പിന്നെ യേശു ശതാധിപനോട്: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ സമയം തന്നെ അവന്‍റെ വേലക്കാരന് സൌഖ്യംവന്നു. യേശു പത്രോസിന്‍റെ വീട്ടിൽ വന്നപ്പോൾ അവന്‍റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നത് കണ്ടു. അവൻ അവളുടെ കയ്യിൽ തൊട്ടു പനി അവളെ വിട്ടുമാറി; അവൾ എഴുന്നേറ്റ് അവർക്ക് ശുശ്രൂഷചെയ്തു. വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്‍റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൗഖ്യം വരുത്തി. അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞത് ഇപ്രകാരം നിവൃത്തിയാകുവാൻ ഇടയായി. എന്നാൽ യേശു തന്‍റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടപ്പോൾ ഗലീലാകടലിൻ്റെ അക്കരയ്ക്ക് പോകുവാൻ കല്പിച്ചു. അപ്പോൾ ഒരു ശാസ്ത്രി അവന്‍റെ അടുക്കൽ വന്നു: “ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കും“ എന്നു പറഞ്ഞു. യേശു അവനോട്: കുറുനരികൾക്ക് കുഴികളും ആകാശത്തിലെ പറവകൾക്ക് കൂടുകളും ഉണ്ട്; മനുഷ്യപുത്രനോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു. ശിഷ്യന്മാരിൽ മറ്റൊരുവൻ അവനോട്: “കർത്താവേ, ഞാൻ മുമ്പേപോയി എന്‍റെ അപ്പനെ അടക്കം ചെയ്‌വാൻ അനുവാദം തരേണം“ എന്നു പറഞ്ഞു. യേശു അവനോട്: “നീ എന്നെ അനുഗമിക്ക, മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യുവാനായി അവരെ വിട്ടയയ്ക്ക” എന്നു പറഞ്ഞു. പിന്നെ യേശു പടകിൽ കയറിയപ്പോൾ അവന്‍റെ ശിഷ്യന്മാർ അവനോട് കൂടെ ചെന്നു. അപ്പോൾ കടലിൽ വലിയ ഓളം ഉണ്ടായിട്ട് പടക് തിരകളാൽ മുങ്ങുമാറായി; യേശുവോ ഉറങ്ങുകയായിരുന്നു. അവർ അടുത്തുചെന്നു: “കർത്താവേ, രക്ഷിക്കേണമേ; ഞങ്ങൾ ഇപ്പോൾതന്നെ മരിച്ചുപോകും“ എന്നു പറഞ്ഞു അവനെ ഉണർത്തി. യേശു അവരോട്: അല്പവിശ്വാസികളേ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്ത് എന്നു പറഞ്ഞശേഷം എഴുന്നേറ്റ് കാറ്റിനേയും കടലിനേയും ശാസിച്ചു വലിയ ശാന്തതയുണ്ടായി. അപ്പോൾ ആ മനുഷ്യർ ആശ്ചര്യപ്പെട്ടിട്ട്: “ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ“ എന്നു പറഞ്ഞു. അവൻ അക്കരെ ഗദരേന്യരുടെ ദേശത്തു എത്തിയപ്പോൾ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവനു എതിരെ വന്നു; അവർ അക്രമാസക്തർ ആയിരുന്നതുകൊണ്ട് ആർക്കും ആ വഴി നടക്കുവാൻ കഴിഞ്ഞിരുന്നില്ല. അവർ അവനോട് നിലവിളിച്ചു: “ദൈവപുത്രാ, ഞങ്ങൾക്ക് നിനക്കുമായിട്ട് എന്ത് കാര്യം? നിശ്ചയിച്ച സമയത്തിനു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ“ എന്നു നിലവിളിച്ച് പറഞ്ഞു. അവിടെ അല്പം ദൂരത്തായി ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ഭൂതങ്ങൾ അവനോട്: “നീ ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കേണം“ എന്നു അപേക്ഷിച്ചു. പൊയ്ക്കൊൾവിൻ എന്നു അവൻ അവരോട് പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്ക് ചെന്നു; ആ കൂട്ടം എല്ലാം കുത്തനെയുള്ള മലയിറങ്ങി കടലിലേക്കു പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു. മേയ്ക്കുന്നവർ ഓടി പട്ടണത്തിൽ ചെന്നു ഭൂതഗ്രസ്തർക്ക് സംഭവിച്ചത് ഒക്കെയും അറിയിച്ചു. ഉടനെ പട്ടണത്തിലുള്ളവരെല്ലാം പുറപ്പെട്ട് യേശുവിനെ കാണുവാൻ ചെന്നു; അവനെ കണ്ടപ്പോൾ തങ്ങളുടെ പ്രദേശം വിട്ടു പോകണമെന്ന് അപേക്ഷിച്ചു.
മത്താ. 8 വായിക്കുക
കേൾക്കുക മത്താ. 8
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്താ. 8:13-34
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