MATHAIA 5
5
ഗിരിപ്രഭാഷണം
1യേശു ജനക്കൂട്ടത്തെ കണ്ടപ്പോൾ മലമുകളിലേക്കു കയറിപ്പോയി. അവിടുന്ന് അവിടെ ഇരുന്നു. അപ്പോൾ ശിഷ്യന്മാർ അടുത്തുചെന്നു. 2അവിടുന്ന് ധർമോപദേശരൂപേണ അവരോട് അരുൾചെയ്തു:
യഥാർഥ സൗഭാഗ്യം
(ലൂക്കോ. 6:20-23)
3“ആത്മീയ ദാരിദ്ര്യത്തെക്കുറിച്ചു ബോധമു
ള്ളവർ അനുഗ്രഹിക്കപ്പെട്ടവർ;
സ്വർഗരാജ്യം അവർക്കുള്ളതാണ്!
4വിലപിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ;
അവരെ ദൈവം ആശ്വസിപ്പിക്കും!
5സൗമ്യശീലർ അനുഗ്രഹിക്കപ്പെട്ടവർ;
അവർ ഭൂമിയെ അവകാശമാക്കും!
6നീതിക്കുവേണ്ടി വിശക്കുകയും
ദാഹിക്കുകയും ചെയ്യുന്നവർ അനുഗ്രഹിക്കപ്പെട്ടവർ;
ദൈവം അവരെ സംതൃപ്തരാക്കും!
7കരുണയുള്ളവർ അനുഗ്രഹിക്കപ്പെട്ടവർ;
അവർക്കു കരുണ ലഭിക്കും!
8നിർമ്മലഹൃദയമുള്ളവർ
അനുഗ്രഹിക്കപ്പെട്ടവർ;
അവർ ദൈവത്തെ ദർശിക്കും!
9സമാധാനമുണ്ടാക്കുന്നവർ
അനുഗ്രഹിക്കപ്പെട്ടവർ;
ദൈവം അവരെ തന്റെ പുത്രന്മാരെന്നു വിളിക്കും!
10നീതിക്കുവേണ്ടി പീഡനം
സഹിക്കുന്നവർ
അനുഗ്രഹിക്കപ്പെട്ടവർ;
സ്വർഗരാജ്യം അവർക്കുള്ളതാകുന്നു!
11എന്നെപ്രതി മറ്റുള്ളവർ നിങ്ങളെ
നിന്ദിക്കുകയും പീഡിപ്പിക്കുകയും
നിങ്ങൾക്കെതിരെ
എല്ലാ തിന്മകളും സത്യവിരുദ്ധമായി
ആരോപിക്കുകയും
ചെയ്യുന്നെങ്കിൽ നിങ്ങൾ
അനുഗ്രഹിക്കപ്പെട്ടവർ;
12സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം
വലുതായതുകൊണ്ട് നിങ്ങൾ
ആനന്ദിച്ചുല്ലസിക്കുക;
നിങ്ങൾക്കു മുമ്പുള്ള പ്രവാചകന്മാരെയും
അവർ ഇങ്ങനെതന്നെ പീഡിപ്പിച്ചിട്ടുണ്ടല്ലോ.
ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും
(മർക്കോ. 9:50; ലൂക്കോ. 14:34-35)
13“നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; എന്നാൽ ഉപ്പിന്റെ രസം നഷ്ടപ്പെട്ടുപോയാൽ വീണ്ടും അതിന് എങ്ങനെ ഉപ്പുരസം കൈവരുത്തും? അതു പുറത്തു കളഞ്ഞ് മനുഷ്യർക്കു ചവിട്ടുവാനല്ലാതെ ഒന്നിനും കൊള്ളുകയില്ല.
14“നിങ്ങൾ ലോകത്തിന്റെ പ്രകാശമാകുന്നു. മലയുടെ മുകളിൽ നിലകൊള്ളുന്ന പട്ടണത്തിനു മറഞ്ഞിരിക്കുവാൻ സാധ്യമല്ല. 15വിളക്കു കൊളുത്തി ആരും പറയുടെ കീഴിൽ വയ്‍ക്കുകയില്ല; പിന്നെയോ, വിളക്കുതണ്ടിന്മേലത്രേ വയ്‍ക്കുന്നത്. അപ്പോൾ അത് വീട്ടിലുള്ള എല്ലാവർക്കും പ്രകാശം നല്‌കുന്നു. 16അതുപോലെ നിങ്ങളുടെ സൽപ്രവൃത്തികൾ കണ്ടു മറ്റുള്ളവർ നിങ്ങളുടെ സ്വർഗസ്ഥപിതാവിനെ പ്രകീർത്തിക്കേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.
