മത്തായി 26:1-25

മത്തായി 26:1-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഈ വചനങ്ങളൊക്കെയും പറഞ്ഞുതീർന്നശേഷം യേശു ശിഷ്യന്മാരോട്: രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിപ്പാൻ ഏല്പിക്കും എന്നു പറഞ്ഞു. അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തിൽ വന്നുകൂടി. യേശുവിനെ ഉപായത്താൽ പിടിച്ചു കൊല്ലുവാൻ ആലോചിച്ചു; എങ്കിലും ജനത്തിൽ കലഹമുണ്ടാകാതിരിപ്പാൻ പെരുന്നാളിൽ അരുത് എന്നു പറഞ്ഞു. യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെൺകൽഭരണി എടുത്തുംകൊണ്ട് അവന്റെ അടുക്കെ വന്നു, അവൻ പന്തിയിൽ ഇരിക്കുമ്പോൾ അത് അവന്റെ തലയിൽ ഒഴിച്ചു. ശിഷ്യന്മാർ അതു കണ്ടിട്ടു മുഷിഞ്ഞു: ഈ വെറും ചെലവ് എന്തിന്? ഇതു വളരെ വിലയ്ക്കു വിറ്റു ദരിദ്രർക്കു കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു. യേശു അത് അറിഞ്ഞ് അവരോട്: സ്ത്രീയെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തത്. ദരിദ്രർ നിങ്ങൾക്ക് എല്ലായ്പോഴും അടുക്കെ ഉണ്ട്; ഞാൻ നിങ്ങൾക്ക് എല്ലായ്പോഴും ഇല്ലതാനും. അവൾ ഈ തൈലം എന്റെ ദേഹത്തിന്മേൽ ഒഴിച്ചത് എന്റെ ശവസംസ്കാരത്തിനായി ചെയ്തതാകുന്നു. ലോകത്തിൽ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവൾ ചെയ്തതും അവളുടെ ഓർമയ്ക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കര്യോത്താവ് മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു: നിങ്ങൾ എന്തു തരും? ഞാൻ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു: അവർ അവനു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു. അന്നുമുതൽ അവനെ കാണിച്ചുകൊടുപ്പാൻ അവൻ തക്കം അന്വേഷിച്ചു പോന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടത് എവിടെ എന്നു ചോദിച്ചു. അതിന് അവൻ പറഞ്ഞത്: നിങ്ങൾ നഗരത്തിൽ ഇന്നവന്റെ അടുക്കൽ ചെന്ന്: എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിൻ. ശിഷ്യന്മാർ യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി. സന്ധ്യയായപ്പോൾ അവൻ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയിൽ ഇരുന്നു. അവർ ഭക്ഷിക്കുമ്പോൾ അവൻ: നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അപ്പോൾ അവർ അത്യന്തം ദുഃഖിച്ചു: ഞാനോ, ഞാനോ, കർത്താവേ, എന്ന് ഓരോരുത്തൻ പറഞ്ഞുതുടങ്ങി. അവൻ ഉത്തരം പറഞ്ഞത്: എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നെ എന്നെ കാണിച്ചുകൊടുക്കും. തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവനു കൊള്ളായിരുന്നു. എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്: നീ തന്നെ എന്ന് അവൻ പറഞ്ഞു.

