മർക്കൊസ് 10:42-45
മർക്കൊസ് 10:42-45 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു അവരെ അടുക്കെ വിളിച്ച് അവരോട്: ജാതികളിൽ അധിപതികളായവർ അവരിൽ കർത്തൃത്വം ചെയ്യുന്നു; അവരിൽ മഹത്തുക്കളായവർ അവരുടെമേൽ അധികാരം നടത്തുന്നു എന്നു നിങ്ങൾ അറിയുന്നു. നിങ്ങളുടെ ഇടയിൽ അങ്ങനെ അരുത്; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം; നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രേ വന്നത്.
മർക്കൊസ് 10:42-45 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു അവരെ അടുക്കൽ വിളിച്ച് ഇപ്രകാരം പറഞ്ഞു: “വിജാതീയരിൽ പ്രഭുത്വമുള്ളവർ അധികാരം നടത്തുന്നു എന്നും അവരിൽ പ്രമുഖന്മാർ അവരെ ഭരിക്കുന്നുവെന്നും നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ നിങ്ങളുടെ ഇടയിൽ അതു പാടില്ല. നിങ്ങളിൽ വലിയവനാകുവാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകൻ ആകണം. നിങ്ങളിൽ പ്രമുഖൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവരുടെയും ദാസനാകണം. മനുഷ്യപുത്രൻ വന്നത് ശുശ്രൂഷിക്കപ്പെടുവാനല്ല, ശുശ്രൂഷിക്കുവാനും അസംഖ്യം ആളുകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മൂല്യമായി തന്റെ ജീവൻ നല്‌കുവാനുമാണ്.”
മർക്കൊസ് 10:42-45 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യേശു അവരെ അടുക്കെ വിളിച്ചു അവരോട്: “ജനതകളുടെ അധിപതികളായവർ അവരുടെ മേൽ കർത്തൃത്വം ചെയ്യുന്നുവെന്നും; അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ. എന്നാൽ നിങ്ങളുടെ ഇടയിൽ അങ്ങനെ അരുത്; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം; നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുവാനും അത്രേ വന്നത്” എന്നു പറഞ്ഞു.
മർക്കൊസ് 10:42-45 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യേശു അവരെ അടുക്കെ വിളിച്ചു അവരോടു: ജാതികളിൽ അധിപതികളായവർ അവരിൽ കർത്തൃത്വം ചെയ്യുന്നു; അവരിൽ മഹത്തുക്കളായവർ അവരുടെ മേൽ അധികാരം നടത്തുന്നു എന്നു നിങ്ങൾ അറിയുന്നു. *നിങ്ങളുടെ ഇടയിൽ അങ്ങനെ അരുതു; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം; നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.
മർക്കൊസ് 10:42-45 സമകാലിക മലയാളവിവർത്തനം (MCV)
യേശു അവരെയെല്ലാം അടുക്കൽവിളിച്ചു പറഞ്ഞത്: “ഈ ലോകത്തിലെ ഭരണകർത്താക്കളായി കരുതപ്പെടുന്നവർ തങ്ങളുടെ പ്രജകളുടെമേൽ ആധിപത്യം നടത്തുന്നെന്നും അവരിലെ പ്രമുഖർ അവരുടെമേൽ സ്വേച്ഛാധിപത്യം നടത്തുന്നെന്നും നിങ്ങൾക്കറിയാമല്ലോ. നിങ്ങൾക്കിടയിൽ അങ്ങനെ സംഭവിക്കരുത്. പിന്നെയോ, നിങ്ങളിൽ പ്രമുഖരാകാൻ ആഗ്രഹിക്കുന്നവരെല്ലാം മറ്റുള്ളവർക്ക് ദാസരായിരിക്കണം; പ്രഥമസ്ഥാനീയരാകാൻ ആഗ്രഹിക്കുന്നവരോ എല്ലാവരുടെയും അടിമയുമായിരിക്കണം. മനുഷ്യപുത്രൻ (ഞാൻ) വന്നതോ മറ്റുള്ളവരിൽനിന്ന് ശുശ്രൂഷ സ്വീകരിക്കാനല്ല; മറിച്ച്, മറ്റുള്ളവരെ ശുശ്രൂഷിക്കാനും തന്റെ ജീവൻ അനേകർക്ക് വീണ്ടെടുപ്പുവിലയായി നൽകാനും ആണ്.”