ധർമശാസ്ത്രത്തെപ്പറ്റി
17“ധർമശാസ്ത്രത്തെയോ പ്രവാചകശാസനങ്ങളെയോ നീക്കിക്കളയുവാനാണു ഞാൻ വന്നിരിക്കുന്നതെന്നു വിചാരിക്കരുത്; ഞാൻ വന്നിരിക്കുന്നത് അവയെ നീക്കുവാനല്ല, പൂർത്തിയാക്കുവാനാണ്. 18ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതുവരെ സകലവും പൂർത്തിയാകുവോളം ധർമശാസ്ത്രത്തിലെ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരുകയില്ലെന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. 19അതുകൊണ്ട് ഈ കല്പനകളിൽ ഏറ്റവും ലഘുവായതുപോലും ലംഘിക്കുകയും അപ്രകാരം ചെയ്യുന്നതിനു മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ ഏറ്റവും നിസ്സാരനായി ഗണിക്കപ്പെടും. എന്നാൽ അവ അനുസരിക്കുകയും അപ്രകാരം ചെയ്യുവാൻ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും. 20നിങ്ങളുടെ ധാർമികത മതപണ്ഡിതന്മാരുടെയും പരീശന്മാരുടെയും ധാർമികതയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ ഒരിക്കലും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.
കോപവും കൊലപാതകവും
21“കൊല ചെയ്യരുത്” എന്നും “ഏതൊരു കൊലപാതകിയും ന്യായവിധിക്കു വിധേയനാകുമെന്നും” പൂർവികരോടു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 22എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: തന്റെ #5:22 ചില കൈയെഴുത്തു പ്രതികളിൽ ‘സഹോദരനോടു കാരണം കൂടാതെ കോപിക്കുന്ന ഏതൊരുവനും . . . ‘ എന്നാണ്.സഹോദരനോടു കോപിക്കുന്ന ഏതൊരുവനും ന്യായവിധിക്കു വിധേയനാകും. തന്റെ സഹോദരനെ ‘മടയാ!’ എന്നു വിളിച്ച് അപമാനിക്കുന്നവൻ സന്നദ്രിംസംഘത്തോട് ഉത്തരം പറയേണ്ടിവരും. സഹോദരനെ ‘ഭോഷാ!’ എന്നു വിളിക്കുന്നവൻ നരകാഗ്നിക്ക് ഇരയാകും. 23അതുകൊണ്ട്, നീ ബലിപീഠത്തിൽ വഴിപാട് അർപ്പിക്കുമ്പോൾ നിന്റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെവച്ച് ഓർമ വന്നാൽ നിന്റെ വഴിപാട് ബലിപീഠത്തിന്റെ മുമ്പിൽ വച്ചിട്ടു പോയി ഒന്നാമത് അയാളോടു രമ്യപ്പെടുക; 24അതിനുശേഷം വന്നു നിന്റെ വഴിപാട് അർപ്പിക്കുക.
25“കോടതിയിലേക്കു പോകുന്ന വഴിയിൽവച്ചുതന്നെ നിന്റെ പ്രതിയോഗിയോടു രാജിയാകുക. അല്ലെങ്കിൽ ഒരുവേള എതിർകക്ഷി നിന്നെ ന്യായാധിപനെയും ന്യായാധിപൻ നിന്നെ പോലീസിനെയും ഏല്പിക്കും; നീ ജയിലിലടയ്‍ക്കപ്പെടുകയും ചെയ്യും. 26അവസാനത്തെ പൈസവരെ കൊടുത്തുതീർക്കാതെ നിനക്കു നിശ്ചയമായും പുറത്തുവരാൻ സാധിക്കുകയില്ലെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.
വ്യഭിചാരത്തെപ്പറ്റി
27‘വ്യഭിചാരം ചെയ്യരുത്’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 28എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു; ഭോഗേച്ഛയോടുകൂടി ഒരു സ്‍ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ ആ സ്‍ത്രീയുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞിരിക്കുന്നു. 29പാപം ചെയ്യുന്നതിനു നിന്റെ വലത്തുകണ്ണു കാരണമായിത്തീരുന്നു എങ്കിൽ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; നിന്റെ ശരീരം മുഴുവൻ നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ നിന്റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്. 30നിന്റെ വലത്തു കൈ പാപം ചെയ്യാൻ കാരണമായിത്തീരുന്നുവെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക; നിന്റെ ശരീരം മുഴുവനായി നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ നിന്റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണു നിനക്കു നല്ലത്.
