മത്തായി 8:13-34

മത്തായി 8:13-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്നെ യേശു ശതാധിപനോട്: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ നാഴികയിൽതന്നെ അവന്റെ ബാല്യക്കാരനു സൗഖ്യം വന്നു. യേശു പത്രൊസിന്റെ വീട്ടിൽ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. അവൻ അവളുടെ കൈ തൊട്ടു പനി അവളെ വിട്ടു; അവൾ എഴുന്നേറ്റ് അവർക്ക് ശുശ്രൂഷ ചെയ്തു. വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകല ദീനക്കാർക്കും സൗഖ്യം വരുത്തി. അവൻ നമ്മുടെ ബലഹീനതകളെ എടുത്തു, വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നെ. എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരയ്ക്കു പോകുവാൻ കല്പിച്ചു. അന്ന് ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു. യേശു അവനോട്: കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനോ തല ചായിപ്പാൻ ഇടമില്ല എന്നു പറഞ്ഞു. ശിഷ്യന്മാരിൽ വേറൊരുത്തൻ അവനോട്: കർത്താവേ, ഞാൻ മുമ്പേ പോയി എന്റെ അപ്പനെ അടക്കം ചെയ്‍വാൻ അനുവാദം തരേണം എന്നു പറഞ്ഞു. യേശു അവനോട്: നീ എന്റെ പിന്നാലെ വരിക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ എന്നു പറഞ്ഞു. അവൻ ഒരു പടകിൽ കയറിയപ്പോൾ അവന്റെ ശിഷ്യന്മാർ കൂടെ ചെന്നു. പിന്നെ കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടക് തിരകളാൽ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു. അവർ അടുത്തു ചെന്നു: കർത്താവേ, രക്ഷിക്കേണമേ: ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞ് അവനെ ഉണർത്തി. അവൻ അവരോട്: അല്പവിശ്വാസികളേ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്ത് എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി. എന്നാറെ ആ മനുഷ്യർ അതിശയിച്ചു: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലുംകൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവൻ അക്കരെ ഗദരേനരുടെ ദേശത്ത് എത്തിയാറെ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽനിന്നു പുറപ്പെട്ട് അവന് എതിരേ വന്നു; അവർ അത്യുഗ്രന്മാർ ആയിരുന്നതുകൊണ്ട് ആർക്കും ആ വഴി നടന്നുകൂടാഞ്ഞു. അവർ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്ത്? സമയത്തിനു മുമ്പേ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു പറഞ്ഞു. അവർക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ഭൂതങ്ങൾ അവനോട്: ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കേണം എന്ന് അപേക്ഷിച്ചു. പൊയ്ക്കൊൾവിൻ എന്ന് അവൻ അവരോടു പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞ് വെള്ളത്തിൽ മുങ്ങി ചത്തു. മേയ്ക്കുന്നവർ ഓടി പട്ടണത്തിൽ ചെന്ന് സകലവും ഭൂതഗ്രസ്തരുടെ വസ്തുതയും അറിയിച്ചു. ഉടനെ പട്ടണം എല്ലാം പുറപ്പെട്ട് യേശുവിന് എതിരേ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിർ വിട്ടുപോകേണമെന്ന് അപേക്ഷിച്ചു.

