പിന്നീട് യേശു അവരോടു പറഞ്ഞു: “നിങ്ങൾ വിളക്കുകൊളുത്തുന്നത് പറയുടെ കീഴിലോ കട്ടിലിന്റെ കീഴിലോ വെക്കാനാണോ? വിളക്കുകാലിന്മേലല്ലേ അതു വെക്കേണ്ടത്? ഒളിച്ചു വെച്ചിരിക്കുന്നതെല്ലാം വെളിപ്പെടുത്തപ്പെടേണ്ടതാണ്. ഗോപ്യമായിരിക്കുന്നതെല്ലാം വെളിച്ചത്തു കൊണ്ടുവരേണ്ടതാണ്. ചെവിയുള്ളവർ കേട്ടു ഗ്രഹിക്കട്ടെ.” “നിങ്ങൾ കേൾക്കുന്നത് എന്തെന്നു ശ്രദ്ധിക്കുക,” അദ്ദേഹം തുടർന്നു: “നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും; അതിൽ കൂടുതലും കിട്ടും. ഉള്ളവർക്ക് അധികം നൽകപ്പെടും; എന്നാൽ, ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും.” യേശു വീണ്ടും പറഞ്ഞു: “ഒരു മനുഷ്യൻ നിലത്തു വിത്തു വിതറുന്നതിനു തുല്യമാണ് ദൈവരാജ്യം. രാത്രിയും പകലും അയാൾ ഉറങ്ങിയാലും ഉണർന്നിരുന്നാലും വിത്ത് മുളച്ചു വളർന്നുവരുന്നു; എങ്ങനെയെന്ന് അയാൾ അറിയുന്നില്ല. ആദ്യം തണ്ട്, പിന്നെ കതിർ, പിന്നെ കതിരിൽ വിളഞ്ഞ ധാന്യമണികൾ; ഇങ്ങനെ ഭൂമി സ്വയമായി ധാന്യം ഉൽപ്പാദിപ്പിക്കുന്നു. ധാന്യം വിളഞ്ഞാൽ ഉടനെ, കൊയ്ത്തുകാലമാകുന്നതുകൊണ്ട് അയാൾ ധാന്യച്ചെടിക്കു ചുവട്ടിൽ അരിവാൾ വെക്കുന്നു.” യേശു വീണ്ടും പറഞ്ഞു: “ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കാം? അല്ലെങ്കിൽ ഏതു സാദൃശ്യകഥയാൽ അതിനെ വിശദീകരിക്കാം? അതിനെ ഒരു കടുകുമണിയോട് ഉപമിക്കാം. കടുകുമണി മണ്ണിൽ നടുന്ന വിത്തുകളിൽ ഏറ്റവും ചെറുതാണ്. എങ്കിലും നട്ടുകഴിഞ്ഞാൽ, അതു വളർന്ന് തോട്ടത്തിലെ ചെടികളിൽ ഏറ്റവും വലുതായിത്തീരുകയും ആകാശത്തിലെ പക്ഷികൾ അതിന്റെ തണലിൽ കൂടുവെക്കുംവിധം വലിയ ശാഖകൾ ഉണ്ടാകുകയുംചെയ്യുന്നു.” അവർക്കു മനസ്സിലാക്കാൻ കഴിയുന്നവിധം ഇതുപോലെയുള്ള അനേകം സാദൃശ്യകഥകളിലൂടെ യേശു അവരോടു തിരുവചനം സംസാരിച്ചു. സാദൃശ്യകഥകളിലൂടെയല്ലാതെ അദ്ദേഹം പൊതുജനത്തോട് ഒരു കാര്യവും സംസാരിച്ചില്ല. എന്നാൽ യേശു തന്റെ ശിഷ്യന്മാരോടുകൂടെ തനിച്ചായിരുന്നപ്പോൾ അവർക്ക് എല്ലാം വിശദീകരിച്ചുകൊടുത്തു. അന്നു വൈകുന്നേരം യേശു ശിഷ്യന്മാരോട്, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞു. ജനക്കൂട്ടത്തെ വിട്ട് അവർ ഇരുന്ന വള്ളത്തിൽത്തന്നെ അദ്ദേഹത്തെ അക്കരയ്ക്ക് കൊണ്ടുപോയി. മറ്റു വള്ളങ്ങളും ഒപ്പം ഉണ്ടായിരുന്നു. അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി; അതു മുങ്ങാറായി. യേശു അമരത്തു തലയിണവെച്ച് ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അദ്ദേഹത്തെ ഉണർത്തിയിട്ട്, “ഗുരോ, ഞങ്ങൾ മുങ്ങിമരിക്കുന്നതിൽ അങ്ങേക്കു വിചാരം ഇല്ലേ?” എന്നു ചോദിച്ചു. അദ്ദേഹം എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, തിരകളോട്: “അടങ്ങുക, ശാന്തമാകുക” എന്നു കൽപ്പിച്ചു. അപ്പോൾ കാറ്റു നിലച്ചു! എല്ലാം പ്രശാന്തമായി! അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസം ഇല്ലേ?” എന്നു ചോദിച്ചു. അവർ വളരെ ഭയവിഹ്വലരായി. “ഇദ്ദേഹം ആരാണ്? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പരസ്പരം പറഞ്ഞു.
മർക്കോസ് 4 വായിക്കുക
കേൾക്കുക മർക്കോസ് 4
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കോസ് 4:21-41
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