വിവാഹമോചനം
(മത്താ. 19:9; മർക്കോ. 10:11-12; ലൂക്കോ. 16:18)
31“ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾക്ക് ഉപേക്ഷണപത്രം കൊടുക്കണമെന്നു പറഞ്ഞിട്ടുണ്ട്. 32എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത്: പാതിവ്രത്യം ലംഘിക്കുന്നതുകൊണ്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾ വ്യഭിചാരം ചെയ്യാൻ ഇടവരുത്തുന്നു എന്നത്രേ. ഉപേക്ഷിക്കപ്പെട്ട സ്‍ത്രീയെ പരിണയിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
ആണയിടുന്നതിനെക്കുറിച്ച്
33“ശപഥം ലംഘിക്കരുതെന്നും ഈശ്വരസമക്ഷം ചെയ്തിട്ടുള്ള ശപഥം നിറവേറ്റണമെന്നും പൂർവികരോടു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 34എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ശപഥം ചെയ്യുകയേ അരുത്. 35സ്വർഗത്തെക്കൊണ്ടു പാടില്ല; അതു ദൈവത്തിന്റെ സിംഹാസനം. ഭൂമിയെക്കൊണ്ടും പാടില്ല; അത് അവിടുത്തെ പാദപീഠം. യെരൂശലേമിനെക്കൊണ്ടും പാടില്ല; അതു മഹാനായ രാജാവിന്റെ നഗരം. 36നിന്റെ ശിരസ്സിനെക്കൊണ്ടും ശപഥം ചെയ്തുകൂടാ, എന്തെന്നാൽ നിന്റെ തലയിലെ ഒരു രോമംപോലും വെളുപ്പിക്കുവാനോ കറുപ്പിക്കുവാനോ നിനക്കു കഴിവില്ലല്ലോ. 37നിങ്ങൾ പറയുന്നത് ഉവ്വ് എന്നോ, ഇല്ല എന്നോ, മാത്രം ആയിരിക്കട്ടെ. ഇതിൽ കവിഞ്ഞുള്ളതെല്ലാം ദുഷ്ടനിൽനിന്നാണു വരുന്നത്.
പ്രതികാരം
(ലൂക്കോ. 6:29-30)
38“കണ്ണിനു കണ്ണ്, പല്ലിനു പല്ല്” എന്നു പറഞ്ഞിട്ടുള്ളതും നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: 39ദുഷ്ടമനുഷ്യനോട് എതിർക്കരുത്; ആരെങ്കിലും നിന്റെ വലത്തെ ചെകിട്ടത്തടിച്ചാൽ ഇടത്തേതുകൂടി തിരിച്ചുകാണിക്കുക.
40“ഒരുവൻ വ്യവഹാരപ്പെട്ടു നിന്റെ ഉടുപ്പു കരസ്ഥമാക്കാൻ ഇച്ഛിക്കുന്നുവെങ്കിൽ മേലങ്കികൂടി അവനു വിട്ടുകൊടുക്കുക. 41അധികാരമുള്ളവൻ ഒരു കിലോമീറ്റർദൂരം ചെല്ലുവാൻ നിന്നെ നിർബന്ധിച്ചാൽ അയാളുടെകൂടെ രണ്ടു കിലോമീറ്റർ ദൂരം പോകുക. 42നിന്നോടു സഹായം അഭ്യർഥിക്കുന്നവനു സഹായം നല്‌കുക; വായ്പവാങ്ങാൻ വരുന്നവനിൽനിന്ന് ഒഴിഞ്ഞുമാറുകയുമരുത്.
ശത്രുവിനെ സ്നേഹിക്കുക
(ലൂക്കോ. 6:27-28, 32-36)
43“അയൽക്കാരനെ സ്നേഹിക്കുക എന്നും ശത്രുവിനെ വെറുക്കുക എന്നും പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുക. 45നിങ്ങൾ അങ്ങനെ ചെയ്താൽ സ്വർഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്നു ദുർജനങ്ങളുടെയും സജ്ജനങ്ങളുടെയുംമേൽ തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയുംമേൽ മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ. 46നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലം ലഭിക്കും? ചുങ്കം പിരിക്കുന്നവർപോലും അങ്ങനെ ചെയ്യുന്നുവല്ലോ. 47നിങ്ങളുടെ സഹോദരന്മാരെ മാത്രം അഭിവാദനം ചെയ്താൽ നിങ്ങൾ മറ്റുള്ളവർ ചെയ്യുന്നതിനെക്കാൾ കൂടുതൽ എന്താണു ചെയ്യുന്നത്? വിജാതീയരും അങ്ങനെ ചെയ്യുന്നുണ്ടല്ലോ. 48അതുകൊണ്ടു നിങ്ങളുടെ സ്വർഗസ്ഥപിതാവു സദ്ഗുണപൂർണനായിരിക്കുന്നതുപോലെ നിങ്ങളും സദ്ഗുണപൂർണരായിത്തീരുക.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
MATHAIA 5: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.