മർക്കൊസ് 4:21-41
മർക്കൊസ് 4:21-41 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ അവൻ അവരോടു പറഞ്ഞത്: വിളക്കു കത്തിച്ചു പറയിൻകീഴിലോ കട്ടില്ക്കീഴിലോ വയ്ക്കുമാറുണ്ടോ? വിളക്കുതണ്ടിന്മേലല്ലയോ വയ്ക്കുന്നത്? വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായത് ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായത് ഒന്നും ഇല്ല. കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ. നിങ്ങൾ കേൾക്കുന്നത് എന്ത് എന്നു സൂക്ഷിച്ചുകൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും. ഉള്ളവനു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും എന്നും അവൻ അവരോടു പറഞ്ഞു. പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഒരു മനുഷ്യൻ മണ്ണിൽ വിത്ത് എറിഞ്ഞശേഷം രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവൻ അറിയാതെ വിത്തു മുളച്ചു വളരുന്നതുപോലെ ആകുന്നു. ഭൂമി സ്വയമായി മുമ്പേ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു. ധാന്യം വിളയുമ്പോൾ കൊയ്ത്തായതുകൊണ്ട് അവൻ ഉടനെ അരിവാൾ വയ്ക്കുന്നു. പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടൂ? ഏത് ഉപമയാൽ അതിനെ വർണിക്കേണ്ടൂ? അതു കടുകുമണിയോടു സദൃശം; അതിനെ മണ്ണിൽ വിതയ്ക്കുമ്പോൾ ഭൂമിയിലെ എല്ലാ വിത്തിലും ചെറിയത്. എങ്കിലും വിതച്ചശേഷം വളർന്ന്, സകല സസ്യങ്ങളിലും വലുതായിത്തീർന്ന്, ആകാശത്തിലെ പക്ഷികൾ അതിന്റെ നിഴലിൽ വസിപ്പാൻ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു. അവൻ ഇങ്ങനെ പല ഉപമകളാൽ അവർക്കു കേൾപ്പാൻ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു. ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും. അന്നു സന്ധ്യയായപ്പോൾ: നാം അക്കരയ്ക്കു പോക എന്ന് അവൻ അവരോടു പറഞ്ഞു. അവർ പുരുഷാരത്തെ വിട്ട്, താൻ പടകിൽ ഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു; അപ്പോൾ വലിയ ചുഴലിക്കാറ്റ് ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ട് അതു മുങ്ങുമാറായി. അവൻ അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോട്: അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റ് അമർന്നു, വലിയ ശാന്തത ഉണ്ടായി. പിന്നെ അവൻ അവരോട്: നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്ത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസം ഇല്ലയോ എന്നു പറഞ്ഞു. അവർ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു.
