബാൻ’ എന്നു പറഞ്ഞാൽ മാതാപിതാക്കളോടുള്ള അയാളുടെ കടമ തീർന്നു എന്നു പറയുന്നു. അങ്ങനെ പിതാവിനോ മാതാവിനോവേണ്ടി ഒരിക്കലും എന്തെങ്കിലും ചെയ്തുകൊടുക്കാൻ നിങ്ങൾ അവനെ അനുവദിക്കുന്നുമില്ല. ഇപ്രകാരം നിങ്ങളുടെ പരമ്പരാഗതമായ സമ്പ്രദായങ്ങളിലൂടെ നിങ്ങൾ ദൈവകൽപ്പനയെ അസാധുവാക്കുന്നു. ഇതുമാത്രമല്ല, ഇതുപോലെയുള്ള പലതും നിങ്ങൾ ചെയ്യുന്നുണ്ട്.”