മത്തായി 26:1-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഈ പ്രബോധനങ്ങളെല്ലാം പൂർത്തീകരിച്ചശേഷം യേശു ശിഷ്യന്മാരോടു പറഞ്ഞു: ‘രണ്ടു ദിവസം കഴിഞ്ഞ് പെസഹാപെരുന്നാൾ ആണെന്നു നിങ്ങൾക്ക് അറിയാമല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിക്കുന്നതിനായി ഏല്പിച്ചുകൊടുക്കും.” പുരോഹിതമുഖ്യന്മാരും ജനനേതാക്കളും മഹാപുരോഹിതനായ കയ്യഫാസിന്റെ അരമനയിൽ കൂടി, യേശുവിനെ തന്ത്രപൂർവം പിടികൂടി വധിക്കുന്നതിനെപ്പറ്റി ആലോചിച്ചു. എന്നാൽ ഉത്സവദിവസം ആയാൽ ജനക്ഷോഭമുണ്ടാകും; അതുകൊണ്ട് അന്നു പാടില്ല’ എന്ന് അവർ പറഞ്ഞു. യേശു ബേഥാന്യയിലെ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. അവിടുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഒരു സ്‍ത്രീ ഒരു വെൺകല്പാത്രം നിറയെ വിലയേറിയ സുഗന്ധതൈലവുമായി അവിടുത്തെ സമീപിച്ച് അത് അവിടുത്തെ ശിരസ്സിൽ പകർന്നു. ഇതു കണ്ടപ്പോൾ ശിഷ്യന്മാർക്ക് അമർഷമുണ്ടായി. ഈ പാഴ്ചെലവ് എന്തിന്? ഈ തൈലം നല്ല വിലയ്‍ക്കു വിറ്റു ദരിദ്രന്മാർക്കു കൊടുക്കാമായിരുന്നല്ലോ” എന്ന് അവർ പറഞ്ഞു. അവർ ഇങ്ങനെ പറയുന്നു എന്ന് യേശു മനസ്സിലാക്കിക്കൊണ്ട് അവരോടു പറഞ്ഞു: “ഈ സ്‍ത്രീയെ അസഹ്യപ്പെടുത്തുന്നത് എന്തിന്? അവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു. ദരിദ്രന്മാർ എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടല്ലോ; എന്നാൽ ഞാൻ എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല. ഈ തൈലം പൂശി ശവസംസ്കാരത്തിനുവേണ്ടി എന്റെ ശരീരം ഒരുക്കുകയാണ് അവൾ ചെയ്തത്. ഞാൻ നിങ്ങളോടു പറയുന്നു: ലോകത്തെവിടെയെല്ലാം ഈ സുവിശേഷം പ്രഘോഷിക്കപ്പെടുന്നുവോ, അവിടെയെല്ലാം അവളുടെ സ്മരണയ്‍ക്കായി ഇക്കാര്യം പ്രസ്താവിക്കപ്പെടും.” പിന്നീടു പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസ് ഈസ്കരിയോത്ത് മുഖ്യപുരോഹിതന്മാരുടെ അടുക്കൽ ചെന്ന് “യേശുവിനെ കാണിച്ചുതന്നാൽ നിങ്ങൾ എനിക്ക് എന്തു തരും?” എന്നു ചോദിച്ചു. മുപ്പതു വെള്ളിനാണയം അവർ യൂദാസിനു കൊടുത്തു. അപ്പോൾമുതൽ അയാൾ യേശുവിനെ ഒറ്റിക്കൊടുക്കുവാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ഉത്സവദിവസം ശിഷ്യന്മാർ വന്ന് യേശുവിനോട് “അങ്ങേക്കുവേണ്ടി എവിടെയാണു ഞങ്ങൾ പെസഹാഭക്ഷണം ഒരുക്കേണ്ടത്” എന്നു ചോദിച്ചു. യേശു പറഞ്ഞു: “നിങ്ങൾ നേരേ നഗരത്തിൽ ചെന്ന് ‘എന്റെ സമയം അടുത്തിരിക്കുന്നു; നിങ്ങളുടെ വീട്ടിലാണു ഞാൻ ശിഷ്യന്മാരോടുകൂടി പെസഹ ആചരിക്കുന്നത്’ എന്നു ഗുരു പറയുന്നു എന്ന് ഇന്നയാളിനോട് പറയണം.” യേശു നിർദേശിച്ചതുപോലെ ശിഷ്യന്മാർ ചെയ്തു. അവർ പെസഹ ഒരുക്കി. സന്ധ്യ ആയപ്പോൾ അവിടുന്നു പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി ഭക്ഷണം കഴിക്കാനിരുന്നു. അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ യേശു പറഞ്ഞു: “നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കുമെന്നു നിശ്ചയമായി ഞാൻ നിങ്ങളോടു പറയുന്നു.” അപ്പോൾ അവർ അത്യന്തം വ്യാകുലചിത്തരായി; “ഗുരോ, അതു ഞാനല്ലല്ലോ” എന്ന് ഓരോരുത്തനും പറഞ്ഞു. “എന്നോടുകൂടി താലത്തിൽ അപ്പം മുക്കുന്നവൻതന്നെ എന്നെ ഒറ്റിക്കൊടുക്കും” എന്ന് യേശുനാഥൻ പറഞ്ഞു. “വിശുദ്ധഗ്രന്ഥത്തിൽ പറയുന്നതുപോലെ മനുഷ്യപുത്രൻ കടന്നുപോകുന്നു; എങ്കിലും മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന് ഹാ കഷ്ടം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനു നല്ലതായിരുന്നു” എന്നും അവിടുന്നു പറഞ്ഞു. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ്, “ഗുരോ, തീർച്ചയായും അതു ഞാനല്ലല്ലോ” എന്നു പറഞ്ഞു. “നീ അങ്ങനെ പറയുന്നു” എന്ന് യേശു മറുപടി നല്‌കി.

മത്തായി 26:1-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യേശു ഈ വചനങ്ങൾ മുഴുവനും പറഞ്ഞു തീർന്നശേഷം ശിഷ്യന്മാരോട്: രണ്ടു ദിവസം കഴിഞ്ഞിട്ട് പെസഹാ വരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിക്കുവാൻ ഏല്പിക്കും എന്നു പറഞ്ഞു. അന്നു മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും മഹാപുരോഹിതനായ കയ്യഫാവിൻ്റെ മണ്ഡപത്തിൽ വന്നുകൂടി, യേശുവിനെ ഉപായത്താൽ പിടിച്ച് ഗൂഢമായി കൊല്ലുവാൻ ആലോചിച്ചു; എങ്കിലും ജനത്തിൽ കലഹമുണ്ടാകാതിരിക്കുവാൻ പെരുന്നാളിൽ ആകരുത് എന്നു അവർ പറഞ്ഞു. യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശിമോന്‍റെ വീട്ടിൽ മേശയ്ക്കഭിമുഖമായി ചാരി ഇരിക്കുമ്പോൾ ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ, വെൺകല്ലിൽ തീർത്ത ഭരണിയുമായി യേശുവിന്‍റെ അടുക്കൽ വന്നു, പരിമളതൈലം അവന്‍റെ തലയിൽ ഒഴിച്ചു. ശിഷ്യന്മാർ അത് കണ്ടിട്ട് കോപത്തോടെ: “ഈ വെറും ചെലവിൻ്റെ കാരണം എന്താണ്? ഇതു വളരെ വിലയ്ക്ക് വിറ്റ് ദരിദ്രർക്ക് കൊടുക്കാമായിരുന്നുവല്ലോ“ എന്നു പറഞ്ഞു. യേശു അത് അറിഞ്ഞ് അവരോട്: സ്ത്രീയെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവൾ എങ്കൽ മനോഹരമായ പ്രവർത്തിയല്ലോ ചെയ്തതു. ദരിദ്രർ എല്ലായ്‌പ്പോഴും നിങ്ങളുടെ അടുക്കൽ ഉണ്ടല്ലോ; ഞാനോ എല്ലായ്‌പ്പോഴും നിങ്ങളോടൊപ്പം ഇല്ലല്ലോ? അവൾ ഈ തൈലം എന്‍റെ ദേഹത്തിന്മേൽ ഒഴിച്ചത് എന്‍റെ ശവസംസ്കാരത്തിനായി ചെയ്തതാകുന്നു. ലോകത്തിൽ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നിടത്തെല്ലാം, അവൾ ചെയ്തതും അവളുടെ ഓർമ്മയ്ക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അന്നു പന്തിരുവരിൽ ഒരുവനായ യൂദാ ഈസ്കര്യോത്താവ് മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു: “ഞാൻ യേശുവിനെ നിങ്ങൾക്ക് ഏൽപ്പിച്ചു തന്നാൽ, നിങ്ങൾ എനിക്ക് എന്ത് തരുവാൻ മനസ്സുണ്ട്?