മർക്കൊസ് 4:21-41 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീടു യേശു അവരോടു പറഞ്ഞു: “വിളക്കു കത്തിച്ചു പറയുടെയോ കട്ടിലിന്റെയോ കീഴിൽ ആരെങ്കിലും വയ്‍ക്കുമോ? അതു വിളക്കുതണ്ടിന്മേലല്ലേ വയ്‍ക്കുന്നത്? നിഗൂഢമായി വച്ചിരിക്കുന്നത് എന്തുതന്നെ ആയാലും അതു വെളിച്ചത്തുവരും. മൂടി വച്ചിരിക്കുന്നതെന്തും അനാവരണം ചെയ്യപ്പെടും. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.” യേശു വീണ്ടും പറഞ്ഞു: “നിങ്ങൾ കേൾക്കുന്നത് എന്താണെന്നു ശ്രദ്ധിക്കുക; നിങ്ങൾ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങൾക്ക് അളന്നു കിട്ടും; എന്നല്ല നിങ്ങൾക്കു കൂടുതൽ കിട്ടുകയും ചെയ്യും. ഉള്ളവനു നല്‌കപ്പെടും; ഇല്ലാത്തവനിൽനിന്ന് അവന് ഉള്ളതുകൂടി എടുത്തുകളയും.” യേശു തുടർന്നു പറഞ്ഞു: “ഒരു മനുഷ്യൻ തന്റെ കൃഷിഭൂമിയിൽ വിത്തു വിതയ്‍ക്കുന്നു. അയാൾ രാവും പകലും ഉറങ്ങിയും ഉണർന്നും കഴിയുന്നു. അതിനിടയ്‍ക്ക്, എങ്ങനെയെന്ന് അയാൾ അറിയാതെ വിത്തു മുളച്ചു വളരുന്നു. ഈ വിത്തുപോലെയാണു ദൈവരാജ്യം. ഭൂമി സ്വയമേവ വിളവ് ഉത്പാദിപ്പിക്കുന്നു. ആദ്യം ഇളനാമ്പു തല നീട്ടുന്നു; പിന്നീട് കതിരും, അവസാനം കതിർക്കുല നിറയെ ധാന്യമണികളും ഉണ്ടാകുന്നു. ധാന്യം വിളഞ്ഞു കൊയ്ത്തിനു പാകമാകുമ്പോൾ കൊയ്യുന്നതിന് അയാൾ ആളിനെ അയയ്‍ക്കുന്നു.” അവിടുന്നു വീണ്ടും അവരോടു പറഞ്ഞു: “ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കാം? ഏതൊരു ദൃഷ്ടാന്തംകൊണ്ട് അതിനെ വിശദീകരിക്കാം? അതൊരു കടുകുമണിയെപ്പോലെയാണ്. വിതയ്‍ക്കുമ്പോൾ അതു ഭൂമിയിലുള്ള മറ്റെല്ലാ വിത്തിനെയുംകാൾ ചെറുതാണ്. എന്നാൽ അതു മുളച്ചുവളർന്ന് എല്ലാ ചെടികളെയുംകാൾ വലുതായിത്തീരുന്നു. പക്ഷികൾക്ക് അതിന്റെ തണലിൽ കൂടുകെട്ടി പാർക്കാൻ തക്ക വലിയ ശാഖകൾ നീട്ടുകയും ചെയ്യുന്നു.” ഇതുപോലെയുള്ള അനേകം ദൃഷ്ടാന്തങ്ങൾ മുഖേന അവർക്കു ഗ്രഹിക്കാവുന്ന വിധത്തിൽ യേശു ദിവ്യവചനം പ്രസംഗിച്ചു. ദൃഷ്ടാന്തരൂപേണയല്ലാതെ അവിടുന്ന് ഒന്നും അവരോടു പറഞ്ഞിരുന്നില്ല. ശിഷ്യന്മാരോടുകൂടി അവിടുന്ന് തനിച്ചിരിക്കുമ്പോൾ ഓരോ ദൃഷ്ടാന്തവും അവർക്കു വിശദീകരിച്ചു കൊടുത്തിരുന്നു. അന്നു വൈകുന്നേരം, “നമുക്ക് അക്കരയ്‍ക്കുപോകാം” എന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു. അതുകൊണ്ട് അവർ ജനസഞ്ചയത്തെ വിട്ടിട്ട് യേശു നേരത്തെ കയറിയിരുന്ന വഞ്ചിയിൽ കയറി പുറപ്പെട്ടു. വേറെ വഞ്ചികളും കൂടെയുണ്ടായിരുന്നു. അപ്പോൾ അത്യുഗ്രമായ ഒരു കൊടുങ്കാറ്റടിച്ചു. തിരമാലകൾ ഉയർന്നു, വഞ്ചിയിൽ വെള്ളം അടിച്ചു കയറി, വഞ്ചി നിറയുമാറായി. യേശു അമരത്ത് ഒരു തലയിണവച്ചു കിടന്ന് ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അവിടുത്തെ വിളിച്ചുണർത്തി; “ഗുരോ, ഞങ്ങൾ മുങ്ങിമരിക്കാൻ പോകുന്നതിനെക്കുറിച്ച് അങ്ങേക്ക് ഒരു വിചാരവുമില്ലേ?” എന്നു ചോദിച്ചു. യേശു എഴുന്നേറ്റു കാറ്റിനോട് “അടങ്ങുക” എന്ന് ആജ്ഞാപിച്ചു. തിരമാലകളോട് “ശാന്തമാകുക” എന്നും കല്പിച്ചു. ഉടനെ കാറ്റടങ്ങി. പ്രക്ഷുബ്‍ധമായ തടാകം പ്രശാന്തമായി. പിന്നീട് അവിടുന്ന് അവരോട്, “എന്തിനാണു നിങ്ങൾ ഇങ്ങനെ ഭീരുക്കളാകുന്നത്? നിങ്ങൾക്കു വിശ്വാസമില്ലേ?” എന്നു ചോദിച്ചു. അവർ അത്യന്തം ഭയപരവശരായി; ഇദ്ദേഹം ആരാണ്? കാറ്റും തിരമാലകളുംകൂടി അവിടുത്തെ അനുസരിക്കുന്നുവല്ലോ” എന്ന് അവർ അന്യോന്യം പറഞ്ഞു.