പങ്ക് വെക്കു
മത്തായി 8 വായിക്കുക

മത്തായി 8:13-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു ആ ശതാധിപനോട്, “പൊയ്‍ക്കൊള്ളുക, താങ്കൾ വിശ്വസിച്ചിരിക്കുന്നതുപോലെ താങ്കൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ആ നിമിഷംതന്നെ അയാളുടെ ഭൃത്യൻ സുഖം പ്രാപിച്ചു. യേശു പത്രോസിന്റെ വീട്ടിൽ ചെന്നപ്പോൾ അയാളുടെ ഭാര്യാമാതാവ് ജ്വരബാധിതയായി കിടക്കുന്നതു കണ്ടു. അവിടുന്ന് ആ സ്‍ത്രീയുടെ കൈയിൽ തൊട്ടു; അപ്പോൾ പനി വിട്ടുമാറി. അവർ എഴുന്നേറ്റ് അവിടുത്തെ പരിചരിച്ചു. സായാഹ്നമായപ്പോഴേക്ക് ഭൂതാവിഷ്ടരായ ഒട്ടേറെയാളുകളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. തന്റെ വാക്കുകൊണ്ടു ദുഷ്ടാത്മാക്കളെ അവിടുന്നു പുറത്താക്കി; എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു. ‘നമ്മുടെ വേദനകളെ അവിടുന്ന് ഏറ്റെടുക്കുകയും നമ്മുടെ രോഗങ്ങളുടെ ഭാരം വഹിക്കുകയും ചെയ്തു’ എന്ന് യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് ഇങ്ങനെ സംഭവിച്ചു. തന്റെ ചുറ്റും ഒരു ജനക്കൂട്ടത്തെ കണ്ടപ്പോൾ ഗലീലത്തടാകത്തിന്റെ മറുകരയ്‍ക്കു പോകുവാൻ യേശു ശിഷ്യന്മാരോട് ആജ്ഞാപിച്ചു. അപ്പോൾ ഒരു മതപണ്ഡിതൻ വന്ന് “ഗുരോ, അങ്ങ് എവിടെപോയാലും ഞാൻ അവിടുത്തെ അനുഗമിച്ചുകൊള്ളാം” എന്നു പറഞ്ഞു. അതിനു മറുപടിയായി, “കുറുനരികൾക്കു മാളങ്ങളുണ്ട്; ആകാശത്തിലെ പക്ഷികൾക്കു കൂടുകളും ഉണ്ട്; എന്നാൽ മനുഷ്യപുത്രനു തലചായ്‍ക്കാൻ ഇടമില്ല” എന്ന് യേശു പറഞ്ഞു. മറ്റൊരു ശിഷ്യൻ യേശുവിനോട്, “കർത്താവേ ഞാൻ ആദ്യം പോയി എന്റെ പിതാവിന്റെ ശവസംസ്കാരം നടത്തട്ടെ” എന്നു പറഞ്ഞു. എന്നാൽ യേശു അയാളോട്: “നീ എന്നെ അനുഗമിക്കുക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ;” എന്നു പ്രതിവചിച്ചു. പിന്നീട് യേശു വഞ്ചിയിൽ കയറി. ശിഷ്യന്മാരും അവിടുത്തെ പിന്നാലെ കയറി. പെട്ടെന്ന് തടാകത്തിൽ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകൾ വഞ്ചിക്കുമീതെ അടിച്ചുയർന്നു. യേശുവാകട്ടെ അപ്പോൾ ഉറങ്ങുകയായിരുന്നു. അവർ ചെന്ന് അവിടുത്തെ ഉണർത്തി: “നാഥാ, ഞങ്ങളിതാ നശിക്കുവാൻ പോകുന്നു!; ഞങ്ങളെ രക്ഷിക്കണമേ!” എന്ന് അപേക്ഷിച്ചു. യേശു അവരോട്: “അല്പവിശ്വാസികളേ, നിങ്ങൾ എന്തിനു ഭയപ്പെടുന്നു?” എന്നു ചോദിച്ചു. അനന്തരം അവിടുന്ന് എഴുന്നേറ്റു കാറ്റിനെയും തിരമാലകളെയും ശാസിച്ചു. ഉടനെ തടാകം തികച്ചും പ്രശാന്തമായി. അപ്പോൾ അവർ ആശ്ചര്യപ്പെട്ടു. “ഇദ്ദേഹം ആരാണ്? കാറ്റും തിരമാലകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നുവല്ലോ” എന്ന് അവർപറഞ്ഞു. തടാകത്തിന്റെ അക്കരെ ഗദരേനരുടെ ദേശത്ത് യേശു എത്തിയപ്പോൾ ഭൂതാവിഷ്ടരായ രണ്ടുപേർ കല്ലറകളിൽനിന്നു പുറപ്പെട്ട് അവിടുത്തെ നേരെ വന്നു. ആർക്കും അതുവഴി കടന്നുപോകാൻ കഴിയാത്തവിധം അവർ അത്യുഗ്രന്മാരായിരുന്നു. ‘ദൈവപുത്രാ, അങ്ങേക്കു ഞങ്ങളോട് എന്തുകാര്യം? സമയത്തിനു മുമ്പ് ഞങ്ങളെ ദണ്ഡിപ്പിക്കുവാനാണോ അങ്ങു വന്നിരിക്കുന്നത്?” എന്ന് അവർ അത്യുച്ചത്തിൽ ചോദിച്ചു. കുറെ അകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. “അങ്ങു ഞങ്ങളെ പുറത്താക്കുകയാണെങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയച്ചാലും” എന്ന് ഭൂതങ്ങൾ അപേക്ഷിച്ചു. “പൊയ്‍ക്കൊള്ളുക” എന്ന് അവിടുന്ന് പറഞ്ഞു. ഭൂതങ്ങൾ അവരെ വിട്ട് ആ പന്നികളിൽ കടന്നുകൂടി. പെട്ടെന്ന് ആ പന്നികൾ കടുംതൂക്കായ ചരിവിലൂടെ വിരണ്ടോടി തടാകത്തിൽ വീണു മുങ്ങിച്ചത്തു. അവയെ മേയിച്ചിരുന്നവർ പട്ടണത്തിലേക്ക് ഓടിപ്പോയി, സംഭവിച്ച കാര്യങ്ങൾ സമസ്തവും ഭൂതാവിഷ്ടരുടെ കഥയും എല്ലാവരോടും പറഞ്ഞു. അപ്പോൾ പട്ടണവാസികൾ ആസകലം യേശുവിനെ കാണുവാൻ ചെന്നു. അവിടുത്തെ കണ്ടപ്പോൾ തങ്ങളുടെ ദേശം വിട്ടുപോകണമെന്ന് അവർ അപേക്ഷിച്ചു.

