മത്തായി 5:21-30

മത്തായി 5:21-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കൊല ചെയ്യരുത് എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവന്മാരോട് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നില്ക്കേണ്ടിവരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും. ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരനു നിന്റെ നേരേ വല്ലതും ഉണ്ടെന്ന് അവിടെവച്ച് ഓർമ വന്നാൽ നിന്റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾത്തന്നെ വേഗത്തിൽ അവനോട് ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപൻ ചേവകനും ഏല്പിച്ചിട്ടു നീ തടവിൽ ആയിപ്പോകും. ഒടുവിലത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു. വ്യഭിചാരം ചെയ്യരുത് എന്ന് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ട് അവളോടു വ്യഭിചാരം ചെയ്തുപോയി. എന്നാൽ വലങ്കണ്ണു നിനക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്ത് എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നത് നിനക്കു പ്രയോജനമത്രേ. വലങ്കൈ നിനക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.

പങ്ക് വെക്കു
മത്തായി 5 വായിക്കുക

മത്തായി 5:21-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“കൊല ചെയ്യരുത്” എന്നും “ഏതൊരു കൊലപാതകിയും ന്യായവിധിക്കു വിധേയനാകുമെന്നും” പൂർവികരോടു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: തന്റെ സഹോദരനോടു കോപിക്കുന്ന ഏതൊരുവനും ന്യായവിധിക്കു വിധേയനാകും. തന്റെ സഹോദരനെ ‘മടയാ!’ എന്നു വിളിച്ച് അപമാനിക്കുന്നവൻ സന്നദ്രിംസംഘത്തോട് ഉത്തരം പറയേണ്ടിവരും. സഹോദരനെ ‘ഭോഷാ!’ എന്നു വിളിക്കുന്നവൻ നരകാഗ്നിക്ക് ഇരയാകും. അതുകൊണ്ട്, നീ ബലിപീഠത്തിൽ വഴിപാട് അർപ്പിക്കുമ്പോൾ നിന്റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെവച്ച് ഓർമ വന്നാൽ നിന്റെ വഴിപാട് ബലിപീഠത്തിന്റെ മുമ്പിൽ വച്ചിട്ടു പോയി ഒന്നാമത് അയാളോടു രമ്യപ്പെടുക; അതിനുശേഷം വന്നു നിന്റെ വഴിപാട് അർപ്പിക്കുക. “കോടതിയിലേക്കു പോകുന്ന വഴിയിൽവച്ചുതന്നെ നിന്റെ പ്രതിയോഗിയോടു രാജിയാകുക. അല്ലെങ്കിൽ ഒരുവേള എതിർകക്ഷി നിന്നെ ന്യായാധിപനെയും ന്യായാധിപൻ നിന്നെ പോലീസിനെയും ഏല്പിക്കും; നീ ജയിലിലടയ്‍ക്കപ്പെടുകയും ചെയ്യും. അവസാനത്തെ പൈസവരെ കൊടുത്തുതീർക്കാതെ നിനക്കു നിശ്ചയമായും പുറത്തുവരാൻ സാധിക്കുകയില്ലെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. ‘വ്യഭിചാരം ചെയ്യരുത്’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു; ഭോഗേച്ഛയോടുകൂടി ഒരു സ്‍ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ ആ സ്‍ത്രീയുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞിരിക്കുന്നു. പാപം ചെയ്യുന്നതിനു നിന്റെ വലത്തുകണ്ണു കാരണമായിത്തീരുന്നു എങ്കിൽ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; നിന്റെ ശരീരം മുഴുവൻ നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ നിന്റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്. നിന്റെ വലത്തു കൈ പാപം ചെയ്യാൻ കാരണമായിത്തീരുന്നുവെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക; നിന്റെ ശരീരം മുഴുവനായി നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ നിന്റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണു നിനക്കു നല്ലത്.

പങ്ക് വെക്കു
മത്തായി 5 വായിക്കുക

മത്തായി 5:21-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

കൊല ചെയ്യരുത് എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിയ്ക്ക് യോഗ്യനാകും എന്നും പൂർവ്വപിതാക്കൻമാരോട് ആ കാലങ്ങളിൽ അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: സഹോദരനോട് കോപിക്കുന്നവൻ എല്ലാം ന്യായവിധിയ്ക്ക് യോഗ്യനാകും; സഹോദരനോട് വിലയില്ലാത്തവൻ എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടിവരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിന് യോഗ്യനാകും. അതുകൊണ്ട് നിന്‍റെ വഴിപാട് യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന് നിനക്കു എതിരായി വല്ലവിരോധവും ഉണ്ടെന്ന് അവിടെവച്ച് ഓർമ്മവന്നാൽ നിന്‍റെ വഴിപാട് അവിടെ യാഗപീഠത്തിന്‍റെ മുമ്പിൽ വെച്ചിട്ട്, ഒന്നാമത് ചെന്നു സഹോദരനോട് നിരന്നുകൊൾക; പിന്നെ വന്നു നിന്‍റെ വഴിപാട് കഴിക്ക. നിന്‍റെ പ്രതിയോഗിയോടുകൂടെ ന്യായസ്ഥലത്തേക്കുള്ള വഴിയിൽ ആയിരിക്കുമ്പോൾ തന്നെ വേഗത്തിൽ അവനോട് ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപൻ നിന്നെ കാവൽക്കാരൻ്റെ പക്കലും ഏല്പിച്ചിട്ട് നീ തടവിൽ ആയിപ്പോകും. ഒടുവിലത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെനിന്ന് പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ട് നിന്നോട് പറയുന്നു. വ്യഭിചാരം ചെയ്യരുത് എന്നു അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ട് അവളോട് വ്യഭിചാരം ചെയ്തുപോയി. എന്നാൽ വലങ്കണ്ണ് നിനക്കു വീഴ്ച വരുത്തുന്നു എങ്കിൽ അതിനെ ചൂഴ്ന്നെടുത്ത് എറിഞ്ഞുകളക; നിന്‍റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനേക്കാൾ നിന്‍റെ അവയവങ്ങളിൽ ഒന്ന് നശിക്കുന്നത് നിനക്കു പ്രയോജനമത്രേ. വലങ്കൈ നിനക്കു വീഴ്ച വരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്‍റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനേക്കാൾ അവയവങ്ങളിൽ ഒന്ന് നശിക്കുന്നത് നിനക്കു പ്രയോജനമത്രേ.

പങ്ക് വെക്കു
മത്തായി 5 വായിക്കുക

മത്തായി 5:21-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കൊല ചെയ്യരുതു എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും. ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ ചേവകന്നും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും. ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു. വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി. എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. വലങ്കൈ നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.

പങ്ക് വെക്കു
മത്തായി 5 വായിക്കുക

മത്തായി 5:21-30 സമകാലിക മലയാളവിവർത്തനം (MCV)

“ ‘കൊലപാതകം ചെയ്യരുതെന്ന്’ പൂർവികരോടു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ, ‘കൊലയാളി അതിന്റെ ശിക്ഷ അനുഭവിച്ചേ തീരൂ.’ എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: സഹോദരങ്ങളോട് കോപിക്കുന്നയാൾ ശിക്ഷ അനുഭവിക്കേണ്ടിവരും. സഹോദരങ്ങളെ ‘മടയാ’ എന്നു വിളിക്കുന്നയാൾ ന്യായാധിപസമിതിയോട് ഉത്തരം പറയേണ്ടിവരും; ‘ഗുണം വരാത്തവൻ’ എന്നു വിളിച്ചാൽ നരകാഗ്നിക്ക് വിധേയരാകും. “അതുകൊണ്ട്, നീ യാഗപീഠത്തിൽ, യാഗാർപ്പണത്തിനായി വരുമ്പോൾ നിന്റെ സഹോദരനോ സഹോദരിക്കോ നിനക്ക് വിരോധമായി എന്തെങ്കിലും ഉണ്ടെന്ന് ഓർമ വന്നാൽ നിന്റെ അർപ്പണവസ്തു യാഗപീഠത്തിനുമുമ്പിൽ വെച്ചിട്ട് ആദ്യം ചെന്ന് അവരോടു രമ്യതപ്പെടുക; പിന്നീടു വന്നു നിന്റെ യാഗം അർപ്പിക്കുക. “നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്ന എതിർകക്ഷിയുമായി, വഴിയിൽവെച്ചുതന്നെ വേഗത്തിൽ രമ്യതയിലായിക്കൊള്ളുക. അല്ലാത്തപക്ഷം അയാൾ നിന്നെ ന്യായാധിപന് വിട്ടുകൊടുക്കുകയും ന്യായാധിപൻ നിയമപാലകന് കൈമാറുകയും അയാൾ നിന്നെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്യും. അവസാനത്തെ നാണയവും കൊടുത്തുതീർക്കുന്നതുവരെ നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. “ ‘വ്യഭിചാരം ചെയ്യരുത്’ എന്നു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ ഒരു സ്ത്രീയെ നോക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരംചെയ്തുകഴിഞ്ഞു. നിന്റെ വലതുകണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവനും നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ, ഒരു അവയവം നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്. നിന്റെ വലതുകൈ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി ദൂരെ എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവൻ നരകത്തിൽ പോകുന്നതിനെക്കാൾ, ഒരു അവയവം നഷ്ടമാകുന്നതാണു നിനക്കു നല്ലത്.

പങ്ക് വെക്കു
മത്തായി 5 വായിക്കുക