മർക്കൊ. 7:1-13

മർക്കൊ. 7:1-13 IRVMAL

പരീശന്മാരും യെരൂശലേമിൽ നിന്നു വന്ന ചില ശാസ്ത്രിമാരും യേശുവിന്‍റെ അടുക്കൽ വന്നുകൂടി. അവന്‍റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവച്ചാൽ, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് അവർ കണ്ടു. പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂർവ്വന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകിയിട്ടല്ലാതെ ഭക്ഷണം കഴിക്കുകയില്ല. ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കുകയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക, കിടക്കപോലും തുടയ്ക്കുക മുതലായ പലതും പ്രമാണിക്കുന്നത് അവർക്കു ചട്ടമായിരുന്നു. പരീശന്മാരും ശാസ്ത്രിമാരും: “നിന്‍റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം അനുസരിച്ചുനടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് എന്ത്?” എന്നു അവനോടു ചോദിച്ചു. അവൻ അവരോട് ഉത്തരം പറഞ്ഞത്: “കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ച് യെശയ്യാവു പ്രവചിച്ചതു ശരി: “ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്ന് ദൂരത്ത് അകന്നിരിക്കുന്നു. മാനുഷനിയമങ്ങളെ അവരുടെ ഉപദേശങ്ങളായി ഉപദേശിച്ചുകൊണ്ട് എനിക്ക് വ്യർത്ഥമായ ആരാധന കഴിക്കുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ. നിങ്ങൾ ദൈവകല്പന വിട്ടുകളഞ്ഞ് മനുഷ്യരുടെ സമ്പ്രദായം മുറുകെപ്പിടിക്കുന്നു. പിന്നെ അവരോട് പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായം പ്രമാണിക്കുവാൻ വേണ്ടി സൗകര്യപ്രകാരം നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നു. നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും മോശെ പറഞ്ഞുവല്ലോ. നിങ്ങളോ ഒരു മനുഷ്യൻ തന്‍റെ അപ്പനോടോ അമ്മയോടോ: നിങ്ങൾക്ക് എന്നിൽനിന്ന് സഹായമായി ലഭിക്കാനുള്ളത് ‘കൊർബ്ബാൻ’ (ദൈവത്തിനുള്ള വഴിപാട് എന്നർത്ഥം) എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു; തന്‍റെ അപ്പനോ അമ്മയ്ക്കോ മേലാൽ ഒന്നും ചെയ്‌വാൻ അവനെ സമ്മതിക്കുന്നതുമില്ല. ഇങ്ങനെ നിങ്ങൾ കൈമാറുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു; ഇതുപോലെ പലതും നിങ്ങൾ ചെയ്യുന്നു.”