പങ്ക് വെക്കു
മത്തായി 8 വായിക്കുക

മത്തായി 8:13-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പിന്നെ യേശു ശതാധിപനോട്: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ സമയം തന്നെ അവന്‍റെ വേലക്കാരന് സൌഖ്യംവന്നു. യേശു പത്രോസിന്‍റെ വീട്ടിൽ വന്നപ്പോൾ അവന്‍റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നത് കണ്ടു. അവൻ അവളുടെ കയ്യിൽ തൊട്ടു പനി അവളെ വിട്ടുമാറി; അവൾ എഴുന്നേറ്റ് അവർക്ക് ശുശ്രൂഷചെയ്തു. വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്‍റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൗഖ്യം വരുത്തി. അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞത് ഇപ്രകാരം നിവൃത്തിയാകുവാൻ ഇടയായി. എന്നാൽ യേശു തന്‍റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടപ്പോൾ ഗലീലാകടലിൻ്റെ അക്കരയ്ക്ക് പോകുവാൻ കല്പിച്ചു. അപ്പോൾ ഒരു ശാസ്ത്രി അവന്‍റെ അടുക്കൽ വന്നു: “ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കും“ എന്നു പറഞ്ഞു. യേശു അവനോട്: കുറുനരികൾക്ക് കുഴികളും ആകാശത്തിലെ പറവകൾക്ക് കൂടുകളും ഉണ്ട്; മനുഷ്യപുത്രനോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു. ശിഷ്യന്മാരിൽ മറ്റൊരുവൻ അവനോട്: “കർത്താവേ, ഞാൻ മുമ്പേപോയി എന്‍റെ അപ്പനെ അടക്കം ചെയ്‌വാൻ അനുവാദം തരേണം“ എന്നു പറഞ്ഞു. യേശു അവനോട്: “നീ എന്നെ അനുഗമിക്ക, മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യുവാനായി അവരെ വിട്ടയയ്ക്ക” എന്നു പറഞ്ഞു. പിന്നെ യേശു പടകിൽ കയറിയപ്പോൾ അവന്‍റെ ശിഷ്യന്മാർ അവനോട് കൂടെ ചെന്നു. അപ്പോൾ കടലിൽ വലിയ ഓളം ഉണ്ടായിട്ട് പടക് തിരകളാൽ മുങ്ങുമാറായി; യേശുവോ ഉറങ്ങുകയായിരുന്നു. അവർ അടുത്തുചെന്നു: “കർത്താവേ, രക്ഷിക്കേണമേ; ഞങ്ങൾ ഇപ്പോൾതന്നെ മരിച്ചുപോകും“ എന്നു പറഞ്ഞു അവനെ ഉണർത്തി. യേശു അവരോട്: അല്പവിശ്വാസികളേ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്ത് എന്നു പറഞ്ഞശേഷം എഴുന്നേറ്റ് കാറ്റിനേയും കടലിനേയും ശാസിച്ചു വലിയ ശാന്തതയുണ്ടായി. അപ്പോൾ ആ മനുഷ്യർ ആശ്ചര്യപ്പെട്ടിട്ട്: “ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ“ എന്നു പറഞ്ഞു. അവൻ അക്കരെ ഗദരേന്യരുടെ ദേശത്തു എത്തിയപ്പോൾ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവനു എതിരെ വന്നു; അവർ അക്രമാസക്തർ ആയിരുന്നതുകൊണ്ട് ആർക്കും ആ വഴി നടക്കുവാൻ കഴിഞ്ഞിരുന്നില്ല. അവർ അവനോട് നിലവിളിച്ചു: “ദൈവപുത്രാ, ഞങ്ങൾക്ക് നിനക്കുമായിട്ട് എന്ത് കാര്യം? നിശ്ചയിച്ച സമയത്തിനു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ“ എന്നു നിലവിളിച്ച് പറഞ്ഞു. അവിടെ അല്പം ദൂരത്തായി ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ഭൂതങ്ങൾ അവനോട്: “നീ ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കേണം“ എന്നു അപേക്ഷിച്ചു. പൊയ്ക്കൊൾവിൻ എന്നു അവൻ അവരോട് പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്ക് ചെന്നു; ആ കൂട്ടം എല്ലാം കുത്തനെയുള്ള മലയിറങ്ങി കടലിലേക്കു പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു. മേയ്ക്കുന്നവർ ഓടി പട്ടണത്തിൽ ചെന്നു ഭൂതഗ്രസ്തർക്ക് സംഭവിച്ചത് ഒക്കെയും അറിയിച്ചു. ഉടനെ പട്ടണത്തിലുള്ളവരെല്ലാം പുറപ്പെട്ട് യേശുവിനെ കാണുവാൻ ചെന്നു; അവനെ കണ്ടപ്പോൾ തങ്ങളുടെ പ്രദേശം വിട്ടു പോകണമെന്ന് അപേക്ഷിച്ചു.