മർക്കൊസ് 4:21-41 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിന്നെ അവൻ അവരോട് പറഞ്ഞത്: “നിങ്ങൾ വീട്ടിലേക്ക് വിളക്കു കൊണ്ടുവരുന്നത് പറയിൻ കീഴിലോ കട്ടില്ക്കീഴിലോ വയ്ക്കുവാനാണോ? നിങ്ങൾ അത് കൊണ്ടുവന്ന് വിളക്കുതണ്ടിന്മേലല്ലേ വയ്ക്കുന്നത്? വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായത് ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നും ഇല്ല. കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ. “നിങ്ങൾ കേൾക്കുന്നതെന്ത് എന്നു സൂക്ഷിച്ചു കൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ട് നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും. എന്തുകൊണ്ടെന്നാൽ ഉള്ളവനു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും” എന്നും അവൻ അവരോടു പറഞ്ഞു. പിന്നെ അവൻ പറഞ്ഞത്: “ദൈവരാജ്യം ഒരു മനുഷ്യൻ മണ്ണിൽ വിത്ത് എറിഞ്ഞശേഷം രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ, എങ്ങനെയെന്ന് അവൻ അറിയുന്നില്ലെങ്കിലും വിത്ത് മുളച്ചു വളരുന്നതുപോലെ ആകുന്നു. ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു. ധാന്യം വിളയുമ്പോൾ കൊയ്ത്തുകാലമായതുകൊണ്ട് അവൻ ഉടനെ അരിവാൾ വയ്ക്കുന്നു.“ പിന്നെ അവൻ പറഞ്ഞത്: “ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കും? ഏത് ഉപമയാൽ അതിനെ വിശദീകരിക്കും? അത് ഒരു കടുകുമണിയോട് സദൃശം; അതിനെ വിതയ്ക്കുമ്പോൾ മണ്ണിലെ എല്ലാവിത്തിലും ചെറിയത്. എങ്കിലും വിതച്ചശേഷം വളർന്ന്, സകല സസ്യങ്ങളിലും വലുതായിത്തീർന്നു, ആകാശത്തിലെ പക്ഷികൾ അതിന്റെ തണലിൽ കൂടുകൂട്ടുവാൻ തക്കവണ്ണം വലുതായ കൊമ്പുകളെ പുറപ്പെടുവിക്കുന്നു.” അവൻ ഇങ്ങനെ പല ഉപമകളാൽ അവർക്ക് ഗ്രഹിപ്പാൻ കഴിയുംപോലെ അവരോട് വചനം പറഞ്ഞുപോന്നു. ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ തന്‍റെ ശിഷ്യന്മാരോട് സകലവും വ്യാഖ്യാനിക്കും. അന്നു സന്ധ്യയായപ്പോൾ: “നാം അക്കരയ്ക്ക് പോക“ എന്നു അവൻ അവരോട് പറഞ്ഞു. അവർ പുരുഷാരത്തെ വിട്ടു, യേശു പടകിൽ തന്നേയായിരുന്നു, ശിഷ്യന്മാർ അവനെ കൂടെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു; അപ്പോൾ വലിയ ചുഴലിക്കാറ്റ് ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ട് അത് മുങ്ങാറായി. അവൻ അമരത്ത് തലയണ വച്ച് ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: “ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ?” എന്നു പറഞ്ഞു. അവൻ എഴുന്നേറ്റ് കാറ്റിനെ ശാസിച്ചു, കടലിനോട്: “ശാന്തമാക, അടങ്ങുക” എന്നു പറഞ്ഞു; കാറ്റ് നിന്നു, വലിയ ശാന്തത ഉണ്ടായി. പിന്നെ അവൻ അവരോട്: “നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസമില്ലയോ?” എന്നു പറഞ്ഞു. അവർ വളരെ ഭയപ്പെട്ടു: “കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ?” എന്നു തമ്മിൽ പറഞ്ഞു.