“ എന്നു ചോദിച്ചു. അവർ യൂദാ ഈസ്കര്യോത്താവിന് മുപ്പതു വെള്ളിക്കാശ് തൂക്കിക്കൊടുത്തു. അന്നുമുതൽ യേശുവിനെ കാണിച്ചുകൊടുക്കുവാൻ അവൻ അവസരം അന്വേഷിച്ചുപോന്നു. പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്‍റെ അടുക്കൽ വന്നു: “നീ പെസഹാ കഴിക്കുവാൻ ഞങ്ങൾ ഒരുക്കേണ്ടത് എവിടെ?“ എന്നു ചോദിച്ചു. അതിന് അവൻ പറഞ്ഞത്: നിങ്ങൾ നഗരത്തിൽ ഒരുവന്‍റെ അടുക്കൽ ചെന്നു: എന്‍റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്‍റെ ശിഷ്യരുമായി നിന്‍റെ അടുക്കൽ പെസഹാ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറയുവിൻ. ശിഷ്യന്മാർ യേശു നിർദ്ദേശിച്ചത് പോലെ ചെയ്തു പെസഹ തയ്യാറാക്കി. സന്ധ്യയായപ്പോൾ യേശു പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ ഭക്ഷിക്കുവാൻ ഇരുന്നു. അവർ ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും എന്നു “ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അപ്പോൾ അവർ അത്യന്തം ദുഃഖിച്ചു: “തീർച്ചയായും ഞാനല്ലല്ലോ കർത്താവേ, ഞാനല്ലല്ലോ കർത്താവേ“ എന്നു ഓരോരുത്തൻ ചോദിച്ചു തുടങ്ങി. അവൻ ഉത്തരം പറഞ്ഞത്: എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നെ എന്നെ കാണിച്ചുകൊടുക്കും. തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകും; മനുഷ്യപുത്രനെ കാണിച്ചു കൊടുക്കുന്ന മനുഷ്യനോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവനു നന്നായിരുന്നു. അവനെ കാണിച്ചു കൊടുക്കുന്ന യൂദാ: “ഞാനോ, റബ്ബീ,“ എന്നു പറഞ്ഞതിന്:നീ സ്വയം പറഞ്ഞുവല്ലോ എന്നു അവൻ പറഞ്ഞു.

മത്തായി 26:1-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഈ വചനങ്ങൾ ഒക്കെയും പറഞ്ഞു തീർന്നശേഷം യേശു ശിഷ്യന്മാരോടു: രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിപ്പാൻ ഏല്പിക്കും എന്നു പറഞ്ഞു. അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തിൽ വന്നു കൂടി, യേശുവിനെ ഉപായത്താൽ പിടിച്ചു കൊല്ലുവാൻ ആലോചിച്ചു; എങ്കിലും ജനത്തിൽ കലഹമുണ്ടാകാതിരിപ്പാൻ പെരുനാളിൽ അരുതു എന്നു പറഞ്ഞു. യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെൺകൽഭരണി എടുത്തുംകൊണ്ടു അവന്റെ അടുക്കെ വന്നു, അവൻ പന്തിയിൽ ഇരിക്കുമ്പോൾ അതു അവന്റെ തലയിൽ ഒഴിച്ചു. ശിഷ്യന്മാർ അതു കണ്ടിട്ടു മുഷിഞ്ഞു: ഈ വെറും ചെലവു എന്തിന്നു? ഇതു വളരെ വിലെക്കു വിറ്റു ദരിദ്രർക്കു കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു. യേശു അതു അറിഞ്ഞു അവരോടു: സ്ത്രീയെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു. ദരിദ്രർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടു; ഞാൻ നിങ്ങൾക്കു എല്ലായ്പോഴും ഇല്ലതാനും. അവൾ ഈ തൈലം എന്റെ ദേഹത്തിന്മേൽ ഒഴിച്ചതു എന്റെ ശവസംസ്കാരത്തിന്നായി ചെയ്തതാകുന്നു. ലോകത്തിൽ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവൾ ചെയ്തതും അവളുടെ ഓർമ്മെക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കര്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു: നിങ്ങൾ എന്തു തരും? ഞാൻ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു; അവർ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു. അന്നു മുതൽ അവനെ കാണിച്ചുകൊടുപ്പാൻ അവൻ തക്കം അന്വേഷിച്ചു പോന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു. അതിന്നു അവൻ പറഞ്ഞതു: നിങ്ങൾ നഗരത്തിൽ ഇന്നവന്റെ അടുക്കൽ ചെന്നു: എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിൻ. ശിഷ്യന്മാർ യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി. സന്ധ്യയായപ്പോൾ അവൻ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയിൽ ഇരുന്നു. അവർ ഭക്ഷിക്കുമ്പോൾ അവൻ: നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അപ്പോൾ അവർ അത്യന്തം ദുഃഖിച്ചു: ഞാനോ, ഞാനോ, കർത്താവേ, എന്നു ഓരോരുത്തൻ പറഞ്ഞുതുടങ്ങി. അവൻ ഉത്തരം പറഞ്ഞതു: എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നേ എന്നെ കാണിച്ചുകൊടുക്കും. തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു. എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു: നീ തന്നേ എന്നു അവൻ പറഞ്ഞു.

മത്തായി 26:1-25 സമകാലിക മലയാളവിവർത്തനം (MCV)

ഈ സംഭാഷണം തീർന്നശേഷം യേശു അവിടത്തെ ശിഷ്യന്മാരോട്, “ഇനി രണ്ട് ദിവസംമാത്രമേ പെസഹായ്ക് ശേഷിക്കുന്നുള്ളൂ എന്നു നിങ്ങൾക്കറിയാമല്ലോ; അന്ന് ക്രൂശിൽ തറയ്ക്കപ്പെടുന്നതിനായി മനുഷ്യപുത്രൻ ഏൽപ്പിക്കപ്പെടും” എന്നു പറഞ്ഞു. ആ സമയത്ത് പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും മഹാപുരോഹിതൻ കയ്യഫാവിന്റെ അരമനയിൽ ഒത്തുകൂടി; യേശുവിനെ ചതിവിൽ പിടികൂടി കൊല്ലുന്നതിനെപ്പറ്റി ഗൂഢാലോചന നടത്തി. “ജനമധ്യത്തിൽ കലാപം ഉണ്ടായേക്കാം, അതുകൊണ്ട് ഇത് പെസഹാപ്പെരുന്നാൾ സമയത്ത് പാടില്ല,” എന്നിങ്ങനെയായിരുന്നു അവരുടെ ചർച്ച. യേശു ബെഥാന്യയിൽ, കുഷ്ഠരോഗിയായിരുന്ന ശിമോന്റെ ഭവനത്തിൽ ഇരിക്കുമ്പോൾ, ഒരു സ്ത്രീ ഒരു വെൺകൽഭരണിയിൽ വളരെ വിലപിടിപ്പുള്ള സുഗന്ധതൈലവുമായി അടുത്തുവന്ന്, ഭക്ഷണത്തിനിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ ശിരസ്സിൽ ഒഴിച്ചു. ഇതുകണ്ട് കുപിതരായ ശിഷ്യന്മാർ, “ഈ പാഴ്ചെലവ് എന്തിന്? ഈ സുഗന്ധതൈലം വലിയൊരു തുകയ്ക്കു വിറ്റ് ആ പണം ദരിദ്രർക്ക് ദാനം ചെയ്യാമായിരുന്നല്ലോ?” എന്നു ചോദിച്ചു. യേശു ഇത് മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞത്: “നിങ്ങൾ ഈ സ്ത്രീയെ വിമർശിക്കുന്നതെന്തിന്? അവൾ എനിക്ക് ചെയ്തത് ഒരു നല്ലകാര്യമാണല്ലോ. ദരിദ്രർ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടല്ലോ; ഞാനോ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കുകയില്ല. അവൾ ഈ സുഗന്ധതൈലം എന്റെ ശരീരത്തിന്മേൽ ഒഴിച്ചുകൊണ്ട്; ശവസംസ്കാരത്തിന് എന്നെ ഒരുക്കുകയായിരുന്നു. ലോകമെങ്ങും, ഈ സുവിശേഷം വിളംബരംചെയ്യുന്നിടത്തെല്ലാം, അവൾ ചെയ്തത് അവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.” അന്നുതന്നെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ഈസ്കര്യോത്ത് പുരോഹിതമുഖ്യന്മാരെ സമീപിച്ച്, “യേശുവിനെ തിരിച്ചറിയാൻ സഹായിച്ചാൽ നിങ്ങൾ എനിക്ക് എന്തുതരും?” എന്നു ചോദിച്ചു. അവർ അവന് മുപ്പത് വെള്ളിനാണയങ്ങൾ എണ്ണിക്കൊടുത്തു. യൂദാ, ആ നിമിഷംമുതൽ യേശുവിനെ അറസ്റ്റ് ചെയ്യിക്കാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലെ ആദ്യദിവസം, ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്, “അങ്ങേക്ക് പെസഹ ഭക്ഷിക്കാൻ ഞങ്ങൾ എവിടെയാണ് ഒരുക്കേണ്ടത്?” എന്നു ചോദിച്ചു. അതിന് യേശു, “നിങ്ങൾ പട്ടണത്തിൽ, ഞാൻ പറയുന്ന വ്യക്തിയുടെ അടുക്കൽ ചെന്ന്, ‘ഗുരു പറയുന്നു, എന്റെ സമയം അടുത്തെത്തിയിരിക്കുന്നു. ഞാൻ എന്റെ ശിഷ്യന്മാരോടൊത്ത് പെസഹ ആചരിക്കാൻ ആഗ്രഹിക്കുന്നത് താങ്കളുടെ ഭവനത്തിലാണ് എന്നു പറയുക’ ” എന്നു പറഞ്ഞു. യേശു നിർദേശിച്ചതുപോലെതന്നെ ശിഷ്യന്മാർ ചെയ്തു. അവർ പെസഹ ഒരുക്കി. സന്ധ്യയായപ്പോൾ യേശു പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിന് ഇരുന്നു. അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ, “നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും, നിശ്ചയം” എന്ന് യേശു പറഞ്ഞു. ഇതു കേട്ട് അവർ അത്യന്തം ദുഃഖിതരായി. “കർത്താവേ, അതു ഞാനല്ലല്ലോ?” എന്ന് അവർ ഓരോരുത്തരായി അദ്ദേഹത്തോട് ചോദിക്കാൻ തുടങ്ങി. അതിന് യേശു ഇപ്രകാരം മറുപടി പറഞ്ഞു, “എന്നോടൊപ്പം പാത്രത്തിൽ കൈ മുക്കിയവൻതന്നെ എന്നെ ഒറ്റിക്കൊടുക്കും. മനുഷ്യപുത്രൻ (ഞാൻ) പോകുന്നു; തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ അവന് സംഭവിക്കും. എന്നാൽ, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനത് എത്ര നന്നായിരുന്നേനെ!” അദ്ദേഹത്തെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാ, “റബ്ബീ, അതു ഞാനല്ലല്ലോ” എന്നു ചോദിച്ചു. “നീ തന്നെ അത് പറഞ്ഞല്ലോ,” യേശു ഉത്തരം പറഞ്ഞു.