പങ്ക് വെക്കു
മത്തായി 8 വായിക്കുക

മത്തായി 8:13-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്നെ യേശു ശതാധിപനോടു: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അവന്റെ ബാല്യക്കാരന്നു സൗഖ്യം വന്നു. യേശു പത്രോസിന്റെ വീട്ടിൽ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. അവൻ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവൾ എഴുന്നേറ്റു അവർക്കു ശുശ്രൂഷ ചെയ്തു. വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൗഖ്യം വരുത്തി. അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നേ. എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരെക്കു പോകുവാൻ കല്പിച്ചു. അന്നു ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു. യേശു അവനോടു: കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു. ശിഷ്യന്മാരിൽ വേറൊരുത്തൻ അവനോടു: കർത്താവേ, ഞാൻ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‌വാൻ അനുവാദം തരേണം എന്നുപറഞ്ഞു. യേശു അവനോടു: നീ എന്റെ പിന്നാലെ വരിക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ എന്നു പറഞ്ഞു. അവൻ ഒരു പടകിൽ കയറിയപ്പോൾ അവന്റെ ശിഷ്യന്മാർ കൂടെ ചെന്നു. പിന്നെ കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടകു തിരകളാൽ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു. അവർ അടുത്തുചെന്നു: കർത്താവേ, രക്ഷിക്കേണമേ; ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി. അവൻ അവരോടു: അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി. എന്നാറെ ആ മനുഷ്യർ അതിശയിച്ചു: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവൻ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവർ അത്യുഗ്രന്മാർ ആയിരുന്നതുകൊണ്ടു ആർക്കും ആ വഴി നടന്നുകൂടാഞ്ഞു. അവർ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു പറഞ്ഞു. അവർക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ഭൂതങ്ങൾ അവനോടു: ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു പൊയ്ക്കൊൾവിൻ എന്നു അവൻ അവരോടു പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു. മേയ്ക്കുന്നവർ ഓടി പട്ടണത്തിൽ ചെന്നു സകലവും ഭൂതഗ്രസ്ഥരുടെ വസ്തുതയും അറിയിച്ചു. ഉടനെ പട്ടണം എല്ലാം പുറപ്പെട്ടു യേശുവിന്നു എതിരെ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിർ വിട്ടു പോകേണമെന്നു അപേക്ഷിച്ചു.

പങ്ക് വെക്കു
മത്തായി 8 വായിക്കുക

മത്തായി 8:13-34 സമകാലിക മലയാളവിവർത്തനം (MCV)

പിന്നെ യേശു ശതാധിപനോട്, “പൊയ്ക്കൊള്ളൂ, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ആ നിമിഷംതന്നെ അയാളുടെ സേവകൻ സൗഖ്യമായി. യേശു പത്രോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ പത്രോസിന്റെ അമ്മായിയമ്മ പനിപിടിച്ച് കിടപ്പിലായിരിക്കുന്നതു കണ്ടു. യേശു അവളുടെ കൈയിൽ സ്പർശിച്ചു; അവളുടെ പനി സൗഖ്യമായി. അവൾ എഴുന്നേറ്റ് അദ്ദേഹത്തെ ശുശ്രൂഷിച്ചുതുടങ്ങി. സന്ധ്യയായപ്പോൾ, അനേകം ഭൂതബാധിതരെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു കൽപ്പനയാൽ ഭൂതങ്ങളെ പുറത്താക്കുകയും രോഗബാധിതരായ എല്ലാവരെയും സൗഖ്യമാക്കുകയും ചെയ്തു. “ഞങ്ങളുടെ ബലഹീനതകൾ അവിടന്ന് വഹിച്ചു; ഞങ്ങളുടെ അസ്വാസ്ഥ്യങ്ങളെ അവിടന്ന് മാറ്റിത്തന്നു,” എന്ന് യെശയ്യാപ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നതു നിറവേറാൻ ഇതു സംഭവിച്ചു. തന്റെ ചുറ്റുമുള്ള ജനസമൂഹത്തെ കണ്ടപ്പോൾ യേശു ശിഷ്യന്മാരോട് തടാകത്തിന്റെ അക്കരയ്ക്കുപോകാം എന്ന നിർദേശംനൽകി. ഉടനെ ഒരു വേദജ്ഞൻ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “ഗുരോ, അങ്ങ് എവിടെ പോയാലും ഞാൻ അങ്ങയെ അനുഗമിക്കാം” എന്നു പറഞ്ഞു. അതിന് യേശു, “കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളും ഉണ്ട്, എന്നാൽ മനുഷ്യപുത്രനോ തലചായ്‌ക്കാൻ ഇടമില്ല” എന്നു മറുപടി പറഞ്ഞു. മറ്റൊരു ശിഷ്യൻ യേശുവിനോട്, “കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിന്റെ ശവസംസ്കാരം നടത്താൻ അനുവദിച്ചാലും!” എന്നപേക്ഷിച്ചു. യേശുവോ, “ഇപ്പോൾ എന്നെ അനുഗമിക്കുക, മരിച്ചവർ അവരവരുടെ മരിച്ചവരെ സംസ്കരിക്കട്ടെ” എന്ന് അയാളോടു പറഞ്ഞു. അതിനുശേഷം യേശു വള്ളത്തിൽ കയറി; അദ്ദേഹത്തോടൊപ്പം ശിഷ്യന്മാരും യാത്രതുടർന്നു. പെട്ടെന്ന്, ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു, വള്ളം മുങ്ങിപ്പോകുംവിധം തിരമാലകൾ ഉയർന്നുപൊങ്ങി. യേശുവോ ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “കർത്താവേ, രക്ഷിക്കണമേ! ഞങ്ങൾ മുങ്ങിപ്പോകുന്നു!” എന്നു പറഞ്ഞു. “വിശ്വാസത്തിൽ ഉറപ്പില്ലാത്തവരേ, നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്?” എന്നു പറഞ്ഞിട്ട് യേശു എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു; തടാകം പ്രശാന്തമായി. ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു, “ആരാണിദ്ദേഹം? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പറഞ്ഞു. യേശു തടാകത്തിനക്കരെ ഗെരസേന്യരുടെ ദേശത്ത് എത്തിയപ്പോൾ, ഭൂതം ബാധിച്ച രണ്ടുപേർ ശവപ്പറമ്പിൽനിന്ന് അദ്ദേഹത്തിന് അഭിമുഖമായി വന്നു. ആർക്കുംതന്നെ ആ വഴിയിലൂടെ സഞ്ചരിക്കാൻ സാധ്യമല്ലാത്തവിധം അവർ അക്രമകാരികൾ ആയിരുന്നു. അവർ അത്യുച്ചത്തിൽ ആക്രോശിച്ചുകൊണ്ട്, “ദൈവപുത്രാ, അങ്ങ് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? ന്യായവിധിദിവസത്തിനുമുമ്പേ ഞങ്ങളെ ദണ്ഡിപ്പിക്കാനാണോ അങ്ങ് ഇവിടെ വന്നത്?” എന്നു ചോദിച്ചു. അവരിൽനിന്ന് കുറെ അകലെയായി വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ദുരാത്മാക്കൾ യേശുവിനോട്, “അങ്ങ് ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കണമേ” എന്നു യാചിച്ചു. “പുറത്തുപോകൂ!” യേശു അവരോട് ആജ്ഞാപിച്ചു. ഭൂതങ്ങൾ പുറത്തുവന്ന് പന്നികളിൽ പ്രവേശിച്ചു. ആ പന്നിക്കൂട്ടമെല്ലാം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് വെള്ളത്തിൽ മുങ്ങിച്ചത്തു. പന്നികളെ മേയിക്കുന്നവർ പട്ടണത്തിലേക്ക് ഓടിച്ചെന്ന്, ഭൂതബാധിതർക്കു സംഭവിച്ചത് ഉൾപ്പെടെയുള്ള വിവരങ്ങളെല്ലാം പട്ടണനിവാസികളെ അറിയിച്ചു. അവരെല്ലാം ഉടൻതന്നെ യേശുവിനെ കാണാൻ പുറപ്പെട്ടു; അവർ അദ്ദേഹത്തെ കണ്ടു; തങ്ങളുടെദേശം വിട്ടുപോകണമെന്ന് അപേക്ഷിച്ചു.

പങ്ക് വെക്കു
മത്തായി 8 വായിക്കുക