മർക്കൊസ് 4:21-41 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ അവൻ അവരോടു പറഞ്ഞതു: വിളക്കു കത്തിച്ചു പറയിൻ കീഴിലോ കട്ടില്ക്കീഴിലോ വെക്കുമാറുണ്ടോ? വിളക്കുതണ്ടിന്മേലല്ലയോ വെക്കുന്നതു? വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായതു ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നും ഇല്ല. കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ. നിങ്ങൾ കേൾക്കുന്നതു എന്തു എന്നു സൂക്ഷിച്ചു കൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും. ഉള്ളവന്നു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും എന്നും അവൻ അവരോടു പറഞ്ഞു. പിന്നെ അവൻ പറഞ്ഞതു: ദൈവരാജ്യം ഒരു മനുഷ്യൻ മണ്ണിൽ വിത്തു എറിഞ്ഞശേഷം രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവൻ അറിയാതെ വിത്തു മുളെച്ചു വളരുന്നതുപോലെ ആകുന്നു. ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു. *ധാന്യം വിളയുമ്പോൾ കൊയ്ത്തായതുകൊണ്ടു അവൻ ഉടനെ അരിവാൾ വെക്കുന്നു. പിന്നെ അവൻ പറഞ്ഞതു: ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടു? ഏതു ഉപമയാൽ അതിനെ വർണ്ണിക്കേണ്ടു? അതു കടുകുമണിയോടു സദൃശം; അതിനെ മണ്ണിൽ വിതെക്കുമ്പോൾ ഭൂമിയിലെ എല്ലാ വിത്തിലും ചെറിയതു. എങ്കിലും വിതെച്ചശേഷം വളർന്നു, സകല സസ്യങ്ങളിലും വലുതായിത്തീർന്നു, ആകാശത്തിലെ പക്ഷികൾ അതിന്റെ നിഴലിൽ വസിപ്പാൻ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു. അവൻ ഇങ്ങനെ പല ഉപമകളാൽ അവർക്കു കേൾപ്പാൻ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു. ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും. അന്നു സന്ധ്യയായപ്പോൾ: നാം അക്കരെക്കു പോക എന്നു അവൻ അവരോടു പറഞ്ഞു. അവർ പുരുഷാരത്തെ വിട്ടു, താൻ പടകിൽ ഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു; അപ്പോൾ വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി. അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി. പിന്നെ അവൻ അവരോടു: നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്തു? നിങ്ങൾക്കു ഇപ്പോഴും വിശ്വാസമില്ലയോ എന്നു പറഞ്ഞു. അവർ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു.
മർക്കൊസ് 4:21-41 സമകാലിക മലയാളവിവർത്തനം (MCV)
പിന്നീട് യേശു അവരോടു പറഞ്ഞു: “നിങ്ങൾ വിളക്കുകൊളുത്തുന്നത് പറയുടെ കീഴിലോ കട്ടിലിന്റെ കീഴിലോ വെക്കാനാണോ? വിളക്കുകാലിന്മേലല്ലേ അതു വെക്കേണ്ടത്? ഒളിച്ചു വെച്ചിരിക്കുന്നതെല്ലാം വെളിപ്പെടുത്തപ്പെടേണ്ടതാണ്. ഗോപ്യമായിരിക്കുന്നതെല്ലാം വെളിച്ചത്തു കൊണ്ടുവരേണ്ടതാണ്. ചെവിയുള്ളവർ കേട്ടു ഗ്രഹിക്കട്ടെ.” “നിങ്ങൾ കേൾക്കുന്നത് എന്തെന്നു ശ്രദ്ധിക്കുക,” അദ്ദേഹം തുടർന്നു: “നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും; അതിൽ കൂടുതലും കിട്ടും. ഉള്ളവർക്ക് അധികം നൽകപ്പെടും; എന്നാൽ, ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും.” യേശു വീണ്ടും പറഞ്ഞു: “ഒരു മനുഷ്യൻ നിലത്തു വിത്തു വിതറുന്നതിനു തുല്യമാണ് ദൈവരാജ്യം. രാത്രിയും പകലും അയാൾ ഉറങ്ങിയാലും ഉണർന്നിരുന്നാലും വിത്ത് മുളച്ചു വളർന്നുവരുന്നു; എങ്ങനെയെന്ന് അയാൾ അറിയുന്നില്ല. ആദ്യം തണ്ട്, പിന്നെ കതിർ, പിന്നെ കതിരിൽ വിളഞ്ഞ ധാന്യമണികൾ; ഇങ്ങനെ ഭൂമി സ്വയമായി ധാന്യം ഉൽപ്പാദിപ്പിക്കുന്നു. ധാന്യം വിളഞ്ഞാൽ ഉടനെ, കൊയ്ത്തുകാലമാകുന്നതുകൊണ്ട് അയാൾ ധാന്യച്ചെടിക്കു ചുവട്ടിൽ അരിവാൾ വെക്കുന്നു.” യേശു വീണ്ടും പറഞ്ഞു: “ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കാം? അല്ലെങ്കിൽ ഏതു സാദൃശ്യകഥയാൽ അതിനെ വിശദീകരിക്കാം? അതിനെ ഒരു കടുകുമണിയോട് ഉപമിക്കാം. കടുകുമണി മണ്ണിൽ നടുന്ന വിത്തുകളിൽ ഏറ്റവും ചെറുതാണ്. എങ്കിലും നട്ടുകഴിഞ്ഞാൽ, അതു വളർന്ന് തോട്ടത്തിലെ ചെടികളിൽ ഏറ്റവും വലുതായിത്തീരുകയും ആകാശത്തിലെ പക്ഷികൾ അതിന്റെ തണലിൽ കൂടുവെക്കുംവിധം വലിയ ശാഖകൾ ഉണ്ടാകുകയുംചെയ്യുന്നു.” അവർക്കു മനസ്സിലാക്കാൻ കഴിയുന്നവിധം ഇതുപോലെയുള്ള അനേകം സാദൃശ്യകഥകളിലൂടെ യേശു അവരോടു തിരുവചനം സംസാരിച്ചു. സാദൃശ്യകഥകളിലൂടെയല്ലാതെ അദ്ദേഹം പൊതുജനത്തോട് ഒരു കാര്യവും സംസാരിച്ചില്ല. എന്നാൽ യേശു തന്റെ ശിഷ്യന്മാരോടുകൂടെ തനിച്ചായിരുന്നപ്പോൾ അവർക്ക് എല്ലാം വിശദീകരിച്ചുകൊടുത്തു. അന്നു വൈകുന്നേരം യേശു ശിഷ്യന്മാരോട്, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞു. ജനക്കൂട്ടത്തെ വിട്ട് അവർ ഇരുന്ന വള്ളത്തിൽത്തന്നെ അദ്ദേഹത്തെ അക്കരയ്ക്ക് കൊണ്ടുപോയി. മറ്റു വള്ളങ്ങളും ഒപ്പം ഉണ്ടായിരുന്നു. അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി; അതു മുങ്ങാറായി. യേശു അമരത്തു തലയിണവെച്ച് ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അദ്ദേഹത്തെ ഉണർത്തിയിട്ട്, “ഗുരോ, ഞങ്ങൾ മുങ്ങിമരിക്കുന്നതിൽ അങ്ങേക്കു വിചാരം ഇല്ലേ?” എന്നു ചോദിച്ചു. അദ്ദേഹം എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, തിരകളോട്: “അടങ്ങുക, ശാന്തമാകുക” എന്നു കൽപ്പിച്ചു. അപ്പോൾ കാറ്റു നിലച്ചു! എല്ലാം പ്രശാന്തമായി! അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസം ഇല്ലേ?” എന്നു ചോദിച്ചു. അവർ വളരെ ഭയവിഹ്വലരായി. “ഇദ്ദേഹം ആരാണ്? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പരസ്പരം പറഞ്ഞു.